ജീവിതത്തോട്, സംഭവങ്ങളോട് മനുഷ്യരുടെ സ്വാഭാവികപ്രതികരണങ്ങളിൽ നിന്നു വ്യത്യസ്‌തമാവാം അത്തരം പ്രതികരണങ്ങളിൽ സംസ്‌കരണവസ്‌തുക്കൾ ചേർത്ത് അവയെ കഥാത്‌മകമായി പുനരാവിഷ്‌കരിക്കുമ്പോൾ. വളരെപ്പെട്ടന്ന് കടുത്ത ഘടനാമാറ്റങ്ങളുണ്ടാക്കുന്ന രാസവസ്‌തുക്കളാവാം ചിലപ്പോഴൊക്കെ പ്രിസർവേറ്റീവുകളായുപയോഗിക്കുക. ഉപ്പ്, വെയിൽ തുടങ്ങിയ കൂടുതൽ ജൈവികവും സാധാരണവുമായ വസ്‌തുക്കൾ കൊണ്ടും സംസ്‌കരണം സാധ്യമാവാം. ആദ്യത്തേതിന്റേത് പൊള്ളിക്കുന്ന  അമ്ലരുചിയായെന്നു വരാം. ദഹനേന്ദ്രിയങ്ങൾക്ക് ദ്രോഹകരമാണെന്നും വരാം. രണ്ടാമത്തേത് കുറച്ചു കൂടി സ്വാഭാവികമാണ് ,കൂടുതൽ ആസ്വാദ്യമാണ്. അത്തരമൊരാസ്വാദ്യതയാണ് ബെന്യാമിൻ സമകാലിക മലയാളത്തിലെഴുതിയ തിരുവസ്‌ത്രം എന്ന കഥ സമ്മാനിക്കുന്നത്. ആർഭാടങ്ങളും അലങ്കാരങ്ങളുമില്ലാതെ അത് സ്വാഭാവികതയോടെ ഹൃദ്യമായൊരു മാനവികതാബോധത്തോടു ചേർന്നു നിൽക്കുന്നു.

ക്രിസ്ത്യാനിറ്റിയുടെ അടിസ്ഥാനമായ സ്‌നേഹം, ക്ഷമ, ദയ തുടങ്ങിയ സാർവ്വലൗകികവും അതിശയോക്‌തിപരവുമായ മൂല്യങ്ങളെത്തന്നെയാണ് ബെന്യാമിൻ ആവിഷ്‌കരിക്കുന്നത്. സമകാലസാഹചര്യങ്ങളിൽ ഇത്തരം മൂല്യങ്ങളെക്കുറിച്ചു പറയുന്നതും എഴുതുന്നതുമൊക്കെ അതികാൽപ്പനികമോ പൈങ്കിളിയോ ആയി മാറിപ്പോവാനുള്ള സാധ്യതകളെമ്പാടുമുള്ളപ്പോഴാണ് തന്റെ കഥയെ അതിൽ നിന്നൊക്കെ വിമുക്‌തമാക്കാനും ഹൃദയസ്‌പർശകമായ ഒന്നാക്കി മാറ്റാനും എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നത്.  അത് അനുഭവത്തെ സ്വാഭാവികമായി സംസ്‌കരിച്ചെടുത്തിരിക്കുകയാണ്. രാസക്കലർപ്പുകളൊന്നും ചേരാതെ വേണ്ടത്ര വെയിൽ കൊണ്ടുണങ്ങിയതു പോലെ നെസർഗ്ഗികം.

