(ഇന്ത്യ ടു ഇന്ത്യാന തുടരുന്നു…)

ഞങ്ങളിപ്പോള്‍ ഇന്ത്യാനാ പോളിസിലെ വൈറ്റ് റിവര്‍ സ്റ്റെയ്റ്റ് പാര്‍ക്കിലാണ്. വൈറ്റ് റിവര്‍ കനാലിന്‍റെ കരയില്‍. ഇന്ത്യാനയുടെ മധ്യഭാഗത്തുകൂടിയും തെക്കുഭാഗത്തുകൂടിയും രണ്ടു കൈവഴികളായി ഒഴുകുന്ന വൈറ്റ് റിവര്‍, വാബാഷ് നദിയുടെ പ്രധാന പോഷകനദിയാണ്. 583 കിലോമീറ്റര്‍ നീളമുള്ള ഈ നദിയുടെ കരയിലാണ് ഇന്ത്യാനയുടെ തലസ്ഥാനമായ ഇന്ത്യാനപോളിസ്. ഈ നദിയുടെ ഒരു കൈവഴിയില്‍നിന്നു വെട്ടിയുണ്ടാക്കിയ സെന്‍ട്രല്‍ കനാല്‍, പത്തു കിലോമീറ്ററോളം ദുരത്തില്‍ തലസ്ഥാനനഗരിയില്‍ ശുദ്ധജലപ്രവാഹത്തിന്‍റെ ഊര്‍ജ്ജധമനിയായി ഒഴുകുന്നു. ഇന്ത്യാനയിലെ റെഡ് ഇന്ത്യന്‍ വംശജരായ മിയാമി ഗോത്രക്കാര്‍ ‘വാപഹാനി’ എന്നാണ് ഈ നദിയെ വിളിച്ചിരുന്നത്. വാപഹാനി എന്നാല്‍ മിയാമി
കളുടെ ഭാഷയില്‍ വെളുത്ത മണല്‍ എന്നാണത്രേ അര്‍ത്ഥം. വൈറ്റ് റിവര്‍ സ്റ്റെയ്റ്റ് പാര്‍ക്ക് എന്ന പേരില്‍ അതിമനോഹരമായ പാര്‍ക്കും പുഴയോരക്കാഴ്ച്ചകളും തലസ്ഥാനനഗരിയില്‍ ഒരുക്കിയിട്ടുണ്ട്. കനാലിന്‍റെ ഇരുഭാഗത്തുമായി, ആളുകള്‍ക്ക് നടക്കാനും വാഹനം ഓടിക്കാനും പറ്റുന്ന തരത്തില്‍ വിശാലമായ പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വൈറ്റ് റിവറെന്നാണ്
പേരെങ്കിലും നദിയിലെ ജലം നീല; ആകാശം നിഴലിക്കുന്ന നീലിമ.

നമ്മുടെ നാട്ടിലാണെങ്കില്‍ പട്ടണത്തിലൂടെ ഒരു നദി ഒഴുകുന്നു എന്ന കാര്യം ഓര്‍ക്കുമ്പോള്‍ത്തന്നെ ചര്‍ദ്ദിക്കാന്‍വരും. അത്രമാത്രം വൃത്തികേടായിരിക്കും മനസ്സിലെത്തുക. നഗരത്തിലെ എല്ലാ ഒഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും ഫാക്ടറിയില്‍നിന്നുള്ള രാസമാലിന്യങ്ങളും അടക്കം നാം വിസര്‍ജ്ജിക്കുന്നതുമുഴുവന്‍ നദിയിലേയ്ക്കാവുമല്ലോ തുറന്നുവിടുക. കോഴിക്കോടും കൊച്ചിയും ആലപ്പുഴയും കൊല്ലവും അടക്കം കേരളത്തിലെ ഏതു നഗരവും ഉദാഹരിക്കാം. കേരളത്തിനു പുറത്തിറങ്ങിയാലും രക്ഷയില്ല. മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളുടെ കഥയും വ്യത്യസ്തമല്ല. എന്നാല്‍, എങ്ങനെയാണ് നഗരമധ്യത്തിലെ ഒരു നദി അഴുക്കുചാലാവാതെ നഗരജീവിതത്തിന്‍റെ രക്തധമനിയായി സംരക്ഷിക്കേണ്ടത് എന്ന് കാണിച്ചുതരികയാണ് ഇന്ത്യാനാപോളിസിലെ വൈറ്റ് റിവറും അവിടത്തെ മനുഷ്യരും. കുടിക്കാനുപയോഗിക്കുന്ന ശുദ്ധജലം എങ്ങനെയാണോ സംരക്ഷിക്കുന്നത്, അഥവാ എങ്ങനെയാണോ സംരക്ഷിക്കേണ്ടത്, അതേ മാനദണ്ഡങ്ങള്‍ പാലിച്ചുകെണ്ടാണ് ഈ കനാലിലെ ജലവും പരിപാലിക്കുന്നത്.

