ചിന്തകളുടെ, സാധാരണവും ചിലപ്പോഴൊക്കെ അസാധാരണവുമാവുന്ന ആശയങ്ങളുടെ സവിശേഷമായ ആഖ്യാനങ്ങളാണ് എന്നും കഥകൾ. സുരക്ഷിതമായ ഇടങ്ങൾ വെടിയുന്നതുകൊണ്ടു തന്നെ അസുഖകരമായതും പല വിധ കാരണങ്ങളാൽ സങ്കീർണ്ണമായതുമായ പ്രമേയ സ്ഥലികൾ കഥകളെ ചടുലവും തീവ്രവുമാക്കുന്നു. അതു തന്നെയാണ് കഥയ്ക്ക് സാംസ്‌ക്കാരിക പ്രതിരോധത്തിന്റെ സൂക്ഷമമായ തലം കൂടി സാധ്യമാക്കുന്നതും.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (ലക്കം: 40) എൻ.പ്രഭാകരന്റെ രണ്ടു കഥകളാണുള്ളത്. ഒരേ എഴുത്തുകാരന്റെ രണ്ടു കഥകൾ അടുത്തടുത്ത് ഒരേ ലക്കത്തിൽ കൊടുക്കുന്നതിന്റെ യുക്‌തി തീർച്ചയായും വിപണന തന്ത്രങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്. അത് വായനയുടേയോ വായനക്കാരന്റേയോ താൽപ്പര്യങ്ങളോട് യോജിക്കുന്നതല്ലതാനും. വ്യത്യസ്‌തതയാണ് വായനക്കാർ ഇഷ്‌ടപ്പെടുക . ഒരേ എഴുത്തുകാരൻ രണ്ടു കഥകളുടെ ഇടം ഒറ്റ ലക്കത്തിൽ അപഹരിക്കുന്നത്, എഴുത്തുകാരനല്ല അതിനുത്തരവാദി എന്നിരിക്കിലും, അന്യായമായിത്തന്നെ തോന്നുന്നു.

മലയാളത്തിൽ കഥയെഴുത്തുകാരുടെ എണ്ണം കുറഞ്ഞതോ മാതൃഭൂമിക്ക് നല്ല കഥകൾ കിട്ടാത്തതോ അല്ല തീർച്ചയായും അതിന്റെ കാരണം. ഒറ്റ ലക്കം ഒരേ എഴുത്തുകാരന്റെ രണ്ടോ മൂന്നോ വ്യത്യസ്‌ത കഥകളുടെ പാക്കേജ് എന്ന രീതിയിൽ ആഴ്ച്ചപ്പതിപ്പുകൾ പരസ്യം ചെയ്യുന്നത് സമീപ ഭാവിയിൽത്തന്നെ സാധാരണമായിക്കൂടെന്നില്ല. വായനക്കാർ എന്തും സ്വീകരിച്ചു കൊള്ളും. സംഘ് പരിവാറിന്റെ ഫാസിസ്റ്റ് നയങ്ങളേയും നോട്ട് നിരോധനത്തിന്റെ പരിഹാസ്യതയെയും സമകാലിക കേരളീയാവസ്ഥകളിൽ മാധ്യമങ്ങളുടെ ദയനീയമായ മൂല്യശോഷണത്തെയും പച്ചയ്ക്ക് വിളിച്ചു പറഞ്ഞ, കെ.ആർ മീരയുടെ 3 കഥകളാണ് മുമ്പ് ഇതേപോലെ ഒറ്റ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. വിവാദമായേക്കാവുന്ന പലതും അതിലുണ്ടായിരുന്നു. പക്ഷേ ആ തീ ആളിപ്പിടിച്ചില്ല. ഒരു കാരണം, അതെഴുതിയത് സ്‌ത്രീ ആണെന്ന വിമർശകരുടെ ഉദാസീനത തന്നെയാവാം. ആ കഥകളിൽ പരാമർശിച്ചിരുന്ന, പരിഹസിച്ചിരുന്ന വിഭാഗക്കാരൊന്നും വായനാശീലമില്ലാത്തവരായിരിക്കാമെന്നത് മറ്റൊരു കാരണവുമാവാം. എന്തായാലും വിവാദങ്ങളുണ്ടാക്കുന്ന വിഷയങ്ങൾ, പ്രമേയങ്ങൾ ആവിഷ്‌ക്കരിക്കുന്ന കഥകളുടെ മാർക്കറ്റ് വാല്യു തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് മാതൃഭൂമി ഈ ബഹുകഥാ പ്രസിദ്ധീകരണം ആവർത്തിക്കുന്നതെന്നു വ്യക്‌തം.

