2019ലെ ശ്രദ്ധേയമായ ചില  കഥകളെക്കുറിച്ചു പറയാനാണിവിടെ ശ്രമിക്കുന്നത്.  തീർത്തും വൈയക്‌തികമായ വായനാനുഭവങ്ങളുടെ  അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് വസ്‌തുനിഷ്ഠമോ അന്തിമമോ ആയിരിക്കില്ല. കഴിഞ്ഞ വർഷത്തിന്റെ തുടർച്ചയെന്നോണം ഈ വർഷവും കഥയെ  സംബന്ധിച്ച് വളരെ ഊർജ്ജസ്വലമായിരുന്നു. ഇവിടെ പരാമർശിക്കുന്നതിലധികം കഥകൾ പുറത്തുണ്ട്, ഒന്നിനൊന്നു മികച്ചവ.

അരികുജീവിതങ്ങൾ അകപ്പെടുന്ന സ്വത്വ പ്രതിസന്ധികളുടെ ആഴം കനത്തു നിൽക്കുന്ന കഥയാണ് സിമി ഫ്രാൻസിസിന്റെ ചില മൊട്ടുസൂചി വിദ്യകൾ. കീഴാളർ എല്ലായിടത്തും തെറ്റിദ്ധരിക്കപ്പെടുന്നവർ, എവിടെയും പാകമല്ലാത്തവർ. സാധാരണവും അലസവുമായ ഒരു കാത്തുനിൽപ്പിനോ വെറുതെ നിൽപ്പിനു പോലുമോ അവർ വലിയ വില കൊടുക്കേണ്ടി വരുന്നു. അവർക്കുള്ളതല്ല ഒരിടവും. മലയാളികളുടെ പ്രഖ്യാതമായ പുരോഗമനമുഖവും സമത്വാധിഷ്ഠിത നിലപാടുകളുമൊക്കെ എത്രമേൽ സന്ദേഹാസ്‌പദമാണെന്ന് കഥ തെളിയിക്കുന്നു. ഇതാവട്ടെ ഒരു വെറും കഥയല്ല താനും. യഥാർത്ഥമായ സംഭവമാണ്. ഇരകൾ തന്നെ വീണ്ടും വീണ്ടും പഴിക്കപ്പെടുന്നു, അവർ തന്നെ ശിക്ഷിക്കപ്പെടുന്നു. വർണപരവും വംശീയവുമായ വിവേചനങ്ങൾ ഇല്ലാതാവുകയല്ല, വർദ്ധിച്ചുവരികയാണ്. നിറവും വേഷവും മാത്രം അവന്റെ ഐഡന്റിറ്റി ആവുന്നു. വിനായകന്റെ ദുരന്തത്തിൽ നിന്നാണ് ഈ കഥ രൂപപ്പെടുന്നത്.

മത്‌സ്യപ്രേമിയായ റിയാന്റെയും പപ്പ ആൽബിയുടെയും കഥയാണ് വി.ജെ. ജയിംസിന്റെ മീനാക്ഷി. ഹിംസയും ബ്ലാക്ക് മെയിലിങുമൊക്കെ സാധാരണമോ സ്വാഭാവികം പോലുമോ ആയ  കമ്പോളാധിഷ്ഠിത ഉപരിവർഗ്ഗ സമൂഹത്തിന്റെ പശ്ചാത്തലമാണു കഥയ്ക്കുള്ളത്. ഇവയെക്കുറിച്ചുള്ള കഥകൾ മലയാളത്തിൽ അപൂർവ്വമൊന്നുമല്ല. പുതിയ ജനപ്രിയാഭിരുചികൾ, ഉപഭോഗ സംസ്‌കാരം, പ്രതിരോധങ്ങളുടെ ഇടം കൂടി നിശ്ശേഷം കവർന്നെടുത്ത നിസംഗമായ കീഴടങ്ങൽ തുടങ്ങിയ പുതു കാലത്തിന്റെ അനുഭവ ലോകങ്ങൾ പലതും മീനാക്ഷിയിലുണ്ട്. കാൽപ്പനികമായ ഗൃഹാതുരത്വത്തിന്റെ സ്‌പർശ സാന്നിധ്യങ്ങളെ പരമാവധി ആസ്‌പഷ്‌ടമായിത്തന്നെ വിന്യസിക്കുന്നതിലും കൗതുകകരമായ ഒതുക്കം കാണിക്കുന്നുണ്ട് ഈ കഥ. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പുതു ലോകാനുഭവപരിസരങ്ങളെ ഉള്ളുറപ്പോടെ അഭിമുഖീകരിക്കുന്ന ‘മീനാക്ഷി’യുടെ  ശിൽപ്പഭദ്രതയും കൃത്രിമമെന്നു തോന്നിപ്പിക്കാത്ത,  സങ്കീർണതകളൊഴിഞ്ഞ ലളിതവും ഏറെക്കുറെ രേഖീയവുമായ  ആഖ്യാന ശിൽപ്പവും ശ്രദ്ധേയമാണ്.

