എല്ലാ കലകളുമെന്ന പോലെ കഥയും സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. പുതിയ കാഴ്ചകളിലൂടെ, വ്യത്യസ്തമായ നോട്ടങ്ങളിലൂടെ, അത് ചിലപ്പോഴൊക്കെ സമൂഹത്തെ,  പുതിയതായി സൃഷ്‌ടിക്കുകയും ചെയ്യുന്നുണ്ട്. മൗലികമായ നൂതന സൃഷ്‌ടികൾ. തികച്ചും ഭാവനാത്‌മകമെന്നോ സങ്കൽപ്പസൃഷ്ടമെന്നോ മാറ്റി നിർത്താനാവാത്തവിധം അത് യാഥാർത്ഥ്യത്തോടടുത്തു നിൽക്കുകയും ചെയ്യും.   സങ്കീർണമായ മനുഷ്യാനുഭൂതികളുടെ, മാനുഷിക പ്രവൃത്തികളുടെ സർഗ്ഗാത്‌മകമായ ആവിഷ്കാരമാണ് കഥയെന്നതുകൊണ്ട് ഇത് വളരെ സ്വാഭാവികമാണ്താനും.

സമകാലിക മലയാളത്തിലെ (ലക്കം 34) അയ്മനം ജോണിന്റെ “മിയാമിയൻ ഗോത്ര ചരിത്രത്തിൽ നിന്നും ഒരേട്” എന്ന ചെത്തിമിനുക്കിയെടുത്ത ഒതുക്കവും ഭദ്രതയുള്ള  കഥ ഇത്തരം പുതുസമൂഹസൃഷ്‌ടി കൊണ്ടാണു ശ്രദ്ധേയമാവുന്നത്. മുത്തശ്ശിക്കഥകളെ അനുസ്മരിക്കും വിധമുള്ള ലളിതവും സുന്ദരവുമായ ആഖ്യാനത്തിലൂടെ സമകാല ലോകാവസ്ഥകൾക്കു പോലും ബാധകമായ ചില രാഷ്‌ട്രീയപരമായ ശരികേടുകളെയാണ് കഥ അഭിസംബോധന ചെയ്യുന്നത്. ഇപ്പോഴത്തെ  ഇന്ത്യൻ രാഷ്‌ട്രീയവസ്ഥകളോടാവട്ടെ, ഈ കഥ കൂടുതൽ തീവ്രമായി സംവദിക്കുന്നുമുണ്ട്. ചിന്തയിലും പ്രവൃത്തിയിലും രാഷ്‌ട്രീയത്തിലും കടന്നു വരുന്ന, പിടി മുറുക്കുന്ന  സ്വേച്ഛാധിപത്യത്തിന്റെ സർഗ്ഗ വിമർശനമാണ് ലളിതമായിപ്പറഞ്ഞാൽ ഈ കഥയുടെ ലക്ഷ്യം. ഭരണകൂടത്തിന്റെ, സ്വേച്ഛാധികാരികളുടെ അനന്തമായ, അനവധിയായ ഭീതികൾ, ഇരകളാവുന്ന മനുഷ്യരുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും തനതു വഴികൾ, ഇങ്ങനെ കഥയുടെ സുതാര്യമായ ഭാവപരിസരങ്ങൾക്ക് അങ്ങേയറ്റത്തെ രാഷ്‌ട്രീയ സ്വഭാവം കൂടിയുണ്ട്.

