നിലച്ചുപോയ ജീവിതങ്ങളെക്കുറിച്ചുള്ള രണ്ടു കഥകളാണ് എം. കമറുദ്ദീന്റെ ‘മരിച്ചവർ’ (മാതൃഭൂമി, ലക്കം 46), അനൂപ് ഏലിയാസിന്റെ ‘വൈന്റിംഗ് ക്ലോക്ക്’ (സമകാലിക മലയാളം, ലക്കം 35 ) എന്നിവ.

മരണം പല രീതിയിൽ ജീവിച്ചിരിക്കുന്നവരെ സ്പർശിക്കുന്നു. പല തരത്തിൽ അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. അച്ഛന്റെ മരണത്തിനു ശേഷമുള്ള മകന്റെ ജീവിതവും വളർച്ചയും അവന്റെ കാഴ്ച്ചകളും അനുഭവങ്ങളും മരിച്ചവരിൽ കൊണ്ടുവരാൻ കമറുദ്ദീനു കഴിയുന്നുണ്ട്. മരണ ശേഷവും അവൻ അച്ഛനെ കാണുന്നു. അച്ഛനു ശേഷവും അവർ ജീവിക്കുന്നു. മരണം എല്ലാ രഹസ്യങ്ങളേയും പുറത്താക്കുന്നു, മരിച്ചയാൾ കുറച്ചു കഴിഞ്ഞാൽ ആളുകളെ ചിരിപ്പിക്കുകയാണ്, ഇനി ജീവിക്കണമെന്നു തോന്നലില്ലെന്നു പറഞ്ഞുകൊണ്ടുതന്നെ അമ്മ ചെടി നനക്കുന്നു, മൂളിപ്പാട്ടു പാടുന്നു… ഇങ്ങനെ ജീവിതത്തെയും മരണത്തെയും ദാർശനികയുക്‌തിയോടെ വിലയിരുത്താൻ ശ്രമിക്കുന്ന പല സന്ദർഭങ്ങളും കഥയിലുണ്ട്. അച്ഛനെ മറവു ചെയ്ത ശവപ്പറമ്പ് വൈകാതെ  മണ്ണുമാന്തിയന്ത്രങ്ങൾ ഇളക്കിമറിക്കുന്നു. ഇവിടെ വലിയ കെട്ടിടങ്ങൾ വരാൻ പോവുന്നു. ഈ ലോകം ജീവിക്കുന്നവർക്കു വേണ്ടിയുള്ളതാണ്, എല്ലാ ശവപ്പറമ്പുകളും വ്യവസായശാലകളാവുന്ന കാലമാണു വരാൻ പോകുന്നതെന്ന ജെ സി ബി ക്കാരുടെ വാക്കുകളിലൂടെ നഗരവൽക്കരണത്തിന്റെ മമതാരഹിതമായ യാന്ത്രിക നീതികളേ യും കഥാകൃത്ത് ഒതുക്കിപ്പറയുന്നുണ്ട്. ലോകത്തിലെ എല്ലാ വൻ സൗധങ്ങളും ആരുടെയൊക്കയോ കുഴിമാടങ്ങൾക്കു മുകളിലാണ് കെട്ടിപ്പടുത്തിട്ടുള്ളത്. അവന് അച്ഛന്റെ ശവപ്പറമ്പും വിട്ട് ദൂരേക്ക് പോകേണ്ടി വരുന്നു. നദിക്കരയിലെ ശ്മശാനം, തീവണ്ടികളുടെ ശ്മശാനം അങ്ങനെ പലേടങ്ങളിൽ മരണത്തെ അറിഞ്ഞും കണ്ടുമുള്ള ജീവിതം.

