അധിനിവേശത്തിന്റെ ഇരയാവുന്ന ജീവിതങ്ങളുടെ സൂക്ഷ്‌മമായ  ചിത്രണങ്ങളാവുന്നുണ്ട് പലപ്പോഴും സമകാലിക കഥ. കേവലമായ കഥപറച്ചിലിനപ്പുറം കർക്കശമായ രാഷ്‌ട്രീയജാഗ്രത പുലർത്തുന്ന മാധ്യമമായി കഥ മാറുന്നതും അങ്ങനെയാണ്. അധിനിവേശം എപ്പോഴും അതിന്റെ വിപരീതദ്വന്ദ്വമായി വിധേയത്വത്തെയും സ്ഥാപിച്ചെടുക്കുന്നുണ്ട്. തെളിഞ്ഞ രാഷ്‌ട്രീയനിലപാടുകളുള്ള കഥ സുവ്യക്‌തമായും സുതാര്യമായും അസാധാരണങ്ങളായ ജീവിതങ്ങളെ പകർത്തുന്നു. കഥ ആദ്യവും അവസാനവും ജീവിതാവിഷ്‌കാരങ്ങൾ തന്നെയാണ്, പക്ഷേ അതിലൂടെ സാധ്യമാവുന്ന, സാധ്യമാക്കുന്ന രാഷ്‌ട്രീയശരികളുടെ കുത്യതയാണ് കഥയുടെ ശക്‌തി ദൗർബല്യങ്ങളെ നിർണയിക്കുന്നത്. കഥയ്ക്ക് വൈകാരികമായ തണൽ നിലങ്ങളിൽ മാത്രം ചുറ്റിത്തിരിയുക അസാധ്യമാണെന്നു ചുരുക്കം. അവിടെ അധിനിവേശത്തിനെതിരായ പ്രതിരോധങ്ങളുണ്ട്. വിധേയരായ മനുഷ്യരുടെ അതിജീവനശ്രമങ്ങളുണ്ട്. അത് ഇന്ന രീതിയിൽ നിശ്ചിത അളവിൽ വേണമെന്ന ശാഠ്യങ്ങൾ അനാവശ്യവുമാണ്. പല പല അളവുകളിൽ, പല രീതിശാസ്‌ത്രങ്ങളിൽ കഥ അധികാര വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നു.

ഈയാഴ്ച്ചയിലെ കഥകളും വ്യത്യസ്‌തങ്ങളല്ല. മുഖ്യധാര ആനുകാലികങ്ങളിൽ വന്ന കഥകളിലെ സമാനതയായി തോന്നുന്ന മറ്റൊരു പ്രത്യേകത അവ പല തരത്തിലുള്ള സ്‌ത്രീ പ്രതിരോധങ്ങളാണെന്നുള്ളതാണ്. സമകാലിക മലയാളത്തിലെ ‘സരസ്വതിവിലാസം കാത്തിരിപ്പു കേന്ദ്രം’ (എസ്.ആർ. ലാൽ) യാമിനിയുടെ കഥയാണ്.സമൂഹത്തിലെ ഇരുണ്ട ഇടങ്ങളിൽ ജീവിക്കുന്ന, കറുത്ത തൊഴിലുകൾ ചെയ്യുന്ന കിഷോറിനെ തിരഞ്ഞെത്തുന്ന ഫോൺ കോൾ. പഴയ സഹപാഠി.  എല്ലാ വിശദാംശങ്ങളോടും കൂടി പഴയ കാലത്തെക്കുറിച്ചവൾ പറയുന്നെങ്കിലും കിഷോറിനവളെ ഓർമ്മിച്ചെടുക്കാനാവുന്നില്ല. പക്ഷേ അവൾ ഒരു പ്രതീക്ഷയോ ലഹരിയോ ആയി അവനിൽ പടരുന്നു. ഒരു സ്‌ത്രീയോടു സംസാരിച്ചിരിക്കുന്നത് ഇത്ര രസകരമാണെന്നവൻ ആദ്യമായറിയുന്നു. ഒടുവിൽ സരസ്വതിവിലാസമെന്ന വിചിത്ര രൂപകൽപ്പനയുള്ള ഹോട്ടലിൽ വെച്ചു പരസ്‌പരം കാണാമെന്ന നിശ്ചയം. അവൾക്കുവേണ്ടി കാത്തിരിക്കുമ്പോൾ അയാൾ കുറച്ചു നേരം മറ്റൊരാളായി മാറുന്നുണ്ട്. മനുഷ്യന്റെ ഐഡന്റിറ്റി അത്രമേൽ അയവുള്ളതായി മാറിയ കാലത്താണ് പുതിയ ജീവിതങ്ങൾ. യാമിനിയും അതു തന്നെ പറയുന്നു. ‘പക്ഷേ അപ്പോഴെന്റെ പേര് ഇതായിരിക്കണമെന്നില്ല. യാമിനീന്ന് പേരുള്ള ഒരാള് നമ്മളോടൊപ്പം പഠിച്ചിട്ടില്ല’.