വി.എച്ച്. നിഷാദിന്റെ മലാല ടാക്കീസ് വിലക്കുകളുടെ, വിലങ്ങുകളുടെ ഇത്തിരിയിടങ്ങളിൽ കുറ്റിയിലെന്നോണം കെട്ടിയിടപ്പെട്ട സ്‌ത്രീ ജീവിതങ്ങളുടെ മൗനപ്രതിഷേധത്തിന്റെ ശക്‌തമായ കഥയാണ്. ഈ വർഷം തുടക്കത്തിൽ വന്ന നല്ല കഥകളിലൊന്നും, അവർക്കു വേണ്ടി ‘പെമിനിസ്റ്റ് ജമാഅത്ത്’ നടത്തുന്നത്, അവർക്കു കൂടിയിരിക്കാനും ആകാശങ്ങളിലേക്കു പറന്നുയരാൻ ചിറകുവിടർത്താനും അവസരമുണ്ടാക്കുന്നത് ഭ്രാന്തനായ ഹസനെളാപ്പയും. അത്തരമൊരു ഭ്രാന്തിന്റെ, അത്തരമൊരു ഭ്രാന്തന്റെ വെളിച്ചം വീശലുകളില്ലെങ്കിൽ എക്കാലത്തും ഇരുട്ടിലാകേണ്ടിയിരുന്ന പെൺജീവിതങ്ങളുടെ നിസഹായതയാണ് ഈ കഥയെ വ്യത്യസ്‌തമാക്കുന്നത്. സമത്വം, സ്വാതന്ത്ര്യം, തുല്യനീതി തുടങ്ങിയവയെക്കുറിച്ചൊന്നും സ്വപ്‌നം കാണാൻ പോലും അവകാശമില്ലാത്ത ലിംഗാധികാരത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചറിവില്ലാത്ത നിസഹായമായ പെൺലോകത്തെ ഇത്രമേൽ സത്യസന്ധതയോടെ, ആർ ജ്ജവത്തോടെ പകർത്തിയെന്നതുതന്നെയാണ് നിഷാദിന്റെ കഥയുടെ സവിശേഷത. പെണ്ണുങ്ങൾ കൂട്ടുകൂടുമ്പോൾ, അവരൊന്നിച്ചിരുന്നു പുസ്‌തകം വായിക്കുമ്പോൾ, സിനിമ കാണുമ്പോൾ പ്രതിരോധത്തിന്റെ, അതിജീവനത്തിന്റെ കൊടുങ്കാറ്റുകളുണ്ടാവുന്നു.

