പ്രണയത്തിനും സ്‌ത്രീ പുരുഷ ബന്ധത്തിനുമൊക്കെ പുതിയ കാലത്തു സംഭവിച്ച പരിണതികളുടെ പശ്ചാത്തലത്തിലാണ് സോക്രട്ടീസ് കെ. വാലത്തിന്റെ രാസമഴ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്) എന്ന കഥ പ്രസക്‌തമാവുന്നത്. നൂറ്റാണ്ടുകളിലൂടെ തുടർന്നു പോരുന്ന, വികാര പരവശവും തരളവുമായ അനുഭൂതിയെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട പ്രണയം പുതിയ കാലത്ത് അമ്ലസ്‌പർശം പോലെ പൊള്ളലേൽപ്പിക്കുന്നു. കേരളത്തിന്റെ പൊതുബോധത്തിലും ചിന്തയിലും പുതുതലമുറയുടെ പ്രവൃത്തികളിലും വന്നിട്ടുള്ള നിർണായകമായ പരിവർത്തനങ്ങളെയാണ് കഥ ലക്ഷ്യമാക്കുന്നത്. മനസിനെയും ശരീരത്തെയും ഉദ്ദീപിപ്പിക്കുന്ന  സുഖകരമായ, സവിശേഷമായ അനുഭൂതിവിശേഷമായിരുന്നു സാഹിത്യവും ഇതരകലകളുമൊക്കെ പാടിപ്പുകഴ്ത്തിയ പ്രണയം ഇന്നലെ വരെ. ഇന്നാവട്ടെ, അതു മാരകമായിരിക്കുന്നു. പ്രണയം പൂർണമാവുന്നതു ഇക്കാലത്ത് പലപ്പോഴും കൊലയിലാണ്. പ്രണയത്തിന്റെ പേരിലുള്ള കൊല്ലലും തിന്നലും സാധാരണമാവുന്നു.

കഥയിലെ അച്ഛനുമമ്മയും പ്രണയിച്ചു വിവാഹിതരായവരാണ്. അവരുടെ പ്രണയമല്ല പുതിയവരുടേത്. മകൾ രമ്യയ്ക്ക് സുന്ദരൻ എന്ന ഫ്രീക്കനോടുള്ള പ്രണയം രമേശന്റെ ആധി വളർത്തുന്നു. ജലജക്ക് അത്രത്തോളം ആശങ്കകളില്ല. തങ്ങളുടെ കാലത്തെ പ്രണയമായിരുന്നു സത്യമെങ്കിൽ ആ പ്രണയമിന്നെവിടെ എന്നു രമേശൻ സംശയിക്കുന്നുണ്ട്. അത്തരമൊന്ന് ഇപ്പോഴെവിടെയുമില്ല. മധുരമായി പൊതിഞ്ഞിരുന്ന കാൽപ്പനികതയും ഇന്ദ്രിയനിഷ്ഠതയുമൊക്കെ ഉരുകിയൊലിച്ച് അപായസൂചകമായ ഒന്നായി പ്രണയം മാറിയതാണ്  രമേശനെ പേടിപ്പിക്കുന്നത്. മകളെ സുന്ദരനിൽ നിന്നു രക്ഷിക്കണമെന്നത് അയാളുടെ വേവലാതി മാത്രമല്ല, ജീവന്മരണ പ്രശ്‌നമായിത്തീരുന്നു. ജോലിപോലും കളഞ്ഞു കുളിച്ച് ഊണും ഉറക്കവുമില്ലാതെ അയാളസ്വസ്ഥനായലയുന്നു. പ്രായോഗികവാദിയായ ജലജ മകളെയും അവളുടെ പ്രണയത്തെയും അതിന്റെ വഴിക്കു വിട്ട് ജോലിക്കു പോവുന്നു .

