വെറുതെ കിട്ടുന്ന അന്നത്തേലൊക്കെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കൊളുത്ത്, ആ കൊളുത്തു കാണാതെ ആർത്തി കാണിച്ചവയുടെ കരച്ചിൽ, ഫ്രാൻസിസ് നൊറോണയുടെ കക്കുകളി (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്) യിലെ കഥ ഇത്രേയുള്ളു. പക്ഷേ ആ കൊളുത്തിന്റെയും കുടുങ്ങിയുള്ള പിടച്ചിലിന്റെയും പ്രാണവേദനയോടെയുള്ള കുതറലിന്റെയും കഥ പറയുന്നതിനിടയിൽ കമ്യൂണിസത്തിന്റെ വിശാലമാനവികത, അടിത്തട്ടിലെ ജീവിത പ്രതിസന്ധികൾ, ശ്രേണീബദ്ധമായ അധികാര ബന്ധങ്ങൾ എന്നിവ കഥാത്മകമായിത്തന്നെ ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്ന കൂട്ടത്തിൽ അതിന് ശക്‌തമായൊരു രാഷ്‌ട്രീയ സ്വഭാവം കൂടി നൽകുന്നു കഥാകൃത്ത്. അത് ബോധപൂർവ്വമെന്നു മനസ്സിലാക്കാതെയിരിക്കുന്നില്ല വായനക്കാരും. കഥയുടെ രാഷ്‌ട്രീയം നിഗൂഢവും അന്തർലീനവുമായിരിക്കണമെന്നുള്ള സൗന്ദര്യചിന്തകളുടെ കാലമൊക്കെ കഴിഞ്ഞതുകൊണ്ട് അത്തരം പ്രകട രാഷ്‌ട്രീയം ആരെയും അസ്വസ്ഥരാക്കുകയൊന്നുമില്ല, ചിലപ്പോഴെങ്കിലും കൂട്ടിച്ചേർത്തതോ ഏച്ചുകെട്ടിയതോ ഒക്കെ പോലെ മുഴച്ചു നിൽക്കുന്നുവെന്നു തോന്നിപ്പിച്ചാൽ പോലും. വാസു സഖാവിന്റെ മരണ ദിവസം തന്നെ പലിശക്കാരൻ നടാലിയയുടെ വീട്ടിൽ വേരുറപ്പിക്കുന്നതും “സഖാവു പോയ ദിവസാ, ആരൂല്ലാനി നമുക്കു വേണ്ടിപ്പറയാൻ, ഞാനീ കട്ടൻ കൊടുത്തേച്ച് അയാളോട് പലിശയ്ക്ക് സാവകാശം ചോദിക്കട്ടെ ” എന്ന് അമ്മ നിസഹായയാവുന്നതിലുമൊക്കെയുള്ള തിരക്കു പിടിച്ച അയുക്‌തികൾ കമ്മ്യൂണിസത്തിന്റെ സർവ്വാതിശയത്വം സ്ഥാപിക്കാനുള്ള വ്യഗ്രതയായിത്തന്നെ വായിച്ചെടുക്കാം.

കമ്മ്യൂണിസത്തിന്റെ തുറന്ന വ്യവസ്ഥകൾക്കും സമത്വചിന്തകൾക്കും എതിർവശത്ത് വ്യവസ്ഥാപിതവും അത്യന്തനിഗൂഢവുമായ മതരാഷ്‌ട്രീയത്തെയാണ് കഥ പ്രതിഷ്‌ഠിക്കുന്നത്. ഒന്ന്, വിശാലമായത്, നിരാലംബരുടെ ആശ്രയം, സമത്വസുന്ദരമായൊരു നവസമൂഹം സൃഷ്‌ടിക്കായി അഹോരാത്രം യത്‌നിക്കുന്നത്. രണ്ടാമത്തേത്, നിരാലംബത്വത്തെ ചൂഷണം ചെയ്യുന്ന നിഷ്‌കൂരവും മനുഷ്യത്വരഹിതവുമായ സ്ഥാപനം. ലോകനന്മയ്ക്കായി ക്രൂശിതനായ യേശുവിന്റെ പേരിലുള്ള ഏറ്റവും വ്യാപകമായ അധികാര വ്യവസ്ഥ.

