വിചിത്രമായ സാധർമ്മ്യങ്ങളെന്നോ സങ്കീർണ്ണമാം വിധം പരസ്‌പര ബന്ധിതമെന്നോ തോന്നിപ്പിക്കുന്നുണ്ട് ഈയാഴ്‌ചയിലെ ചില കഥകൾ. മാധ്യമത്തിൽ അനീഷ് ബർസോം എഴുതിയ ചെങ്ങന്നൂർ-ഫൈസാബാദ് എക്‌സ്‌പ്രസ് എന്ന കഥയാണ് ഇക്കൂട്ടത്തിൽ ഏറ്റവും മികച്ചത്. ആ കഥയ്ക്ക് ഒ.വി.വിജയന്റെ ചെങ്ങന്നൂർ വണ്ടി എന്ന കഥയുമായി എന്തൊക്കെയോ ബന്ധമുണ്ടെന്നു വായനക്കാർക്കു തോന്നുമ്പോൾത്തന്നെ ആ കഥയുടെ സ്‌മരണയിൽ എഴുതിയതാണെന്നു എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നു. 80 കളുടെ അവസാനമാവണം അയഥാർത്ഥമായ, പക്ഷേ ആസന്നമായ ദുരന്തങ്ങളുടെ ഛായ പരന്ന, അബ്‌സേർഡ് ആയ ദൃശ്യചിത്രങ്ങളുടെ സമൃദ്ധി നിറഞ്ഞ ചെങ്ങന്നൂർ വണ്ടി എന്ന കഥ മലയാളി ഭാവുകത്വത്തെ വെല്ലുവിളിച്ചത്. അന്ന് സങ്കൽപ്പം മാത്രമായിരുന്ന ദുരന്തങ്ങൾ ഇന്ന് കുറെക്കൂടി അടുത്തെത്തിയിരിക്കുന്നു. കൂടുതൽ ഭയപ്പെടേണ്ട  രാഷ്‌ട്രീയ സാഹചര്യങ്ങൾ മനുഷ്യരെ വീർപ്പുമുട്ടിക്കുന്നു.

അനീഷിന്റെ കഥയുടെ ഭാവതലവും അന്തരീക്ഷ സൃഷ്‌ടിയുമാണ് എടുത്തു പറയേണ്ടത്. ഹിംസാത്‌മകമായ കാലത്തിന്റെ ഭാവപ്പകർച്ചകളെ യഥാതഥമായനുഭവപ്പെടുത്താൻ അതിനു കഴിയുന്നു. ഫൈസാബാദിലെ കാമുകൻ അജീറിനടുത്തേക്ക് ഒളിച്ചോടാനൊരുങ്ങുന്ന നിവേദിതയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഫൈസാബാദിലേക്കുള്ള അതിവേഗ തീവണ്ടിയിൽ കയറിയെന്നു സങ്കൽപ്പിക്കുന്ന നിവേദിതയുടെ ഭ്രമാത്‌മക ചിന്തകളും അവൾ കാണുന്ന മായാ ദൃശ്യങ്ങളും പക്ഷേ അയഥാർത്ഥമല്ല. വർത്തമാനകാല ലോകത്തെ അനുഭവവേദ്യമാക്കുന്നു നിവേദിത കാണുന്ന കാഴ്‌ചകൾ. തനിക്കു ചുറ്റും സംഭവിക്കുന്നത് അവൾക്ക് മനസിലാക്കിയെടുക്കാനാവുന്നില്ല. താൻ നേരിടുന്ന  അനുഭവങ്ങളെ, വിചിത്രക്കാഴ്‌ചകളെ വ്യവച്ഛേദിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുകയാണ്.