രൂക്ഷമായ മതവിമർശനത്തിന്റെ അടിയൊഴുക്ക് പുറമേക്കൊരടയാളവും കാണിക്കാതെ തിളച്ചു പതയുന്ന കഥയാണ് ബെന്യാമിന്റെ തിരുവസ്‌ത്രം എന്ന കഥ. കഥയിലേക്കിറങ്ങുന്നവർക്ക് പൊള്ളാതിരിക്കില്ല. ധ്യാനാത്‌മകമായൊരു ഭാഷയിലൂടെയാണ്  അച്ചന്റെ ആന്തരിക സംഘർഷങ്ങളെ, കഥാകൃത്ത്  പിന്തുടരുന്നത്. വസ്‌ത്രമില്ലാത്ത കൊലപ്പുള്ളിക്ക് വസ്‌ത്രം വാങ്ങിക്കൊടുക്കാൻ തീരുമാനിച്ച പുരോഹിതന് അതു പ്രാവർത്തികമാക്കണമെങ്കിൽ ഒട്ടനവധി പ്രതിസന്ധികളെ മറികടന്നേ മതിയാവൂ. ആത്‌മീയവും ഭൗതികവും സ്വത്വപരവുമായ സംഘട്ടനങ്ങൾ, സങ്കീർണതകൾ. അവയെ കഥ അനായാസമായി ഇഴപിരിച്ചുകാട്ടുന്നു. വ്യവസ്ഥാപിത മതത്തിന്റെ ജീർണതകളിൽ നിന്ന്, മനുഷ്യത്വരാഹിത്യത്തിൽ നിന്ന് പുറത്തു കടക്കലാണ് അബോധമായി അച്ഛനെ പ്രേരിപ്പിക്കുന്ന ഘടകം. അതത്ര എളുപ്പമല്ല.  പക്ഷേ ഒരിക്കൽ അതു സാധിച്ചു കഴിഞ്ഞാലോ, അയാളെ പിന്നൊന്നുമലട്ടില്ല ,അയാൾ യേശുവിനെ കണ്ടു കഴിഞ്ഞു, അനുഭവിച്ചും കഴിഞ്ഞു.

കഥാനായികയുടെ വിശ്രമ ദിനങ്ങളിലെ ശിഥിലമായ അനുഭവങ്ങളിലൂടെ, ചിന്തകളിലൂടെ വിന്യസിച്ചിരിക്കുന്ന രാഷ്‌ട്രീയം കൊണ്ടു സവിശേഷമായ കഥയാണ് ഷാഹിന കെ.റഫീഖിന്റെ അന്നിരുപത്തൊന്നിൽ എന്ന കഥ. എല്ലാ സ്‌ത്രീകളുടെ ഉള്ളിലും ഒരു അപരവ്യക്‌തിത്വം ഒളിച്ചിരിക്കുന്നുണ്ടെന്നും സാമൂഹ്യ നിയമങ്ങളെയും മര്യാദകളെയും നിശ്ശബ്‌ദം അനുസരിക്കുന്ന പ്രകട സ്വത്വത്തിനു ബദലായിരിക്കുമതെന്നുമുള്ള നിരീക്ഷണം ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ‘തട്ടിൻപുറത്തെ ഭ്രാന്തി’മാർ സ്‌ത്രീക്കുള്ളിലൊളിച്ചിരിക്കുന്ന ഉന്മാദിനിയുടെ, സ്വാതന്ത്ര്യബോധത്തിന്റെ, ആത്‌മ പ്രകാശനത്വരയുടെ പ്രതീകങ്ങളാണ്.  നായികക്കുള്ളിലെ സർഗ്ഗാത്‌മകതയുടെ സൂചകമാവാം ഈ  കഥയിലെ ജിന്ന്.,’വിധേയത്വം അല്ലേ എല്ലാവർക്കും വേണ്ടത്. ചോദ്യങ്ങൾ ചോദിക്കുന്നവർ സാത്താനും ഇബ് ലീസും മാവോയും ഫെമിനിച്ചിയും ഒക്കെയാവും. അത്രേയൊള്ളൂ’ എന്ന്  ജിന്നു പറയുന്നുമുണ്ട്.