കഴിഞ്ഞ ആഴ്‌ചകളിൽ പത്രങ്ങളിൽ നിറഞ്ഞു നിന്ന പരമ്പരകൊലപാതക കേസിൽ നിന്നാണ് കഥാവസ്‌തു  സ്വീകരിച്ചിരിക്കുന്നത്. പക്ഷേ ഇതൊരു കുറ്റാന്വേഷണ കഥയല്ല. കൊലക്കേസിൽ പ്രതിയായി അറസ്റ്റു ചെയ്യപ്പെട്ട സ്‌ത്രീ ഒരാഴ്‌ചയോളം ഒരേ വസ്‌ത്രം ധരിക്കേണ്ടി വന്നതും ആവശ്യപ്പെട്ടിട്ടും അവർക്ക് അടുത്ത ബന്ധുക്കളടക്കം ആരും വസ്‌ത്രമെത്തിച്ചു കൊടുക്കാത്തതും മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഈ വാർത്ത കണ്ട പൗലോസച്ചൻ എല്ലാ ആത്‌മീയ – ഭൗതിക പ്രതിരോധങ്ങളെയും തട്ടിമാറ്റി രണ്ടു ജോഡി വസ്‌ത്രം അവൾക്കായി വാങ്ങി പോലീസ് സ്‌റ്റേഷനിലെത്തിക്കുന്നതാണ് കഥാതന്തു. അതിന്റെ പേരിൽ അദ്ദേഹം ഇടവകക്കാരാൽ ക്രൂശിക്കപ്പെടുന്നു. കല്ലേറുകൾക്കിടയിലൂടെ അദ്ദേഹം അകത്തേക്കല്ല, പുറത്തേക്കാണ് നടക്കുന്നത്. വിശക്കുന്നവനും ദാഹിക്കുന്നവനും വസ്‌ത്രമില്ലാത്തവും ഉതവി ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ മതം .അവിടെ പാപം ചെയ്യാത്തവർ മാത്രമാണ് കല്ലെറിയുക. പള്ളിക്കുള്ളിലല്ല, ആ മതവും അതിന്റെ പ്രതിനിധിയായ യേശുവും എന്നു തിരിച്ചറിയുന്നതു കൊണ്ട് ആ പുറത്തേക്കിറങ്ങൽ പൗലോസച്ചനെ സംബന്ധിച്ച് ഒട്ടും വേദനാജനകമല്ല. അത്രയും കാലങ്ങൾക്കു ശേഷം അവസാനം അച്ചന് തന്റെ ദൈവത്തെയും തന്റെ മതത്തെയും കണ്ടെത്താൻ കഴിയുന്നു.

രൂക്ഷമായ മതവിമർശനത്തിന്റെ അടിയൊഴുക്ക് പുറമേക്കൊരടയാളവും കാണിക്കാതെ ഈ കഥയിൽ തിളച്ചു പതയുന്നുണ്ട്. കഥയിലേക്കിറങ്ങുന്നവർക്ക് പൊള്ളാതിരിക്കില്ല. ധ്യാനാത്‌മകമായൊരു ഭാഷയിലൂടെയാണ്  അച്ചന്റെ ആന്തരിക സംഘർഷങ്ങളെ, കഥാകൃത്ത്  പിന്തുടരുന്നത്. വസ്‌ത്രമില്ലാത്ത കൊലപ്പുള്ളിക്ക് വസ്‌ത്രം വാങ്ങിക്കൊടുക്കാൻ തീരുമാനിച്ച പുരോഹിതന് അതു പ്രാവർത്തികമാക്കണമെങ്കിൽ ഒട്ടനവധി പ്രതിസന്ധികളെ മറികടന്നേ മതിയാവൂ. ആത്‌മീയവും ഭൗതികവും സ്വത്വപരവുമായ സംഘട്ടനങ്ങൾ, സങ്കീർണതകൾ. അവയെ കഥ അനായാസമായി ഇഴപിരിച്ചുകാട്ടുന്നു. വ്യവസ്ഥാപിത മതത്തിന്റെ ജീർണതകളിൽ നിന്ന്, മനുഷ്യത്വരാഹിത്യത്തിൽ നിന്ന് പുറത്തു കടക്കലാണ് അബോധമായി അച്ഛനെ പ്രേരിപ്പിക്കുന്ന ഘടകം. അതത്ര എളുപ്പമല്ല. പക്ഷേ ഒരിക്കൽ അതു സാധിച്ചു കഴിഞ്ഞാലോ അയാളെ പിന്നൊന്നുമലട്ടില്ല ,അയാൾ യേശുവിനെ കണ്ടു കഴിഞ്ഞു, അനുഭവിച്ചും കഴിഞ്ഞു.

