മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ സുദീപ് ടി ജോർജിന്റെ പന്ത് എന്ന കഥ അതിലെ ദൃശ്യശകലങ്ങളുടെ പൂർണത കൊണ്ടാണാകർഷകമാകുന്നത്. കൊത്തിയെടുത്തതുപോലുള്ള ദൃശ്യങ്ങൾ. കഥയൊട്ടാകെ അയവുള്ളതായിരിക്കുമ്പോൾത്തന്നെ കഥയ്ക്കുള്ളിലെ സംഭവങ്ങൾ മുറുകിയും സ്വയം പൂർണമായും അസാധാരണമായൊരരനുഭൂതിയായി പരിണമിക്കുന്നു. ക്രാഫ്റ്റിന്റെ ഇത്തരത്തിലുള്ള  മികവു കൊണ്ടും പരീക്ഷണാത്‌മകത കൊണ്ടുമാണ്  സുദീപ് പുതിയ കഥാകൃത്തുക്കളിൽ വളരെ ശ്രദ്ധേയനാവുന്നതും. ‘ഒരു ഫുട്ബോളറെ കൊല്ലാൻ വളരെയെളുപ്പമാണ്. അവന്റെ കാലിൽ നിന്ന് ആ പന്ത് എടുത്തു മാറ്റിയാൽ മാത്രം മതി’ എന്ന പ്രസ്‌താവനയാണ് കഥയുടെ കാതൽ. അതിലേക്കെത്താനുള്ള വഴികളാണ് മറ്റെല്ലാം. പലയിടങ്ങളിൽ നിന്നായി പല ചാലുകളിലായി എല്ലാം അവിടെയെത്തുന്നു. കഥ, കഥയെഴുത്തിനെക്കുറിച്ചും കൂടിയുള്ളതാണ്. എഴുതാനാഗ്രഹിച്ചിട്ടും ജോലിക്കു പോലും പോവാതെ എഴുതാനിരുന്നിട്ടും എഴുത്തു വരാത്ത ആഖ്യാതാവ്. അയാൾ താമസിക്കുന്ന ഇടത്തരം ലോഡ്‌ജ്‌ മുറി. സുഹൃത്തും  അടുത്ത മുറിയിലെ താമസക്കാരനുമായ മജീഷ്യൻ ലൂയിസ്. പ്രളയകാലത്ത് അയാൾ കാണുന്ന, നേരിടുന്ന വളരെക്കുറച്ചനുഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വായനയിൽ സംഭവിക്കുന്ന, വായനക്കാരനുമാത്രം സാധ്യമാവുന്ന നിരവധി അർത്ഥങ്ങളുടെയും സംവാദങ്ങളുടെയും വിനിമയമാണിവിടെ കഥ. പന്ത്  കൃത്യമായ അർത്ഥ സംവേദന സാധ്യതയുള്ള ജൈവരൂപകം തന്നെയാവുന്നതും കൗതുകകരമാണ്. ഫുട്ബോളറാവാൻ കൊതിച്ച് ആക്‌സിഡന്റിൽ കാൽമുട്ടുകൾക്ക് പരിക്കേറ്റ് ആ മോഹം എന്നേക്കുമായുപേക്ഷിക്കേണ്ടി വന്ന ലൂയിസ്. ഫുട്ബോൾ കളിയിലൂടെ മാജിക്കുകൾ സൃഷ്‌ടിക്കാൻ കൊതിച്ചയാൾ കൺകെട്ടു വിദ്യകളുടെ പ്രകടനങ്ങളിലൂടെ ജീവിതവൃത്തി തേടുന്നു. അനിശ്ചിതവും അരക്ഷിതവുമായ സാഹസിക ജീവിതം. കൺകെട്ടുകൾ പോലെത്തന്നെ ജീവിതവും സ്വയം വഞ്ചനയാവുന്നു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ എസ്‌കേപ്പ് എന്ന സാഹസ മാജിക് പ്രദർശിപ്പിക്കാൻ ശ്രമിച്ച് മരണമടഞ്ഞ മജീഷ്യനെക്കുറിച്ചുള്ള പത്രവാർത്തയിൽ നിന്നാവണം സുദീപ് ഈ കഥാതന്തു കണ്ടെത്തിയത്‌. ഭാവനാത്‌മമായൊരു ചരിത്രമായി പത്രവാർത്ത രൂപാന്തരപ്പെടുന്നു. ലൂയിസിന്റെ അപമൃത്യു, അയാളെത്രയോ മുന്നേ മരിച്ചവനാണെന്ന തിരിച്ചറിവ്, ലൂയിസിന്റെ ജീവിതം കഥയായി പകർത്തുന്നതിലെ നിർവൃതി, ആശ്വാസം, കഥയിലെ ആഖ്യാതാവ് പല പല മാനസികാവസ്ഥകളിലൂടെ കേറിയിറങ്ങിപ്പോകുന്നു. യഥാർത്ഥ ലോകത്തിന്റെ സ്ഥലകാലങ്ങളെ കഥയുടെ പ്രതലത്തിലേക്ക് യാഥാർത്ഥ്യപ്രതീതിയുളവാകും വിധം

ത്രിമാന ദൃശ്യങ്ങളായി വരച്ചെടുക്കുകയാണ് സുദീപ്. അങ്ങനെ കാഴ്ച്ചയുടെ യാഥാർത്ഥ്യത്തെ അതേപടി അനുഭവിപ്പിക്കാനും കഴിഞ്ഞിരിക്കുന്നു. സമീപവും വിദൂരസ്ഥവുമായ ദൃശ്യങ്ങളുടെ സമൃദ്ധി, സ്ഥലചിത്രണത്തിലെ സൂക്ഷ്‍മത, നിറക്കലർപ്പുകളിലെ കൃത്യത… ഇങ്ങനെ പന്ത് നിരവധി യഥാതഥചിത്രങ്ങളുടെ പ്രദർശനശാലപോലെ ആകർഷകമാവുന്നു. ഓരോ ചിത്രവും സ്വയമേവ സമ്പൂർണമായിക്കൊണ്ട് അടുത്തതിന്റെ തുടർച്ചയുമാവുന്നു.

