ഒഴിവാക്കാൻ പറ്റാത്ത കാപട്യങ്ങളിലൊന്നാണ് ബഹുജന മാധ്യമമെന്നു പറഞ്ഞത് അഡോർണോയാണ്. സിനിമ പോലുള്ള മാധ്യമങ്ങളെ സംബന്ധിച്ച് ഇതു വളരെ ശരിയുമാണ്.

സമകാലിക മലയാളത്തിൽ വി. ദിലീപ് എഴുതിയ ‘കോടമ്പാക്കം എഴുതിയ ആത്‌മകഥ’ സിനിമയുടെ പിന്നാമ്പുറകഥകളിലേക്കു യാത്ര ചെയ്യുന്നു. ജീവിതാവസാനം വരെ പ്രസക്‌തമായ സിനിമയെന്ന സ്വപ്‌നത്തെ യാഥാർത്ഥ്യമാക്കാനുള്ള വേവലാതികൾക്കിടയിൽ സിനിമയെക്കാൾ സിനിമാറ്റിക് ആയ സംഭവങ്ങളാണു നിരന്തരമുണ്ടാവുന്നത്. ബി ക്ലാസ് തിയേറ്ററിന്റെ ഇരുട്ടിലേക്ക് കയറിപ്പോവുന്ന സിനിമാ പ്രാന്തനെപ്പോലെയാണപ്പോൾ കഥ പറയുന്നയാൾ. ആ ഇരുൾലോകത്തിൽ പരിസരം വ്യക്‌തമല്ല, ചുറ്റിനും ആരുമില്ല. സിനിമ കാണാൻ ഇരുട്ടിൽ കൺമിഴിച്ച് ആ ഒറ്റയാൾ മാത്രം. കാണുന്നത് ജീവിതക്കാഴ്ച്ചകളും.

സിനിമ വ്യാജമായ നിർമ്മിതികളുടെ ആഘോഷമാണ്. വ്യാജവ്യക്‌തിവൽക്കരണങ്ങൾ നിരന്തരമവിടെ നടന്നു കൊണ്ടേയിരിക്കും. ബിംബങ്ങൾ പ്രതിഷ്ഠിക്കപ്പെടാനും തകർക്കപ്പെടാനും വളരെ കുറച്ചു സമയം മതി। യഥാർത്ഥമേതെന്നു വേർതിരിച്ചറിയാനാവുന്നില്ല. കോടമ്പാക്കമെന്ന പഴയ സിനിമാ പറുദീസയുടെ നിരാസങ്ങളുടെ, സ്വീകരണങ്ങളുടെ ഓർമ്മയിലാണ് കഥ മുന്നോട്ടു പോകുന്നത്. കോടമ്പാക്കത്തെ പൈപ്പുവെള്ളവും പട്ടിണിയും തിരസ്‌കാരങ്ങളും   അപഹേളനങ്ങളുമൊക്കെ അതിജീവിച്ചാലേ അക്കാലത്ത് സിനിമയിൽ പേരെടുക്കാൻ കഴിഞ്ഞിരുന്നുള്ളു. വിജയിച്ച സിനിമക്കാരുടെ ഓർമ്മകളിലൊക്കെ ഇത്തരം കോടമ്പാക്ക സ്‌മൃതികൾ സുലഭമാണ്. ഇക്കാലത്താവട്ടെ സിനിമ കോടമ്പാക്കം വിട്ടിറങ്ങിയിരിക്കുന്നു. സിനിമാകലാകാരനായി അറിയപ്പെടാനാഗ്രഹിക്കുന്ന പുതിയ തലമുറക്ക് പട്ടിണി കിടക്കാനും പൈപ്പുവെള്ളം കുടിക്കാനും ഇന്ന് കോടമ്പാക്കമില്ലെന്നത് അവരെ സംബന്ധിച്ച് ശാപം തന്നെയാണ്.

