പ്രണയത്തിന്റെ അനുഭൂതിപരതയും തീവ്രതയും കഥകൾക്ക് പ്രിയപ്പെട്ട വിഷയമാവുന്നത് സ്വാഭാവികമാണ്. പ്രണയവും ലൈംഗികതയും സദാചാര സങ്കൽപ്പങ്ങളും പരസ്പരം ഇഴുകിച്ചേരുകയും എത്ര സൂക്ഷിച്ചാലും അകറ്റി നിർത്തിയാലും കാൽപ്പനികതയുടെ തീഷ്ണവർണങ്ങൾ അതിന്മേൽ തട്ടിമറിഞ്ഞു വീഴുകയും ചെയ്യുന്നതു കൗതുകകരമാണ്. അതു തന്നെയാവണം പ്രണയാഖ്യാനങ്ങൾ ഇത്രയേറെ പ്രിയങ്കരമാവുന്നതിനു കാരണവും.

വിചിത്രമെന്നോണം കഴിഞ്ഞാഴ്ച്ചയിലെ മിക്ക കഥകൾക്കും യാദൃച്ഛികമാവാം, പ്രണയസംബന്ധമായചില സമാനതകൾ ഉണ്ടാവുന്നതു കാണാം. വ്യക്‌തിപരവും അനുഭൂതി നിഷ്ഠവുമായ പ്രണയാഖ്യാനങ്ങളാണ് എബ്രഹാം മാത്യുവിന്റെ നീലോഫർ (കലാകൗമുദി ), പി.കെ പാറക്കടവിന്റെ പടിയിറങ്ങും നേരം (ഭാഷാപോഷിണി ), കരുണാകരന്റെ ഒരൊറ്റ രാത്രി കൊണ്ട് (ഭാഷാപോഷിണി ) തുടങ്ങിയ കഥകൾ. “കേരളത്തിലെ നല്ലൊരു വിഭാഗം സ്ത്രീകളും സോഫിയ റോബോട്ടിന്റെ ചേച്ചിമാരും അനിയത്തിമാരുമാണ്. പഠിച്ചതുമാത്രം പാടുന്ന ഹ്യൂമനോയ്ഡുകൾ, അവസരവാദ പ്രണയ കോകിലങ്ങൾ “, എന്ന് ശക്‌തമായ മുൻവിധികളുള്ള ഒരു പുരുഷനായി കഥയോടു ചേർന്നുള്ള അഭിമുഖത്തിൽ എബ്രഹാം മാത്യു സ്വയം വെളിപ്പെടുത്തുന്നുണ്ട്. തന്റെ പ്രണയ സങ്കൽപ്പത്തിലെ തീഷ്ണ ശോഭയുള്ള പെൺകുട്ടിയാണത്രേ നീലോഫർ. ഒരിക്കലും പ്രണയദരിദ്രയല്ലാത്ത, ആധുനിക ഹവ്വയല്ലാത്ത, മാതൃകാ പ്രണയിനിയെ കഥാകൃത്ത് വാചാലമായി അവതരിപ്പിക്കുകയും ചെയ്യുന്നു. പ്രണയലോലുപനായ പുരുഷന്റെ ഏകപക്ഷീയമായ പ്രണയാഖ്യാനമാണ് നിലോഫർ. ലളിത കോമള പദാവലികളും കവിതയും ബിബ്ലിക്കൽ സൂചനകളും നീല ആമ്പലെന്ന പ്രണയബിംബവുമെല്ലാം ചേർന്ന് കഥ സാമാന്യത്തിലധികം വിരസവും അസഹനീയവുമാകുന്നു. നിശ്ചലമായൊരു തടാകം പോലെ അതുറഞ്ഞു കിടക്കുന്നു. പുരുഷന്റെ അമിതമായി ആദർശവല്ക്കരിക്കപ്പെട്ട പ്രണയ സങ്കൽപ്പത്തിന്റെ ഭാരം നീലോഫറെന്ന നായികയ്ക്കോ ഈ കഥയ്ക്കോ താങ്ങാവുന്നതിലധികമാണ്.