എന്നാല്‍ ഇന്ത്യാനയിലെയോ അമേരിക്കയിലെയോ ജനങ്ങള്‍ ജന്മനാ ഇങ്ങനെ ഉയര്‍ന്ന മൂല്യബോധമുള്ളവരാണ് എന്നും പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമുള്ള അവരുടെ ഇന്നത്തെ ഉയര്‍ന്ന ചിന്തകള്‍ ചരിത്രാതീതകാലംമുതല്‍ അവരുടെ സംസ്കാരത്തില്‍ ഉണ്ടായിരുന്നു എന്നും കരുതുന്നത് അസംബന്ധമായിരിക്കും. ഇന്ത്യയിലെ ഏതൊരു നദിയേയുംപോലെ ഇന്ത്യാനയിലെ വൈറ്റ് റിവറിനും പറയാനുണ്ട് വളരെ സങ്കീര്‍ണമായ യാത്രകളുടെയും ദുരന്തങ്ങളുടെയും ഭൂതകാലകഥകള്‍. നാം പ്രതീക്ഷിക്കുന്നതുപോലെത്തന്നെ, പതിനഞ്ചാം നൂറ്റാണ്ടിനുശേഷം വ്യാപകമായ തോതില്‍ നടന്ന യൂറോപ്യന്‍ അധിനിവേശത്തിനുമുമ്പ് വൈറ്റ് റിവറിന്‍റെ തടങ്ങളില്‍ വന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞ കൊടും കാടായിരുന്നു. അക്കാലത്ത് നദിയിലെ ജലം ഏറെ തണുത്തതും ശുദ്ധവുമായിരുന്നു. നിറയെ പലതരം മത്സ്യങ്ങളുണ്ടായിരുന്നു. അതിന്‍റെ കരയില്‍ ജീവിച്ചുപോന്ന റെഡ് ഇന്ത്യന്‍ വിഭാഗക്കാരായ വിവിധ ഗോത്രങ്ങള്‍ നദിയെയും പരിസ്ഥിതിയെയും എറെയൊന്നും ദ്രോഹിച്ചിട്ടുണ്ടായിരുന്നില്ല. അക്കാലത്ത്, വൈറ്റ് റിവറിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പലതരം നാടോടിക്കഥകളുണ്ടായിരുന്നു.

യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഈ പ്രദേശത്തെ മരങ്ങള്‍ വന്‍തോതില്‍ വെട്ടി നശിപ്പിക്കപ്പെട്ടു. തണുപ്പു പ്രദേശത്ത് താമസിക്കാന്‍ ഉതകുന്ന തരത്തില്‍ കാബിന്‍ പണിയുന്നതിനും, വീടുണ്ടാക്കുന്നതിനും മാത്രമല്ല, കൃഷി ആവശ്യത്തിനും കന്നുകാലി വളര്‍ത്തലിനുമൊക്കെയായി വന്‍തോതില്‍ കാട് നശിപ്പിച്ചു. ഈ പ്രദേശത്ത് ധാരാളമായി കണ്ടുവന്നിരുന്ന ഉറവകള്‍ (സ്പ്രിംഗ്) വറ്റിവരളാന്‍ തുടങ്ങി. കാട് നശിച്ചതോടെ ജലം സൂര്യപ്രകാശമേറ്റ് ചൂടുപിടിക്കാന്‍ തുടങ്ങി. അങ്ങനെ, ജലത്തിന്‍റെ സ്വാഭാവികമായ തണുപ്പ് നഷ്ടപ്പെട്ടു. ഉഴുതുമറിച്ച കൃഷിയിടങ്ങളില്‍നിന്ന് മഴക്കാലത്ത് ഒലിച്ചിറങ്ങിയ മണ്ണ് അടിഞ്ഞുകൂടി നദി പലേടത്തും ആഴം കുറഞ്ഞു. ജലാശയങ്ങള്‍ പലതും വറ്റിപ്പോയി. ഫാമുകളില്‍ വളര്‍ത്തിയ കന്നുകാലികളുടെ മാലിന്യം നേരിട്ട് പുഴയിലേയ്ക്ക് ഒഴുക്കിവിട്ടതുകാരണം പുഴവെള്ളം മലിനമായി. മത്സ്യസമ്പത്ത് നശിക്കാന്‍ കാരണമായി. പുഴയുടെ തീരത്ത് നഗരങ്ങളും പട്ടണങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്നു വികസിക്കാന്‍ തുടങ്ങിയതോടെ അവിടെനിന്നുള്ള മാലിന്യം ഒഴുകിച്ചേര്‍ന്ന് പുഴ വീണ്ടും മലിനമായി. നഗരത്തില്‍നിന്നുള്ള അഴുക്കുചാലുകള്‍ നേരിട്ട് നദിയിലേയ്ക്കും അടുത്തുള്ള ജലാശയങ്ങളിലേയ്ക്കും ഒഴുക്കിവിടുകയായിരുന്നു പതിവ്. ജലാശയങ്ങളിലെ മത്സ്യവും മറ്റു ജീവജാലങ്ങളും നശിക്കുന്നതിനെക്കുറിച്ച് ഒട്ടും വേവലാതിയില്ലാതെയായിരുന്നു ഈ ഒഴുക്കിവിടല്‍. നഗരത്തിനു പുറത്ത് നാട്ടിന്‍പുറങ്ങളില്‍ ഈ നദികളെ ആശ്രയിച്ചു ജീവിക്കുന്നവരെക്കുറിച്ചൊന്നും, നഗരവും വികസനവും വേവലാതിപ്പെട്ടിരുന്നില്ല. വ്യവസായവല്‍ക്കരണത്തിന് ശക്തിപ്രാപിച്ചതോടെ കൂടുതല്‍ ശക്തമായ രാസപദാര്‍ത്ഥങ്ങള്‍ നദിയിലെ ജലത്തില്‍ ഒഴുകിയെത്തി. കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി കൂടുതല്‍ക്കൂടുതല്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചതും അടിഞ്ഞുകൂടിയത് വൈറ്റ് റിവറിലും അതുപോലെയുള്ള മറ്റു ജലാശയങ്ങളിലുമാണ്. ഹൗസിംഗ് ഡെവലപ്‌മെന്റ്, ഷോപ്പിംഗ് സെന്‍ററുകള്‍, ഇൻഡസ്‌ട്രിയൽ പാര്‍ക്കുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ വളര്‍ന്നുവന്നതോടെ, നേരത്തേ ഉണ്ടായിരുന്ന കാടും കൃഷിസ്ഥലങ്ങളുംപോലും കാണാതെയായി. ഫലമോ? സ്വാഭാവികമായ ജലാശയങ്ങളെല്ലാം അഴുക്കുചാലുകളായി മാറി. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട നദിയായാണ് 1997ല്‍ വൈറ്റ് റിവര്‍ കണക്കാക്കപ്പെട്ടിരുന്നത്.

