മെക്കോങ് നദീ തടങ്ങളിൽ കണ്ടു വരുന്ന ഒരു കണ്ടൽ ചെടിയാണ് വാട്ടർ കോക്കനട്ട് എന്നറിയപ്പെടുന്ന നീർതെങ്ങുകൾ. തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ഞാൻ ഇതിനെക്കുറിച്ച് ഒരു യാത്രാവിവരണത്തിൽ വായിച്ചത്. ഇവ തെങ്ങു തന്നെയാണെന്ന് പറയുമ്പോഴും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇന്റർനെറ്റിൽ തപ്പിയെടുക്കാനായില്ല. തെങ്ങുകൾ എന്നും ദൗർബല്യമായ ഒരു മലയാളി മനസ്സ് തന്നെയായിരിക്കണം ഇത് നേരിൽ കാണണമെന്ന ആഗ്രഹം എന്നിൽ ശക്തമാക്കിയത്. വിയറ്റ്നാമിലെ മെക്കോങ് നദീതടങ്ങളിലാണ് ഇവയുള്ളത്.
മെക്കോങ് ഒരു വലിയ നദിയാണ്. ചൈനയിൽ നിന്നുൽഭവിച്ച് മ്യാൻമാർ, തായ്ലൻഡ്, ലാവോസ്, കംബോഡിയ, വിറ്റ്നാം എന്നീ രാജ്യങ്ങളിലൂടെ ഒഴുകി, തെക്കൻ ചൈനാക്കടലിൽ പതിക്കുന്ന ഈ നദിക്ക് ഏകദേശം നാലായിരത്തി മുന്നൂറ്റി അൻപതു കിലോമീറ്റെർ നീളമുണ്ട്. ഈ രാജ്യങ്ങളുടെയെല്ലാം കാർഷിക, വ്യവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഈ നദി നൽകുന്ന പങ്ക് വളരെ വലുതാണ്. ഞാൻ ഈ നദിയെ പലരാജ്യങ്ങളിലും കണ്ടിട്ടുണ്ട്, യാത്രകൾ ചെയ്തിട്ടുണ്ട്. മ്യാൻമാർ, തായ്ലൻഡ്, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിർത്തി വേർതിരിക്കുന്നതും മെക്കോങ് നദി തന്നെ. തായ്ലൻഡിലെ ചിയാങ് റായി പ്രവിശ്യയിലെ ഗോൾഡൻ ട്രയാങ്കിൾ എന്നറിയപ്പെടുന്ന സ്ഥലത്ത് ഞാൻ ഈ അതിർത്തി വിഭജനം നേരിൽ കണ്ടിട്ടുമുണ്ട്.
നമ്മുടെ പാരിസ്ഥിതിക പരിപാലനത്തിന് കണ്ടൽ കാടുകളുടെ പ്രാധാന്യം ഇന്ന് നമുക്കറിവുള്ളതാണ്. കണ്ടൽ ചെടികളെന്നാൽ ഒരു പ്രത്യേകതരം ചെടികളല്ല, മറിച്ച് അത് ഈ ചെടികളുടെ ഒരു പൊതു സ്വഭാവം മാത്രമാണ്. ഉപ്പുവെള്ളതിൽ വളരുവാൻ കഴിവുള്ള ഇത്തരം സസ്യജാലങ്ങളെയാണ് പൊതുവായി കണ്ടൽ ചെടികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഞാൻ പല കണ്ടൽ വനങ്ങളും സന്ദർശിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിസ്തൃതമായ കണ്ടൽ വനങ്ങളിലൊന്നാണ് സുന്ദർബൻ. ഇത് ബംഗാളിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്നു. പതിനായിരം ചതുരശ്ര കിലോമീറ്റർ ആണ് ഈ കണ്ടൽ വനത്തിന്റെ വിസ്തൃതി. അതിന്റെ മുപ്പത്തിയഞ്ചു ശതമാനവും ബംഗാളിലാണ്. സുന്ദരി എന്ന കണ്ടൽ ചെടികളാണ് ഇവിടെ കൂടുതലും. അതുകൊണ്ടാണ് ഇതിന് സുന്ദർബൻ എന്ന പേര് വന്നത്. ബംഗാളിയിൽ ബൻ എന്നാൽ വനം എന്നാണർത്ഥം. ഈ സുന്ദരവനത്തിൽ രണ്ടു ദിവസം താമസിക്കുന്നതിനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്.
