ജർമ്മനിയിലെ ഫ്രാങ്ക്‌ഫർട് വിമാനത്താവളത്തിൽ ചെക്കിൻ ചെയ്‌ത്‌ എമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ ക്യു നിൽക്കുകയായിരുന്നു ഞങ്ങൾ. മുന്നിൽ നിന്നിരുന്നത് മേരിക്കുട്ടി ടീച്ചറാണ്. 11.15 -ന് അബുദാബിയിലേക്കുള്ള എത്തിഹാദ് എയർലൈൻസിൽ യാത്ര ചെയ്യാനുള്ള ഞങ്ങളുടെ ടിക്കറ്റും ടീച്ചറുടെ പാസ്‌പോർട്ടും കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥന്റെ കൈയിൽ കൊടുത്തു. അയാൾ അത് തിരിച്ചും മറിച്ചും നോക്കി. എവിടെ പോയി വരുന്നു? ജർമ്മനിയിൽ എന്തിന് തങ്ങി? എവിടെ താമസിച്ചു? എന്നെല്ലാം തികഞ്ഞ സൗഹൃദത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കെ തന്നെ യൂണിഫോമിലുള്ള മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പാസ്‌പോർട്ടും യാത്രാരേഖകളും കൈമാറി. ഞങ്ങൾ മൂന്നു പേരും ഒരുടീമാണെന്നറിഞ്ഞ അദ്ദേഹം എന്റേയും ബേബി സാറിന്റേയും പാസ്‌പോർട്ടുകൾ കൂടി ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ വക കുശലാന്വേഷണങ്ങൾ തുടങ്ങി.

“ക്യൂവിൽ നിൽക്കുന്ന മറ്റ് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാതിരിക്കാൻ അൽപ്പം മാറി നിന്നു കൊടുക്കാമോ” എന്ന അഭ്യർത്ഥന കേട്ടില്ലെന്ന് നടിക്കാൻ ആർക്കാണ് കഴിയുക. ഇമിഗ്രേഷൻ കൗണ്ടറിന്റെ ചില്ലു ഭിത്തിയിൽ ചാരി നിന്നു കൊണ്ട് തന്നെ ആ ഉദ്യോഗസ്ഥൻ ഞങ്ങളുടെ യാത്ര സംബന്ധമായ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു തുടങ്ങി.

സ്വീഡനിലെ പ്രശസ്തമായ ലുണ്ട് (LUND) യൂണിവേഴ്‌സിറ്റിയുടെ Child Rights classroom and School management എന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ 14-ാം ബാച്ചിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളാണെന്നും, പ്രസ്‌തുത പരിശീലനത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടു നില്ക്കുന്ന പ്രോഗ്രാമുകളിൽ പങ്കെടുത്ത് മടങ്ങി വരുന്ന വഴിയാണെന്നും ഒക്കെ ഞങ്ങൾ വ്യക്തമാക്കി. ആ ഓഫിസറുടെ അന്വേഷണങ്ങളിൽ അല്പം അസാധാരണത്വവും നേരിയ അപകട ഭീതിയും മണത്തറിഞ്ഞതിനാൽ , ടിക്കറ്റിനോടൊപ്പം സൂക്ഷിച്ചിരുന്ന ലുണ്ട് യൂണിവേഴ്‌സിറ്റിയുടെ ക്ഷണ പത്രവും മറ്റ് രേഖകളും ഒക്കെ തെളിവിനായി കാണിച്ചുകൊടുത്തുകൊണ്ട് തന്നെയാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. ജർമ്മനിയിലെ നാല് ദിവസത്തെ താമസത്തിന്റെ സാഹചര്യവും വ്യക്തമാക്കേണ്ടി വന്നു.