ഭാഷയുടെ   ലളിതമായൊരു ഗാംഭീര്യം ഈ കഥയെ സവിശേഷമാക്കുകയാണെന്നു പറയാം. കഥയുടെ ദർശനവും ആഖ്യാനത്തിന്റെ ചാരുതയും ഭാഷയുടെ ഗാംഭീര്യവും തിരുവസ്‌ത്രത്തെ ഒരനുഭൂതി തന്നെയാക്കുന്നുണ്ട്. കൊലപാതകിക്കു വേണ്ടി വസ്‌ത്രം വാങ്ങുന്ന രംഗങ്ങൾ സാറാ ജോസഫിന്റെ ഒതപ്പ് എന്ന നോവലിൽ കരീക്കനച്ചൻ മർഗലീത്തയ്ക്കു വേണ്ടി വസ്‌ത്രങ്ങൾ വാങ്ങാൻ പോയ സന്ദർഭത്തെ ഓർമ്മയിൽ കൊണ്ടുവരുന്നുവെന്നു കൂടി പറയേണ്ടതുണ്ട്.

അംബികാസുതൻ മാങ്ങാടിന്റെ കാളരാത്രി (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്) വടക്കൻ കേരളത്തിലെ സവിശേഷമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും പശ്ചാത്തലത്തിൽ സ്‌ത്രീയുടെ അതിജീവനത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്നു. കഥയുടെ അന്തരീഷസൃഷ്‌ടി എടുത്തു പറയേണ്ടതാണ്. കാളരാത്രിയമ്മയെ പള്ളിയറയിൽ കുടിയിരുത്തി പൂജിക്കുന്ന കനകം. കാളരാത്രിയുടെ ഉരിയാട്ടങ്ങൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നവൾ.  ‘കാളരാത്രി തെയ്യമാണ്. ഞാങ്ങളെ പരദേവത. പക്ഷേ ഈടെ തെയ്യത്തെ കെട്ടിയാടിക്കില്ല. പണ്ടെങ്ങാണ്ട് തെയ്യം കെട്ട് നിലച്ചുപോയതാ’ എന്നു കനകം അമൽദേവനു പറഞ്ഞു കൊടുക്കുന്നു.

തെയ്യം കെട്ടിയാടാത്ത പരദേവതയെപ്പോലെ നിശ്ചലയായിപ്പോയവളാണ് കനകവും. അവൾ ഇരിക്കുന്നിടത്തു തന്നെ തുടരുന്നു. രൗദ്രമൂർത്തിയായി ഉറഞ്ഞാടാനോ അനുഗ്രഹവർഷം ചൊരിയുന്ന മംഗള രൂപിണിയാകാനോ അവൾക്കവസരങ്ങളില്ല. എന്നിട്ടും ഒരു രാത്രി അവളിതു രണ്ടുമാകുന്നു, ആ രാത്രിയുടെ കഥയാണ് കാളരാത്രി. കനകം തന്റെ ഫേസ്ബുക്ക് സുഹൃത്തായ അമൽദേവനെ ആവാഹിച്ചു വരുത്തുന്നു. ശരീരം തളർന്നു കിടക്കുന്ന ഉമ്മിണിയന്റെ കട്ടിലിൽത്തന്നെ അമലിനൊപ്പം വേഴ്ച്ചയിലേർപ്പെടുന്നു. അതൊരു പ്രതികാരമാണ്. ക്രൂരമായി ബലാൽക്കാരം ചെയ്‌തപമാനിച്ച പെൺകിടാവിനെ പരിഹാരമായി വിവാഹം ചെയ്യുകയായിരുന്നു ഉമ്മിണിയൻ. എല്ലാ രാത്രിയും അയാൾ ബലാൽക്കാരം തുടർന്നു, അയാളുടെ സമ്മതത്തോടെ  ഉടയോരും അവളെ അനുഭവിച്ചു. ഒടുവിൽ കനകം ഈ രാത്രി ആ അപമാനങ്ങൾക്കെല്ലാം ഉമ്മിണിയനോട് പകരം വീട്ടുകയാണ്.