യാഥാർത്ഥ്യങ്ങൾ, അതും കടുത്ത യാഥാർത്ഥ്യങ്ങൾ ഭാവനയെ കീഴ്പ്പെടുത്തുന്നത് കഥയിലുടനീളം കാണാം. പ്രണയത്തിന്റെ ഭാവാത്‌മക ചാരുതകളെ ആസിഡ് വീണു പൊള്ളിപ്പിടഞ്ഞ ഒരു മുഖമായാവിഷ്‌കരിക്കാൻ കഥാകൃത്തിനനായാസം കഴിയുന്നു. അതിശയോക്‌തികളോ അതി വാചാലതയോ ഇല്ലാതെ സ്വാഭാവികമായതു പറയാനും കഴിയുന്നു. അച്ഛന്റെ സന്ദേഹങ്ങളിലും ഭീതിയിലുമാണ് കഥ കേന്ദ്രീകരിക്കുന്നത്. മകളുടെ സുരക്ഷിതത്വം അയാൾക്കത്രയും പ്രധാനമാണ്. രമ്യ ഉപേക്ഷിച്ചു പോയാലെന്തു ചെയ്യുമെന്ന ചോദ്യത്തിനു സുന്ദരൻ കൊടുത്ത മറുപടി, ‘അന്നേരം അവളേം തീർത്ത് വേണേ വണ്ടിക്ക് തല വെച്ചാ പോരേ?’ അയാളെ കൂടുതൽ ഞെട്ടിക്കുന്നു. സുന്ദരൻ ഇട്ടേച്ചു പോയാൽ എന്തു ചെയ്യണമെന്നു രമ്യക്കുമറിയാം. ‘അവന്റെ പേരെഴുതി വെച്ചു ഞാനങ്ങു ചാവും’.

പുതിയ തലമുറയ്ക്ക് ഇക്കാര്യങ്ങളിൽ സന്ദേഹങ്ങളോ അനിശ്ചിതത്വങ്ങളോയില്ല. അവരുടെ പ്രണയത്തിനന്തർധാരയായുള്ളത് ഹിംസയും ആക്രമണോത്സുകതയുമാണ്. സ്വന്തമാക്കാനുള്ള, സ്വന്തം മാത്രമാക്കാനുള്ള സ്വാർത്ഥതയാണത്. ഉപേക്ഷിക്കലും വിട്ടുകൊടുക്കലുമൊക്കെയാണ് പ്രേമമെന്ന പ്രമാണങ്ങൾ കാലഹരണപ്പെടുന്നു. സ്വന്തമാക്കാനാവുന്നില്ലെങ്കിൽ സംഹരിക്കുകയെന്നതാണ് പുതിയ നീതിബോധം. പ്രണയമടക്കമുള്ള പ്രഖ്യാതവും സ്ഥാപിതവുമായ സൗന്ദര്യാനുഭവങ്ങളെ സമകാലിക സംഭവങ്ങളുടെ ഭാവപരിസരങ്ങളിൽ വിശകലനം ചെയ്യുന്ന കഥയാണ് രാസമഴ. പ്രണയം മാരകമാവുന്നതിന്റെ സാംസ്ക്കാരികവും ചരിത്രപരവുമായ കാരണങ്ങൾ അത്യന്തസൂക്ഷ്‌മമായി കഥയിൽ വിന്യസിച്ചിട്ടുമുണ്ട്. രസകരമായി വായിച്ചു പോകുന്നതിനിടയിൽ അവ കാണാതെ പോകുന്നില്ല വായനക്കാർ. പക്ഷേ സുന്ദരന്റെ രൂപചിത്രണത്തിലെ വംശീയവും വർണ്ണപരവുമായ സൂചനകൾ കഥയ്ക്കത്യാവശ്യമെന്നു സമ്മതിക്കുമ്പോഴും അവയ്ക്കു പിന്നിലെ സവർണ-കുലീന സൗന്ദര്യബോധം അവഗണിക്കാനാവുന്നില്ല എന്നുകൂടി പറയാതെ വയ്യ.