കമ്മ്യൂണിസ്റ്റുകാരനായ, പള്ളിയോടും പട്ടക്കാരന്മാരോടും എന്നും വിയോജിപ്പു പുലർത്തിയ അപ്പൻ ഒക്‌ടോബർ മാസത്തിൽ ജനിച്ച മകൾക്ക് നടാലിയ എന്ന റഷ്യൻ പേരിട്ടതു തന്നെ വ്യക്‌തിപരമായ രാഷ്‌ട്രീയപ്രവൃത്തിയായിരുന്നു. മഠത്തിലേക്ക് ഒളിച്ചു പോയ സഹോദരിയോട് അയാളെന്നും പരിഭവിച്ചു. “ചൂണ്ടക്കൊളുത്തിൽ ഇര കോർക്കുന്ന പോലെയാ ദൈവവിളിയുടെ അന്നം, പിള്ളാരതു രുചിച്ചു വീണാ പിന്നെ മീനെപ്പോലെയാ” എന്നു മഠത്തിൽപ്പോയ ക്ലേര പിന്നീട് നടാലിയയെ ഉപദേശിക്കുന്നുണ്ടെങ്കിലും ദാരിദ്ര്യവും കഷ്‌ടപ്പാടും അവളെയും മഠത്തിലേക്കയക്കുന്നു. നല്ല തീറ്റ മോഹിച്ചു മാത്രം ദൈവവിളി കൂട്ടായ്‌മയ്ക്കു പോയ പെൺകുട്ടി സിസ്റ്റർമാരുടെ ചൂണ്ടക്കൊളുത്തിൽ എളുപ്പം കുടുങ്ങി.

തീരദേശ ഗ്രാമത്തിന്റെ സൂക്ഷമഭാവങ്ങളും അടിത്തട്ടിലെ ജീവിത പ്രതിസന്ധികളും, പ്രാദേശിക ഭാഷയുടെ തെളിമയും കഥയ്ക്കു നൽകുന്ന ചാരുത സവിശേഷമാണ്, മിക്കവാറും ഫ്രാൻസിസ് നൊറോണയുടെ എല്ലാ കഥകളിലുമെന്ന പോലെ .കൗമാരക്കാരിയായ പെൺകിടാവിന്റെ കൂതൂഹലങ്ങൾ, സ്വപ്‌നങ്ങൾ, ഇഷ്‌ടങ്ങൾ അവയെല്ലാം ഭംഗിയായി ശ്രദ്ധാപൂർവ്വമായ അശ്രദ്ധയോടെ കഥയിൽ ചിതറിക്കിടക്കുന്നു. കക്കുകളി, കൂട്ടുകാരിയുടെ നാമജപം കാണാതെ പഠിച്ചത്, ചൂണ്ടയിട്ട് മീൻപിടുത്തം, അലഞ്ഞു തിരിയലുകൾ .. അവളുടെ സ്വത്വം ആ ഗ്രാമത്തിന്റെതാണ്.അതു വിട്ടാൽ അവളില്ല. എനിക്കിവിടുന്ന് പോവാൻ തോന്നണില്ലമ്മേ എന്ന് ഉള്ളിൽ കരഞ്ഞുകൊണ്ടാണ് തന്റെ ഇഷ്‌ടങ്ങളെല്ലാം വെടിഞ്ഞ് അവൾ മഠത്തിലേക്കു പോവുന്നത്.