കുഞ്ഞുകഥകളുടെ തമ്പുരാനെന്നൊക്കെ ആലങ്കാരികമായി വിശേഷിപ്പിക്കാവുന്ന കഥാകൃത്തായ പാറക്കടവിന്റെ പടിയിറങ്ങും നേരം അദ്ദേഹത്തിന്റെ പതിവു ശൈലിയിലുള്ള കുറുങ്കഥയല്ല. അൽപ്പം നീണ്ടതും 4 ഭാഗങ്ങളുള്ളതുമാണ്. ദാമ്പത്യത്തിലെ ഉദാത്തമായ പ്രണയമാണിവിടെ വിഷയം. പുരുഷന്റെ തലയിലെ നരച്ച മുടി പിഴുതെടുത്ത് അവന്റെ ചെറുപ്പം തിരിച്ചു കൊടുക്കുന്ന, തന്റെ സ്നേഹക്കൂട്ടിലൊതുക്കി നല്ല ഭക്ഷണവും വിശ്രമവും കൊടുത്ത് സുന്ദരക്കുട്ടപ്പനാക്കുന്ന ത്യാഗത്തിന്റെ, സ്നേഹത്തിന്റെ ഉജ്വല മാതൃകയാണ് കഥയിലെ സ്ത്രീ. എഴുത്തുമേശയിൽ കൃത്യമായ ഇടവേളകളിൽ ചായയുമായെത്തുന്ന കർത്തവ്യ നിരതയും പരിചരണോത്സുകയുമായ ആ സാധ്വി ഭർത്താവിന്റെ ജീവനെടുക്കാൻ വരുന്ന രൂപത്തെ തട്ടിത്തെറിപ്പിക്കുന്ന സാഹസിക കൂടിയാണ്. സമയമായിട്ടില്ല എന്ന അവളുടെ കൽപ്പന കേട്ട് റൂഹിനെ പിടിക്കാൻ വന്ന രൂപം ഭയന്നോടുന്നു. വായനക്കാരുടെ യുക്‌തിയെ പരിഹസിക്കുകയെന്നതിനപ്പുറം ഈ കഥയ്ക്ക് പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ല എന്നു തോന്നിപ്പോവാം. പുരുഷപക്ഷത്തുനിന്നുള്ള വളരെ യാഥാസ്ഥിതികമായ ഒരു സ്ത്രീ ചിത്രണം മാത്രം.

കരുണാകരന്റെ ‘ഒരൊറ്റ രാത്രി കൊണ്ട്’ ദീർഘമായൊരു പ്രണയകഥയാണ്. ഈ കഥ ചർച്ച ചെയ്യുന്നത് പ്രണയത്തെക്കുറിച്ചല്ല, പക്ഷെ, കഥയ്ക്കൊടുവിൽ വായനക്കാരുടെ മനസിൽ പുരളുന്ന ശോണച്ഛായകൾക്ക് പ്രണയത്തിന്റെ സുഗന്ധമാണ് കൂടുതൽ. അച്ഛന്റെ ആത്മാവിന് മോക്ഷം കിട്ടാനായി പിതൃകർമ്മങ്ങൾക്ക് കാശിയിലെത്തുന്ന മകൻ. മ്യുത്വുവും പ്രണയവും രതിയും ആസക്‌തിയുമെല്ലാം കൂടിക്കലർത്തുന്ന ആഖ്യാനകൗശലമാണ് കരുണാകരന്റേത്, അസൂയപ്പെടുത്തുന്നതും. വിഹ്വലവുമായ ഭാവനകൾ, അബോധമായ സന്ദേഹങ്ങൾ, ഭ്രമ കൽപ്പനകൾ എല്ലാം ചേർന്ന് മായികമായൊരന്തരീക്ഷസൃഷ്‌ടിയാണ് കഥ സാധിച്ചിരിക്കുന്നത്. സ്വപ്നസമാനമായ, യഥാർത്ഥമോ ഭാവനയോ എന്നു തിട്ടപ്പെടുത്താനാവാത്ത സവിശേഷമായൊരനുഭവത്തിലൂടെ അയാൾ കടന്നു പോവുന്നു. വാരണാസിയിൽ വെച്ച് തന്നോടൊപ്പം അന്തിയുറങ്ങാമോയെന്ന ചോദ്യവുമായി പിന്നാലെ വന്ന സ്ത്രീ. അവൾ മരിച്ചവളല്ല എന്ന് അവൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷേ മരിച്ചവളെക്കാൾ, ഒരു പ്രേതത്തെക്കാൾ, നിഗൂഡതയാണവളെ ചുഴലുന്നത്.

