“എനിക്കത് ഒരേ സമയം എന്റെ ജീവിതകഥയും എത്രയോ സിനിമകളുടെ കഥയുമായി തോന്നി”.

സമകാലിക മലയാളത്തിൽ കരുണാകരൻ എഴുതിയ വില്ലൻ എന്ന ദുർമേദസുകളില്ലാതെ, വടിവുള്ള അളവുകൾക്കിണങ്ങും വിധം ചെത്തിമിനുക്കിയെടുത്ത കഥയുടെ ആശയത്തെ ഇങ്ങനെ സംഗ്രഹിക്കാം. ജീവിതവും സിനിമയും ഇടകലരുന്നു. ജീവിതത്തിന്റെ അസുന്ദരമായ വളവുകളും വക്രതകളും സിനിമയുടെ കലാത്മകവും സാങ്കേതിക വൈദഗ്ദ്ധ്യം തികഞ്ഞതുമായ സൗന്ദര്യവും എവിടെയൊക്കെയോ എങ്ങനെയൊക്കയോ കൂടിക്കലരുന്നു. പിന്നവയെ വേർതിരിച്ചെടുക്കുക അസാധ്യമാണ്. ഒറ്റ നോട്ടത്തിൽ ലളിതമായൊരു സങ്കലനം .രണ്ടാമതൊന്നു നോക്കുമ്പോൾ വർത്തമാനകാല വിനിമയോപാധികൾ, സിനിമ പോലുള്ള വശ്യമായ കലാരൂപങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനെ സംഘർഷഭരിതമാക്കുന്നതും സത്യമേത്, കഥയേത് എന്നു തിരിച്ചറിയാനാവാത്ത വിധത്തിലുള്ള പ്രതിസന്ധികൾക്കുള്ളിലകപ്പെടുത്തുന്നതുമാണ് കഥയുടെ പ്രമേയമെന്നു വ്യക്തമാവുന്നു. അതാവട്ടെ അത്ര ലളിതമായൊരു പ്രശ്‌നമല്ല താനും.

നേർരേഖയിലുള്ളതെന്നു തോന്നിപ്പിക്കുന്ന ആഖ്യാനത്തിനുള്ളിൽ പലതായി പിരിയുന്ന, മിക്കവാറും സമാന്തരമായി പടർന്നു പന്തലിക്കുന്ന അനേകതകളിലൂടെയുള്ള സൂക്ഷ്‌മസഞ്ചാരമാണ് വില്ലൻ എന്ന കഥയുടെ സവിശേഷത. മോഷ്‌ടിക്കുവാൻ കയറിയ ആളൊഴിഞ്ഞ വീടുകളിൽ കുറച്ചുനാൾ, കുറച്ചു നേരമെങ്കിലും താമസിച്ച് മോഷണം നടത്തി പോകുന്ന കള്ളനെക്കുറിച്ചുള്ള സിനിമയിലെ നായകനെ അനുകരിക്കുന്ന മോഷ്‌ടാവാണ് കഥയിലെയും നായകൻ. ഒപ്പം, സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി നടക്കുന്ന കള്ളനാണയങ്ങൾ. തുടർച്ചയായി പരാജയപ്പെടുന്ന അനേകം അഭിനയ ശ്രമങ്ങൾ. മരിച്ചുപോയ അച്ഛൻ എല്ലായ്പ്പോഴും അയാൾക്കരികിൽ വരുന്നു. ഉപദേശിക്കുന്നു. എല്ലാക്കാര്യങ്ങളിലും ഇടപെടുന്നു. “അല്ലെങ്കിലും ജീവിച്ചിരിക്കുന്നവരെക്കാൾ എതിരിടാൻ പ്രയാസമാണ് മരിച്ചവരെ. മരിച്ചവർ നമ്മുടെ ജീവിതത്തിൽ അവരുടെ ജീവിതം കൂടി കൂട്ടിച്ചേർക്കുന്നു” എന്ന് നായകൻ തിരിച്ചറിയുന്നു. അയാൾ മോഷ്‌ടാവാണെന്നറിയാത്ത, അയാളുടെ അഭിനയമോഹത്തിന് പൂർണ പിന്തുണ കൊടുക്കുന്ന കാമുകി രമ്യ. ഇമോജികളുടെ ഭാഷയിലൂടെയുള്ള അവരുടെ ആശയ വിനിമയം. അവസാനം കാത്തിരുന്ന് അഭിനയിക്കാൻ കിട്ടിയ വേഷം വില്ലന്റേതായിരുന്നു. ഷോപ്പിങ്ങ് മാളിൽ ഒരു യുവതിയെ ഓടിച്ചിട്ട് വെടിവെച്ചു കൊല്ലുന്ന കൊലയാളിയുടെ വേഷം. ഷോപ്പിങ്ങ് മാളും യുവതിയും കൊലപാതകവും പക്ഷേ വ്യാജമായിരുന്നില്ല. വളരെ സിനിമാറ്റിക് ആയി അവ ആസൂത്രണം ചെയ്‌ത സംവിധായകൻ യഥാർത്ഥമായും അയാളുടെ അഭിനയമോഹത്തെ, അഭിനയശേഷിയെ ഉപയോഗപ്പെടുത്തുകയായിരുന്നു. ആ യുവതി അയാളുടെ വെടിയേറ്റ് ശരിക്കും മരിക്കുന്നു, സംവിധായകൻ ആഗ്രഹിച്ച വിധത്തിൽ തന്നെ. അനുഭവത്തിന്റെ സാങ്കേതികതയിലൂന്നിയ ആഖ്യാന തന്ത്രങ്ങളാണ് ഈ കഥയെയും വ്യത്യസ്‌തമാക്കുന്നത്, കരുണാകരന്റെ മിക്കവാറും കഥകളെന്നപോലെ. സമകാലകഥകൾക്കു പൊതുവേയുള്ള പരപ്പും അനാവശ്യമെന്നുപോലും തോന്നിപ്പിക്കുന്ന വിശദാംശവർണനകളും ബുദ്ധിപൂർവ്വം ഉപേക്ഷിച്ചതു കൊണ്ടുതന്നെ വില്ലൻ ഏകാഗ്രവും ശിൽപ്പഭദ്രവുമായി അനുഭവപ്പെടുന്നു.