മഠത്തിലെത്തിയ രാത്രി തന്നെ അവളെക്കൊണ്ട് ആഴത്തിൽ കുഴിയെടുപ്പിച്ച് അവളുടെ എല്ലാ കന്നം തിരിവുകളും മദർ കുഴിച്ചുമൂടുന്നു. ബാല്യത്തിന്റെ കൗതുകങ്ങൾ, രസങ്ങൾ, കുസൃതികൾ എല്ലാം. നടാലിയ എന്ന പേരു മാറ്റി മേ ഫ്‌ളവർ കുരിശിങ്കൽ എന്ന പുതിയ പേര്. മുടി മുറിച്ച് പുതിയ വെള്ളയുടുപ്പ്. കന്യാസ്‌ത്രീ മഠങ്ങളിലെ വർണ വിദ്വേഷം, അനീതി, ചേരിതിരിവുകൾ തുടങ്ങി അവിടെയുള്ള കർത്താവിനു നിരക്കാത്ത എല്ലാം നടാലിയയെ കഷ്‌ടപ്പെടുത്തുന്നു. അവളുടെ കറുത്ത നിറവും സാമ്പത്തികശേഷിക്കുറവും വിദ്യാഭ്യാസമില്ലായ്‌മയും കമ്മ്യൂണിസ്റ്റ് പാരമ്പര്യവുമെല്ലാം അവൾക്ക് മഠത്തിലെ പണിക്കാരിയുടെ സ്ഥാനമേ നൽകുന്നുള്ളൂ. ലൈംഗിക ചൂഷണവും പീഡനവും വേറെ .

നടാലിയ മഠത്തിൽ നിന്നു രക്ഷപെടുന്നതിനു മുമ്പ് അവളെ ഉപദ്രവിക്കാൻ നിത്യവും ശ്രമിച്ചയാൾക്ക് ഉണങ്ങാത്ത മുറിവു സമ്മാനിക്കുന്നുണ്ട്. നീ കമ്മ്യൂണിസ്റ്റുകാരിയാണോ എന്ന് അവളോട് കൊച്ചു സിസ്റ്റർ ചോദിക്കുന്നുമുണ്ട്. അന്ന് രാത്രിമഴയിൽ പണ്ടു കുഴിച്ചുമൂടിയ തന്റെ തകരപ്പാട്ട കണ്ടെടുത്ത് അവൾ ഉന്മാദത്തോടെ കക്കു കളിക്കുന്നു. പിറ്റേന്നവൾ മഠത്തിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്യുന്നു. അമ്മ വാൽസല്യത്തോടെ ചേർത്തണച്ച് അവളെ പഴയ നിറങ്ങളിലേക്ക്, ആനന്ദങ്ങളിലേക്ക്, ഇഷ്‌ടങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോവുന്നു. കക്കുകളത്തിന്റെ ഓർമ്മയുണർത്തുന്ന തഴപ്പായ നെയ്ത്തിന്റെ തഴക്കം അവളുടെ കൈകൾക്കും വഴങ്ങുന്നു. പുതിയ കഥകൾ യാഥാർത്ഥ്യത്തിന്റെ തീനിലങ്ങളിൽ നിന്ന് കാൽപ്പനികതയുടെ കുളിരുകളിലേക്ക് ഓടിയൊളിക്കയാണെന്ന പ്രതീതി ശക്‌തമാക്കുന്നുണ്ട് ഈ കഥയുടെ അവസാനവും.

കമ്യൂണിസത്തിന്റെ ധാർമ്മിക ബോധത്തിനും മാനവികതയ്ക്കും എതിരാണ് പാവങ്ങളുടെ രക്‌തത്തിലും വിയർപ്പിലും കെട്ടിയുയർത്തുന്ന മതസ്ഥാപനങ്ങളും അവയുടെ അശ്ലീലമായ അധികാര വിന്യസനവുമെന്ന സാർവ്വത്രിക യാഥാർത്ഥ്യം നടാലിയയിലൂടെ അവളുടെ ജീവിതത്തിലൂടെ, അവളുടെ നിലപാടുകളിലൂടെ പുതുമയാർന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു കക്കുകളി. എസ്.കെ പൊറ്റക്കാടിന്റെ വിഷകന്യകയിലും, മുട്ടത്തുവർക്കി, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ കഥകളിലുമൊക്കെ സമാനമായ സന്ദർഭങ്ങൾ കണ്ടതോർമ്മിക്കുമ്പോഴും ഈ കഥ സവിശേഷമായ രീതിയിൽ അലോസരപ്പെടുത്തുന്നതിനു കാരണവും വേറൊന്നല്ല.