നിരവധി അടരുകളുള്ള കഥാ ഘടനയാണ് കോടമ്പാക്കം എഴുതിയ ആത്‌മകഥയുടേത്.  പരസ്‌പരബന്ധിതരായ നിരവധി കഥാപാത്രങ്ങൾ. സ്വതന്ത്രരും സെലിബ്രിറ്റികളുമെന്നു പുറമേക്കു തോന്നിപ്പിക്കുന്നവർ പോലും ആ ലോകത്തിൽ എത്ര മാത്രം അരക്ഷിതരാണെന്നു കഥ വെളിപ്പെടുത്തുന്നുണ്ട്. കഥയ്ക്കുള്ളിലെ ക്രിയകളും സംഭാഷണങ്ങളും ചലനങ്ങളുമെല്ലാം കൃത്യമായ സന്ദേശങ്ങളെ വിനിമയം ചെയ്യുന്നു. സിനിമയെന്നപോലെ കപടമാണ് അതിന്റെ അണിയറയിലെ എല്ലാ ചലനങ്ങളും. സിനിമാ പത്രപ്രവർത്തകനായ ജോസഫ് ചിത്രകൂടത്തിന് പല തരം മഷികളുള്ള പേനകളാണ്, വളർത്താനും സംഹരിക്കാനും. നേരായ രീതിയിൽ പ്രവേശനമില്ലാത്തിടത്ത് മറ്റേതെങ്കിലും രീതിയിൽ കയറിപ്പറ്റി നേരാവണ്ണം എത്തിയവരെ വെച്ചു കളിക്കുന്ന വ്യാജ കളിക്കാരുടെ പ്രതിനിധി. സിനിമാലോകത്ത് അത്തരം കളിക്കാരാണു കൂടുതലും. സിനിമയിലെ വിധേയത്വം, സ്വേച്ഛാധികാരം, സൂക്ഷ്‌മതലത്തിൽ അതിന്റെ ദൗർബല്യം ഇവയൊക്കെ കഥ കാണിച്ചുതരുന്നുണ്ട്. സംവിധായകനോട് ചാൻസു ചോദിക്കാൻ ചെന്ന കഥാനായകനോട് ബിദോഷ് അവസരം ചോദിക്കുന്നു. സൂപ്പർ സ്റ്റാർ ഗോപക് രാജ് ബ്ലാക്ക് ടിക്കറ്റെന്ന ഗ്രൂപ്പിന്റെ അഡ്‌മിനായതു കൊണ്ട് അയാളോടു ബഹുമാനം കാണിക്കുന്നു. മുമ്പ് ജോസഫ് ചിത്രകൂടം ചെയ്‌തതിപ്പോൾ ഇത്തരം ഗ്രൂപ്പുകളാണു ചെയ്യുന്നത്। സൃഷ്‌ടിയും സംഹാരവും. അവസാന നിമിഷം വരെ മനുഷ്യനെ ഭ്രമിപ്പിക്കുന്ന സിനിമയുടെ മാസ്‌മര ലോകത്തെ കൃത്യമായി പിന്തുടരുന്നുണ്ട് ദിലീപിന്റെ കഥ.

മാതൃഭൂമിയിൽ കരുണാകരൻ എഴുതിയ പരിഭാഷക രാഷ്‌ട്രീയ തടവുകാരിയായ അരുണയുടെ കഥ പറയുന്നു. അവൾ ഒരു തീവ്രവാദിയാവാം. നിരോധിക്കപ്പെട്ട സംഘടനയുടെ പ്രവർത്തക। പലപേരുകളുള്ളവൾ. അരുണയുടെയും കാവേരിയെന്ന കെയർടേക്കറുടെയും സംവാദങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. കാവേരിയുടെ മുത്തച്ഛൻ ശേഖരിച്ച കവിതകളുടെ പരിഭാഷ നടത്താൻ കാവേരിയത് അരുണയെ ഏൽപ്പിക്കുന്നു. അറസ്റ്റിലായതോടെ ആ നോട്ടുപുസ്‌തകവും നഷ്‌ടപ്പെടുന്നു. പക്ഷേ അരുണ അവ പരിഭാഷപ്പെടുത്തുകയാണ്. ഒരുപക്ഷേ സ്വന്തമായി സൃഷ്‌ടിച്ചവയാവാം. കാവേരിയുടെ നഷ്‌ടപ്പെട്ട പുസ്‌തകത്തിനു പകരമായി അവളൊരു പരിഭാഷാ പുസ്‌തകം തന്നെ ഉണ്ടാക്കുന്നു. ആ കവിതകൾ അരുണയുടേതാണ്. മുത്തച്ഛൻ മുത്തശ്ശിക്കയച്ച കത്തുകളായിരുന്നു കാവേരിയുടെ നോട്ടുപുസ്‌തകത്തിലെ കവിതകൾ. അരുണയുടേതും അതു തന്നെ. പ്രതീക്ഷയുടെ, സാന്ത്വനത്തിന്റെ, പുനസമാഗമത്തിന്റെ ഊഷ്‌മളതയുള്ള കവിതകൾ. അരുണ വിശ്വസിക്കുന്ന രാഷ്‌ട്രീയത്തെപ്പോലെ.

മാധ്യമത്തിൽ എം. ബി. മനോജ് കഥയെന്ന ശീർഷകത്തിൽ ഇത്തവണയും ലേഖനമാണെഴുതിയിട്ടുണ്ട് നവ മാധ്യമ സാധ്യതകളുപയോഗപ്പെടുത്തി ദളിതനുമേലുള്ള ഹിംസകളെ, മോഷണമാരോപിച്ചുള്ള കൊലയെ ഒക്കെ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും ഇത് ഡാറ്റകളിലൂന്നിയ പ്രബന്ധം തന്നെയാണ്.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account