കഥകളുടെ വൻപ്രളയമായിരുന്നു ഓണക്കാലത്ത്. എല്ലാ ഓണപ്പതിപ്പുകളും കഥകൾ കൊണ്ടു നിറഞ്ഞു. വീണ്ടും സ്വാഭാവികാവസ്ഥയിലേക്ക് ആഴ്‌ചപ്പതിപ്പുകളും വായനക്കാരും തിരിച്ചെത്തുന്നതേയുള്ളുവെന്നു തന്നെ പറയാം. ഇത്രയധികം കഥകൾ ഒന്നിച്ചു വായിച്ചതിന്റെ ആനന്ദവും ആലസ്യവും ആഘാതവുമൊക്കെ തീരാൻ സമയമെടുക്കുന്നത് സ്വാഭാവികമാണ്. നമ്മുടെ ഓണപ്പതിപ്പുകളിൽ ഇത്രയധികം കഥകൾ അനിവാര്യമാണോ എന്നു പോലും വായനക്കാരുടെ പക്ഷത്തുനിന്നു ചോദ്യങ്ങൾ ഉണ്ടായിക്കൂടെന്നില്ല.  എന്തു തന്നെയായാലും മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ മീനാക്ഷി (വി.ജെ. ജയിംസ് ) എന്ന കഥ ഓണക്കഥകൾ വായിച്ചുതളർന്നവർക്ക് നല്ലൊരു ഉന്മേഷദായിനിയുടെ ഫലം ചെയ്യുന്നുണ്ട് എന്നു പറയാതെ വയ്യ.

മത്‌സ്യപ്രേമിയായ റിയാന്റെയും പപ്പ ആൽബിയുടെയും കഥയാണ് മീനാക്ഷി. ഹിംസയും ബ്ലാക്ക് മെയിലിങുമൊക്കെ സാധാരണമോ സ്വാഭാവികം പോലുമോ ആയ  കമ്പോളാധിഷ്ഠിത ഉപരിവർഗ്ഗ സമൂഹത്തിന്റെ പശ്ചാത്തലമാണു കഥയ്ക്കുള്ളത്. ഇവയെക്കുറിച്ചുള്ള കഥകൾ മലയാളത്തിൽ അപൂർവ്വമൊന്നുമല്ല. പുതിയ ജനപ്രിയാഭിരുചികൾ, ഉപഭോഗ സംസ്‌കാരം, പ്രതിരോധങ്ങളുടെ ഇടം കൂടി നിശ്ശേഷം കവർന്നെടുത്ത നിസംഗമായ കീഴടങ്ങൽ, തുടങ്ങിയ പുതുകാലത്തിന്റെ അനുഭവ ലോകങ്ങൾ പലതും മീനാക്ഷിയിലുണ്ട്. കാൽപ്പനികമായ ഗൃഹാതുരത്വത്തിന്റെ സ്‌പർശ സാന്നിധ്യങ്ങളെ പരമാവധി അസ്‌പഷ്‌ടമായിത്തന്നെ വിന്യസിക്കുന്നതിലും കൗതുകകരമായ ഒതുക്കം കാണിക്കുന്നുണ്ട് ഈ കഥ. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പുതു ലോകാനുഭവപരിസരങ്ങളെ ഉള്ളുറപ്പോടെ അഭിമുഖീകരിക്കുന്ന ‘മീനാക്ഷി’യുടെ  ശിൽപ്പഭദ്രതയും കൃത്രിമമെന്നു തോന്നിപ്പിക്കാത്ത, സങ്കീർണതകളൊഴിഞ്ഞ ലളിതവും ഏറെക്കുറെ രേഖീയവുമായ  ആഖ്യാന ശിൽപ്പവും ശ്രദ്ധേയമാണ്.

ഒരു കണ്ണീർക്കഥയോ പ്രതികാര കഥയോ ആകുമായിരുന്ന, അതിനുള്ള സാധ്യതകൾ കഥയിലെമ്പാടും അതിസൂക്ഷ്‌മമായി വിന്യസിച്ചിട്ടുണ്ട് കഥാകൃത്ത്, മീനാക്ഷിയെ അതിൽ നിന്നൊക്കെ എത്ര സമർത്ഥമായാണ് കഥാകൃത്ത് രക്ഷിച്ചെടുക്കുന്നതെന്ന പാഠം രചനയിലെ കൗശലങ്ങൾക്കു ദൃഷ്‌ടാന്തമായി സ്വീകരിക്കാനാവും. റിയാന് സമുദ്ര വിഭവങ്ങളോടുള്ള പ്രിയത്തിൽ ഊന്നി കഥ മാനവികതയുടെ വിശാലമായ ആകാശങ്ങളിലേക്കു വളരുകയാണ്, ഒരു പക്ഷേ പുതിയ കാലത്തിന്, ലോകക്രമത്തിന് അപരിചിതമോ അനാവശ്യമോ ആയ  മനുഷ്യത്വത്തെയാണ് കഥ തിരിച്ചു കൊണ്ടുവരുന്നത്. അമ്മ കൊല ചെയ്യപ്പെട്ടതിനു ശേഷം, ഹിംസയും ഉന്മൂലനവും സ്വാഭാവികമായി കാണുന്നവനാണ് റിയാന്റെ പപ്പ ആൽബി. അത്തരമൊരു കൊട്ടേഷന്റെ പ്രതിക്രിയയായാവണം പ്രജ്ഞ കൊല്ലപ്പെട്ടതും, റസിയ ഇന്റർനാഷണലിൽ പപ്പക്കൊപ്പം കഴിയുന്ന റിയാൻ. ആൽബി ഏറ്റെടുത്ത ഒരു കൊട്ടേഷൻ തീർത്താൽ അവർക്കു തിരിച്ചു പോകാം. അക്വേറിയത്തിലെ പിരാനയെ ഫ്രൈ ചെയ്‌തു കഴിക്കണമെന്നാണു റിയാന്റെ വളരെക്കാലമായുള്ള മോഹം. ഹോട്ടലിലെ വിരസമായ താമസത്തിനിടയിൽ അവൻ സിലിണ്ടർ രൂപത്തിലുള്ള അക്വേറിയത്തിലെ കുഞ്ഞു കടലിൽ കുടുങ്ങിപ്പോയ മീനുമായി  സൗഹൃദത്തിലാവുന്നു. മകന്റെ വിരസതയും മടുപ്പുമകറ്റാൻ പപ്പ അവനു സമ്മാനിക്കുന്നത് അതേ മത്സ്യത്തെ ഫ്രൈ ചെയ്‌തതും. പലതരം വൈരുദ്ധ്യങ്ങളുടെ അഭിമുഖീകരണങ്ങളിലൂടെ ഈ കഥ വ്യത്യസ്‌തമാവുന്നു, ജീവിതത്തെയും ലോകത്തെയും കുറിച്ച് പുതുമയാർന്ന രീതിയിൽ ചില കരുണാർദ്രമായ നിരീക്ഷണങ്ങൾ മുന്നോട്ടു വെയ്ക്കുന്നു.