വി.കെ.കെ രമേഷിന്റെ ആഗതൻ എന്ന കഥ (മാധ്യമം ആഴ്ച്ചപ്പതിപ്പ്) കെ. എന്ന ഉൾനാടൻ റെയിൽവേ സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ശേഷാദ്രിയെന്ന സ്റ്റേഷൻ മാസ്റ്ററേയും റെയിലോരത്തെ ആശ്രയിച്ചു ജീവിക്കുന്ന നായ്ക്കളുടെ സംഘത്തെയും നിരീക്ഷണ വിധേയമാക്കുന്നു. വിശദാംശങ്ങളിലേക്ക് സൂക്ഷമമായി കടന്നു ചെന്ന് ഡോക്യുമെന്റേഷൻ ശൈലിയിലാണ് കഥയുടെ ആഖ്യാനം. അവിടേക്ക്, റെയിൽവേ നായ്ക്കളുടെ ആ സംഘത്തിലേക്ക് പുതിയൊരു കരുത്തനായ നായ എത്തിച്ചേരുന്നു. ഉപേക്ഷിക്കപ്പെട്ടതോ കടത്തപ്പെട്ടതോ ആവാം. വേഗം കുറച്ചു പോവുന്നതോ നിർത്തിയിടപ്പെടുന്നതോ ആയ ചരക്കു വണ്ടികളുടെ വാഗണുകൾ പലതരം കടത്തലുകൾക്കായി ഉപയോഗിക്കുന്ന സംഘങ്ങൾ കെ സ്റ്റേഷനെയും തങ്ങളുടെ ഇടത്താവളമാക്കുന്നത് ശേഷാദ്രിക്കുമറിയാം. വന്ന പട്ടി, മറ്റു പട്ടികളുടെ ജീവിതശൈലിയും ചെയ്‌തികളും പെരുമാറ്റ രീതികളുമൊക്കെ സംസ്‌കരിക്കുന്നു, മാന്യതയെന്ന പൊതു കൽപ്പിത മാനദണ്ഡങ്ങൾക്കുള്ളിലേക്ക് അവരെ മെരുക്കുന്നു. കൺസിസ്റ്റന്റ് ലീഡർ എന്നു് ശേഷാദ്രി അവനെ തിരിച്ചറിയുന്നു. “ഇവൻ ശരിയായ നേതാവ് തന്നെ, നേതാവ് ഉത്തമനായ ബ്രീഡെങ്കിൽ പുന്നപ്രവയലാറിൽ നിന്ന് ജുബ്ബയോടെ തൂക്കിയെടുത്ത് യൂറോപ്പിലോ ആസ്‌ട്രേലിയയിലോ കൊണ്ടിട്ടാൽ അവിടെയും ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കും, വാരിക്കുന്തം എറിയും”. നാളുകൾക്കു ശേഷം അവന്റെ യജമാനനെ അവൻ തന്നെ വീണ്ടെടുക്കുന്നു. അപ്പോഴേക്ക് അയാളൊരു ചാക്കുകെട്ടിലൊതുങ്ങിയ മൃതദേഹമായിക്കഴിഞ്ഞിരുന്നു ,സമ്പന്നനായ ജ്വല്ലറി മുതലാളി, ബിസിനസ് പകയിൽ നിന്നുണ്ടായ ആസൂത്രിതകൊല, അതിനു വേണ്ടി ആദ്യം കാവൽ നായയെ നാടുകടത്തൽ തുടങ്ങിയ സാധ്യതകൾ വായനക്കാരനു വിട്ടുകൊടുത്ത്, വിശ്വസ്‌തനായ നായ യജമാനനെ പിന്തുടർന്ന് അപ്രത്യക്ഷനായതും സൂചിപ്പിച്ച് കഥ അവസാനിക്കുന്നു .