ശബ്‌ദതരംഗങ്ങളെ മുളംകുറ്റികളിലേക്ക് ആവാഹിച്ചെടുക്കുന്ന കാട്ടുവിദ്യ കൈവശമുള്ള കടുവക്കണ്ണൻ, മാൻ ചെവിയൻ എന്ന രണ്ടു ഗോത്രവർഗ്ഗക്കാർ മിയാമിയയിലെ സുൽത്താന്റെ കൊട്ടാരത്തിലേക്ക് വിളിക്കപ്പെടുന്നു. സുൽത്താനെ ഭയപ്പെടുത്തുന്ന ചില ശബ്‌ദവീചികൾ കൊട്ടാരത്തിലും നാട്ടിലെമ്പാടും ഒഴുകി നടക്കുന്നുണ്ട്. അതിനെ പിടിച്ചെടുത്തു നശിപ്പിക്കാനാണയാൾ അവരുടെ സഹായം തേടുന്നത്. ദേശഭക്‌തിയുണർത്തുന്ന വാദ്യസംഗീതം കൊണ്ട് അതിനെ ഒളിപ്പിച്ചുവെയ്ക്കാൻ സുൽത്താൻ ശ്രമിക്കുന്നെങ്കിലും അതിനെയെല്ലാം മറികടന്ന് ആ ശബ്‌ദം എല്ലായിടത്തും പരക്കുന്നു. ദേശചരിത്രം പോലും തനിക്കനുകൂലമായി പട്ടാളക്കാരെക്കൊണ്ട് തിരുത്തിയെഴുതിക്കുന്ന സുൽത്താനെ അലോസരപ്പെടുത്തുന്ന ആ  ശബ്‌ദം പണ്ട് സുൽത്താനേറ്റ് വാണിരുന്ന പ്രജാസ്നേഹിയായ ഒരു സുൽത്താന്റേതാണ്. സ്വേച്ഛാധിപത്യത്തിന് ജനാധിപത്യ മര്യാദകളെ ഭയന്നേ മതിയാവൂ. അതിനെ അടിച്ചമർത്തേണ്ടത് അയാളുടെ നിലനിൽപ്പിനനിവാര്യമാണ്. അറ്റമില്ലാത്ത ഭയത്തിന്റെ ഉൽപ്പാദനമാണ് ഓരോ സ്വേച്ഛാധികാരിയിലും അനവരതം നടന്നുകൊണ്ടിരിക്കുക. ശബ്‌ദങ്ങളെ അവയുടെ ഉറവിടത്തിൽ വെച്ചു മാത്രമേ പിടിച്ചെടുക്കാനാവൂ എന്നും എങ്ങും വ്യാപിച്ചു കഴിഞ്ഞ ശബ്‌ദത്തെ ആവാഹിക്കാനോ നിശബ്‌ദമാക്കാനോ കഴിയില്ലെന്നും ഗോത്ര മൂപ്പന്മാർ വെളിപ്പെടുത്തിയതോടെ ഭയചകിതനായ സുൽത്താൻ അവരെ നാടുകടത്തുന്നു. അവിടെ നിന്ന് സ്വന്തം സിദ്ധികളും സ്വപ്രത്യയ സ്ഥൈര്യവും കൊണ്ടു മാത്രം അവർ രക്ഷപെട്ട് വേഷപ്രച്ഛന്നരായെങ്കിലും സ്വന്തം ഗോത്രത്തിൽത്തന്നെ ശിഷ്‌ടകാലം കഴിച്ചു തീർക്കുകയാണ്. ഹിംസാത്മകമായ സ്വേച്ഛാധിപത്യത്തെ, അതിന്റെ തന്ത്രപരമായ ഇടപെടലുകളെ, ചൂഷണത്തെ,മർദ്ദന നയങ്ങളെ ,സർവ്വകർത്തൃത്വ സ്വഭാവത്തെ എത്ര അയത്നലളിതമായാണ് ഈ കഥ വെളിപ്പെടുത്തുന്നത്. ഭരണകൂട ഭീകരതയുടെ ചാലകശക്‌തികളെന്ന നിലയിൽ മാത്രമാണ് സ്വേച്ഛാധികാരം പ്രജകളെ കാണുന്നതും ഉപയോഗപ്പെടുത്തുന്നതും. പക്ഷേ സ വിശേഷമായ രീതിയിൽ നൈസർഗ്ഗികമായ സാധ്യതകളുപയോഗപ്പെടുത്തി അവർ പ്രതിരോധിക്കുന്നു, മിക്കപ്പോഴും അതിജീവിക്കുകയും ചെയ്യുന്നു.

ഏതാണ്ട് 12 പുറങ്ങളോളം വ്യാപിച്ചുകിടക്കുന്ന അതി ദീർഘമായ കഥയാണ് പി എസ് റഫീഖിന്റെ ‘കടുവ’ (മാതൃഭൂമി വാരിക). ഒറ്റയിരുപ്പിന് ഈ കഥ ക്ഷമയോടെ വായിച്ചു തീർത്തവർ ഉണ്ടാകുമോ എന്നറിയില്ല. ഉണ്ടെങ്കിൽ അവർ തീർച്ചയായും അഭിനന്ദനമർഹിക്കുന്നുണ്ട്. അങ്ങനെ വായിച്ചു തീർത്തവരിൽത്തന്നെ കഥ പിടികിട്ടിയവരെ പ്രത്യേകം പ്രശംസിക്കേണ്ടതുമാണ്. ഒരു കഥ വായനക്കാരെ മുന്നോട്ടു കൊണ്ടു പോകുന്നില്ലെങ്കിൽ, തരം കിട്ടുന്നേടത്തൊക്കെ കഥയിട്ടേച്ച് ഓടിപ്പോവാനുള്ള പ്രേരണ അവർക്കുണ്ടാവുന്നുണ്ടെങ്കിൽ, അവർ സത്യമായും പലവട്ടം  അങ്ങനെ പോയി പിന്നെയും മടിയോടെ തിരിച്ചു വന്നു വായന പൂർത്തീകരിക്കുകയാണെങ്കിൽ, തീർച്ചയായും അതൊരു പരാജയപ്പെട്ട കഥയാണ്. കഥാസ്വാദനം വ്യക്‌തിപരമായ അനുഭൂതിയെന്നൊക്കെ വ്യാഖ്യാനിച്ചാലും കടുവയുടെ വായന പീഡയായി മാറുന്നത് ഒറ്റപ്പെട്ട അനുഭവമല്ല. കാടിന്റെ ചാരുതകളും  ഭീതിദമായ നിഗൂഡതകളുമൊക്കെ എന്നും കഥകൾക്ക് ചേരുന്ന വിഷയങ്ങളാണ്. അത്രയ്ക്കത്രയ്ക്ക് വ്യത്യസ്തമായും സൂക്ഷ്മമായും കാട് പലതായി കഥകളിൽ കേറി വരുന്നു. പൂത്തും പന്തലിച്ചും  പറഞ്ഞുതീരാത്ത, പറഞ്ഞാലും പറഞ്ഞാലും അവസാനിക്കാത്ത വിസ്മയമായത് നിഴലും തണുപ്പും പരത്തി നിൽക്കുക കഥയിൽ മാത്രമല്,ല വായനക്കാരുടെ മനസിലുമാണ്. പക്ഷേ, കടുവയ്ക്കതു സാധിച്ചിട്ടില്ല. അങ്ങിങ്ങു ചില സുന്ദരമായ ഇമേജുകളും ആശയങ്ങളുമുണ്ടെന്നു കാണാതിരിക്കുന്നില്ല. പക്ഷേ ആകെയുള്ള കഥാനുഭവം വിരസതയുടേതു മാത്രമാണ്. കാട് ,കാട്ടുവാസികളുടെ ജീവിതം, നിസഹായതകൾ, ദാരിദ്ര്യം, ചൂഷണം, ആളെക്കൊല്ലുന്ന കടുവ, പുലിമുരുകൻ സിനിമയോടൊക്കെ അടുപ്പം തോന്നിക്കുന്ന കടുവാ വേട്ട…. കഥയങ്ങനെ ഒഴുകിപ്പരന്ന് എങ്ങോട്ടൊക്കെയോ പോകുന്നത് നിസഹായതയോടെ നോക്കി നിൽക്കുകയാണ്  കഥാകൃത്ത് എന്നു പോലും വായനക്കാർക്കു തോന്നും. അദ്ദേഹത്തിനടക്കം  ആർക്കുമതിനെ തടുത്തുകൂട്ടി ഒരു കഥയാക്കാനാവുന്നുമില്ല.