ശക്‌തമായ പ്രതിനിധാന സ്വഭാവമുള്ളതാണ് കഥയിലെ ദൃശ്യങ്ങളോരോന്നും. പുതിയ ചരിത്രപാഠങ്ങൾ, ചരിത്രത്തിന്റെ പുതു ഭാഷ്യങ്ങൾ … മാറുന്ന കാലത്തിന്റെ സ്വഭാവം കഥയിൽ സൂക്ഷ്‌മമായി പിന്തുടരുന്നുണ്ട്. അധീശത്വത്തിന്റെ യുക്‌തികളും സങ്കേതങ്ങളും ആയുധ ശക്‌തിയുടെ കൂടെ പിൻബലത്തോടെ വിധേയ വർഗ്ഗത്തെ ചവിട്ടിമെതിക്കുകയാണ്. വ്യവഹാരങ്ങളുടെ നിയന്ത്രണവും വിതരണവും അവരുടെ പരിധിയിലാവുന്നു. ചരിത്രം അട്ടിമറിക്കപ്പെടുന്നു. നിശ്ചലത, ചൂട്, സ്വസ്‌തിക ചിഹ്നമുള്ള ആയുധം, കാവി വേഷധാരികൾ, തുടങ്ങി അനേകം ബിംബങ്ങളിലൂടെ ഭയാനകമായ രാഷ്‌ട്രീയാധിനിവേശത്തെ തീവ്രമായി പ്രതിഫലിപ്പിക്കാൻ കഴിയുന്നു കഥയ്ക്ക്. വരും കാലത്ത് ഒരു നിവേദിതയ്ക്കും അജീറിനടുത്തെത്താനാവില്ല. അവരുടെ പേരുകളിൽത്തന്നെ അതിന്റെ സൂചനകളുണ്ട്. അവളുടെ യാത്ര തുടങ്ങിയേടത്തവസാനിക്കും. യാത്ര ചെയ്യുകയാണെന്ന വ്യാജ പ്രതീതി സൃഷ്‌ടിച്ചു കൊണ്ട് ഒരിക്കലും നീങ്ങാത്ത അതിവേഗ തീവണ്ടിയിൽ അവൾ വെന്തുരുകും. ട്രെയിനല്ല നീങ്ങുന്നത്, സ്റ്റേഷന്റെ ബോർഡുകളാണ് മാറ്റിക്കൊണ്ടിരിക്കുക. അവസാനം ഫൈസാബാദ് എന്നു ബോർഡു മാറ്റിയ അതേ ചെങ്ങന്നൂർ സ്റ്റേഷനിൽ തിരിച്ചിറങ്ങിയ അവൾക്ക് ഇനിയൊരിക്കലും അജീറിനടുത്തെത്താനാവില്ല.   ആസുരമായ കാലത്തിന്റെ നിലവിളികളനുഭവപ്പെടുത്താൻ അനീഷ് ബർസോമിനു കഴിയുന്നു. പണ്ട് ഒ.വി വിജയന് ചെങ്ങന്നൂർ വണ്ടിയിലൂടെ കഴിഞ്ഞതിലധികം.

ഭാഷാപോഷിണിയിൽ മജീദ് സെയ്‌ദ്‌ എഴുതിയ ചോരപ്പോര് ഒരു പെൺ പ്രതികാരത്തിന്റെ കഥയാണ്. കുത്തഴിഞ്ഞതെന്നു പൊതുബോധം നിർവചിക്കുന്ന രീതിയിൽ അനിശ്ചിതവും സാഹസികവുമായ തെരുവു ജീവിതം നയിക്കുന്ന നായികയും സഹോദരനും. കിടപ്പിലായിട്ടും വീര്യം കെടാത്ത അമ്മ, ചതിയിൽ കൊല ചെയ്യപ്പെട്ട അപ്പനോടുള്ള ആരാധന, ചതിച്ചവനോടുള്ള പക, തുടങ്ങി ഒരു പുതുകാല സിനിമയ്ക്കുള്ള ചേരുവകളെല്ലാം കഥയിലുണ്ട്. പെണ്ണിന്റെ, അതും അടിത്തട്ടിൽ നിന്നുള്ള പെണ്ണിന്റെ പ്രതികാരത്തിനു വീറു കൂടും. അത്തരം ജീവിതാവിഷ്‌കാരങ്ങളിൽ  മസാലക്കലർപ്പുകൾക്ക് സാധ്യതയും കൂടുതലാണ്. മജീദ് സെയ്‌ദ്‌ കഥ പറയുന്നതും അങ്ങനെയാണ്. നല്ല എരിവും പുളിയുമുള്ള ഒരു കഥയാക്കി മാറ്റാനുള്ള ശ്രമങ്ങളെല്ലായിടത്തുമുണ്ടെങ്കിലും ചിലേടങ്ങളിലൊക്കെ എരിവും പുളിയും പിടിക്കാതെ പച്ച ചുവയ്ക്കുന്നുമുണ്ട്. സ്വാഭാവികമായി പറയാൻ ശ്രമിച്ചിട്ടും കൃത്രിമത്വമാണ് കഥയുടെ പൊതു സ്വഭാവം. പലപ്പോഴും കഥയുടെ പ്രമേയം, പറച്ചിൽ, ഇതൊക്കെ ഫ്രാൻസിസ് നൊറോണയുടെ ചില കഥകളെ വല്ലാതെ ഓർമ്മപ്പെടുത്തുന്നു.