ജർമനിയിലെ കൊളോണിനടുത്ത് (Cologne) വളരെക്കാലമായി താമസിക്കുന്ന, മേരിക്കുട്ടിടിച്ചറിന്റെ ബന്ധുവായ, പാപ്പച്ചൻ ചേട്ടന്റെ ക്ഷണം കിട്ടിയതിന്റെ സന്തോഷത്തിൽ, സ്വീഡനിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് വളരെ മുമ്പേ തന്നെ ഏർപ്പാടാക്കി തന്നിരുന്ന റിട്ടേൺ ടിക്കറ്റ് , 600 സ്വീഡിഷ് ക്രോണ പിഴയായി നൽകിക്കൊണ്ട് ക്യാൻസലാക്കുകയും, ഫ്രാങ്ക്‌ഫർട്ടിൽ ബ്രേക്കോടുകുടിയ പുതിയ ടിക്കറ്റെടുക്കുകയും ചെയ്‌തിട്ടാണ് നാല് ദിവസം മുമ്പ് ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നിന്നും സ്‌കാൻഡിനേവിയൻ എയർലൈൻസ് വിമാനത്തിൽ ജർമനിയിൽ വന്നിറങ്ങിയത്. ഞങ്ങളെ കാത്തു നിന്ന പാപ്പച്ചൻ ചേട്ടന്റെ നിർദ്ദേശപ്രകാരം ഗ്രീൻ ചാനലിലൂടെ യാതൊരു വിധ പരിശോധനകൾക്കും വിധേയരാകതെ തന്നെ ഞങ്ങൾ പുറത്തിറങ്ങി. (ഒരു ബസ്സിൽ നിന്നിറങ്ങി പോകുന്ന അത്ര ലാഘവത്തോടെ ഒരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും പുറത്തു കടക്കാൻ കഴിയുന്ന സംവിധാനം.) വിമാന താവളത്തിൽ നിന്നും നടയിറങ്ങി ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ എത്തി അതിവേഗ ട്രെയിനിൽ കയറി റൈൻ (Rhine) നദി തീരത്തുകൂടിയുള്ള സുഖകരമായ യാത്രയും, ഗോത്തിക്ക് വാസ്‌തുവിദ്യയുടെ മകുടോദാഹരണമായ കൊളോണിലെ പ്രസിദ്ധമായ കത്തിഡ്രലും, രണ്ടായിരത്തോളം വർഷത്തെ പാരമ്പര്യവും പഴക്കവുമുള്ള നഗര ഭാഗങ്ങളും, കൊളോൺ മ്യൂസിയവും ഒക്കെ കണ്ടാസ്വദിച്ച് മറക്കാനാവാത്ത യാത്രാനുഭവങ്ങൾ ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ടാണ് അബുദാബി വഴി കോഴിക്കോട്ടേക്കുള്ള യാത്രക്കായി ഫ്രാങ്ക്‌ഫർട് വിമാനത്താവളത്തിലുള്ള എത്തിഹാദ് വിമാനക്കമ്പനിയുടെ കൗണ്ടറിൽ രാവിലെ 8.30 നു തന്നെ എത്തിച്ചേർന്നത്. ചെക്കിൻ ചെയ്ത് ബോർഡിംഗ് പാസ്സുകൾ കരസ്ഥമാക്കി ലഗേജുകളും അയച്ചതിനുശേഷമാണ് എമിഗ്രേഷൻ കൗണ്ടറിൽ എത്തിയിരിക്കുന്നത്.

കഥയെല്ലാം ക്ഷമയോടെ കേട്ടു കഴിഞ്ഞ് മുഖത്തെ പുഞ്ചിരിയും സൗമ്യ ഭാവവും നില നിർത്തിക്കൊണ്ട് , എന്നാൽ ആധികാരികമായി തന്നെ, ആ ഉദ്യോഗസ്ഥൻ അൽപ്പം സ്വരംതാഴ്ത്തി പറഞ്ഞു . “നിങ്ങളുടെ വിസക്ക് ചെറിയൊരു പ്രശ്‌നമുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ വിശദമായി ചോദിക്കേണ്ടി വന്നത്. ക്ഷമിക്കണം. നിങ്ങൾ ദയവു ചെയ്‌ത്‌ എന്നെ അനുഗമിക്കണം”.

തെല്ലൊരു ഭയപ്പാടോടെ ആ ഉദ്യോഗസ്ഥനു പിന്നാലെ ഞങ്ങൾ നടന്നു. ഏതാനും ചുവട് അകലെ ഒരു മുറിയുടെ വാതിൽ തുറന്ന് വെച്ച് അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്‌തു. ഞങ്ങൾക്കു പിന്നാലെ ആ മുറിയിലേക്ക് കയറി തന്റെ ബെൽറ്റിൽ സൂക്ഷിച്ചിരുന്ന ഒരു താക്കോലെടുത്ത് വാതിൽ പൂട്ടി. ആ നിമിഷം തന്നെ ഇടനെഞ്ചിൽ ഒരു വിങ്ങൽ മുളയെടുത്തു. എങ്ങാനും പെട്ടു പോയോ എന്നൊരു ചിന്ത. എങ്കിലും മുറിക്കകത്തെ കസേരകൾ ചുണ്ടിക്കാണിച്ച് കൊണ്ട് സുഹൃത്തുക്കളോടെന്ന പോലെ ഇരിക്കാൻ പറഞ്ഞ ആ ഓഫിസറുടെ മാന്യമായ പെരുമാറ്റവും മുഖത്തെ പുഞ്ചിരിയും പകർന്നു നൽകുന്ന ഒരു ധൈര്യം അതിനെ മറികടക്കാൻ പോന്നതായിരുന്നു. മേരിക്കുട്ടി ടീച്ചർ മുറിയുടെ മൂലയിലെ കസേരയിൽ ഇരുന്നു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ വിസയുടെ പ്രശ്‍നം എന്താണ് എന്ന് കസേരകളിൽ ഇരിക്കാൻ ധൈര്യം വരാതെ നിന്നു കൊണ്ട് തന്നെ ചോദിച്ചു പോയി.