കഥ തുടങ്ങുന്നത് അച്ഛന്റെ മരുമകനയച്ച കത്തിനെപ്പറ്റി പരാമർശിച്ചു കൊണ്ടാണ്. അതിന്റെ പ്രസക്‌തിയെന്തെന്നു വായനക്കാർ സംശയിച്ചു പോവാനിടയുണ്ട്. മരിച്ചവർ എന്ന കഥ മരിച്ചവരെപ്പോലെ തണുത്തു മരവിച്ചു പോയതായി ചിലപ്പോഴെങ്കിലും തോന്നിപ്പോവാം. മരണത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളവതരിപ്പിക്കാൻ, അവയിൽ പലതും സന്ദർഭത്തിനു ചിതമായ വിധത്തിൽ സ്വാഭാവികമായി വിടർന്നു വരുന്നതാണുതാനും – കഥയുടെ രൂപം സ്വീകരിച്ചതാവാനാണിട. കഥയില്ലാത്ത നീണ്ടൊരു കഥയായി മാറിയ മരിച്ചവർ കമറുദ്ദീന്റെ തന്നെ ആരും പുണരാത്ത ഒരുടൽ എന്ന കഥയെ വല്ലാതെ ഓർമ്മിപ്പിക്കുന്നുവെന്നതാണ് മറ്റൊരു ദൗർബല്യം. അവിടെയും അച്ഛനും അച്ഛന്റെ മരണവുമുണ്ട്. അവിടേയും ഇതേ ശൈലിയിലാണ് ആഖ്യാനം. ചില പ്രയോഗങ്ങൾ പോലും അതേപടി ആവർത്തിക്കുന്നു.

വൈന്റിങ് ക്ലോക്ക് കൂടുതൽ ഒതുക്കത്തോടെ, ഭംഗിയോടെ മരണമെന്ന സമസ്യയെക്കുറിച്ചും ഉപേക്ഷിക്കപ്പെടലുകളെക്കുറിച്ചും കാഥാത്മകമായി സംസാരിക്കുന്നു. വിമാനത്താവളത്തിനടുത്തെ ഭീകര ശബ്‌ദങ്ങളുമായുള്ള നിരന്തര സമ്പർക്കം കൊണ്ട് ചെറിയ ശബ്‌ദങ്ങൾ തിരിച്ചറിയാനാവാതെ വരുമെന്ന ഭീതിയാണ്,കഥ പറയുന്നയാളെ ഒരു വൈന്റിങ് ക്ലോക്കിലേക്കാകർഷിക്കുന്നത്. അതിനു തലച്ചോറുണ്ട് എന്നും പെന്റുലം അതിന്റെ ഹൃദയമെന്നും അയാൾ ചിന്തിച്ചു പോവുന്നു. പക്ഷേ വൈന്റിങ് ക്ലോക്കുകൾ എവിടെയും ലഭ്യമല്ല. ആന്റ്വിക് ഷോപ്പിലെ വൃദ്ധനാണ്  അയാളെ സഹായിക്കുന്നത്. വൃദ്ധമന്ദിരത്തിലേക്ക് താമസം മാറ്റാൻ തീരുമാനിച്ച വൃദ്ധ സ്ത്രീയുടെ ആറര പതിറ്റാണ്ടു പഴക്കമുള്ള, ഒരിക്കലും നിലച്ചുപോയിട്ടില്ലാത്ത ക്ലോക്ക് അയാൾക്കു കിട്ടുന്നു. പിന്നിട്ട കാലവും സമയവും  തിരിച്ചുപിടിക്കാൻ കഴിയുന്ന സമയത്തേ അതിനു വില നിശ്ചയിക്കാനാവൂ എന്ന വൃദ്ധയുടെ വാക്കുകളുടെ അർത്ഥം അയാൾക്കു നന്നായി മനസിലാവുന്നുമുണ്ട്. മൂന്നാമത്തെ ദിവസം രാത്രി പെട്ടന്നു ക്ലോക്ക് അൽപ്പസമയത്തേക്ക്  നിലച്ചുപോവുന്നു. അത് വൃദ്ധയുടെ മരണസമയമായിരുന്നുവെന്ന് പിറ്റേന്നാണ് വെളിപ്പെടുന്നത്.

ഹൃദയവും തലച്ചോറുമുള്ള പുരാവസ്തുക്കളുടെ പശ്ചാത്തലത്തിൽ നഗരജീവിതത്തിന്റെ യാന്ത്രികത്വമാണ് കഥയുടെ ആലോചനാ വിഷയം. പറഞ്ഞതും പഴകിയതുമായ ആശയമെങ്കിലും പറച്ചിലിന്റെ സാരള്യവും അനായാസതയും കൊണ്ട് കഥ നന്നാവുന്നു.