ദീർഘമായ ഈ കഥ വായിച്ചു തീരുമ്പോൾ സാധാരണ വായനക്കാർ ഒന്നു ദീർഘനിശ്വാസം വിട്ടുപോവാനിടയുണ്ട്. അതൊരു ആശ്വാസത്തിന്റെ നിശ്വാസമാണ്. “ചില ഓർമ്മകൾ പാതിയിൽ നിർത്തുന്നതാണ് നല്ലത്. അറ്റങ്ങളിലേക്കു പോകുംതോറും എല്ലാം വിരഹത്തിൽ അവസാനിക്കുന്നു” എന്ന് കഥയിൽ ശേഷാദ്രി ഓർക്കുന്നുണ്ട്. ഇത്രയും നീണ്ട കഥകൾ പാതിയിൽ നിർത്തുന്നതാണു നല്ലതെന്നും നീളം കൂടുംതോറും വിരസതയിൽ അവസാനിക്കുന്നുവെന്നും ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

-ജിസാ ജോസ്

2 Comments
  1. socraties.k.valath 4 years ago

    നൊ റോണയുടെ ശൈലിയേക്കാൾ ഭേദം രമേശിന്റേതു തന്നെ. കഥ നീണ്ടു എന്നതു വാസ്തവം . നൊറോണ പറഞ്ഞ കാര്യങ്ങൾക്കു പുതുമയില്ല. കമ്യൂണിസത്തിന്റെ തകർച്ച – മoത്തിലെ മനുഷ്യത്വമില്ലായ്യ – ലൈംഗിക വിശപ്പ് – തിരിച്ചു പോരൽ -സർവോപരി തീരദേശ സംസാരശൈലിയിൽ ഉള്ള കഥപറച്ചിൽ എല്ലാം പറഞ്ഞു പഴകിയ താണു്. ജോർജു ജോസഫും മാത്യൂസും സെബാസ്റ്റ്യനും ഒക്കെ പറഞ്ഞു പറഞ്ഞു വലിച്ചെറിഞ്ഞത്. ഉപമകൾ ഉപയോഗിച്ചിരിക്കുന്നതും അമിതമായിട്ടാണ്. ഉള്ളിൽ തട്ടുന്നത്  ആ കൊളുത്തും വരാലും മാത്രം. മൊത്തത്തിൽ ഒരു മുപ്പതുകൊല്ലം പുറകോട്ടു പോയ പോലെ. എഴുത്തിലൂടെ എഴുത്തുകാരൻ മരിച്ചു ജനിക്കണം. ആവർത്തനത്തിൽ അഭിരമിക്കരുത്. വാമൊഴിയിൽ കോവിലൻ ഒരു തോറ്റങ്ങളേ എഴുതിയുള്ള. എന്നാൽ ഖാദർ തൃക്കോട്ടൂർ പെരുമയിലാറാടിക്കളഞ്ഞു. തട്ടകം വളച്ചെടുത്ത് അവിടെ വിശ്രമിച്ച എഴുത്തുകാരൊക്കെ അവിടെ കിടന്നിട്ടേ ഉള്ളു. ഓരോ കഥയ്ക്കുo ഓരോ എഴുത്തു വഴി കണ്ടെത്തണം. കഴിവുള്ള എഴുത്തുകാർ – ഏറെ പ്രതീക്ഷ തരുന്നവർ കിട്ടിയ -കിട്ടുന്ന അതി ലാ ള ന യു ടെ തണുപ്പിൽ കാട്ടിലും തീരദേശത്തും തന്നെ അകപ്പെട്ടു കിടക്കുന്നത് കഷ്ടമാണ്. രചനയുടെ വഴികളിൽ ഇവർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കും എന്നു പ്രതീക്ഷിക്കാം.

  2. Jisa Jose 4 years ago

    നെറോണയുടെ കഥയുടെ പ്രശ്നങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആഖ്യാനം പുതുമയുള്ളതായിത്തന്നെ തോന്നിപ്പിച്ചു. മികച്ച കഥയെന്ന നിലയിലല്ല അതിനെ കാണുന്നത്. നെറോണ സ്വയം അനുകരിക്കുന്നുണ്ട്. ആഗതനാവട്ടെ വിരസമായി മാത്രമേ അനുഭവപ്പെട്ടുള്ളു. എടുത്തു പറയാൻ ഒന്നും അവശേഷിപ്പിക്കാത്ത വായന

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account