ആഷ് അഷിത മാതൃഭൂമിയിലെഴുതിയ മുങ്ങാങ്കുഴി എന്ന കഥയ്ക്കും ശിഥില ദൃശ്യങ്ങൾ കോർത്തെടുത്ത മുറുക്കമുള്ള കഥാ ഘടനയെന്ന വിശേഷണമാണു ചേരുക. കാളിയെന്ന പണിക്കാരിപ്പെണ്ണ്. കീഴാള സ്‌ത്രീ പ്രതിരോധത്തിന്റെ മാതൃക. അതിജീവനത്തിന്റെ, ചെറുത്തുനിൽപ്പിന്റെ ഏതു കള്ളിയിലും അവളെ ചേർത്തുനിർത്താം. ഏതിനു മിണങ്ങുന്നവൾ. പക്ഷേ  ഒന്നിലും ഒതുങ്ങാത്തവൾ. അവളെ കാമിച്ചും പ്രണയിച്ചും ജയിലിലെത്തേണ്ടി വന്ന വർഗീസ്. തിരിച്ചുവരവിൽ രണ്ടുപേർക്കുമിടയിലെ കണ്ടുമുട്ടൽ. അവിടെയും എന്നത്തെയും പോലെ കാളി ജയിക്കുന്നു. കഥയിലെ ബിംബങ്ങളത്രയും കരിങ്കാളിയായ കാളിയുടെ രൂക്ഷതയെ പ്രതിഫലിപ്പിക്കുന്നവയാണ്. അവ എണ്ണത്തിൽ കുറവല്ല താനും. ശിഥിലമായിരുന്നുകൊണ്ട് ഭാവാത്‌മകമായൊരു ലയം കഥയ്ക്കു കൈവരുത്താൻ അത്തരം ബിംബങ്ങൾക്കു കഴിയുന്നുമുണ്ട്. ആഖ്യാനമികവിന്റെ ദൃഷ്‌ടാന്തമായി അതെടുത്തു പറയാതെ വയ്യ. അനിരോധ്യമായ ഇച്ഛാശക്‌തികൊണ്ടു മാത്രം കാലിൽ പാദസരച്ചുറ്റിട്ടു മുറുക്കുന്ന അധീശത്വങ്ങളെ കുടഞ്ഞു തെറിപ്പിക്കുന്ന കാളിയെ മഹാകാളിയായിത്തന്നെ വരച്ചൊപ്പിക്കാൻ ആഷ് അഷിതയുടെ ഭാഷയ്ക്കും ക്രാഫ്റ്റിനും കഴിയുന്നു. വർഗീസടക്കം കഥയിലെ മറ്റു കഥാപാത്രങ്ങളെല്ലാം കാളിയുടെ  മിഴിവേറ്റാനുള്ളവർ മാത്രം. പരസ്‌പരം കോർത്തു കുരുങ്ങിക്കിടക്കുന്ന ലൈംഗിക സൂചകങ്ങൾ, കീഴാള വഴക്കങ്ങൾ, അവൾക്കു മുന്നിൽ ദുർബലമാവുന്ന ആണത്ത വരേണ്യത… കഥയുടെ രാഷ്‌ട്രീയവും ശക്‌തമാണ്. കാളിയുടെ ദർശന വേളയിലെല്ലാം വർഗീസ് ആശങ്കാകുലനാവുന്നുണ്ട്. തനിക്ക് അപ്രാപ്യമെന്ന് അവൾ ഓരോരിക്കലും അവനെക്കൊണ്ട് തോന്നിപ്പിക്കുന്നു. ആൺഭീതിയുടെ, ആസക്‌തിയുടെ ബിംബവൽക്കരണമാണ് കാളിയുടെ പാത്രസൃഷ്‌ടിയിലൂടെ സാധ്യമാകുന്നത്. അവളുടെ നിർഭയമായ ഇടപെടലുകൾ, വ്യവഹാരങ്ങൾ… കാളി ഒരു പ്രതീകമാണ്. സ്‌ത്രീയുടെ സ്വത്വബോധത്തിന്റെ, അധികാരത്തിന്റെ ഇടങ്ങളെ ക്ഷയിപ്പിക്കുന്ന ആത്‌മവിശ്വാസത്തിന്റെ.