പ്രണയത്തിനും സ്‌ത്രീ പുരുഷ ബന്ധത്തിനുമൊക്കെ പുതിയ കാലത്തു സംഭവിച്ച പരിണതികളുടെ പശ്ചാത്തലത്തിലാണ് സോക്രട്ടീസ് കെ. വാലത്തിന്റെ രാസമഴ എന്ന കഥ പ്രസക്‌തമാവുന്നത്. നൂറ്റാണ്ടുകളിലൂടെ തുടർന്നു പോരുന്ന, വികാര പരവശവും തരളവുമായ അനുഭൂതിയെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട പ്രണയം പുതിയ കാലത്ത് അമ്ലസ്‌പർശം പോലെ പൊള്ളലേൽപ്പിക്കുന്നു. കേരളത്തിന്റെ പൊതുബോധത്തിലും ചിന്തയിലും പുതുതലമുറയുടെ പ്രവൃത്തികളിലും വന്നിട്ടുള്ള നിർണായകമായ പരിവർത്തനങ്ങളെയാണ് കഥ ലക്ഷ്യമാക്കുന്നത്. മനസിനെയും ശരീരത്തെയും ഉദ്ദീപിപ്പിക്കുന്ന സുഖകരമായ, സവിശേഷമായ അനുഭൂതിവിശേഷമായിരുന്നു സാഹിത്യവും ഇതരകലകളുമൊക്കെ പാടിപ്പുകഴ്ത്തിയ പ്രണയം ഇന്നലെ വരെ. ഇന്നാവട്ടെ അതു മാരകമായിരിക്കുന്നു. പ്രണയം പൂർണമാവുന്നതു ഇക്കാലത്ത് പലപ്പോഴും കൊലയിലാണ്. പ്രണയത്തിന്റെ പേരിലുള്ള കൊല്ലലും തിന്നലും സാധാരണമാവുന്നു.

2019ലെ കഥകളിൽ വെച്ച് ആഖ്യാനത്തിന്റെ പുതുമ കൊണ്ടും പ്രമേയപരിചരണം കൊണ്ടും മികച്ചവയിൽ ഒന്ന് എന്നു വിശേഷിപ്പിക്കേണ്ടതാണ് വി. ഷിനിലാലിന്റെ ബുദ്ധപഥത്തെ.  സാർവ്വകാലികമായ മനുഷ്യാവസ്ഥകളെയാണ് പരസ്‌പര വിരുദ്ധങ്ങളെന്നു പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്ന രണ്ടു ലോകങ്ങളുടെ അൽപ്പം കുസൃതി നിറഞ്ഞ നരേഷനിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. രണ്ടു ലോകങ്ങളും സൂക്ഷ്‌മാർത്ഥത്തിൽ വിപരീതങ്ങളല്ല, വ്യത്യസ്‌തങ്ങളുമല്ല. കഥയിൽ രണ്ടിനെയും ബന്ധിപ്പിക്കുന്നത് കോണിപ്പടികളാണെങ്കിൽ ജീവിതത്തിൽ അവയ്ക്കു രണ്ടിനുമിടയിലൂടെ അദൃശ്യമായ ഒഴുക്കുകളുണ്ട്. രണ്ടു ലോകങ്ങളെയും അത് ഒന്നാക്കി മാറ്റുന്നു. രണ്ടിലെയും അന്തേവാസികളെ കൂട്ടിക്കലർത്തുന്നു. ഒരു പ്രളയത്തിനോ പ്രവാഹത്തിനോ ശേഷം എല്ലാറ്റിനും, എല്ലാവർക്കും സ്ഥാനചലനം സംഭവിക്കുന്നു. ഇവിടെയുള്ളവർ അവിടെയും അവിടെയുള്ളവർ ഇവിടെയും. മനുഷ്യന്റെ ഒരവസ്ഥയും സ്ഥായി അല്ല .പ്രവചനീയവുമല്ല. അവിശ്വസനീയങ്ങളായ അസന്ദിഗ്ദ്ധതകളും സന്ദേഹങ്ങളുമാണവയെ നിർണയിക്കുക. രസകരമായ കഥ പറച്ചിലാണ് ബുദ്ധപഥത്തെ ഇത്രയും വായനാ ക്ഷമമാക്കുന്നതെന്നു പറയാതെ വയ്യ .കഥയിലൂടെ, കഥയിലെ രണ്ടു ലോകങ്ങളുടെ ചിത്രണത്തിലൂടെ കഥാകൃത്ത് സമകാല സാമൂഹ്യ സാംസ്‌കാരികാവസ്ഥകളെ, അവയുടെ ബഹുസ്വരതയെ, സാമൂഹ്യനീതിയെ, ലൈംഗികതയെ ഒക്കെ അഭിസംബോധന ചെയ്യുന്ന രീതിയും രസകരമാണ്. കഥ രണ്ടു നിഗൂഡ ലോകങ്ങളുടെ മാത്രം കഥയല്ല. നമ്മളൊക്കെ ജീവിക്കുന്ന, ഇടപെടുന്ന വാസ്‌തവലോകത്തിന്റെ യഥാതഥമായ ആവിഷ്‌കാരം കൂടിയായി മാറുന്നതങ്ങനെയാണ്,