“അന്നു രാത്രി അവളോടൊപ്പം കഴിഞ്ഞ സമയം മരിച്ചവരിൽനിന്നു മാത്രമല്ല, എന്റെ ശരീരത്തിൽ നിന്നു കൂടി ഞാൻ വേർപെടുകയായിരുന്നു. അങ്ങനെ മുഴുവനായും അപ്രത്യക്ഷനായ ഒരാളെപ്പോലെ അവളുടെ അരികിൽ കിടന്ന് ഞാൻ ഉറങ്ങുകയും ചെയ്തു.” എന്ന് അവളുമൊത്തുള്ള രതിയെ മരണത്തോളമെത്തുന്ന ഉന്മാദമായി കഥാകൃത്ത് അനുഭവിപ്പിക്കുന്നു. വേഴ്ച്ചയ്ക്കും ഉറക്കത്തിനുമൊടുവിൽ അവൾ നിർബന്ധിച്ച്‌ അവരിരുവരും ഗംഗയിൽ നെഞ്ചൊപ്പം വെള്ളത്തിൽ നിൽക്കുന്നു. അവിടെ വെച്ചും രതിയെക്കുറിച്ചു സംസാരിക്കുന്നു. ഒഴുകി വരുന്ന ശവങ്ങളെയാണയാൾ പ്രതീക്ഷിക്കുന്നത്. “ഒരു പക്ഷേ പാതിവെന്ത ഒരു വൃദ്ധന്റെ രൂപം. ഒരു പക്ഷേ എന്റെ അച്ഛന്റെ തന്നെ ശവം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ജന്തുവിന്റെ ശവം.”

അവൾ പക്ഷേ നീന്തിച്ചെന്നു ശേഖരിക്കുന്നത് ആയിരത്തിന്റെ നോട്ടുകളാണ്. അത് ലോഡ്ജ് മുറിയിൽ ഉണങ്ങാൻ വെച്ചത് അവിടെത്തന്നെ ഉപേക്ഷിച്ച്‌ അവൾ രാവിലെ അപ്രത്യക്ഷയാവുകയും ചെയ്യുന്നു.

ആഖ്യാനത്തിന്റെയും, ഭാഷയുടെയുമീ മായികതയാണ് കരുണാകരന്റെ കഥയെ തീവ്രമായൊരനുഭൂതിയാക്കി പരിണമിപ്പിക്കുന്നത്. മുറുകി നിൽക്കുന്ന, വീണ്ടും വീണ്ടും മുറുകുന്നൊരു കെട്ടുപോലെ വായനക്കാരെയതു ശ്വാസം മുട്ടിക്കാം. ആ പ്രണയം, പെട്ടന്നൊന്നും മോചനമില്ലാത്തൊരാഘാതമായി മനസിൽ പതിയാം.