മാധ്യമം ആഴ്ച്ചപ്പതിപ്പിൽ അകല നേരങ്ങൾ എന്ന പ്രിയ എ എസിന്റെ  കഥ സോഷ്യൽ മീഡിയക്കാലത്തെ ദാമ്പത്യത്തിന്റെയും ദാമ്പത്യേതര ബന്ധങ്ങളുടെയും ചിലപ്പോഴൊക്കെ അനിവാര്യമായ അവസ്ഥാന്തരങ്ങളാണ്. ഐഷയുടെ വിദേശയാത്രയറിഞ്ഞ് കാമുകി  നൈനയെ വീട്ടിലേക്കു വിളിച്ചു വരുത്തുന്നു അയാൾ. അത്തരമൊരു വരവ് ഉണ്ടായേക്കുമെന്ന്, അവളാരായിരിക്കുമെന്നൊന്നും ഐഷക്കറിയില്ല – പക്ഷേ ആ സാധ്യത നിലനിൽക്കുന്നുവെന്ന് ഊഹിക്കാനുള്ളത്രയും പഴുതുകൾ ഐഷക്കു കിട്ടിയിട്ടുണ്ട്. പഴകിയ ദാമ്പത്യങ്ങൾ അത്രയ്ക്കും യാന്ത്രികമാണ്. നനവുകൾ ചോർന്നു പോയതാണ്. നൈനയുമൊത്തു തന്റെ പ്രണയവും കാമവും ശമിപ്പിക്കുമ്പോൾ വിമാനയാത്രയിൽ ഐഷക്കും കിട്ടുന്നു ഒരു സുഹൃത്തിനെ. അവളുടെ പേര് നയനിക എന്നായിരിക്കുമോയെന്ന് ശങ്കിച്ചു പരിചയപ്പെടുന്ന സർദാർജി. സൗഹൃദങ്ങൾക്ക് വിടർന്നു വലുതായ കണ്ണുകളും സൗന്ദര്യത്തിന്റെ സൂക്ഷ്‌മാംശങ്ങളുമൊക്കെ കാണാനും ആസ്വദിക്കാനും പ്രശംസിക്കാനും കഴിയും. മിക്കവാറും ദാമ്പത്യത്തിനു കഴിയാത്തത്. പുതുമയില്ലാത്ത പ്രമേയത്തെ പ്രിയയുടെ സവിശേഷമായ ഭാഷയുടെ കാൽപ്പനിക ചാരുതകൾ കൊണ്ട് ആകർഷകമാക്കാൻ ശ്രമിച്ചിട്ടുണ്ട്.

സമകാലിക മലയാളത്തിലെ ടമാർ പടാർ (വിനു എബ്രഹാം) രസകരമായി കാലങ്ങൾക്കിടയിലെ മാറ്റങ്ങളെക്കുറിച്ചു പറയുന്നു. ഇരുമ്പുകൈ മായാവി വായിച്ചു ആവേശഭരിതമായ കുട്ടിക്കാലം.  അടവിമണ്ണിലെ ജോൺകുട്ടിയുടെ ഭാര്യയായെത്തിയ  ചൈനക്കാരി ഷിയ ചാരസുന്ദരിയാണെന്നു നാട്ടിൽ പ്രചരിച്ച കഥ, നാട്ടിലെ ആദ്യത്തെയാ പ്രേമവിവാഹത്തോടെ പ്രേമങ്ങളും വിവാഹങ്ങളും സാധാരണമായത്, അതും കടന്ന് ജോൺകുട്ടിയുടെ മകന്റെ ലിവ് ഇൻ പാർട്‌ണർ ബന്ധം… ഇതിനെയെല്ലാം കോർത്തിണക്കിയതാണ് കഥാതന്തു. ഇരുമ്പുകൈ മായാവിയെന്ന ഡിറ്റക്റ്റീവ് ചിത്രകഥാ പുസ്‌തകം മനസിൽ സൃഷ്‌ടിച്ച ടമാർ പടാർ. ഷിയയും ജോൺകുട്ടിയും സൃഷ്‌ടിച്ച ടമാർ പടാർ. പിന്നീട് പ്രേമങ്ങളൊക്കെ സാധാരണമായതോടെ അതു വെറും ശൂ ആയി. ആദ്യത്തേതെല്ലാം മുഴക്കത്തോടെ നിലനിൽക്കുന്നു. നർമ്മമധുരമാണ് വിനുവിന്റെ കഥാഖ്യാനം. അതിനിടയിൽ അനായാസമായി ജീവിതത്തെ സംബന്ധിച്ച സനാതനമായ ചില സത്യങ്ങളെയും വെളിപ്പെടുത്തുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account