ചരിത്രത്തിന്റെ/ഐതിഹ്യത്തിന്റെ ഒരു ബദൽ ആഖ്യാനമെന്നോണം  നിത്യാർത്തവാംബിക എന്ന കഥയെഴുതിയ ബിജു സി.പിയ്ക്ക് തന്റെ കഥയെ പ്രാചീനമായൊരു ഐതിഹ്യത്തിന്റെയും കാലത്തിന്റെയും കഥയായി നിലനിർത്തിക്കൊണ്ടു തന്നെ, ഏറ്റവും പുതിയ രാഷ്‌ട്രീയ സാമൂഹിക കാലാവസ്ഥകളിലേക്ക് വിന്യസിപ്പിക്കാൻ കഴിയുന്നുവെന്നത് നിസാരമല്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൂടെ കായൽയാത്ര ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു തന്ന കഥയായിട്ടാണ് നിത്യാർത്തവാംബികയുടെ കഥ എഴുതുന്നത്. ഐതിഹ്യമാലയിലെ ഭാഷയും ശൈലിയും തന്നെ കഥയുടേതും. ഐതിഹ്യകഥകളുടെ നിഗൂഡമായ ജാതിരാഷ്‌ട്രീയം തിരിച്ചറിയുകയും അവ തമസ്‌കരിച്ച ജീവിതങ്ങൾ കണ്ടെടുത്ത് ആഖ്യാനം ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയെന്നു ഐതിഹ്യമാലയിലെ ഭാഷയും ശൈലിയും ഉപയോഗിച്ചു തന്നെ സ്ഥാപിക്കുകയുമാണ് നിത്യാർത്തവാംബിക.

അനന്തപത്മനാഭൻ എഴുതിയ ‘ബാക്കി ആകുന്നത്’ എന്ന കഥ മാധ്യമ സാങ്കേതികത, സംവേദനീയത, മനുഷ്യബന്ധങ്ങളിൽ അതു സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ തുടങ്ങിയ ഒട്ടനവധി കാര്യങ്ങളെ  ആഖ്യാനം ചെയ്യാനുള്ള ശ്രമമാണ്.  ഒട്ടൊക്കെ മനോഹരമായി അതദ്ദേഹത്തിനു സാധിച്ചിട്ടുമുണ്ട്. മൊബൈൽ ഫോൺ, ഫോണിലൂടെയുള്ള അവിഹിത പ്രണയം, ഉദ്ദീപനങ്ങൾ, ഓൺലൈൻ രതി .. എന്നിങ്ങനെ സർവ്വസാധാരണവും വ്യാപകവുമായ  നവ മാധ്യമസാങ്കേതികശീലങ്ങളെ ആവിഷ്‌കരിക്കാനാണ് കഥയിൽ കൂടുതലിടവും ഉപയോഗപ്പെടുത്തിയിരിക്കുന്നതെങ്കിലും പരിഹാരങ്ങളോ ശരിയായ ഉത്തരങ്ങളോ ഇല്ലാത്ത വിധം നിശ്ചലമായ സാമൂഹ്യനീതികളുടെ ശരികേടുകളെയാണ് യഥാർത്ഥത്തിൽ ഈ കഥ ഉന്നം വെക്കുന്നത്.  വിവരസാങ്കേതിക വിദ്യയും നവ മാധ്യമ സംസ്‌കാരവും സ്‌ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള പ്രാചീന സാമൂഹ്യസങ്കൽപ്പങ്ങളെ ഒട്ടും പരിഷ്‌കരിച്ചിട്ടില്ല. കഥ ബോധപൂർവ്വമായോ അല്ലാതെയോ പ്രശ്‌നവൽക്കരിക്കുന്നത് അതിനെയാണ്.

