ഓരോ കാലഘട്ടത്തിനും അനുയോജ്യമായ ഉള്ളടക്കങ്ങളാണ് ആ കാലത്തിന്റെ സാഹിത്യവും പ്രമേയമായി സ്വീകരിക്കുക. ഭരണകൂടം അധീശത്വസ്ഥാപനത്തിനായി ഉപയോഗിക്കുന്ന കായികശക്‌തി, ധാർമ്മികവും ബൗദ്ധികവുമായ സങ്കേതങ്ങൾ തുടങ്ങിയവയെ അതതു കാലത്തെ സാഹിത്യം തുറന്നാവിഷ്‌കരിച്ചേക്കാം. പൗരസമൂഹത്തിനും ഭരണകൂടാധീശത്വത്തിനുമിടയിലെ പ്രതിരോധാത്‌മകമായ  ഇടനിലയാണ് സാഹിത്യത്തിന്റെതെന്ന് സംശയലേശമില്ലാതെ  വെളിപ്പെടുത്തുന്നു നിധീഷ് ജി. യുടെ താമരമുക്ക് എന്ന മനോഹരമായ കഥ. മാതൃഭൂമിയിൽ ആദ്യമെന്ന ഔദാര്യം എന്തായാലും ഈ കഥയ്ക്കാവശ്യമില്ലാത്തതാണ്. എവിടെ പ്രസിദ്ധീകരിക്കപ്പെട്ടാലും അതിന്റെ രാഷ്‌ട്രീയം കൊണ്ടും  അധീശത്വത്തോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകൊണ്ടും താമരമുക്ക് എന്ന കഥ സമകാലിക കേരളത്തിന്റെ / ഇന്ത്യയുടെ സ്‌പന്ദനമായി മാറുന്നുണ്ട്.

കഥയിലെ കഥാപാത്രങ്ങൾക്ക്, കഥാ പരിസരത്തിന് നാട്ടിൻപുറത്തിന്റെ തനിമയും തെളിമയുമുണ്ട്. കേരളത്തിലെ ഏതു ഗ്രാമത്തിലും നടക്കാവുന്ന കഥ. അതേ സമയം തന്നെ അവയ്‌ക്കെല്ലാം ഗാഢമായ പ്രതിരൂപാത്‌മക സ്വഭാവവുമുണ്ട്. അയ്യത്തമ്മ എന്ന ഊർജസ്വലയും കരുത്തയുമായ സ്‌ത്രീ. ആർജവമുള്ള നിലപാടുകളുള്ള, എല്ലാത്തരം   അധിനിവേശങ്ങളോടും ആർജവത്തോടെ പ്രതികരിക്കുന്ന അയ്യത്തമ്മ, ആഖ്യാതാവ്, കരടി സതീശൻ ഇവരൊന്നും കേവലം ഏതെങ്കിലും ഗ്രാമത്തിലെ മനുഷ്യർ മാത്രമല്ല. കേരളത്തിലെവിടെയും അവരെപ്പോലുള്ളവരുണ്ട്. നോക്കി നിൽക്കേ അയ്യങ്കവല, താമരമുക്കാവുമ്പോൾ പ്രതികരിക്കുന്നത് അയ്യത്തമ്മ മാത്രമാണ്. പഴയ സ്ഥലത്തിന് പുതിയ പേരിട്ട്, അതു പറഞ്ഞ് പറഞ്ഞ് പഴയതിനെ മറക്കുകയും പുതിയതിനെ ഉറപ്പിച്ചെടുക്കുകയും ചെയ്യുന്ന അധീശതന്ത്രം സ്ഥലപ്പേരിന്റെ കാര്യത്തിൽ മാത്രമല്ല പ്രവർത്തനക്ഷമമാകുന്നത്. പഴയ മൂല്യങ്ങൾ, വിശ്വാസങ്ങൾ, ധാർമ്മിക ബോധം ഒക്കെയും ഈ രീതിയിൽ റീപ്ലേസ് ചെയ്യപ്പെടുകയാണ് പുതിയ കാലത്ത്. പ്രതികരിക്കാൻ അയ്യത്തമ്മയെപ്പോലെ ചിലരേയുള്ളൂ. അവരെ ശാരീരികമായി ആക്രമിച്ചു  കീഴടക്കുന്നു, നിശ്ശബ്‌ദയാക്കുന്നു.

സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ധൈഷണികവും കായികവുമായ ശേഷി സാമാന്യജനത്തിനല്ല എന്നും ഭരണകൂടത്തിന്റെ നിഗൂഡമായ രാഷ്‌ട്രീയപദ്ധതിയാണതെന്നും അധീശ വർഗ്ഗം സ്ഥാപിച്ചെടുക്കുന്നു. ചിന്തയിൽ, ഭക്ഷണത്തിൽ, ആചാരങ്ങളിൽ, സ്ഥലപ്പേരുകളിൽ പോലും ആ രാഷ്‌ട്രീയപദ്ധതി പ്രായോഗികമാക്കുകയും ഭരണകൂടത്തിന്റെ ഇച്ഛകൾക്കും ആവശ്യങ്ങൾക്കും ഉചിതമായ വിധത്തിൽ സമൂഹത്തെ പുനർനിർമ്മിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് താമരമുക്ക് ശബ്‌ദകോലാഹലങ്ങളൊന്നുമില്ലാതെ കാണിച്ചു തരികയാണ്. ‘ആരുടെ കഥ കഴിഞ്ഞാലും കവലേലാ പേര് വിരിഞ്ഞു നിക്കുവല്യോ’ എന്ന അയ്യത്തമ്മയുടെ ആശങ്ക ധാരാളം പ്രതിധ്വനികളുള്ളതാണ്. സമ്മതി, ബലപ്രയോഗം ഇത് രണ്ടുമാണ് അധീശത്വം രൂപപ്പെടുത്താനുള്ള നിർണായകഘടകങ്ങൾ. ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചെടുത്ത അധികാരത്തെ, ഭീഷണികളിലൂടെ, പ്രീണനത്തിലൂടെ, സമാനമായ മറ്റു ഉപാധികളിലൂടെ പൊതു സമ്മതിയുള്ള ആഘോഷമാക്കി മാറ്റുകയാണ് പുതിയ ലോകം. അയ്യങ്കവലകൾ മാഞ്ഞു പോവും. താമരമുക്കുകൾ സർവ്വസാധാരണവുമാകുമെന്ന് ഈ കഥ പറയുന്നു. പ്രത്യാശാരഹിതമായ ഭാവിയിലേക്കുള്ള  നോട്ടമാണത്.

അന്യോപദേശസ്വഭാവമുളള രചനയെന്നു സംശയിപ്പിക്കുന്ന കഥയാണ് സമകാലിക മലയാളത്തിൽ വേണു ബാലകൃഷ്‌ണൻ എഴുതിയ ‘മൽ പ്രാണനും പരനും’ എന്ന കഥ. കഥയുടെ സൂചകങ്ങൾ, പ്രതിനിധാനങ്ങൾ എന്നിവ എന്തെന്ന് അവ്യക്‌തമായിരിക്കുന്നു. സ്വാതന്ത്ര്യം, പ്രണയം, മെരുക്കൽ, മെരുങ്ങൽ, കീഴടങ്ങൽ തുടങ്ങി അനിവാര്യമായ മനുഷ്യാവസ്ഥകളെ മൃഗകഥയിലേക്കു സന്നിവേശിപ്പിച്ചതാണെന്നും വരാം. മൗലികമായ നിരീക്ഷണങ്ങളാണ്  കഥയുടെ ഉൾക്കരുത്ത്. വിശാലമായ മാനത്ത്, ഏറ്റവുമുയരെ പറന്നിരുന്ന പക്ഷി എങ്ങനെയാണ് പ്രതിരോധങ്ങളവസാനിച്ച് കീഴടങ്ങുന്നതെന്നതിന്റെ ദയനീയമായ ചിത്രം കഥ വരയ്ക്കുന്നു. മയൻ എന്ന പരുന്ത് പ്രതിരൂപാത്‌മക സ്വഭാവമുള്ളതാവണം. പൊട്ടിത്തെറിക്കാൻ, പ്രതികരിക്കാൻ വെമ്പി നിൽക്കുന്നയാളുടെ അടുത്ത് അനുസരണ മാത്രം ശീലമാക്കിയവനെ കൊണ്ടു ചെന്നിടുക. വളരെ വേഗം പ്രതികരണവും പൊട്ടിത്തെറിയുമവസാനിച്ച് അയാൾ അനുസരണയുള്ളവനാകും. കഥയിൽ മയനെ മെരുക്കിയെടുക്കാൻ അലവി ഉപയോഗിക്കുന്ന തന്ത്രം അതാണ്. കൂട് തുറന്നിട്ടിട്ടും പറന്നു പോവാത്ത തത്ത, മെരുങ്ങലിന്റെ, അനുസരണയുടെ അങ്ങേയറ്റമാണ്. എല്ലാ അധികാരികൾക്കും ആവശ്യം അനുസരണയുള്ള അനുയായികളെ മാത്രമാണെന്നതു കൊണ്ട്, മയനെപ്പോലെ വഴങ്ങാത്തവരെയും അത് അച്ചടക്കം ശീലിപ്പിക്കും. തുറന്നു വിട്ടാലും പറന്നു പോവാതെ വിധേയത്വം കാട്ടും മയനെപ്പോലുള്ളവർ.

അധീശത്വം നിരവധി വേരുകളുള്ള ഒരു വൃക്ഷം പോലെയാണ്. ആഴങ്ങളിലേക്ക് അതു വേരുപടർത്തുന്നു. മറ്റൊന്നിനെയും അതു വളരാനനുവദിക്കില്ല. വളരെ ദീർഘമാണെങ്കിലും പക്ഷികളുടെ പ്രണയവും വിരഹവും വാത്‌സല്യവുമൊക്കെ രസകരമായ രീതിയിൽ വേണു ബാലകൃഷ്‌ണൻ പറഞ്ഞു ഫലിപ്പിച്ചിട്ടുണ്ട്.

മാധ്യമത്തിൽ ശ്രീജിത് കൊന്നോളി എഴുതിയ പൂക്കൾ വരയ്ക്കുന്നവരുടെ കാമുകിമാർ എന്ന കഥ ചിത്രകാരനായ നിർമ്മലും വാൻഗോഗിന്റെ കാമുകി യുജീനും തമ്മിലുള്ള കണ്ടുമുട്ടലിലൂടെ മുന്നോട്ടു പോകുന്നു. അതിവാചാലമായ കഥ വായിച്ചു തീർക്കുകയെന്നത് സാധാരണ വായനക്കാരെ സംബന്ധിച്ച് സാഹസവും ദുഷ്‌കരവുമാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account