പക്ഷേ, ആ നില ഏറെനാള്‍ തുടര്‍ന്നില്ല. അതിന്‍റെ അപകടം വളരെ പെട്ടെന്നുതന്നെ അവര്‍ക്കു ബോധ്യപ്പെട്ടു. തിരുത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നു. വ്യാവസായിക കേന്ദ്രങ്ങളിലെയും മുനിസിപ്പാലിറ്റിയിലെയും മലിനജലം ശുദ്ധീകരിക്കാനും ശുദ്ധജലസ്രോതസ്സുകളില്‍ കലരാതിരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാനയില്‍ ഈ അടുത്തകാലത്ത് കാര്യക്ഷമമായി നടന്നുവരുന്നു. ജലശുദ്ധീകരണത്തിനുള്ള ആധുനികമായ പല സാങ്കേതികസംവിധാനങ്ങളും ഇവര്‍ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. വൈറ്റ് റിവറിനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യാനക്കാര്‍ക്ക് കൂടുതള്‍ അവബോധം കൈവന്നിരിക്കുന്നു. 1980 മുതലാണ് ഈ ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക സംവിധാനം ഉപയോഗിച്ചുകൊണ്ട് മലിനജലം ശുദ്ധീകരിക്കാനുള്ള പ്ളാന്റിന്റെ പ്രവര്‍ത്തനം 1983ല്‍ പൂര്‍ത്തീകരിച്ചു. ജലപാത സംരക്ഷിച്ച് ടൂറിസ്റ്റ് സൗകര്യം ഒരുക്കിയതോടെ ജല മലിനീകരണം വലിയൊരളവില്‍ കുറഞ്ഞു. ആന്റേഴ്‌സണിലെ റിവര്‍ വാക്ക്, വൈറ്റ് റിവര്‍ സ്റ്റെയ്റ്റ് പാര്‍ക്ക്, വൈറ്റ് റിവര്‍ വാപഹാനി എന്നിവ ഈ അവബോധത്തിന്‍റെ നല്ല ഫലങ്ങളാണ്. ഫ്രണ്ട്‌സ് ഓഫ് വൈറ്റ് റിവര്‍ എന്ന പേരില്‍ രൂപീകരിച്ച സന്നദ്ധസംഘടന, നദി സംരക്ഷിക്കുന്നതിനുവേണ്ടി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇതിനായി ലക്ഷക്കണക്കിന് ഡോളര്‍ സംഭാവന നല്കാനും നദിയേയും പ്രകൃതിയേയും സ്നേഹിക്കുന്നവര്‍ മുന്നോട്ടുവരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ പത്തോ മുപ്പതോ വര്‍ഷത്തെ കഠിനമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് വൈറ്റ് റിവര്‍ അടക്കമുള്ള പല നദികളും മരണവക്രത്തില്‍നിന്ന് രക്ഷപ്രാപിച്ചുവരുന്നത്.