“നിങ്ങളുടെ വിസയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്നുദിവസമായിരിക്കുന്നു. അതായത് മൂന്നു ദിവസം അനധികൃതമായി ജർമ്മനിയിൽ തങ്ങിയിരിക്കുന്നു”. ഇപ്പോൾ കാര്യം വ്യക്തമായി. ഞങ്ങൾ ജർമ്മൻ പോലീസിന്റെ കസ്റ്റഡിയിൽ ലോക്കപ്പിലാണ്.അകവാൾ വെട്ടുക എന്നൊരു പ്രയോഗം കേട്ടറിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അത് ശരിക്കും നേരിട്ടനുഭവിച്ചു. ഞങ്ങളുടെ യാത്രാ രേഖകളും പാസ്‌പോർട്ടും എല്ലാം ആ ഓഫിസറുടെ കൈയിലാണ്.

സ്വീഡൻ എമ്പസിയിൽ നിന്നും അനുവദിച്ചു കിട്ടിയ ഷെൻജൻ വിസയുടെ കാലാവധി ജുൺ 12 വരെയാണെന്ന് എനിക്ക് ഓർമ വന്നു. ഇന്ന് മെയ് 31 . പിന്നെ എങ്ങനെയാണ് വിസ കാലാവധി കഴിഞ്ഞിരിക്കുന്നു എന്ന് ആ പോലീസുകാരൻ തീരുമാനിക്കുന്നത്. വല്ല തട്ടിപ്പുമായിരിക്കുമോ. ആർജിത ധൈര്യത്തോടെ പറഞ്ഞു നോക്കി.” ഞങ്ങളുടെ വിസക്ക് ജൂൺ 12 വരെ കാലാവധി ഉണ്ടല്ലോ. 12 ദിവസത്തെ ഗ്രേസ് പിരിയഡും അനുവദിച്ചിട്ടുണ്ട്. പിന്നെന്താണ് പ്രശ്‍നം?. എങ്ങനെയാണ് കാലാവധി കഴിഞ്ഞു എന്ന് തീരുമാനിക്കുക?

പാസ്‌പോർട്ട് തുറന്ന് വിസയിലെ ലിഖിതങ്ങൾ ചൂണ്ടാക്കാണിച്ചു കൊണ്ട് ഓഫീസർ വിശദീകരിച്ചു തന്നു . ഏപ്രിൽ 29 മുതൽ ജൂൺ 12 വരെയുള്ള കാലത്തിനിടയിലെ 30 ദിവസത്തേക്ക് മാത്രമാണ് ഈ വിസ അനുവദിച്ചിരിക്കുന്നത്. അവിചാരിതമായ കാരണങ്ങളാൽ യാത്ര ആരംഭിക്കുന്നത് പന്ത്രണ്ട് ദിവസം വരെ നീട്ടാനുള്ള അനുവാദമാണ് വിസയിലെ ഗ്രേസ് പിരിയഡ്. നിങ്ങൾ ഏപ്രിൽ 29-ന് തന്നെ ഇന്ത്യയിൽ നിന്നും യാത്ര ആരംഭിച്ചിരിക്കുന്നു. അതായത് മെയ് 28ന് 30 ദിവസം പൂർത്തിയാക്കിയിരിക്കുന്നു. അന്നു മുതൽ നിങ്ങൾ അനധികൃത താമസക്കാരാണ് “.