മജീദ് സെയ്‌ദിന്റെ കഥ നൊറോണയുടെ തൊട്ടപ്പനെയും മറ്റും അനുസ്‌മരിപ്പിക്കുന്നുവെങ്കിൽ ഫ്രാൻസിസ് നൊറോണ മാതൃഭൂമിയിലെഴുതിയ കാതുസൂത്രം എന്ന കഥ ഒരൽപ്പം പോലും നൊറോണയെ ഓർമ്മിപ്പിക്കുന്നില്ല എന്നതാണു വിചിത്രമായി തോന്നുന്നത്. വളരെ പ്രസക്‌തമായതാണു കഥാവിഷയം. പക്ഷേ അത്രത്തോളം പറഞ്ഞു പഴകിയതും. സോഷ്യൽ മീഡിയാക്കാലത്ത് ദൂരെ ജോലി ചെയ്യുന്ന ഭർത്താവ്, (കഥയിലെ  ഭർത്താവ് ഗൾഫിലല്ല, ആന്തമാനിൽ ജയിൽ കാവൽക്കാരനാണ് എന്ന വ്യത്യാസം വരുത്തിയിട്ടുണ്ട്) ഉദ്യോഗസ്ഥയായ ഭാര്യ, കുട്ടൂസ് എന്നു ഓമനപ്പേരുള്ള കാമുകൻ,ഫോൺ സെക്‌സ്, ഭർത്താവിന്റെ സംശയം, CCTV സ്ഥാപിച്ച് ഭാര്യയെ നിരീക്ഷിക്കൽ..  ഇങ്ങനെ എല്ലാ അർത്ഥത്തിലും ജനപ്രിയസീരിയലിന്റെ കഥയെന്നു സംശയിക്കാവുന്ന കഥാതന്തു. മകളുടെ വീക്ഷണകോണിലൂടെയാണു കഥ ആഖ്യാനം ചെയ്‌തിരിക്കുന്നത്. വളരെ പ്ലെയിൻ ആയി, എല്ലാ വിശദാംശങ്ങളോടും കൂടി പരത്തിപ്പറഞ്ഞ കഥ വളരെ ദീർഘവുമാണ്. ദാമ്പത്യത്തിലെ വിടവുകളും ഇടയ്ക്കുള്ള space -കളിൽ അന്യ പുരുഷന്മാരുടെ കേറിവരവുമൊക്കെ സാധാരണമായ സമകാലസാഹചര്യങ്ങളിൽ ഈ കഥയുടെ പ്രസക്‌തിയോ പുതുമയോ അന്വേഷിക്കുന്നത് പാഴ്‌ശ്രമമാണ്. വനിത, ഗൃഹലക്ഷ്‌മി പോലുള്ള ഏതെങ്കിലും വനിതാ മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ അത്‌ഭുതം തോന്നില്ല. കഥ അത്യാവശ്യം വായനാ ക്ഷമമാണ്. പേര്, എഴുത്തിന് ഗ്യാരന്റിയാവില്ലെന്ന് മാതൃഭൂമി തിരിച്ചറിയേണ്ടതുണ്ട്.

സമകാലിക മലയാളത്തിൽ  മധുപാൽ എഴുതിയ ചാവുകടലിൽ ഉറങ്ങുന്നവർ എന്ന കഥ രണ്ടു മൂന്നു പ്രാവശ്യം വായിച്ചാൽ മനസിലായേക്കും. അത്രയും മെനക്കെടുന്നവരുണ്ടോ എന്ന് സംശയമാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account