അമേരിക്കയിലെ അര്‍ബന്‍ കള്‍ച്ചറല്‍ സ്റ്റെയ്റ്റ് പാര്‍ക്ക് എന്നാണ് വൈറ്റ് റിവര്‍ സ്റ്റെയ്റ്റ് പാര്‍ക്ക് അറിയപ്പെടുന്നത്. 250 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുകയാണ് ഈ പാര്‍ക്ക്. പച്ചയുടെ വിശാലമായ ലോകംതന്നെ സമ്മാനിക്കുന്ന മിലിറ്ററി പാര്‍ക്ക്, സെന്‍ട്രല്‍ കനാല്‍, ഇന്ത്യാനാപോളിസ് വന്യജീവി സങ്കേതം, വൈറ്റ് റിവര്‍ ഗാര്‍ഡന്‍, ആര്‍ട് മ്യൂസിയം, ഇന്ത്യാനാ സ്റ്റെയ്റ്റ് മ്യൂസിയം, ഐ മാക്സ് തിയറ്റര്‍, തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിരവധി വിഭവങ്ങളുണ്ട് ഇവിടെ. ഇതില്‍ ഏറ്റവും ആകര്‍ഷകമായത് വൈറ്റ് റിവര്‍ സെന്‍ട്രല്‍ കനാല്‍ തന്നെയാണ്. ഇന്ത്യാനയിലെ പെറുവില്‍നിന്ന് ഇവാന്‍സ്വില്ലെ വരെ എത്തുന്നതരത്തില്‍ 476 കിലോമീറ്റര്‍ നീളമുള്ള ഒരു കനാല്‍ നിര്‍മ്മിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. ഇന്ത്യാനയില്‍നിന്നും, ഇന്ത്യാനയിലേയ്ക്കും ചരക്ക് കടത്ത് സുഗമമാക്കുകയായിരുന്നു മുഖ്യ ലക്ഷ്യം. വാബാഷ് കനാലിനേയും എറി കനാലിനേയും ഒഹിയോ നദിയുമായി ബന്ധിപ്പിക്കാനായിരുന്നു പദ്ധതി. ആറടി താഴ്ചയിലും അറുപതടി വീതിയിലുമായിരുന്നു കനാല്‍ പ്ലാന്‍ ചെയ്തിരുന്നത്. ഇന്ത്യാനക്കാരനായ കനാല്‍ എഞ്ചിനീയര്‍ ജസ്സിവില്യംസ് ആയിരുന്നു സര്‍വെ പൂര്‍ത്തിയാക്കിയത്. കനാല്‍ കടന്നുപോകുന്ന പ്രദേശം മിക്കതും ഇന്ത്യാനയില്‍ പെട്ടതായിരുന്നു. കനാല്‍ നിര്‍മ്മാണത്തിനായി ഇന്ത്യാനാ സ്റ്റെയ്റ്റ് ചെലവഴിക്കേണ്ടത് 10 മില്യന്‍ ഡോളറായിരുന്നു. ഇതില്‍, 3.5 മില്യന്‍ ഡോളര്‍ മാറ്റിവെച്ചിരുന്നു. പക്ഷേ 1837ല്‍ ഉണ്ടായ വമ്പിച്ച സാമ്പത്തികത്തകര്‍ച്ചകാരണം ഇന്ത്യാനയ്ക്ക് പദ്ധതിയില്‍നിന്ന് പിന്മാറേണ്ടിവന്നു. കനാല്‍ കടക്കാരുടെ കയ്യിലായി. 1839ല്‍ കനാലിന്‍റെ പണി പൂര്‍ണമായും നിര്‍ത്തിവെച്ചു. എട്ടുമൈല്‍ (13 കിലോമീറ്റര്‍) ദുരം മാത്രമേ പൂര്‍ത്തിയാക്കാനായുള്ളു. മറ്റൊരു 80 മൈല്‍ ദൂരത്തില്‍ ജോലികള്‍ തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. സെന്‍ട്രല്‍ കനാലിന്‍റെ കുറേ ഭാഗങ്ങള്‍ ഇപ്പോള്‍ വൈറ്റ് റിവര്‍ സ്റ്റെയ്റ്റ് പാര്‍ക്കിന്‍റെ ഭാഗമാണ്. കനാലിന്‍റെ ഇരുഭാഗത്തും വിശാലമായ പാതയുണ്ടാക്കി, സഞ്ചാരികള്‍ക്ക് യാത്രചെയ്യാനും കാഴ്ചകള്‍ കാണാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സൈക്കിളടക്കം, കാലുകൊണ്ട് ചവിട്ടിക്കൊണ്ടുപോകാവുന്ന വിവിധ വാഹനങ്ങള്‍ പാതയിലും, ചെറിയ ബോട്ടുകള്‍, കയാക്കകള്‍, പെടലുകളുള്ള വഞ്ചികള്‍ തുടങ്ങിയവ കനാലിലും ഉപയോഗിച്ച് സഞ്ചാരികള്‍ക്ക് കനാലിനുചുറ്റുമുള്ള ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കനാലിലെ വെള്ളം ഇടയ്ക്ക് പമ്പുചെയ്ത് മാറ്റി ശുദ്ധീകരിക്കാനുള്ള ഏര്‍പ്പാടുമുണ്ട്.