ആ വിശദീകരണം കൂടി കേട്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും തളർന്നു പോയി. കസേരയിൽ ഇരിക്കാൻ നിർദ്ദേശം തന്നിട്ട് അയാൾ ആ മുറിയുടെ വലത്തേ അറ്റത്തുള്ള ഒരു വാതിൽ തുറന്ന് അകത്തേക്ക് പോയി. ഞങ്ങൾ ആ മുറിയിൽ ഒറ്റക്കായപ്പോൾ അതൊരു ലോക്കപ്പാണെന്ന സത്യം തിരിച്ചറിയാതെ മേരിക്കുട്ടി ടീച്ചർ ഉന്നയിച്ച ഒരു ചോദ്യമാണ് തുടക്കത്തിൽ കൊടുത്തിരിക്കുന്നത്.

“നമ്മളെന്തിനാ ഇവിടിരിക്കുന്നേ?. ഇവിടെ കുത്തിയിരുന്നാൽ ഫ്ലൈറ്റ് മിസ്സാവില്ലേ? കാര്യത്തിന്റെ ഗൗരവം മുഴുവൻ തുറന്നു പറഞ്ഞില്ലെങ്കിലും വിസയിലെ ഒരു ചെറിയ പ്രശ്‍നം പരിഹരിക്കാനാണ് കാത്തിരിക്കുന്നത് എന്നു മാത്രം സൂചിപ്പിച്ചു. തുടർന്നുള്ള ഏതാനും നിശബ്‌ദ നിമിഷങ്ങൾ കൊണ്ട് മനസ്സ് സഞ്ചരിക്കാത്ത മേഖലകൾ കുറവാണ്. വിസകാലാവധി കഴിഞ്ഞ അനധികൃത താമസക്കാരെ പിടിച്ച് ജയിലിൽ അടച്ച എത്രയോ വാർത്തകൾ വായിച്ചിരിക്കുന്നു. നാളെ ജർമ്മനിയിലെ പത്രത്തിൽ അങ്ങനെ ഒരു വാർത്ത വരും. അനധികൃത കുടിയേറ്റക്കാരായ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ. ആ വാർത്ത പാപ്പച്ചൻ ചേട്ടൻ കാണാനിടയായാൽ ചിലപ്പോൾ വല്ല വിധേനയും ഞങ്ങളെ രക്ഷപ്പെടുത്താൽ വഴിയൊരുക്കുമായിരിക്കാം. രക്ഷ പെട്ടാൽ തന്നെ നാട്ടിലേക്ക് യാത്രചെയ്യാനുള്ള ടിക്കറ്റെടുക്കാൻ പണം വേണ്ടേ!

അധികമൊന്നും ചിന്തിക്കാൻ ആ പോലീസുകാരൻ അവസരം തന്നില്ല. വിശാലമായ ആ ലോക്കപ്പ് മുറിയെ രണ്ടായി തിരിച്ചിരിക്കുന്ന ചില്ലുഭിത്തിക്ക് അപ്പുറം ഒരു കസേരയിൽ അയാൾ വന്നിരുന്നു. “ഹലോ ഇന്ത്യൻ ഫ്രണ്ട്‌സ്” ഇന്റർ കോം സ്‌പീക്കറിലൂടെ അയാളുടെ ശബ്‌ദം കേട്ടു.പ്രതീക്ഷയോടെ ഞങ്ങൾ ചില്ലുഭിത്തിക്കടുത്തെത്തി.Tea or coffee “.ഒന്നും വേണ്ട. ഞങ്ങളുടെ യാത്ര മുടക്കരുതേ.. പ്ലീസ്. അതു മാത്രമായിരുന്നു ഞങ്ങളുടെ അപേക്ഷ. ഞാൻ ശ്രമിക്കാം പക്ഷേ ജർമ്മനിയിലെ നിയമമനുസരിച്ച് നിങ്ങൾക്ക് ഇളവനുവദിക്കാൻ ഇനി കോടതിക്കേ കഴിയൂ. അതു കൊണ്ട് നിങ്ങൾ ഒരോ അപേക്ഷ സമർപ്പിക്കണം. ഏത് ഭാഷയിലുള്ള അപേക്ഷ ഫോമാണ്  വേണ്ടത്. ഹിന്ദിയോ ഇംഗ്ലീഷോ?. ഇന്തൃക്കാരെന്ന നിലയിലുള്ള പരിഗണനയാണെങ്കിലും ഞങ്ങൾ ഇംഗ്ലീഷ് തന്നെ തെരഞ്ഞെടുത്തു. നിമിഷങ്ങൾക്കകം ആ ചില്ലുഭിത്തിയുടെ   താഴെ ഒരു ഭാഗം തുറന്ന് ഒരു ട്രേ പുറത്തേക്കു  തള്ളിവന്നു. അതിൽ മൂന്ന് അപേക്ഷാ ഫോറങ്ങൾ. 3 പേന. പിന്നാലെ ഞങ്ങളുടെ പാസ്‌പോർട്ടുകൾ. ഫോറം തെറ്റുകൂടാതെ പൂരിപ്പിച്ച് , കാര്യ കാരണങ്ങൾ സഹിതം അപേക്ഷ തയ്യാറാക്കി. ജർമ്മനിയിലെ ബന്ധുവിന്റെ വിലാസവും ഫോൺ നമ്പറും അടക്കം അപേക്ഷ ഫോറത്തിലെ കോളങ്ങൾ എല്ലാം പൂരിപ്പിച്ച് മാപ്പപേക്ഷിച്ചു കൊണ്ട് ഒപ്പിട്ട് അതേ ട്രേയിൽ തന്നെ വെച്ചു കൊടുത്തു. അത് അകത്തേക്ക് വലിഞ്ഞു. നല്ലതു സംഭവിക്കട്ടെ എന്നാശംസിച്ചു കൊണ്ട് അയാൾ കമ്പ്യൂട്ടറിൽ ശ്രദ്ധിച്ചു.