സുദീപ് ടി.ജോർജിന്റെ പന്ത് എന്ന കഥ അതിലെ ദൃശ്യശകലങ്ങളുടെ പൂർണത കൊണ്ടാണാകർഷകമാകുന്നത്. കൊത്തിയെടുത്തതുപോലുള്ള ദൃശ്യങ്ങൾ, കഥയൊട്ടാകെ അയവുള്ളതായിരിക്കുമ്പോൾത്തന്നെ കഥയ്ക്കുള്ളിലെ സംഭവങ്ങൾ, മുറുകിയും സ്വയം പൂർണമായും അസാധാരണമായൊരരനുഭൂതിയായി പരിണമിക്കുന്നു. ക്രാഫ്റ്റിന്റെ ഇത്തരത്തിലുള്ള  മികവു കൊണ്ടും പരീക്ഷണാത്‌മകത കൊണ്ടുമാണ്  സുദീപ് പുതിയ കഥാകൃത്തുക്കളിൽ വളരെ ശ്രദ്ധേയനാവുന്നതും. ‘ഒരു ഫുട്ബോളറെ കൊല്ലാൻ വളരെയെളുപ്പമാണ്. അവന്റെ കാലിൽ നിന്ന് ആ പന്ത് എടുത്തു മാറ്റിയാൽ മാത്രം മതി’ എന്ന പ്രസ്‌താവനയാണ് കഥയുടെ കാതൽ. അതിലേക്കെത്താനുള്ള വഴികളാണ് മറ്റെല്ലാം. പലയിടങ്ങളിൽ നിന്നായി പല ചാലുകളിലായി എല്ലാം അവിടെയെത്തുന്നു. കഥ, കഥയെഴുത്തിനെക്കുറിച്ചും കൂടിയുള്ളതാണ്. പന്ത്  കൃത്യമായ അർത്ഥ സംവേദന സാധ്യതയുള്ള ജൈവരൂപകം തന്നെയാവുന്നതും കൗതുകകരമാണ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ എസ്‌കേപ്പ് എന്ന സാഹസ മാജിക് പ്രദർശിപ്പിക്കാൻ ശ്രമിച്ച് മരണമടഞ്ഞ മജീഷ്യനെക്കുറിച്ചുള്ള പത്രവാർത്തയിൽ നിന്നാവണം സുദീപ് ഈ കഥാതന്തു കണ്ടെത്തിയത്‌. ഭാവനാത്‌മകമായൊരു ചരിത്രമായി പത്രവാർത്ത രൂപാന്തരപ്പെടുന്നു.

ആഷ് അഷിതയുടെ മുങ്ങാങ്കുഴി എന്ന കഥയ്ക്ക്  ശിഥില ദൃശ്യങ്ങൾ കൊണ്ടു കോർത്തെടുത്ത മുറുക്കമുള്ള കഥാ ഘടനയെന്ന വിശേഷണമാണു ചേരുക. കാളിയെന്ന പണിക്കാരിപ്പെണ്ണ്. കീഴാള സ്‌ത്രീ, പ്രതിരോധത്തിന്റെ മാതൃക. അതിജീവനത്തിന്റെ, ചെറുത്തുനിൽപ്പിന്റെ ഏതു കള്ളിയിലും അവളെ ചേർത്തുനിർത്താം. ഏതിനുമിണങ്ങുന്നവൾ. പക്ഷേ  ഒന്നിലും ഒതുങ്ങാത്തവൾ. അവളെ കാമിച്ചും പ്രണയിച്ചും ജയിലിലെത്തേണ്ടി വന്ന വർഗീസ്. തിരിച്ചുവരവിൽ രണ്ടു പേർക്കുമിടയിലെ കണ്ടുമുട്ടൽ. അവിടെയും എന്നത്തെയും പോലെ കാളി ജയിക്കുന്നു. കഥയിലെ ബിംബങ്ങളത്രയും കരിങ്കാളിയായ കാളിയുടെ രൂക്ഷതയെ പ്രതിഫലിപ്പിക്കുന്നവയാണ്. അവ എണ്ണത്തിൽ കുറവല്ല താനും. ശിഥിലമായിരുന്നു കൊണ്ട് ഭാവാത്‌മകമായൊരു ലയം കഥയ്ക്കു കൈവരുത്താൻ അത്തരം ബിംബങ്ങൾക്കു കഴിയുന്നുമുണ്ട്. ആഖ്യാനമികവിന്റെ ദൃഷ്‌ടാന്തമായി അതെടുത്തു പറയാതെ വയ്യ.  ആൺഭീതിയുടെ, ആസക്‌തിയുടെ ബിംബവൽക്കരണമാണ് കാളിയുടെ പാത്രസൃഷ്‌ടിയിലൂടെ സാധ്യമാകുന്നത്.  അവളുടെ നിർഭയമായ ഇടപെടലുകൾ, വ്യവഹാരങ്ങൾ… കാളി ഒരു പ്രതീകമാണ്. സ്‌ത്രീയുടെ സ്വത്വബോധത്തിന്റെ, അധികാരത്തിന്റെ ഇടങ്ങളെ ക്ഷയിപ്പിക്കുന്ന ആത്‌മവിശ്വാസത്തിന്റെ.