മീരയുടെ കാര്യത്തിൽ ഉദ്ദേശിച്ച ഫലസിദ്ധി ഉണ്ടായില്ലെങ്കിലും എൻ. പ്രഭാകരന്റെ ‘കളിയെഴുത്ത്’ എന്ന ആക്ഷേപഹാസ്യ രചന തീർച്ചയായും ആ ലക്ഷ്യത്തിലെത്തിയെന്ന് കഥയെ ചുറ്റിപ്പറ്റിയുണ്ടാകുന്ന വിവാദങ്ങൾ തെളിയിക്കുന്നു. ക്രീഡാങ്കണം എന്ന സങ്കൽപ്പരാജ്യത്തെ അധ്യാപക പരിശീലന പദ്ധതികളെക്കുറിച്ചുള്ള വിവരണമാണ് കഥ. കഥപറച്ചിലിൽ മനപൂർവ്വം സ്വീകരിച്ചിട്ടുള്ള ചരിത്രാഖ്യാനങ്ങളുടേതായ ഡോക്യുമെന്റെഷൻ രീതി, പുതിയകാല മനുഷ്യരുടെ നിലപാടില്ലായ്‌മ, ഭീരുത്വം, ചരിത്രപഠനങ്ങളിലെ നിരർത്ഥകത തുടങ്ങി കൗതുകകരമായ പല പുതുമകളും നിരീക്ഷണങ്ങളുമുണ്ടെങ്കിലും ഈ കഥ അതിൽ പരാമൃഷ്‌ടമായ സങ്കൽപ്പ കേളികൾ കേരളത്തിലെ അധ്യാപക പരിശീലന പദ്ധതികളെക്കുറിച്ചാണെന്ന വിമർശനങ്ങളുടെ പേരിലാണ് വിവാദം സൃഷ്‌ടിച്ചത്‌, സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നത്. കഥയുടെ സൗന്ദര്യാത്മകവശങ്ങളും ക്രാഫ്റ്റിന്റെ മികവും കാണാതെ പോവുന്നു. ആക്ഷേപഹാസ്യ രചനകൾ തിരുത്തലിനുള്ള ഊർജ്ജം കൂടി പ്രസരിപ്പിക്കും, ഈ കഥയും അതു ചെയ്യുന്നുമുണ്ട്. പക്ഷേ, അതിനോടു പുറം തിരിഞ്ഞു നിന്നാണ് വിമർശകർ കഥയെയും എഴുത്തുകാരനേയും ഏകപക്ഷീയമായി വിമർശിക്കുന്നത്. .

കളിയെഴുത്തിനെ കാര്യമായെടുത്ത് വിചാരണ ചെയ്യുന്നതിനിടയിൽ ധ്വനി സാന്ദ്രമായ “ഒരു തോണിയുടെ ആത്മകഥയിൽ നിന്ന്” എന്ന കഥ വായിക്കപ്പെടാതെ പോവുന്നുവെന്നതാണ് വായനക്കാരെ സംബന്ധിച്ചുള്ള ദുരന്തം. ഒരു പക്ഷേ എഴുത്തുകാരനെ സംബന്ധിച്ചും. പ്രാചീന ജാപ്പനീസ് കവിതയുടെ ആശയത്തെ സാർവ്വകാലികമായ മനുഷ്യാവസ്ഥകളുമായി യുക്‌തിഭദ്രമായി ബന്ധിപ്പിച്ച് കഥയുടെ രൂപത്തിലുള്ള മറ്റൊരു കവിത തന്നെയാക്കി മാറ്റിയിരിക്കുന്നു. ശ്വാസതടസത്തിന്റെ കടുത്ത നാളുകൾക്കിടയിൽ പെട്ടന്ന് തോണിയായും തോണിക്കാരനായും മാറുന്ന ആഖ്യാതാവ്. വിജനമായ സമുദ്രത്തിലൂടെ ഏകാന്തമായ യാത്ര. രണ്ടു ദ്വീപുകൾ, രണ്ടു കാമിനിമാർ. യാത്ര അവസാനിക്കുന്നില്ല. വേറൊരു തീരത്തേക്ക്, വേറെ അനുഭവങ്ങൾക്കായി വീണ്ടും യാത്ര. ഒരു സഞ്ചാരിക്കുവേണ്ടി ജീവിതം എന്നും അത്‌ഭുതങ്ങൾ കരുതി വെയ്ക്കുന്നു. കാര്യകാരണങ്ങളുടെ, യുക്‌തിയുടെ ചരടറ്റു പോവുന്ന ഭ്രമാത്മകതയുടെ സാധ്യതയിലൂന്നിയതാണ് ഈ കഥയിലെ തോണിയാത്ര. പക്ഷേ, ഏറ്റവും യുക്‌തിസഹമായി, ദാർശനികമാനങ്ങളോടെ അത് ജീവിതത്തെ നിർവ്വചിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യമാണ് കഥയുടെ സവിശേഷത. പ്രണയവും സത്രീ പുരുഷ ബന്ധത്തിന്റെ കെട്ടുപാടുകളില്ലാത്ത വിശാലതയും ബന്ധങ്ങളുടെ അർത്ഥശൂന്യതയും സ്‌നേഹത്തിന്റെ യാഥാർത്ഥ്യം ഒരിക്കലും മനസിലാക്കാനാവാത്ത മനുഷ്യന്റെ നിസഹായതയും ജീവിതത്തിന്റെ ഹ്രസ്വതയുമൊക്കെ മനോഹരമായി ഏറ്റവും സുതാര്യമായി കഥയിൽ ആഖ്യാനം ചെയ്‌തിരിക്കുന്നു.