കസേരകളിൽ ഇരിപ്പുറക്കാതെ ഞങ്ങൾ വിഷമിച്ചു. വിസ കാലാവധി ശ്രദ്ധിക്കാതെ ടിക്കറ്റ് postpond ചെയ്യാൻ കാണിച്ച ബുദ്ധിശൂന്യതയെ പഴിച്ചു. ട്രാവൽ ഏജന്റ് പോലും അക്കാര്യം ശ്രദ്ധിച്ചില്ലല്ലോ എന്ന് പരിതപിച്ചു. അതിലുപരി ഒരു വിദേശ രാജ്യത്തെ ഇരുളടഞ്ഞ ജയിലഴികളിൽ നിരാശ്രയരായി കിടക്കേണ്ടി വരുമോ എന്ന ഭയവും ഞങ്ങളെ കീഴടക്കിക്കഴിഞ്ഞിരുന്നു.

സമയം പത്ത് മണിയായിരിക്കുന്നു. ഇനി ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ കയറേണ്ട വിമാനത്തിന്റെ വാതിലുകൾ അടയും. ഞങ്ങളെ കൂടാതെ ആ യന്ത്ര പക്ഷി പറന്നുയരും. നാളെ ഞങ്ങളെ കാത്ത് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ടാക്‌സി ഡ്രൈവർ നോബിളിന് കഥയറിയാതെ തിരികെ പോകേണ്ടി വരും. വിവരം അറിഞ്ഞ് വീടുകളിൽ കൂട്ട നാലവിളി ഉയരും. അങ്ങനെ…അങ്ങനെ… കുമാരനാശാന്റെ ഭാഷയിൽ ” മനമോടാത്ത കുമാർഗ്ഗമില്ലെടോ ” എന്നതായി ഞങ്ങളുടേയും അവസ്ഥ.

ആവശ്യക്കാരന് ഔചിത്യബോധമില്ലല്ലോ. എന്തായി കാര്യങ്ങൾ എന്ന് ഒന്ന് അന്വേഷിച്ചറിയാൻ തന്നെ തീരുമാനിച്ചു. ഗ്ലാസ്സ് ഭിത്തിക്കകത്ത് കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്ന ഓഫിസറെ ആംഗ്യം കൊണ്ട് ശ്രദ്ധക്ഷണിച്ചു. ചോദിക്കാതെ തന്നെ കാര്യം മനസ്സിലാക്കിയ ഓഫിസർ ആശയ വിനിമയത്തിനുള്ള സംവിധാനം ഓൺ ചെയ്‌തു. കമ്പ്യൂട്ടറിൽ നോക്കി ഞങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയിച്ചു. അത് പരിഗണനയിലാണ് , ദയവായി കാത്തിരിക്കുക എന്നറിയിച്ചു. അൽപ്പം ആശ്വാസം തോന്നിയെങ്കിലും സമയം വൈകുന്നതിനാൽ ആശങ്ക കൂടിവരുന്നുണ്ടായിരുന്നു. അതനുസരിച്ച് ചിന്തകളും കാടുകയറുന്നു.

