അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും ഭിന്നതലങ്ങളെക്കുറിച്ചുള്ള ചിന്തകളവശേഷിപ്പിക്കുന്ന രസകരമായ രചനയാണ് ഷാഹിന കെ. റഫീഖ്‌ സമകാലികമലയാളത്തിലെഴുതിയ അന്നിരുപത്തൊന്നിൽ എന്ന കഥ. പരസ്‌പരവിരുദ്ധമായ രണ്ടു വ്യവഹാര മണ്ഡലങ്ങളാണ് അധീശ വിധേയത്വങ്ങൾ.രണ്ടും അഭേദ്യമായി കൂടിക്കലർന്നും കിടക്കുന്നു. ഭർത്താവ് വീട്ടിലില്ലാത്ത രണ്ടാഴ്‌ച, വീണുകിട്ടിയ സ്വാതന്ത്ര്യത്തിന്റെ ലഹരി ആഘോഷിക്കുന്നവളാണ് കഥയിലെ നായിക. സ്‌ത്രീ ജീവിതത്തിന്റെ  ചരിത്രം, സംസ്‌കാരം, രാഷ്‌ട്രീയം തുടങ്ങി എല്ലാ വിചാരമേഖലകളിലേക്കും സംവാദാത്മകസ്വഭാവത്തോടെ കഥ കടന്നു ചെല്ലുന്നു. തീർത്തും അനായാസമായി. കഥയ്ക്ക് സൂക്ഷ്‌മമായ സംസ്‌കാരവിശകലനത്തിന്റെ സ്വഭാവമാണുള്ളത്. കഥയുടെ എല്ലാ രസികത്തവും നിലനിർത്തിക്കൊണ്ടാണത് സാധ്യമാക്കിയിരിക്കുന്നതെന്നതാണ് കൗതുകകരം. ഏകമാനമല്ലാത്ത സാമൂഹികശക്തികൾ, വ്യാപനം, അവ നിർമ്മിച്ചെടുക്കുന്ന സവിശേഷമായ സ്ഥാപനങ്ങൾ, നിർമ്മിതികൾ ഒക്കെയും കഥയിൽ അപനിർമ്മിക്കപ്പെടുന്നുണ്ട്. പ്രതീകവൽക്കരണങ്ങളുടെ ഭാഷയിലാണ് ചിലപ്പോൾ കഥയിലെ സൂക്ഷ്‌മ രാഷ്‌ട്രീയം സംസാരിക്കുന്നത്.

രാഷ്‌ട്രീയ അബോധം പാഠത്തിൽ സന്നിഹിതമായിരിക്കുന്ന എന്നാൽ പുറമേക്ക് പ്രകടമല്ലാത്ത ചരിത്രമാണെന്നു പറയാറുണ്ടല്ലോ. ആഖ്യാനത്തിന്റെ സവിശേഷതകളിലൂടെ ചരിത്രവും രാഷ്ട്രീയവും പാഠത്തിൽ ദമിതമായിരിക്കുക, വ്യക്‌തിപരമായ അനുഭവങ്ങളെ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി മിശ്രണം ചെയ്യുക തുടങ്ങിയവയ്‌ക്കൊക്കെ ദൃഷ്‌ടാന്തമായി ഷാഹിനയുടെ കഥയെ വായിച്ചെടുക്കാം. കഥാനായികയുടെ വിശ്രമ ദിനങ്ങളിലെ ശിഥിലമായ അനുഭവങ്ങളിലൂടെ, ചിന്തകളിലൂടെ വിന്യസിച്ചിരിക്കുന്ന രാഷ്‌ട്രീയം തന്നെയാണ് കഥയെ സവിശേഷമാക്കുന്നത്.