സമകാലിക മലയാളത്തിൽ എബ്രഹാം മാത്യു എഴുതിയ മഗ്‌ദലീന സവിശേഷമാം വിധം ചായക്കൂട്ടുകളാലൊരുക്കിയ ഛായാചിത്രത്തിന്റെയോ മനോഹരമായൊരു ലാൻഡ്‌സ്‌കേപ്പിന്റെയോ പ്രതീതിയുണർത്തുന്നു. വാക്കുകൾ കൊണ്ടെഴുതിയ ചിത്രം തന്നെയാണത്. ബഹുസ്വരമായ ദൃശ്യങ്ങളുടെ, മൗലികമായ ബിംബങ്ങളുടെ ചിത്രണങ്ങളിലൂടെ കഥ കാലികവും പ്രസക്‌തവുമായിരിക്കുന്നു. അതേ സമയം തന്നെ അതീവചാരുതയുള്ള കഥയായുമിരിക്കുന്നു. ഒതുക്കമുള്ള രൂപഘടന. ചരിത്രത്തിന്റെ വൈപരീത്യങ്ങളിലാണ് കഥ ഊന്നുന്നത്. യേശുവിന്റെ രണ്ടാം വരവ്, അദ്ദേഹം കാണുന്ന, അറിയുന്ന കാഴ്ച്ചകൾ, ഒപ്പം അദ്ദേഹത്തെ കാണുന്നവരുടെ നോട്ടങ്ങൾ, മനോഗതങ്ങൾ. രണ്ടിനെയും സമന്വയിപ്പിക്കുന്നതിലൂടെ സാമൂഹിക വിമർശനവും മാറി വരുന്ന മൂല്യബോധവും ധ്വനിപ്പിക്കുന്നുമുണ്ട്‌. ‘യേശു രണ്ടാമതും വന്നാൽ എല്ലാം തീർന്നില്ലേ? വരും വരും എന്ന തോന്നലാണ് വേണ്ടത്. ആദ്യ വരവു തന്നെ ധാരാളം’. ഇതാണ് ലോകത്തിന്റെ മനോഭാവം. തന്റേതായിരുന്ന ഇടങ്ങളിൽ യേശു ഇപ്പോൾ അന്യവൽക്കരിക്കപ്പെടുന്നു. എല്ലാം അപരിചിതം. അതിനിടയിൽ  നനുനനുത്തൊരോർമ്മയായി മഗ്‌ദലീന ഇപ്പോഴും യേശുവിനെ വേദനിപ്പിക്കുന്നു. നിർമ്മലമായ സ്‌നേഹത്താൽ സുഗന്ധപൂരിതയായിരുന്നവൾ. പീഡിപ്പിക്കപ്പെട്ടവൾ. രണ്ടാം വരവിലും യേശു അധികാരികളുടെ തടവിലാകുന്നു, മുറിവേൽപ്പിക്കപ്പെടുന്നു. നൂറ്റാണ്ടുകളിലൂടെ രക്‌തം ചിന്തി ജീവിക്കാനാണ് യേശുവിന്റെയും മഗ്‌ദലീനയുടെയും വിധി. ചരിത്രം പല രീതിയിൽ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നുവെന്നു എത്രയോ മനോഹരമായാണീ കഥ പറയുന്നത്.