മേരിക്കുട്ടി ടീച്ചർ കരച്ചിലിന്റെ വക്കിലാണ്. ആശ്വസിപ്പിക്കാൻ ശ്രമിച്ചാൽ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന സങ്കട പെരുമഴ. ആ ഒരു സീൻ ഒഴിവാക്കുന്നത് തന്നെ ബുദ്ധി എന്ന് ചിന്തിച്ച്   സ്വയം വരുത്തിവെച്ച വിനയെ പഴിച്ചു കൊണ്ട് തല കുമ്പിട്ടിരുന്നു.

ലോക്കപ്പിന്റെ വാതിൽ തുറന്നു. പ്രതീക്ഷയോടെ ഞങ്ങൾ കണ്ണുകൾ ഉയർത്തി. ഒരു ആഫ്രിക്കൻ യുവതിയും മറ്റൊരു പോലീസ് ഓഫിസറും മുറിയിലേക്ക് കടന്നു വന്നു. ലോക്കപ്പിന്റെ പൂട്ട് വീണ്ടും വീണു. ആശങ്കകൾ ഒട്ടുമില്ലാതെ ആ പെൺകുട്ടി ഓഫിസറെ അനുസരിച്ച് കസേരയിലിരുന്നു. അകത്ത് കടന്ന് ചെന്ന് ഇന്റർകോം ഓണാക്കി വിളിച്ചു വരുത്തി എന്തൊക്കെയോ സംസാരിച്ചു. ജർമ്മൻ ഭാഷയായിരിക്കണം. ഏതായാലും ഇംഗ്ലീഷ് അല്ല. അത് മാത്രമേ എനിക്കറിയൂ. അപേക്ഷ ഫോറം പൂരിപ്പിക്കലും സമർപ്പിക്കലും ഒക്കെ കഴിഞ്ഞ് ആ പെൺകുട്ടി കസരയിൽ വന്നിരുന്നു. ഞങ്ങളെപ്പോലെ കോടതി ഉത്തരവിന് കാത്തിരിക്കുകയാവും എന്നാണ് കരുതിയത്. പക്ഷേ ഏതാനും നിമിഷങ്ങൾക്കകം ആ കുട്ടി വീണ്ടും വിളിക്കപ്പെട്ടു. സംസാരത്തിനിടയിൽ ബാഗ് തുറന്ന് കുറച്ച് പണം എണ്ണി എടുത്ത് ട്രേയിൽ ഇട്ടു.അത് അകത്തേക്ക് വലിച്ചെടുത്തപ്പോൾ പെൺകുട്ടി വീണ്ടും കസേരയിൽ വന്നിരുന്ന് ഒരു പുസ്‌തകം എടുത്ത് വായന ആരംഭിച്ചു. കടുത്ത കുറ്റവാളി ഒന്നും ആയിരിക്കില്ല. പിഴ അടച്ച് പരിഹരിക്കാവുന്ന ഏതോ ചെറിയ പിഴവ്. മിനിറ്റുകൾക്ക് അകം ഓഫിസർ പുറത്തു വന്ന് ഏതോ പേപ്പറും കൊടുത്തേൽപ്പിച്ച് ഷേക്ക് ഹാന്റ് കൊടുത്ത് ഉപചാര വാക്കുകളും പറഞ്ഞ് ആ കുട്ടിയെ പറഞ്ഞയക്കുകയും ചെയ്‌തു.

ഞങ്ങളുടെ കൈവശം എത്ര ഡോളർ / യൂറോ ഉണ്ടെന്ന് ഞങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്ന ഓഫിസർ തുടക്കത്തിൽ തന്നെ അന്വേഷിച്ച കാര്യം അപ്പോഴാണ് ഓർമ്മ വന്നത്. ഡോളറോ യൂറോയോ ഉണ്ടായിരുന്നെങ്കിൽ പിഴ അടച്ചു രക്ഷപെടാൻ കഴിയുമായിരുന്നോ? അത്രക്കും ലളിതമാണോ വിസ കാലാവധി തെറ്റിച്ച   ഞങ്ങൾ ചെയ്ത കുറ്റം. അറിയില്ല.