വി. ദിലീപ് എഴുതിയ ‘കോടമ്പാക്കം എഴുതിയ ആത്‌മകഥ’ എന്ന കഥ സിനിമയുടെ പിന്നാമ്പുറകഥകളിലേക്കു യാത്രചെയ്യുന്നു. ജീവിതാവസാനം വരെ പ്രസക്‌തമായ സിനിമയെന്ന സ്വപ്‌നത്തെ യാഥാർത്ഥ്യമാക്കാനുള്ള വേവലാതികൾക്കിടയിൽ സിനിമയെക്കാൾ സിനിമാറ്റിക് ആയ സംഭവങ്ങളാണു നിരന്തരമുണ്ടാവുന്നത്. ബി.ക്ലാസ് തിയേറ്ററിന്റെ ഇരുട്ടിലേക്ക് കയറിപ്പോവുന്ന സിനിമാ പ്രാന്തനെപ്പോലെയാണപ്പോൾ കഥ പറയുന്നയാൾ .ആ ഇരുൾലോകത്തിൽ പരിസരം വ്യക്‌തമല്ല, ചുറ്റിനും ആരുമില്ല. സിനിമ കാണാൻ ഇരുട്ടിൽ കൺമിഴിച്ച് ആ ഒറ്റയാൾ മാത്രം. കാണുന്നത് ജീവിതക്കാഴ്‌ചകളും. സിനിമ വ്യാജമായ നിർമ്മിതികളുടെ ആഘോഷമാണ്. വ്യാജവ്യക്‌തിവൽക്കരണങ്ങൾ നിരന്തരമവിടെ നടന്നു കൊണ്ടേയിരിക്കും. ബിംബങ്ങൾ പ്രതിഷ്ഠിക്കപ്പെടാനും തകർക്കപ്പെടാനും വളരെ കുറച്ചു സമയം മതി. യഥാർത്ഥമേതെന്നു വേർതിരിച്ചറിയാനാവുന്നില്ല. കോടമ്പാക്കമെന്ന പഴയ സിനിമാ പറുദീസയുടെ നിരാസങ്ങളുടെ, സ്വീകരണങ്ങളുടെ ഓർമ്മയിലാണ് കഥ മുന്നോട്ടു പോകുന്നത്. അവസാന നിമിഷം വരെ മനുഷ്യനെ ഭ്രമിപ്പിക്കുന്ന സിനിമയുടെ മാസ്‌മര ലോകത്തെ കൃത്യമായി പിന്തുടരുന്നുണ്ട് ദിലീപിന്റെ കഥ.

ഓരോ കാലഘട്ടത്തിനും അനുയോജ്യമായ ഉള്ളടക്കങ്ങളാണ് ആ കാലത്തിന്റെ സാഹിത്യവും പ്രമേയമായി സ്വീകരിക്കുക. ഭരണകൂടം അധീശത്വസ്ഥാപനത്തിനായി ഉപയോഗിക്കുന്ന കായികശക്‌തി, ധാർമ്മികവും ബൗദ്ധികവുമായ സങ്കേതങ്ങൾ തുടങ്ങിയവയെ അതതു കാലത്തെ സാഹിത്യം തുറന്നാവിഷ്‌കരിച്ചേക്കാം. പൗരസമൂഹത്തിനും ഭരണകൂടാധീശത്വത്തിനുമിടയിലെ പ്രതിരോധാത്‌മകമായ  ഇടനിലയാണ് സാഹിത്യത്തിന്റെതെന്ന് സംശയലേശമില്ലാതെ  വെളിപ്പെടുത്തുന്നതു കൊണ്ട് ശ്രദ്ധേയമാണ് നിധീഷ് .ജി യുടെ താമരമുക്ക് എന്ന കഥ.