ശ്രീകുമാരി രാമചന്ദ്രന്റെ ‘കപ്പലണ്ടി മിഠായി’ (സമകാലിക മലയാളം) സാമ്പ്രദായിക മട്ടിലൊരു കഥയാണ്. കുട്ടിക്കാലത്ത് പരിചയമുണ്ടായിരുന്ന മിഠായിക്കച്ചവടക്കാരനെ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാം കല്യാണം കഴിച്ചെന്നു കേട്ടതോടെ മനസിൽ നിന്നിറക്കി വിട്ട പെൺകുട്ടി. അവൾ വളർന്ന് രാഷ്‌ട്രീയക്കാരിയും നഗരത്തിന്റെ മേയറുമാവുന്നു. ഗാന്ധിയൻ വിശ്വാസങ്ങൾ പുലർത്തുന്ന ,സന്ദേഹങ്ങളുണ്ടാവുമ്പോൾ ചുവരിലെ അച്ഛന്റെ ചിത്രത്തോടു സംസാരിച്ച് പ്രതിവിധി കണ്ടെത്തുന്ന ആദർശനിഷ്ഠയായ മേയർ. ഒരിക്കലും ഉദ്ഘാടനച്ചടങ്ങുകളിൽ നാട മുറിക്കാനോ വിദേശയാത്രകൾക്കോ തയ്യാറല്ലാത്ത ആ ആദർശധീര പക്ഷേ ആദ്യമായി ഉദ്ഘാടനം നടത്താൻ പോയത് പഴയ കപ്പലണ്ടി ക്കച്ചവടക്കാരന്റെ മിഠായിക്കടയിൽ. അയാൾ 2 ഭാര്യമാരോടും കൂടെ വൻ ബിസിനസ്കാരനായി വളർന്ന വാർത്തയറിഞ്ഞിട്ടും അവൾക്ക് അയാളോടു ക്ഷമിക്കാനാവുന്നില്ല. കഥയുടെ തുടക്കത്തിലെ സ്വപ്നാഖ്യാനവും വ്യാഖ്യാനവുമൊക്കെ ഇത്തരമൊരു കഥയ്ക്ക് വലിയ ആവശ്യമില്ലെന്നു തോന്നിപ്പോയാൽ കുറ്റം പറയാനാവില്ല.

കണ്ണൂരിലെ മുൻ ബിസിനസ് രാജാവിനെക്കുറിച്ച് ടി. പത്‌മനാഭൻ ഉപകാരസ്മരണയോടെ എഴുതിയ ഓർമ്മക്കുറിപ്പ് അയാളുടെ പേരു വെട്ടിമാറ്റി കഥയാക്കി പ്രസിദ്ധീകരിച്ചതാവാനാണ് കൂടുതൽ സാധ്യതയെന്ന് ഹിമവാൻ എന്ന രചന വായിക്കുമ്പോൾ തോന്നുന്നു (മാതൃഭൂമി). ടി.പത്‌മനാഭൻ എന്തെഴുതിയാലും അതിനെ കഥയെന്നു വിളിക്കാനുള്ള അവകാശം പത്രാധിപന്മാർക്കും അത് കഥയായി വായിക്കാനുള്ള പരിശീലനം ആസ്വാദകർക്കും ലബ്‌ധമായിട്ടുള്ളതുകൊണ്ട് പക്ഷേ പ്രശ്നമില്ല.

-ജിസാ ജോസ്

4 Comments
 1. Mohan 4 years ago

  Wonderful review… very open and true writing.. great!

 2. Prasad 4 years ago

  അൽപ്പം പേരും കുറച്ചു സുഹൃത് വലയവും ആയാൽ എന്തും എഴുതാമെന്ന ചിലരുടെ തോന്നലുകൾ…ഇപ്പോൾ കാണുന്ന മിക്ക കഥകളും അതുപോലെ തന്നെ

 3. Anil 4 years ago

  Good note . worthehile revuew…

 4. Haridasan 4 years ago

  True review…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account