സമയം 10. 30. വിമാനത്തിലേക്ക് യാത്രക്കാരെ കയറ്റിത്തുടങ്ങിയിട്ടുണ്ടാവും. അര മണിക്കൂറിനുള്ളിൽ അതിന്റെ വാതിലടയുക തന്നെ ചെയ്യും. പ്രതീക്ഷകൾ എല്ലാം അവസാനിക്കുകയാണ്. പ്രാത്ഥനകൾ എല്ലാം വിഫലമാവുകയാണ്. നാടും വീടും വീട്ടുകാരും ഒക്കെ മൈലുകൾക്കകലെ ഒന്നും അറിയാതെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും. ഞങ്ങളുടെ ലഗേജുകൾ കോഴിക്കോട് വിമാനത്താവളത്തിലെ ബാഗ്ഗേജ് ക്ലെയിം ഏരിയയിൽ ആളില്ലാതെ ഉപേക്ഷിക്കപ്പെട്ടു കറങ്ങി നടക്കും. അതിന്റെ ഹാന്റിലിൽ ചുറ്റി വെച്ചിരിക്കുന്ന റാപ്പറിലെ ബാർകോഡിൽ നിന്നും ഉടമസ്ഥരെ തിരിച്ചറിയും. അന്വേഷണങ്ങൾ ആരംഭിക്കും. യാത്രക്കാർ ജർമ്മനിയിൽ മിസ്സായിരിക്കുന്നു എന്ന് കണ്ടെത്തും. പത്രങ്ങളിൽ വാർത്ത വരും. ഊഹാപോഹങ്ങൾ പ്രചരിക്കും…

ഫ്രാൻസീസ്, ബേബി ജോർജ് ,മേരിക്കുട്ടി. ഇന്റർകോമിലൂടെ കേൾക്കുന്നത് ഞങ്ങളുടെ  പേരുകൾ തന്നെ ആണെങ്കിലും, വിധിയറിയാൻ ചെവിടോർക്കുന്ന കുറ്റവാളിയുടെ വേവലാധിയോടെയാണ് ഞങ്ങൾ ചില്ലു ഭിത്തിക്കരികിലേക്ക് ഓടി എത്തിയത്. “നിങ്ങൾ ഭാഗ്യം ഉള്ളവരാണ്. കോടതി ഉത്തരവ് വന്നിരിക്കുന്നു.  മാപ്പനുവദിച്ചിരിക്കുന്നു”. എത്ര തവണ നന്ദി പറഞ്ഞെന്നറിയില്ല. എത്ര ഉച്ചത്തിൽ പറഞ്ഞെന്നുമറിയില്ല. അതിനിടയിൽ അറിയാതെ തന്നെ നാവിൽ വന്നു നിറഞ്ഞ മാതൃഭാഷയിലുള്ള ശബ്‌ദങ്ങൾ നന്ദി പ്രകടനം തന്നെയാണെന്ന് ഞങ്ങളുടെ ശരീരഭാഷയിൽ നിന്നും അയാൾ വായിച്ചെടുത്തിട്ടുണ്ടാവും.

ട്രേയിലൂടെ പുറത്തു വന്ന രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ടു. അത് തിരികെ വാങ്ങി മേശപ്പുറത്ത് എടുത്ത് വെച്ച് ഓഫിസർ പുറത്തുവന്നു. പാസ്‌പോർട്ടുകൾക്കകത്ത് മടക്കി വെച്ച നിലയിൽ കൈയിൽ കരുതിയ പ്രിന്റൗട്ടുകൾ പേര് വിളിച്ച് കൈയിൽ തന്നു. “ഇത് കോടതി ഉത്തരവാണ്. യാത്രാവസാനം വരെ കൈയിൽ സൂക്ഷിക്കണം” എന്ന് ഓർമിപ്പിച്ചു കൊണ്ട് ലോക്കപ്പ് തുറന്നു. അപ്പോൾ മാത്രമാണ് സ്വതന്ത്രരായിരിക്കുന്നു എന്ന് ഞങ്ങൾക്ക് ബോധ്യമായത്.