ഭാഷാപോഷിണിയിലെ (ഡിസംബർ ) എം. നന്ദകുമാറിന്റെ ‘വ്യാധഗീതാ പ്രഭാഷണം: വിദ്യാധരൻ പുൽച്ചാടി (10 AM) ക്‌ണാശ്ശേരി’ പക്ഷിമൃഗാദികൾ കഥാപാത്രങ്ങളാവുന്നതും ഒറ്റ മനുഷ്യൻ പോലും നേരിട്ടു പ്രത്യക്ഷപ്പെടാത്തതുമായ കഥയാണ്. പക്ഷേ തികച്ചും ഇത് വർത്തമാനകാല മനുഷ്യരുടെ നിസഹായവും ലജ്ജാകരവുമായ ജീവിതത്തെക്കുറിച്ചുള്ള  കഥയുമാണ്. അധീശത്വത്തിന്റെ കർക്കശമായ യുക്‌തികളും ദയാരഹിതമായ ആശയങ്ങളും അതിൽ നിന്നു കുതറാനുള്ള മനുഷ്യന്റെ പലപ്പോഴും കുൽസിതമാവുന്ന അതിജീവനശ്രമങ്ങളും കഥയിൽ സറ്റയറിന്റെയും അന്യോപദേശത്തിന്റെയുമൊക്കെ പല നിറങ്ങളിൽ ആവിഷ്‌കൃതമായിരിക്കുന്നു. ക്‌ണാശ്ശേരിയുടെ മേച്ചിൽപ്പുറങ്ങളിൽ ഷിബു എന്ന കാളയും ഗോമതി എന്ന പശുവും മേഞ്ഞു നടക്കുന്നതിനിടെ പാഴിലകൾക്കിടയിൽ കിടന്ന ക്‌ണാശ്ശേരി ടൈംസ് എന്ന പത്രത്തിന്റെ മുൻ പേജ് ഷിബു വായിക്കാനിടയായി. ഗോവധ നിരോധന നിയമത്തെക്കുറിച്ചായിരുന്നു വാർത്ത. ഇരുവരും അതിനെക്കുറിച്ച് സൈദ്ധാന്തികാവലോകനം നടത്തുന്നതിനിടെ വിദ്യാധരൻ എന്ന പുൽച്ചാടി അവർക്കു മഹാഭാരതത്തിലെ വ്യാധഗീത പറഞ്ഞു കൊടുക്കുന്നു. പൂർവ്വജന്മത്തിൽ വിദേശ യൂണിവേഴ്‌സിറ്റിയിൽ മതബലിയും രാഷ്‌ട്രതന്ത്രങ്ങളും എന്ന വിഷയത്തിലെ റിസേർച്ച് സ്‌കോളറായിരുന്നു വിദ്യാധരൻ. ഇറച്ചിവെട്ടുകാരനിൽ നിന്ന് ധർമ്മവും സത്യവും പഠിക്കുന്ന കൗശികനെന്ന മുനിയെക്കുറിച്ചു പ്രതിപാദിക്കുന്ന മഹാഭാരതഭാഗമാണ് വ്യാധഗീത, അഥവാ അറവുകാരന്റെ ധർമ്മോപദേശം. ഇതിലെ ഗുണപാഠമെന്തെന്ന ഷിബുവിന്റെ ചോദ്യത്തിനു മറുപടിയായി മനുഷ്യകുലത്തിന്റെ നൃശംസതയെക്കുറിച്ച് വിദ്യാധരൻ വാചാലമായി പ്രസംഗിക്കുന്നു. മനുഷ്യന്റെ മൂല്യധാരണകൾ, സ്വാർത്ഥ  താൽപ്പര്യങ്ങൾ, വർഗ്ഗപരമായ നിലപാടുകൾ ഇവയെല്ലാം വസ്‌തുനിഷ്ഠമായിത്തന്നെ കഥ വിമർശന വിധേയമാക്കുന്നുണ്ട്. കാലികവും ഹിംസാപരവുമായ സാമൂഹിക സാഹചര്യങ്ങളും കഥയിൽ അനാവൃതമാവുന്നു. ഇതൊക്കെയെങ്കിലും കഥയെന്ന നിലയിൽ വ്യാധഗീതാ പ്രഭാഷണത്തിന് എന്തെല്ലാമോ അപാകതകൾ, ചേരായ്‌മകൾ വായനക്കാർക്ക് അനുഭവപ്പെടാം. വ്യാധഗീതയെന്ന ഉപകഥയുടെ പ്രസക്‌തി പോലും സംശയാസ്‌പദമായി തോന്നാം. കഥയെന്നല്ല, പ്രഭാഷണമെന്നു തന്നെ വിളിച്ചാലും ഈ കഥയ്ക്ക് ചേരുമെന്നും തോന്നിപ്പോവാം.