എല്ലാ സ്‌ത്രീകളുടെ ഉള്ളിലും ഒരു അപരവ്യക്‌തിത്വം ഒളിച്ചിരിക്കുന്നുണ്ടെന്നും സാമൂഹ്യ നിയമങ്ങളെയും മര്യാദകളെയും നിശബ്‌ദം അനുസരിക്കുന്ന പ്രകട സ്വത്വത്തിനു ബദലായിരിക്കുമതെന്നുമുള്ള നിരീക്ഷണം ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ‘തട്ടിൻപുറത്തെ ഭ്രാന്തി’മാർ സ്‌ത്രീക്കുള്ളിലൊളിച്ചിരിക്കുന്ന ഉന്മാദിനിയുടെ, സ്വാതന്ത്ര്യബോധത്തിന്റെ, ആത്‌മ പ്രകാശനത്വരയുടെ പ്രതീകങ്ങളാണ്.  നായികക്കുള്ളിലെ സർഗ്ഗാത്മകതയുടെ സൂചകമാവാം കഥയിലെ ജിന്ന് ‘വിധേയത്വം അല്ലേ എല്ലാവർക്കും വേണ്ടത്. ചോദ്യങ്ങൾ ചോദിക്കുന്നവർ സാത്താനും ഇബ് ലീസും മാവോയും ഫെമിനിച്ചിയും ഒക്കെയാവും. അത്രേയൊള്ളൂ’ എന്ന് പറയുന്നുമുണ്ട്.

നാടുകടത്തപ്പെട്ട പെണ്ണുങ്ങൾ എന്ന സൂചകം പ്രതിനിധാന സ്വഭാവമുള്ളതാണ്. സ്‌ത്രീയുടെ ഭൗതിക സാമൂഹ്യ പരിസരങ്ങളുടെ രാഷ്‌ട്രീയം, ബലപ്രയോഗത്തിലൂടെ, പൊതുസമ്മതിയുടെ നിർമ്മിതിയിലൂടെ അവൾക്കു മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിധേയത്വത്തിന്റെ, ധാർമ്മികവും മതപരവുമായ സ്ഥാപനങ്ങളുടെ അധീശത്വത്തിന്റെ, സ്‌ത്രീയെ പാർശ്വവൽക്കരിക്കുന്ന സാമ്പത്തിക ബന്ധങ്ങളുടെയൊക്കെ അപനിർമ്മിതിയാണാ വാക്യം. സ്‌ത്രീകൾ നിരന്തരം നാടുകടത്തപ്പെടുന്നു.

അഴിച്ചു പണിയപ്പെടുന്ന ചരിത്രവും ഈ കഥയിലെ പ്രമേയമാണ്. ‘കാക്ക കാഷ്ഠിക്കുന്ന ഒരു പ്രതിമ മതി ഭൂരിപക്ഷത്തിന്റെ ചരിത്രബോധം മാറാൻ” എന്ന പരാമർശത്തിന്റെ രാഷ്‌ട്രീയ ധ്വനികൾ വിപുലവുമാണ്. അധികാരത്തിന്റെ, ആശയങ്ങളുടെ അടിച്ചേൽപ്പിക്കലിലൂടെയും ചരിത്രം മാറ്റിയെഴുതാം, പുതിയ ചരിത്രങ്ങൾ തന്നെ സൃഷ്‌ടിക്കാം .

മാതൃഭൂമിയിൽ അഷ്‌ടമൂർത്തി എഴുതിയ വാർദ്ധക്യം, പേരുപോലെ വാർദ്ധക്യത്തിന്റെ ചപലതകളെ, ദുർബലതകളെ സാധാരണമാം വിധം  പകർത്തുന്നു. അപൂർവ്വമാം വിധം വായനാസുഖമുള്ള കഥ. സി.വി. ശ്രീരാമന്റെ അനായാസേന മരണം എന്ന കഥയെ ചിലേടത്ത് കുറച്ചൊക്കെ ഓർമ്മിപ്പിക്കുന്നുമുണ്ട്. മടുപ്പില്ലാതെ വായിക്കാമെന്നതിനപ്പുറം കഥയെപ്പറ്റി ഒന്നും പറയാനില്ല. മാധ്യമം വാരികയിൽ പി.എ ദിവാകരനെഴുതിയ 73 എന്ന കഥ പത്തു മുപ്പതു വർഷം മുമ്പെഴുതിയ കഥയുടെ ഡ്രാഫ്റ്റ് പൊടിതട്ടി അയച്ചതാണോയെന്നു സംശയിക്കാനുള്ള എല്ലാ അവകാശവും വായനക്കാർക്കുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരമൊരു കഥ എന്തിന്, എങ്ങനെ എന്ന സംശയം കഥ തീർന്നാലും അവസാനിക്കുകയുമില്ല.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account