യാമിനിയുടേതും ഒരു കൊട്ടേഷൻ ആയിരുന്നു. അവൾ ഒരാളെ തിരയുകയാണ്. അങ്ങോട്ടുള്ള വഴികൾ അവൾ സ്വയം കണ്ടെത്തുന്നു. അവൾ ചെറുക്കുന്നത് നിന്ദ്യമായ അധിനിവേശത്തെത്തന്നെയാണ്. കീഴടക്കാനധികാരമുള്ളതെന്നു വിശ്വസിച്ച് പെണ്ണുടലിനെ ചവിട്ടിമെതിക്കുന്ന പുരുഷനെ, അവന്റെ ലൈംഗികമായ അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള പല വഴികൾ പെണ്ണിനുണ്ട്, അതവളുടെ സ്വാധികാരപ്രഖ്യാപനം കൂടിയാണ്. സരസ്വതിവിലാസം കാത്തിരിപ്പു കേന്ദ്രം ഒതുക്കത്തിൽ  ഭംഗിയായി അധികാരഘടനകളെ മാറ്റിയെഴുതാൻ ശ്രമിക്കുന്നു, അങ്ങനെ ചെയ്യുന്നുവെന്ന് ഒട്ടും ഭാവിക്കാതെ. ശക്‌തമായ സ്‌ത്രീവ്യക്‌തിത്വത്തിന്റെ (Female Gender identity)  പ്രതിനിധിയാണ് യാമിനി.നിലവിലുള്ള സ്‌ത്രീത്വത്തെ, അതിന്റെ പാരമ്പര്യത്തെ യാമിനി തിരസ്‌കരിക്കുന്നു. കഥയിൽ മറ്റെല്ലാം, കിഷോറടക്കം, അപ്രസക്‌തരാവുന്നു. മറഞ്ഞിരിക്കുന്നവരെ കണ്ടെത്താൻ എളുപ്പമാണെന്നൊക്കെ കിഷോർ വിചാരിക്കുന്നുണ്ടെങ്കിലും യാമിനിയെ തിരിച്ചറിയുക അത്രയെളുപ്പമല്ലെന്നു വായനക്കാർക്കു മനസിലാവും. അവൾ ഒറ്റയാളല്ല, ഒരു കൂട്ടമാണ്. ചരിത്രത്തെ ത്യജിച്ച് പ്രതികരിക്കുന്ന, അതിജീവിക്കുന്ന സ്‌ത്രീകളുടെ കർത്തൃത്വ ബോധത്തിന്റെ പ്രതിരൂപങ്ങൾ.

മാധ്യമത്തിൽ ഡോ. അഖില കെ.എസ് എഴുതിയ മങ്കൈക്കരസി കൈകാര്യം ചെയ്യുന്നതും സമാനമായൊരാശയമാണ്. ഫാന്റസിയുടെ നനുത്ത സ്‌പർശങ്ങൾ കൂടി ഈ കഥയ്ക്ക് ഉണ്ട്. പക്ഷേ ഇതൊട്ടും ഫാന്റസിക്കഥയല്ല താനും.ജീവിതത്തിന്റെ പരുഷമായ, സുഖകരമല്ലാത്ത നിലങ്ങളിലാണ് കഥയുടെ നിൽപ്പ്. മങ്കൈക്കരസിയുടെ അർത്ഥം പെൺ റാണിയെന്നാണ്. ദുർബലകളായ, പീഡിതരായ സ്‌ത്രീകളുടെ രാജ്ഞിക്ക് കിട്ടാനിടയുള്ള അധികാരങ്ങളും അവകാശങ്ങളും ഊഹിക്കാം. കഥയിലെ സ്‌ത്രീകളും അങ്ങനെയായിരുന്നു. പക്ഷേ അവരെപ്പോഴും അങ്ങനെയല്ല എന്നതാണ് ഈ കഥയെ വ്യത്യസ്‌തമാക്കുന്നത്. ദുർബല ശബ്‌ദങ്ങളുടെ പ്രതിരോധ നിരയായല്ല അവരുയിർക്കുന്നതും. വംശീയത, സ്‌ത്രൈണത തുടങ്ങി കീഴാളമായ പ്രതിനിധാനങ്ങളെയെല്ലാം മാറ്റിയെഴുതാൻ  മങ്കൈക്കരസി ശ്രമിക്കുന്നു. ശരീരം, സ്വവർഗലൈംഗികത, ഉന്മാദം തുടങ്ങി സ്‌ത്രീകളുടെ സാധ്യതകളെ, കർത്തൃത്വസ്ഥാപനത്തിനുള്ള വഴികളെ സമർത്ഥമായി വിനിയോഗിക്കുന്നുണ്ട് അഖിലയുടെ കഥ. കഥയുടെ ഭാവതലങ്ങളും ശ്രദ്ധേയമാണ്. സങ്കീർണ്ണമായ പ്രമേയത്തെ ആഖ്യാനത്തിന്റെ സുതാര്യത കൊണ്ടു സന്തുലിതമാക്കാനും ശ്രമിച്ചിരിക്കുന്നു.

ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ മധു തൃപ്പെരുന്തറ എഴുതിയ ഉയിർപ്പുടൽ മറ്റൊരു പെൺകഥയാണ്. മറിയത്തിന്റെ മരണവും അതിനെ മകൾ റോഷ്‌നി അതിജീവിക്കുന്നതുമാണ് മുറുക്കമുള്ള ഭാഷയിൽ മധു തൃപ്പെരുന്തുറ എഴുതിയിരിക്കുന്നത്. ഒരുമിച്ചുറങ്ങിയ അമ്മയുടെ പെട്ടന്നുള്ള മരണം, അതിനെ ഒറ്റയ്ക്കു നേരിടേണ്ടി വരുന്ന മകൾ, മകളുടെ ഓർമ്മകളിലൂടെ അവരുടെ ഭൂതകാല ജീവിതം, ഈയൊരു ഘടനയാണ് കഥയ്ക്കുള്ളത്. രണ്ടു സ്‌ത്രീകളുടെ കഥയായതുകൊണ്ടുതന്നെ പൊതുവേ സ്‌ത്രീകൾ അനുഭവിക്കുന്ന ലിംഗാധിഷ്ഠിതമായ പ്രശ്‌നങ്ങൾ, വിധേയരായിരിക്കുമ്പോൾത്തന്നെ അവർ സൃഷ്‌ടിച്ചെടുക്കുന്ന സ്വാശ്രയത്വം, സമൂഹവുമായുള്ള സംഘർഷങ്ങൾ, സ്‌ത്രീയുടെ സ്വത്വ സ്ഥാപനത്തിൽ തൊഴിലിനുള്ള പങ്ക്, തുടങ്ങി സങ്കീർണ്ണമായ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് ഈ കഥ. അമ്മ നഷ്‌ടപ്പെട്ട മകളുടെ വൈകാരികപ്രതിസന്ധികളിൽ  ഊന്നിക്കൊണ്ടാണ് കഥ ഇത്തരം രാഷ്‌ട്രീയചിന്തകളെ വിന്യസിച്ചിരിക്കുന്നതെന്നാണ് കൗതുകകരം. വായനക്കൊടുവിൽ ചില അവിശ്വസനീയതകൾ അവശേഷിക്കുന്നുവെങ്കിലും ശ്രദ്ധേയമാണ് ഉയിർപ്പുടൽ.

ദേശാഭിമാനിയിലെ അരൂപിനൃത്തങ്ങൾ പി.ആർ. രഘുനാഥിന്റെ കഥയാണ്. കാലിക പ്രസക്‌തിയുള്ള ഒട്ടനവധി കാര്യങ്ങൾ ഒറ്റക്കഥയിൽ കുത്തിത്തിരുകാൻ ശ്രമിച്ചതിന്റെ വീർപ്പുമുട്ടലാണ് ഈ കഥയുടെ ന്യൂനത. ആദിത്യൻ എന്ന ആക്റ്റിവിസ്റ്റിന്റെ, ചിന്തകന്റെ കൊലപാതകത്തിനു ശേഷം വളർത്തുമകൾ മൈത്രി അയാളുടെ ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ സഞ്ചരിക്കുന്നതും ഭീഷണമായ കമന്റുകൾ അദൃശ്യൻ, അരൂപി, ഡ്രാക്കുള തുടങ്ങി പല പേരുകളിൽ അവിടെ എഴുതപ്പെട്ടിരിക്കുന്നത്  കണ്ടെത്തുന്നതുമാണ് കഥ. കഥയുടെ ധ്വന്യാത്‌മകമായ സൗന്ദര്യമല്ല, വസ്‌തുതാവിവരണത്തിന്റെ വിരസതയാണിതിൽ മുന്നിട്ടു നിൽക്കുന്നതെന്നു മാത്രം. ഏറെക്കുറെ ഒരു ലേഖനത്തിന്റെ സ്വഭാവം.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account