കെ.വി.മണികണ്ഠനെഴുതിയ അഫ്‌റാജ് ഒരു പക്ഷേ ഇതുവരെ മലയാളത്തിലാവിഷ്‌കരിക്കപ്പെടാത്ത തരം  ജീവിതത്തിന്റെ സഫലമായ ആഖ്യാനമാണ്. അനാഥത്വവും ഏകാന്തതയുമൊക്കെയാണ് കഥാവിഷയം. പക്ഷേ ഹൃദയത്തിൽത്തന്നെ മുറിവേറ്റവൻ, എപ്പോഴും തിളച്ചു കൊണ്ടിരിക്കുന്നവൻ, ഉള്ളിൽ കടൽ കൊള്ളക്കാരന്റെ സ്വഭാവമുള്ള മുഷി മുക്ര കുത്തിക്കൊണ്ടിരിക്കുന്നവൻ. അവന്റെ അസ്വസ്ഥതകളെ   വ്യത്യസ്‌തമായിത്തന്നെ ചിത്രീകരിക്കാൻ മണികണ്ഠനു കഴിയുന്നു. പാതി അറബിയും പാതി മലയാളിയുമായ സങ്കര സന്തതിയുടെ സ്വത്വ പ്രശ്‌നങ്ങളാണു യഥാർത്ഥത്തിൽ കഥയുടെ കാതൽ.  ജാസിമിന്റെ ജീവിതം കടന്നു പോയ അപരിചിതമായ അനുഭവഭൂമികകൾ വായനക്കാരിൽ ആകാംക്ഷയും ഭയവും ജനിപ്പിക്കുന്നു.

വി.സുരേഷ് കുമാറെഴുതിയ ‘അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്ന കഥ’ വടക്കൻ കേരളത്തിലെ തെയ്യങ്ങളുടെയും തോറ്റപുരാവൃത്തങ്ങളുടെയും പശ്ചാത്തലത്തിൽ ഏറ്റവും പ്രസക്‌തവും കാലികവുമായ ചില പ്രശ്‌നങ്ങൾ ഉന്നയിക്കുന്നു. ഉയർന്ന ജാതിക്കാർ കൊന്ന അലങ്കാരൻ എന്ന സമർത്ഥനായ കീഴാളജാതിക്കാരനാണ് പൊട്ടൻ തെയ്യമായി മാറിയതെന്ന തമസ്‌കരിക്കപ്പെട്ട മിത്തിന്റെ ഭാവപരിസരമാണ് കഥയുടെ മിഴിവേറ്റുന്നത്. അലങ്കാരന്റെ യഥാർത്ഥകഥ അറിയപ്പെടാതെ പോവുകയും ശങ്കരാചാര്യരുമായി ബന്ധപ്പെട്ട കഥ പാടിപ്പഴകി സ്ഥാപിതമാവുകയും ചെയ്യുന്നതിൽ കൃത്യമായ  സവർണയുക്‌തി പ്രവർത്തിക്കുന്നുണ്ട്. പൊട്ടൻ തെയ്യം കെട്ടുന്ന വിനോദിന്റെ അശാന്തമായ ചിന്തകളിലൂടെ, പ്രാണനും കൈയ്യിലെടുത്ത പലായനത്തിലൂടെ, അവസാനത്തെ ഇല്ലാതാവലിലൂടെ സഞ്ചരിക്കുന്ന കഥ ദൈവക്കരുകളായി വേഷം കെട്ടുന്ന കീഴാളരുടെ ജീവിതത്തിന്റെ നിസഹായതകളും ദൈന്യതകളും  വരച്ചിടുന്നു.

എൻ. പ്രദീപ് കുമാറിന്റെ സമർപ്പിത ജീവിതം, ജേക്കബ് എബ്രഹാമിന്റെ ശ്വാസഗതി, അമലിന്റെ ഈനു, സുസ്‌മേഷ് ചന്ത്രോത്തിന്റെ കണ്ണാടിക്കാലം തുടങ്ങി എത്രയോ മികച്ച കഥകൾ വേറെയുമുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account