പടയാളി സമയത്തിലെ ഡോ. എം. ഷാജഹാന്റെ കാക്ക എന്ന കഥ കേരളത്തിൽ നടന്ന ക്രൂരമായ സ്‌ത്രീപീഡനങ്ങളുടെ ആവിഷ്‌ക്കാരമാണ്. കാമുകനാൽ കൊല ചെയ്യപ്പെട്ട ജിഷ എന്ന പെൺകുട്ടി പരലോകത്തിലെ കാക്കയായി രണ്ടു ലോകങ്ങളിലും പറന്നു നടക്കുന്നു. അവൾക്ക് എല്ലാ കാഴ്ച്ചകളും കാണാം. അവൾ കാണുന്ന ഒരു കൊലപാതകം കേരളത്തെ പിടിച്ചുകുലുക്കിയ ക്രൂര പീഡനത്തിന്റെ, കൊലയുടെ പിന്നിലുള്ള ചില രഹസ്യങ്ങളും ചതികളും അനാവരണം ചെയ്യുന്നു. മരണാനന്തര ജീവിതമാണ് പെൺകുട്ടികൾക്ക് കൂടുതലഭികാമ്യമെന്ന് കാക്കയായി മാറിയ ജിഷ ചിന്തിച്ചു പോവുന്നു. കുറെ സംഭവങ്ങൾ തുടർച്ചയായി ആഖ്യാനം ചെയ്യുന്നുവെന്നല്ലാതെ അവയെ കഥയാക്കി മാറ്റുന്ന ആ സവിശേഷമായ രാസപ്രവർത്തനം സംഭവിച്ചിട്ടില്ലെന്ന് കാക്ക വായിക്കുമ്പോൾ തോന്നിപ്പോവുന്നത് സ്വാഭാവികമാണ്.

കലാകൗമുദിയിലെ ബൂട്ടുകളുടെ സംഗീതം (അശ്വതി ശശികുമാർ) പട്ടാള ബാരക്കും തീവ്രവാദി ആക്രമണവും സ്‌ഫോടനവുംമകന്റെ ദുർമരണവും അമ്മയുടെ ഭ്രാന്തും ദേശസ്‌നേഹവും എല്ലാം തോന്നിയ അനുപാതത്തിൽ കൂട്ടിക്കുഴച്ച കഥയാണ്. ഇന്ത്യൻ ആർമിക്കു സമർപ്പിച്ചിട്ടുള്ള ഈ കഥയിൽ പുതുമയുള്ളതൊന്നും കണ്ടെത്താനില്ല, എത്ര ശ്രമിച്ചാലും കണ്ടെത്തുകയുമില്ല.

-ജിസാ ജോസ്

5 Comments
 1. Valsaraj 2 years ago

  A true review… liked it.

 2. Jaya 2 years ago

  നല്ല റിവ്യൂ. ‘കഥകൾക്കൊപ്പം’ നന്നായിട്ടുണ്ട്

 3. Sreeraj 2 years ago

  കഥകളുടെ മർമ്മമറിഞ്ഞ അവലോകനം. എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെ അനുവദിച്ചുകൊടുക്കുമ്പോഴും, തെറ്റുകളൂം അനാവശ്യവും ചൂണ്ടിക്കാണിക്കാനുള്ള എഴുത്തുകാരിയുടെ കഴിവിനെ അഭിനന്ദിക്കുന്നു. ഭാവുകങ്ങൾ!

 4. ടocraties k valath 2 years ago

  Impartial. Thank you

 5. Anil 2 years ago

  Good note

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account