മഹേന്ദറിന്റെ ‘പട്ടികളുടെ റിപ്പബ്ലിക്’ (മാധ്യമം) പ്രതീകങ്ങളിലൂടെ, കൃത്യമായ ചിഹ്നങ്ങളിലൂടെ, അധികാര പ്രത്യയശാസ്‌ത്രങ്ങളെ, അവയുടെ ചിട്ടകളെ മറികടക്കാൻ ശ്രമിക്കുന്ന കഥയാണ്. കഥയുടെ പ്രമേയത്തെ ശക്‌തമാക്കുന്ന രാഷ്‌ട്രീയത്തിന്റെ പ്രസരം തന്നെ  കഥയെ വാചാലമാക്കുന്നതും അതിന്റെ ധ്വന്യാത്‌മകതയെ നശിപ്പിക്കുന്നതും പക്ഷേ ദൗർഭാഗ്യകരമാണ്. സ്വയം സൃഷ്‌ടിച്ചെടുത്ത സമയം പോലുള്ള  സാങ്കൽപ്പിക സാധനങ്ങളുടെ അധികാരസ്ഥാപനം, അതിലൂടെ സ്വയം സൃഷ്‌ടിക്കുന്ന ഫാസിസം. മനുഷ്യരുടെ ജീവിതം സൂക്ഷ്‌മാലോചനകളിൽ വളരെ പരിഹാസ്യമായിത്തോന്നാം. അരക്ഷിതരായ, ഭയാകുലരായ ജനത. അവർ ചോദ്യം ചെയ്യാൻ പഠിക്കുന്നില്ല. പകരം സ്വയം തീർത്ത ചങ്ങലകളിൽ സദാ കുരുങ്ങിക്കിടക്കുന്നു. അത്തരം ഭീഷണമായ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിച്ചു തരുന്നവരുണ്ട്. അതിലൊരാളാണ് കഥയിലെ വൃദ്ധൻ. പക്ഷേ അയാളൊരു ക്ഷണികമായ സാന്നിദ്ധ്യം മാത്രം. സമയബോധത്താൽ ഭരിക്കപ്പെടാതെ, ഒരു ചിറകടിയിൽ നിന്നു മറ്റൊന്നിലേക്ക് സ്വാഭാവികമായി നീങ്ങുന്ന കിളികളുടെ സ്വച്ഛമായ ജീവിതം കൊതിപ്പിക്കുന്നതാണ്. പക്ഷേ, ആ ചിറകടികൾ പുതിയ മനുഷ്യന്റെ സ്വപ്‌നം മാത്രമാണെന്ന് ഈ  കഥ ഓർമ്മിപ്പിക്കുന്നു.

‘കൈരളിയുടെ കാക്ക’ മാസികയിൽ പി.എൻ. കിഷോർ കുമാർ എഴുതിയ ‘രണ്ടെന്നു കണ്ടളവിലുണ്ടായ …’ ഒരു സോദ്ദേശ്യകഥയാണ്. ജാതിമതാതീതമായ ജീവിത വ്യവസ്ഥയെ അതെടുത്തുകാട്ടുന്നു. കഥ ചെറുതാണ്. അതുകൊണ്ട് തന്നെ  വിരസമാവാതെ  തന്റെ ആശയം വളരെ പ്രകടമായി പറഞ്ഞ് കഥാകൃത്ത് വിരമിക്കുന്നു. അതേ മാസികയിൽ മനോജ് പറയറ്റ എഴുതിയ വീട് പ്രമേയത്തിന്റെ പുതുമ കൊണ്ടല്ല, ആഖ്യാനത്തിന്റെ സവിശേഷത കൊണ്ട് വായനക്കാരെ ആകർഷിച്ചേക്കാം. മുടങ്ങിപ്പോകുന്ന വിവാഹം, അതൊരു രക്ഷയാവുന്നത് വധുവിനു മാത്രമാണ്. ‘കല്യാണത്തട്ടിപ്പാണേലും വേണ്ട് ല്ല, ബന്ന് ഓൾക്കൊരു കുട്ട്യാവണ വരെങ്കിലും കൂടെപ്പാർത്ത് പോയീനെങ്കിൽ ഓള് അയ്‌നേം നോക്കി കാലം കയ്ച്ചേനെ’ എന്ന അദ്രുമാന്റെ നിസഹായമായ വാക്കുകൾ നിലവിളി പോലെ കഥയിലൊട്ടാകെ പടരുന്നു, വേദനിപ്പിക്കുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account