പി.ജെ.ജെ. ആന്റണിയുടെ ‘ആയുധ ഇടപാടുകൾ’ ( സമകാലിക മലയാളം, ലക്കം: 30) പുതിയ ലോകത്തിന്റെ കാഴ്ച്ചകളാണ് പകർത്തുന്നത്. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിക്കുന്ന അച്ഛനമ്മമാർ. സംതൃപ്‌ത കുടുംബം. പുതുമയുള്ള കളിപ്പാട്ടങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം കളിത്തോക്കുകളിലേക്കും കളിക്കത്തിയിലേക്കുമെത്തി. ഹിംസാപരമായ വിനോദങ്ങൾക്കായി അച്ഛൻ തന്നെ മക്കളെ പ്രേരിപ്പിക്കുന്നു. അമ്മയുടെ വിലക്കു വകവെയ്ക്കാതെ. ആയുധങ്ങൾ കൊണ്ടു കളിച്ചിരുന്ന കുട്ടികൾ ഒപ്പം വെറുപ്പിനെയും കാലുഷ്യത്തെയും കൂടി പ്രിയത്തോടെ ലാളിച്ചു വളർത്തിയത് അച്ഛനുമമ്മയും അറിയാതെ പോയി. കളി കാര്യമായ ദിവസം മൂത്തവൻ ശരിക്കും കറിക്കത്തിയെടുത്ത് ഇളയവനെ കൊല്ലുന്നു. പുതുമയില്ലാത്ത പ്രമേയമെന്നതു മാത്രമല്ല, കഥയുടെ അവസാനം മുൻകൂട്ടി കാണാനാവുന്നുവെന്നതും ആയുധ ഇടപാടുകളുടെ പരിമിതിയാണ്. എവിടൊക്കെയോ കഥ കഥയായി മാറാതെ വെറും വസ്‌തു സ്ഥിതി കഥനം മാത്രമാവുന്നു.

മാധ്യമത്തിൽ പി.കെ. പാറക്കടവിന്റെ 3 കുറുങ്കഥകൾ ആണുള്ളത്. 3 കഥകളിലെയും ആശയം കാലിക പ്രസക്‌തമെങ്കിലും അദ്ദേഹം തന്നെ നൂറ്റൊന്നാവർത്തിച്ച ക്ഷീരബലയാണ്. പക്ഷേ, ചെറുതായതു കൊണ്ടു തന്നെ രൂക്ഷമായ സംവേദനശേഷി ഈ കഥകൾക്കുണ്ടെന്നു സമ്മതിച്ചേ മതിയാവൂ. ചെറിയ കഥകളുടെ ലക്ഷ്യവും അത്രേയുള്ളു താനും.

-ജിസാ ജോസ്

4 Comments
 1. Baburaj 4 years ago

  കച്ചവട ലാഭത്തിനായി എഴുത്തുകൾ തരാം താഴുന്ന കാഴ്ച്ച…
  Nice review…

 2. ടocraties k valath 4 years ago

  ശരിയാണ്. എൻ.പ്രഭാകരന്റെ നല്ല കഥ കാണാതെ പോകുന്നു. നീതിക്കു നിരക്കുന്ന വിമർശനശൈലിയാണ് ജിസാ ജോസിന്റേത്. ഇങ്ങനെയുള്ള തുറന്ന അഭിപ്രായങ്ങൾ വേണം – സാഹിത്യത്തിലെ ചില വേണ്ടാത്ത പ്രവണതകൾ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

 3. Vishnu 4 years ago

  Good read…

 4. Sudhakaran 4 years ago

  Good note…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account