പ്രമേയത്തിന് പുതുമയില്ല. അംബികാസുതന്റെ തന്നെ മറ്റൊരു കഥയിലെ സമാനമായ ബലാൽക്കാര രംഗത്തെ ഓർമ്മിപ്പിക്കുന്നുമുണ്ട് ഇതിലെ തോട്ടിൻ കരയിലെ ആക്രമണം. പക്ഷേ ആ പുതുമയില്ലായ്‌മയെ എഴുത്തുകാരൻ മറികടക്കുന്നത് കനകത്തിന്റെ  ഉന്മാദകരമായ അനുഭവാവിഷ്‌കാരത്തിനു പശ്ചാത്തലമായി, മെനഞ്ഞെടുത്തിട്ടുള്ള  നിഗൂഡമായ അന്തരീഷത്തിലൂടെയാണ്. പാതി തെളിഞ്ഞും പാതി മറഞ്ഞും കനകം കഥയിലാകെ നിഴൽ പരത്തുന്നു. അവളുടെ തന്നെ അപരസ്വത്വമാണ് തെയ്യാട്ടം നിലച്ച കാളരാത്രിയമ്മ. ഈ കഥയിലെ രണ്ടു പുരുഷന്മാരും നിശ്ചേഷ്ടരോ, വെളിച്ചം വീഴാത്തവരോ ആയിരിക്കുമ്പോൾ വന്യമായൊരു ചാരുതയോടെ രണ്ടു സ്‌ത്രീകളും കഥയ്ക്ക് പ്രാണനൂതിക്കൊടുക്കുന്നു.

ബിജു സി.പി മാധ്യമത്തിലെഴുതിയ കുത്തിക്കൊലയുടെ കലാ രഹസ്യങ്ങൾ എന്ന കഥയ്ക്ക് ഒരു അപസർപ്പകസിനിമയുടെ ദൃശ്യപരതയുണ്ട് ചിലേടത്തൊക്കെ. പ്രത്യേകിച്ച് തോമസിന്റെ ബംഗ്ലാവിന്റെ വിശദാംശങ്ങളോടുകൂടിയ വർണനകൾക്ക് .പക്ഷേ മറ്റു ചിലേടത്ത് അത് ഒരു ഡോക്യുമെന്ററി പോലെയോ പത്ര റിപ്പോർട്ട് പോലെയോ വിരസവും വാചാലവുമാകുന്നു. കുത്തിക്കൊല, വെട്ടിക്കൊല, തോക്കുകൊണ്ടുള്ള കൊല ഇവയ്ക്ക് തമ്മിലുള്ള ഭേദങ്ങളെക്കുറിച്ചു പറയുന്നതൊക്കെ അസാധ്യമെന്നു പ്രശംസിക്കാൻ തോന്നുംവിധം ഗംഭീരമാണ്. പക്ഷേ അവയെ സമന്വയിപ്പിച്ചും ഒതുക്കിയും കഥയ്ക്കുള്ളിലേക്കു മെരുക്കിയെടുക്കാൻ കഴിയാതെ പോയിരിക്കുന്നു. കുടം പൊട്ടിയൊഴുകിയ വെള്ളം പോലെ കഥ ആകൃതിയും അളവും നഷ്‌ടപ്പെട്ട് അങ്ങുമിങ്ങും ഒഴുകിപ്പരന്നിരിക്കുകയാണ്. ആദ്യം പരാമർശിച്ച രണ്ടു കഥകളെക്കാളും മൗലികത്വമുള്ള നിരീക്ഷണങ്ങളും പുതുമയുമുണ്ടായിട്ടും ഈ കഥ പരാജയപ്പെട്ടതു പോലെ തോന്നിപ്പോവുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account