സമകാലിക മലയാളത്തിൽ സതീഷ് ബാബു പയ്യന്നൂരെഴുതിയ ന്യൂസ് റീഡറും പൂച്ചയും എന്ന കഥ മാധ്യമവൽകൃത ലോകത്തിലെ പെൺകുട്ടിയായ ശ്രദ്ധ കളരിക്കലിന്റെ ജീവിതം പകർത്തുന്നു. അവൾ ടെലിവിഷനിലെ ന്യൂസ് റീഡറാണ്. മാധ്യമങ്ങളുടെ ലോകത്തിന് പൊതുവേയുള്ള കപടതകളുടെ പരിച്ഛേദമാവുന്നുണ്ട് കഥ ചിലപ്പോഴൊക്കെ. രാഷ്‌ട്രീയക്കാരന്റെ മെയ് വഴക്കമാണ് ന്യൂസ് റീഡർക്കു വേണ്ടത്. സ്വതന്ത്രമായ സെൻസും കാപ്പബിലിറ്റിയും അവൾക്ക് അലങ്കാരങ്ങൾ മാത്രമായിരിക്കാം. ചാനലിലെ ശ്രീജേഷുമായുള്ള അവളുടെ അടുപ്പം, അതിനോട് വളർത്തു പൂച്ച മറിയക്കുള്ള നീരസം, മറിയയുടെ ദേഷ്യത്തെ അവൾക്കുമൊരു ഇണയെ കണ്ടെത്തി പരിഹരിക്കാനുള്ള വിഫലശ്രമം.. ഇങ്ങനെ രസകരമായും വായനാക്ഷമമായും കഥ മുന്നോട്ടു പോകുന്നു. ഉപരിവർഗ ജീവിതത്തിന്റെ ആർഭാടങ്ങളും സമൃദ്ധികളും വായന കൂടുതൽ ആസ്വാദ്യമാക്കുന്നുണ്ട്. ശ്രദ്ധയുടെ അച്ഛനിലൂടെ രാഷ്‌ട്രീയത്തിന്റെ കാപട്യങ്ങളെ തെല്ലൊന്നു വിമർശിക്കുന്നുമുണ്ട്. കഥയിൽ ശ്രദ്ധ ഉണ്ടാക്കുന്ന സെഷ്വാൻ ബിരിയാണി പോലെ എരിവൽപ്പം കൂടുതലുള്ള ഒരു വിഭവം. അതിൽക്കൂടുതലൊന്നുമില്ല ഇക്കഥ. രുചിച്ചു വായിക്കാം. മറക്കാം.

ദേശാഭിമാനിയിൽ മുഹമ്മദ് റാഫി എൻ.വി എഴുതിയ വാട്‌സാപ്പ് സെൽഫി പുതിയകാല ജീവിതത്തിന്റെ മറ്റൊരാവിഷ്‌കാരമാണ്. കുളിമുറിയിൽ നിന്നെടുത്ത അർദ്ധനഗ്നസെൽഫി ആളുമാറി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപ്പെടുന്നതും തുടർന്നുണ്ടായ പ്രതിസന്ധികളെ അമാനുഷിക ശക്തികളുള്ളവളെന്ന പ്രതീതി ജനിപ്പിക്കും വിധം സൃഷ്ടിച്ച റീമയെന്ന കൂട്ടുകാരിയിലൂടെ മറികടക്കുന്നതുമാണ് കഥ. മുലകൾ, മെൻസ്‌ട്രുവെൽ കപ്പ്, ചുംബനം, തുടങ്ങി പെൺ ലോകവുമായി ബന്ധപ്പെട്ട  മസാലകൾ ധാരാളം  വിതറിയിട്ടുള്ള ഈ  കഥയും  രസകരമായി വായിക്കാനാവും.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account