കണ്ടൽ കാടുകളുടെ കാര്യത്തിൽ നമ്മുടെ കേരളവും ഒട്ടും പുറകിലല്ല. ആലപ്പുഴ, എറണാകുളം, വടക്കൻ മലബാർ തുടങ്ങിയിടങ്ങളിലെല്ലാം കണ്ടൽ കാടുകൾ ഉണ്ട്. കായൽക്കണ്ടൽ, വള്ളിക്കണ്ടൽ, പനച്ചിക്കണ്ടൽ, പ്രാന്തൻ കണ്ടൽ എന്നെല്ലാം വിളിപ്പേരുകളുള്ള റൈഫോറ കുടുംബത്തിൽപ്പെട്ട കണ്ടലുകളാണിവിടെ കൂടുതലായി കണ്ടുവരുന്നത്.
പലയിടങ്ങളിലും കണ്ടൽ ചെടികൾ കണ്ടിട്ടുള്ള എനിക്ക് കണ്ടൽ തെങ്ങുകൾ കൗതുകമായതയിൽ ആശ്ചര്യമൊന്നും തോന്നിയില്ല. അതുകൊണ്ടുതന്നെയാണ് എന്റെ ഇത്തവണത്തെ വിയറ്റ്നാം യാത്രയിൽ ഈ നീർതെങ്ങുകളെയും സന്ദർശിക്കണം എന്ന് തീരുമാനിച്ചത്. തനിയെ പോയി കണ്ടുവരിക അത്ര എളുപ്പമല്ലാത്തതുകൊണ്ടാണ് വിയറ്റ്നാം ടൂർ ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തുന്ന ഗ്രൂപ്പ് ടൂറിൽ പങ്കാളിയായത്. വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമായ ഹോ ചി മിൻ സിറ്റിയിൽ നിന്നുമായിരുന്നു യാത്ര പ്ലാൻ ചെയ്തത്. അമ്പതു കിലോമീറ്ററുകളോളം ബസിൽ ആയിരുന്നു യാത്ര. അതിനു ശേഷം വലിയൊരു ബോട്ടിൽ അരമണിക്കൂർ യാത്ര. അവിടെ നിന്നും ചെറിയൊരു മോട്ടോർ ബോട്ടിലേക്ക്, തുടർന്ന് തുഴയുന്ന ചെറുവള്ളങ്ങളിലേക്ക്.
ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു സഹയാത്രികർ. എല്ലാവർക്കും കൗതുകം തന്നെയായിരുന്നു കനാലുകളുടെ ഇരുവശങ്ങളിലും തേങ്ങയും പേറി നിന്നിരുന്ന ഈ തെങ്ങുകൾ. ചെറിയ തേങ്ങകൾ ഒരു കുലയിൽ ഒട്ടിയിരിക്കുന്നതു പോലെയായിരുന്നു കാണപ്പെട്ടത്. നമ്മുടെ നാളികേരത്തിന്റെ അതേ ഘടന തന്നെയാണ് ഈ കായ്കൾക്കും. വലിപ്പത്തിൽ കുറച്ചു ചെറുതാണ് എന്ന് മാത്രം. തെങ്ങും അങ്ങനെതന്നെ, മൂന്നോ നാലോ വർഷം പ്രായമുള്ള തെങ്ങുകൾ പോലെ. ഇവ നമ്മുടെ നദികളിലും തോടുകളിലും ഒരു കാലത്തു സമൃദ്ധമായിരുന്ന കൈതച്ചെടികളെ എന്നെ ഓർമ്മപ്പെടുത്തി.
നീർതെങ്ങിന്റെ തേങ്ങ രുചിച്ചു നോക്കുന്നതിനുള്ള അവസരവും അവിടെയുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ തേങ്ങയുടെ അതേ രുചി തന്നെയായിരുന്നു അതിനും. തോടും ചകിരിയും ചിരട്ടയും എല്ലാം അതേ പോലെ തന്നെ. ഇത് തെങ്ങിന്റെ ഒരു വകഭേദം തന്നെയാണ് എന്ന അറിവ് എനിക്കീ യാത്രയിലെ ഒരു പുതിയ പാഠമായിരുന്നു.
മെക്കോങ് നദീതടത്തിലൂടെയുള്ള ഈ യാത്രകൾ എന്നെ സംബന്ധിച്ചിടത്തോളം ഒരു ലഹരി തന്നെയായിരുന്നു. ഇത്തരം തെങ്ങുകളെക്കുറിച്ചു ഇപ്പോഴും കാര്യമായ അറിവുകൾ ഇല്ല എന്നത് എന്നെ അത്ഭുതത്തിലാക്കുന്നു. ദിനം പ്രതി ആയിരക്കണക്കിന് സഞ്ചാരികൾ ഇവിടം സന്ദർശിച്ചിട്ടുപോലും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നില്ല എന്നത് തികച്ചും നിർഭാഗ്യകരം തന്നെ.
Good information through your journy …expecting more experiences in next article…
പുതിയ അറിവിന് നന്ദി