“അൽപ്പം വൈകിയിരിക്കുന്നു, ദയവു ചെയ്‌ത്‌ എന്നെ അനുഗമിക്കുക ” എന്ന് പറഞ്ഞു കൊണ്ട് ഓഫിസർ തിടുക്കത്തിൽ മുന്നേ നടന്നു. അപ്പോഴാണ് സമയം അതിക്രമിച്ചിരിക്കുന്നു എന്ന ബോധം  തിരിച്ചുവന്നത് . എമിഗ്രേഷൻ കൗണ്ടറിലേക്കാണ് ഓഫിസർ ഞങ്ങളെ നയിച്ചത്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമാണ് പാസ്‌പോർട്ടുകൾ തിരികെ തന്നത്. തുടർന്നുള്ള കൗണ്ടറിലേക്ക് ഞങ്ങളെ നയിച്ചതും അദ്ദേഹം തന്നെ. ദേഹപരിശോധനയും ഹാന്റ് ബാഗ്‌ സ്‌കാനിങ്ങും ഒക്കെ കഴിഞ്ഞ് പാസഞ്ചർ ലോബിയിലേക്ക് കടത്തിവിട്ടു കൊണ്ട് കൈ തന്ന് പിരായാൻനേരം, ദൈവദൂതനെ പോലെ അവതരിച്ച്, ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ഞങ്ങളെ പരിരക്ഷിച്ച ആ ജർമ്മൻകാരനായ ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ച് നന്ദിയും സന്തോഷവും പ്രകടിപ്പിച്ച് ഏതാനും നിമിഷം നിന്നുപോയി.
ചെക്കിൻ ചെയ്‌ത ഇന്ത്യക്കാരായ മൂന്നു യാത്രികരെ ഉച്ചഭാഷിണിയിലൂടെ തിരക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരിൽ ആരോ ഓർമ്മപ്പെടുത്തി. എത്തിഹാദ് വിമാനം പുറപ്പെടുന്ന ഗേറ്റിന്റെ സ്ഥാനം ചോദിച്ചറിഞ്ഞ് ശരവേഗത്തിൽ ഓടി. ഗേറ്റ് പാസ്സുകൾ സ്‌കാൻ ചെയ്‌ത്‌ എയ്‌റോ ബ്രിഡ്‌ജിലൂടെ ഓടിപ്പാഞ്ഞ് വിമാനത്തിന്റെ വാതിൽക്കലെത്തി. താമസിച്ചു വന്നവരാണെങ്കിലും അതൊന്നും ഗൗനിക്കാതെ സുസ്‌മേരവദനരായിത്തന്നെ എത്തിഹാദ് സുന്ദരികൾ സ്വാഗതം ഓതിക്കൊണ്ട് സ്വീകരിച്ചപ്പോൾ മാത്രമാണ് ശ്വാസം നേരെ വീണത്. നാനൂറിലധികം യാത്രക്കാരുമായി എത്തിഹാദിന്റെ പടുകൂറ്റൻ യന്ത്രപ്പക്ഷി ആകാശത്തേക്കുയർന്നപ്പോഴും ഒരാശങ്ക ബാക്കിയുണ്ടായിരുന്നു. അനുവദിച്ചതിലധികം കാലം യൂറോപ്പിൽ തങ്ങി എന്ന കാരണത്താൽ ഇന്ത്യയിലെത്തിയാൽ ഞങ്ങളെ പിടിച്ച് അകത്തിട്ടേക്കുമോ? ഏതായാലും തുടർ യാത്രയിൽ അനിഷ്‌ടം ഒന്നും സംഭവിച്ചില്ല.

കാലം ഏറെ കഴിഞ്ഞെങ്കിലും എന്റെ മനസ്സിൽ അന്നനുഭവിച്ച ആശങ്കയുടെ കനൽ ഇന്നും എരിയുന്നുണ്ട്. ഒപ്പം ചില താരതമ്യ ചിന്തകളും തിക്കി മുട്ടുന്നു. വിസ കാലാവധി തെറ്റിയ ഒരു വിദേശി ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ പിടിക്കപ്പെട്ടാൽ എന്തായിരിക്കും അനന്തരഫലം. പാസ്‌പോർട്ട് പരിശോധിക്കുന്ന ഉദ്യോഗസ്ഥന്റെ നീണ്ടുനില്ക്കുന്നചോദ്യം ചെയ്യലിനു ശേഷം മേലധികാരിയായ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നു. അദ്ദേഹം ചോദ്യം ചെയ്യൽ തടരുന്നു. പിന്നീട് സർക്കിൾ ഇൻസ്‌പെക്റ്ററുടെ മുമ്പിൽ ഹാജരാക്കുന്നു. ചോദ്യം ചെയ്യൽ തടരുന്നു. വീണ്ടും മേലധികാരിയിലേക്ക് …. അങ്ങനെ അങ്ങനെ … പിറ്റേ ദിവസം പത്രത്തിലൊരു വാർത്ത!! ശരിയല്ലേ?

വാൽക്കഷണം: മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥരും, ഉചിതവും സമയബന്ധിതവുമായ തീരുമാനങ്ങൾക്ക് വേണ്ട ലളിതമായ നടപടിക്രമങ്ങളും, അതിനുള്ള അധികാര വികേന്ദ്രീകരണവും ഒക്കെ ഇനി എന്നാണാവോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടപ്പിലാവുക!

1 Comment
  1. Baburaj 3 years ago

    ഭംഗിയായ വിവരണം. അഭിനന്ദനങ്ങൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account