എഴുത്ത് മാസിക (ജനുവരി) യിലെ ‘കൊട്ടേഷൻ’ (തമ്പി ആന്റണി ) ഭാര്യയെ കാണാതാവുന്ന ഭർത്താവിന്റെ കഥയിലൂടെ കുടുംബ ജീവിതത്തിലെ സംഘർഷങ്ങളും സംഘട്ടനങ്ങളും ഒറ്റപ്പെടുത്തലുകളും വരച്ചുകാട്ടുന്നു. ഭാര്യയുടെ ഫോൺ ഉപയോഗം ഭർത്താവിനെ സംശയാലുവാക്കുന്നു. അവൾക്ക് ഒരു രഹസ്യകാമുകനുണ്ടെന്നയാൾക്കുറപ്പാണ്. ഭാര്യയെ കൊല്ലുക, ആത്‌മഹത്യ ചെയ്യുക, തുടങ്ങി പല സാധ്യതകളെക്കുറിച്ചാലോചിച്ച് ഒടുവിൽ കൊട്ടേഷൻ കൊടുക്കാനുള്ള തീരുമാനത്തിലെത്തുന്നു. കൈയ്യും കാലും വെട്ടിക്കളയാനുള്ള കൊട്ടേഷൻ തനിക്കു തന്നെ പാരയാവുമെന്നതുകൊണ്ട് അവളെ കിഡ്നാപ്പ് ചെയ്യാനാണ് അയാൾ കൊട്ടേഷൻ കൊടുക്കുന്നത്. ഭാര്യയെ കാണാതാവുന്നു. അവൾ തട്ടിയെടുക്കപ്പെട്ടതു തന്നെയാവണം. കഥ ഇതുവരെ തരക്കേടില്ലാത്ത വിധം സരസമായി പോവുന്നുണ്ട്. പിന്നെയുള്ളതൊക്കെ അവ്യക്‌തവും ദുരൂഹവുമാണ്. ഭാര്യ തിരിച്ചെത്തുന്നു. മുൻപത്തേക്കാൾ നിഷ്ഠുരമാണ് അവളുടെ പ്രവർത്തികൾ. കഥാവസാനം തട്ടിക്കൂട്ടിയതുപോലെ, വായനക്കാരന്റെ ഒരു ജിജ്ഞാസയെയും – അങ്ങനെയുണ്ടെങ്കിൽ – ശമിപ്പിക്കാതെ അപൂർണമായി അവസാനിക്കുന്നു. ഭാര്യ മിസ്സിംഗ് എന്നു കൊടുത്ത പരാതി അവൾ തിരിച്ചെത്തും മുമ്പ് പിൻവലിക്കാൻ കഴിഞ്ഞതെങ്ങനെ എന്നൊക്കെയുള്ള സംശയങ്ങൾ വായനക്കാരിലവശേഷിക്കുകയും ചെയ്യും.

-ജിസാ ജോസ്

2 Comments
  1. Priya 4 years ago

    ഇത്തരം കഥകൾ പ്രകാശിപ്പിക്കുന്നവരെ എന്തുപറയാൻ!
    വളരെ ശക്തമായ ഭാഷ…നല്ല അവലോകനം

  2. Vipin 4 years ago

    Very god analysis…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account