ഇത് നൽകുന്ന വലിയൊരു പാഠമുണ്ട്. നമ്മുടെ പുഴയും കുളങ്ങളും തോടും ചുറ്റുപാടും വൃത്തിയായി സംരക്ഷിക്കുന്നതില്‍ നാം വലിയ വീഴ്ച കാണിച്ചു എന്നതു ശരിതന്നെ. പക്ഷേ തിരുത്താന്‍ ഇനിയും സമയമുണ്ട്. കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന കനോലി കനാല്‍, ഇതുപോലെ സംരക്ഷിക്കുക എന്നത് അതിമനോഹരമായ ഒരു സ്വപ്നമെങ്കിലുമായിരിക്കില്ലേ? സഞ്ചാരികള്‍ക്കു നഗരം കാണാന്‍ ഉതകുന്ന തരത്തില്‍ ബോട്ടും വഞ്ചിയും, ഒറ്റയ്ക്കു തുഴഞ്ഞുപോകാവുന്ന കയാക്കയുമൊക്കെയായി… കനാലിന്‍റെ ഇരുഭാഗത്തും നടപ്പാതകളും ഇടയ്ക്കിടയ്ക്ക് ഇരിപ്പിടങ്ങളും നിര്‍മ്മിച്ച് വൈകുന്നേരങ്ങളില്‍ നടക്കാനും വിശ്രമിക്കാനുമൊക്കെ സൗകര്യമൊരുക്കി… മലിനജലം ഒഴുക്കിക്കൊണ്ടുവരുന്ന ഒരു കുഴലും കനാലിലേയ്ക്കു തുറന്നുവിടുന്നില്ല എന്ന് ഉറപ്പുവരുത്തി… അങ്ങിനെ നമ്മുടെ നാട്ടിലുള്ള ഓരോ ജലാശയവും അതോടുചേര്‍ന്ന പ്രകൃതിയും സംരക്ഷിക്കാന്‍ സാധിച്ചാല്‍… അപ്പോള്‍ മാത്രമേ സംസ്കാരമുള്ള ജനതയെന്ന് നമുക്ക് നമ്മെപ്പറ്റി ആത്മാഭിമാനത്തോടെ പറയാന്‍ അവകാശമുണ്ടാവൂ.