അകം മാസികയിലെ ടി. പി. വേണുഗോപാലന്റെ ‘നാട്ടുനടപ്പുകൾ’ നമ്മുടെ നാട്ടിലെ കാലികവും സാധാരണവുമായ നടപ്പുശീലങ്ങളെ കണക്കിനു കളിയാക്കുന്ന 6 കുഞ്ഞുകഥകളുടെ ശേഖരമാണ്. നാട്ടുരീതികളെ ,അവയുടെ കാപട്യത്തെ, പുതുകാലത്തിന്റെ മൂല്യവ്യതിയാനങ്ങളെ, നർമ്മ മധുരമായെങ്കിലും രൂക്ഷമായി വിമർശിക്കുന്ന ഇവയുടെ രാഷ്‌ട്രീയം
അതുകൊണ്ടുതന്നെ കൂടുതൽ പ്രസക്‌തവുമാണ്.

സി. ഗണേഷിന്റെ (കലാകൗമുദി)  വിരസവും വായനക്കാരെ പരീക്ഷിക്കുന്നതുമായ ‘ഒരു സുന്ദരിയുടെ …’ ബഷീറിന്റെ  “ഭ ർ ർ ” എന്ന കഥയിൽ നിന്നുള്ള ഉദ്ധരണിയോടെയാണ് ആരംഭിക്കുന്നത്. പോരാത്തതിന് എഴുത്തച്ഛന്റെ വരികളുമുണ്ട്. ബഷീർ എത്ര നർമ്മരസികതയോടെയാണ് സൗന്ദര്യത്തിന്റെ വൈരൂപ്യം ചൂണ്ടിക്കാട്ടിയതെന്നും എഴുത്തച്ഛൻ എത്ര ദാർശനികഗാംഭീര്യത്തോടെയാണ് സുന്ദരമായ ശരീരത്തിന്റെ അസുന്ദരമായ ഉള്ളടക്കങ്ങളെക്കുറിച്ച് പറയുന്നതെന്നും ഈ കഥ വായനക്കാരെ കൂടുതൽ ഓർമ്മപ്പെടുത്താനിടയുണ്ട്. സൗന്ദര്യത്തെക്കുറിച്ച് ഉണ്ടാക്കി വെച്ചിട്ടുള്ള അപരയുക്‌തി(?)യുടെ ഭാരത്തെയാണത്രേ ഈ കഥ ചോദ്യം ചെയ്യുന്നത്. എടുത്തു കൊണ്ടിരിക്കുന്ന സിനിമ, സുന്ദരിയും 19 കാരിയുമായ നായിക ,കുറെ കഥാപാത്രങ്ങൾ, സിനിമക്കിടാൻ വെച്ചിരിക്കുന്ന കേൾക്കുമ്പോൾത്തന്നെ ജനങ്ങളെ ഞെട്ടിക്കുന്ന ഒരു സുന്ദരിയുടെ അപ്പി എന്ന പേര്, വാലും തലയുമില്ലാത്ത സിനിമാ ചർച്ച… ഇതെല്ലാമാണു കഥ. സുന്ദരമായ ബാഹ്യശരീരത്തിനുള്ളിൽ അറപ്പുളവാക്കുന്ന പലതുമുണ്ടെന്ന സനാതനസത്യം ഇങ്ങനെ അറപ്പിക്കുന്ന രീതിയിലും ആവിഷ്കരിക്കാം എന്ന് ഈ കഥ കാണിച്ചുതരുന്നു.

-ജിസാ ജോസ്

5 Comments
 1. Xavier Joseph. 2 years ago

  excellent review…

 2. sivadas 2 years ago

  this is what real review is. stating the facts, without considering who the author is. great going…

 3. James 2 years ago

  Good review..

 4. Prasad 2 years ago

  അറപ്പിക്കുന്ന രീതിയിലും ആവിഷ്കരിക്കാം എന്ന് ഈ കഥ കാണിച്ചുതരുന്നു…. Wonderful critic view…

 5. Babu Raj 2 years ago

  മനോഹരമായ റിവ്യൂ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account