അമേരിക്കയിലെ മറ്റേതൊരു പ്രദേശത്തേയുംപോലെ ഇന്ത്യാനയുടെയും യഥാര്‍ത്ഥ അവകാശികള്‍ റെഡ് ഇന്ത്യന്‍ വംശക്കാരായ ഗോത്രജനവിഭാഗങ്ങളായിരുന്നു. അവരുടെ മണ്ണിനും മനസ്സിനും പുറത്ത് എവിടെയൊക്കെയോവെച്ച് ഫ്രാന്‍സും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ വിദേശരാജ്യങ്ങള്‍ നടത്തിയ യുദ്ധങ്ങള്‍ക്കും, അവര്‍ തമ്മില്‍ ഒപ്പുവെച്ച കരാറുകള്‍ക്കും ശേഷം, യഥാര്‍ത്ഥ അമേരിക്കന്‍ വംശജര്‍ക്ക് സ്വന്തം പാര്‍പ്പിടംവിട്ടു പോകേണ്ടിവരികയായിരുന്നു. 1785ലും 1846ലും ഒപ്പുവെച്ച വിവിധ കരാറുകളുടെ ഭാഗമായിട്ടാണ് ഇന്ത്യന്‍വംശജര്‍ക്ക് ഇന്ത്യാന വിട്ടുപോകേണ്ടിവന്നത്. ലെനാപ്പേ, പിയാങ്കാഷോ, കിക്കാപൂ, വിയ, ഷാവ് നീ തുടങ്ങിയ ഗോത്രങ്ങള്‍ 1820നുമുമ്പുതന്നെ രാജ്യം വിട്ടുപോയിരുന്നു. പോടാവാടോമി, മിയാമി എന്നീ വിഭാഗക്കാരുടെ ഒഴിഞ്ഞുപോക്ക് സാവധാനത്തിലും അപൂര്‍ണവുമായിരുന്നു. 1830നും 1840നും ഇടയിലാണ് അവരെ അവരുടെ മണ്ണില്‍നിന്നും ആട്ടിയോടിച്ചത്. ഇവരുടെ ഒഴിഞ്ഞുപോക്ക് ഒരിക്കലും സമാധാനപൂര്‍ണമായിരുന്നില്ല. വലിയ കലാപങ്ങളും ചെറുത്തുനില്‍പ്പുകളും ഇതിന്‍റെ പേരില്‍ നടന്നത് ചരിത്രമാണ്. മിയാമി വിഭാഗക്കാരാണ് ഇന്ത്യാനയില്‍ ഏറ്റവും അവസാനംവരെ പിടിച്ചു നിന്നത്. പൂര്‍ണമായും അവരെ ഒഴിവാക്കാന്‍ ഇപ്പോഴും പാശ്ചാത്യര്‍ക്കു കഴിഞ്ഞിട്ടില്ല. 1830ല്‍ യുണൈറ്റഡ് സ്റ്റെയ്റ്റ്സ് കോണ്‍ഗ്രസ് പാസ്സാക്കിയ നിയമത്തിന്‍റെ പേര് ‘ഇന്ത്യന്‍ റിമൂവല്‍ ആക്‌ട്’ എന്നായിരുന്നു! ഒരു ജനതയെ അവരുടെ ജന്മനാട്ടില്‍നിന്ന് പുറത്താക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു, ജനാധിപത്യത്തിന്‍റെ കാവല്‍ മാലാഖമാര്‍ പാസ്സാക്കിയ ആ നിയമം.

1838ല്‍ ഈ നിയമത്തിന്‍റെ പിന്‍ബലത്തില്‍, ‘പോടാവടോമി’ വിഭാഗത്തില്‍പ്പെട്ട 859 ആദിമനിവാസികളെ നിര്‍ബ്ബന്ധപൂര്‍വം നാടുകടത്തിയതിന്‍റെയും, ആ ഗോത്രവിഭാഗം അനുഭവിച്ച ദുരന്തത്തിന്‍റെയും മരണത്തിന്‍റെയും കഥയാണ് ‘ട്രെയില്‍ ഓഫ് ഡത്ത്’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യാനയില്‍നിന്ന് 660 മൈല്‍ (1060 കിലോമീറ്റര്‍) ദൂരെയുള്ള കാന്‍സാസിലേയ്ക്കായിരുന്നു ഈ പാവങ്ങളെ കാല്‍നടയായി നാടുകടത്തിയത്. 1838 സെപ്റ്റംബര്‍ 4 ന് തുടങ്ങിയ യാത്ര അവസാനിച്ചത് നവംബര്‍ 4ന്. ഓരോ ദിവസവും നടന്നുതീര്‍ക്കേണ്ട ദൂരം 15മുതല്‍ 20വരെ മൈല്‍ അഥവാ 25-32 കിലോമീറ്റര്‍. 61 ദിവസം നീണ്ടുനിന്ന ഈ യാത്രയ്ക്കിടയില്‍ 40 പേര്‍ മരിച്ചുവീണു, മിക്കവാറും ചെറിയ കുട്ടികള്‍. മറ്റൊരു വാഗണ്‍ട്രാജഡി എന്നും ട്രെയില്‍ ഓഫ് ഡത്തിനെ വിളിക്കാം. (തുടരും..)

–എം എം സചീന്ദ്രന്‍–

3 Comments
  1. Haridasan 3 years ago

    ചരിത്രവും വിജ്ഞാനവും പ്രത്യാശയും പങ്കുവെയ്ക്കുന്ന യാത്രാവിവരണം .. നന്ദി

  2. Anil 3 years ago

    Very informative travelogue. Thanks

  3. Sunil 3 years ago

    good note.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account