ഒരു സ്വപനത്തിൽ നിന്ന് അത് പൂർത്തിയാകാതെ ഉണർന്നുപോയാലോ? എങ്ങനെയാണ് മുഴുമിപ്പിക്കുക എന്നറിയാത്ത സമസ്യപോലെ അങ്ങനെ ചിലതുണ്ട്. കാൽപ്പനിക കവി വില്യം വേർഡ്‌സ്‌വർത്തിന്റെ ജീവിതം അദ്ദേഹത്തിന് എഴുതി മുഴുമിപ്പിക്കാനാകാതെ പോയ ഒരു മഹാകാവ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് അങ്ങനെയാണ്. ‘ദി റിക്ലുസ്’ എന്ന രചനയാണ്‌ എവിടെയോ മുറിഞ്ഞുപോയൊരു സ്വപ്‌നം പോലെ അവശേഷിക്കുന്നത്.

വിടരാതെ കൊഴിഞ്ഞ പൂമൊട്ടിനും വരച്ച് മുഴുമിക്കാത്ത ചിത്രത്തിനും എന്തിന്, പെയ്യാതെ പോയൊരു മഴയ്ക്കു വരെ പൂർണതയെത്തിയെങ്കിൽ എത്ര സൗന്ദര്യാനുഭൂതികൾ പകരാനാകുമായിരുന്നു! ‘അത്രമേൽ ഏകാന്തമായ ജീവിതം’ എന്ന് വിളിക്കാവുന്ന ആ അപൂർണ്ണ സൃഷ്‌ടിയെ ആ അർഥത്തിലാണ് ആദരിക്കേണ്ടത്.

തടാക തീരത്തു തലയാട്ടി നിൽക്കുന്ന ഡാഫൊഡിൽ പുഷ്‌പങ്ങളുടെ ഇടയിലേക്ക് നമ്മുടെ കുട്ടിക്കാലത്തെ കൈപിടിച്ചു നടത്തിയ വേർഡ്‌സ്‌ വർത്ത് സ്വന്തം ജീവിതത്തിലൂടെ ഒരു പുനർയാത്ര നടത്താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കവിതയിലൂടെ ഒരു മടക്കയാത്രയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ബാല്യ കൗമാരങ്ങൾ പിന്നിട്ടു ഒടുവിലെത്തുന്ന ജീവിതത്തിന്റെ സ്വച്ഛസുന്ദരമായ ഏകാന്ത തീരം വരെ ഒരു യാത്ര. പക്ഷെ അത് മുഴുമിക്കാൻ അദ്ദേഹത്തിനായില്ലല്ലോ. എഴുതി തീർത്തിരുന്നു എങ്കിൽ പതിനേഴാം നൂറ്റാണ്ടിലെ ഇതിഹാസമായ, ജോൺ മിൽട്ടൺ രചിച്ച പാരഡൈസ് ലോസ്‌റ്റിനേക്കാൾ മൂന്നിരട്ടി ബൃഹത്തായ ഒരു കാവ്യമായേനെ. ഒരുപക്ഷേ, വേർഡ്‌സ്‌വർത്ത് അറിയപ്പെടുന്നത് തന്നെ ‘അത്രമേൽ ഏകാന്തമായ ജീവിത’ത്തിന്റെ പേരിൽ ആയേനെ.

ഏകാന്തതയ്ക്കു എത്രയെത്ര ഭാവങ്ങളാണ്! കാരാഗ്രഹവാസത്തേക്കാൾ കഠിനമായതു മുതൽ മോഹിപ്പിക്കുന്ന ഏകാന്തത വരെയുണ്ട്. ആൾക്കൂട്ടങ്ങളിൽ നിന്ന് തിരിഞ്ഞു നടന്ന് ഒടുവിൽ വന്നു പുണരുന്ന ഏകാന്തത; അത് ജീവിതത്തെയാകെ ഒരു ചലച്ചിത്രത്തിൽ എന്നപോലെ ഓർമയുടെ ക്യാൻവാസിൽ കാണിച്ചു തരുന്നു. അത്തരമൊരു ജീവചരിത്ര കാവ്യമാകേണ്ടിയിരുന്ന കാവ്യമാണ് വില്യം വേർഡ്‌സ്‌വർത്തിന്റെ ‘ദി റിക്ലുസ്’. പക്ഷെ അത് എഴുതി പൂർത്തിയാക്കപ്പെടാതെ പോയി.

വേർഡ്‌സ്‌വർത്ത് തന്റെ ജീവിതാഭിലാഷമായി കൊണ്ടുനടന്നതാണ് ‘അത്രമേൽ ഏകാന്തമായ ജീവിത’ത്തിന്റെ രചന. ഏതാണ്ട് നാൽപ്പത് വർഷത്തോളം എഴുതിയും തിരുത്തിയും കൊണ്ട് നടന്നെങ്കിലും അദ്ദേഹത്തിന് അതു മുഴുമിപ്പിക്കാനായില്ല. എന്തുകൊണ്ടാണത് എഴുതിത്തീർക്കാഞ്ഞത്, അല്ലെങ്കിൽ എഴുതി തീരാഞ്ഞത്‌ എന്നതിന് വേർഡ്‌സ്‌വർത്തിന്റെ ഭാഗത്ത് ന്യായീകരണങ്ങളുമില്ലായിരുന്നു. വേർഡ്‌സ്‌വർത്തിലെ വേർഡ്‌സ്‌ കവിയെ ഏറ്റവും നന്നായി തിരിച്ചറിഞ്ഞ മൂന്നു പേരുടെ പ്രോത്‌സാഹനവും സ്‌നേഹവും പോലും ഇതിൽ സഹായകമായില്ല എന്ന് കരുതേണ്ടി വരും. ഭാര്യ മേരിയും, സഹോദരി ഡൊറോത്തിയും കോളറിഡ്‌ജുമാണവർ.

കവിയും കാവ്യവിമർശകനുമായ സാമുവൽ ടെയ്‌ലർ കോളറിഡ്‌ജുമായി ചേർന്ന്  വേർഡ്‌സ്‌വർത്ത് 1798 ൽ ലിറിക്കൽ ബാലഡ്‌സ് എന്ന കാവ്യ സമാഹാരം പുറത്തിറക്കി. വലിയ എഴുത്തുകാരായ ഇരുവരും ഒന്നിച്ചപ്പോൾ സാഹിത്യത്തിലെ കാൽപ്പനികത എന്ന മഹാപ്രസ്ഥാനത്തിന്റെ തുടക്കമായി അത് വാഴ്ത്തപ്പെട്ടു. കാവ്യഗീതകം കാൽപ്പനികതയുടെ ആദ്യ പഞ്ചാംഗവുമായി.

ലിറിക്കൽ ബാലഡ്‌സിന്റെ ഒന്നാം പതിപ്പ് ഇറങ്ങിയ ശേഷം കോളറിഡ്‌ജ് കൂട്ടുകാരനെഴുതി: ‘നീയെത്രയും വേഗം ‘അത്രമേൽ ഏകാന്തമായ ജീവിത’ത്തിന്റെ പണിയിൽ മുഴുകണം എന്നാണ് എന്റെ അഭിപ്രായം. ഫ്രഞ്ചു വിപ്ലവത്തിന്റെ പരാജയത്തിൽ മനുഷ്യവംശത്തെക്കുറിച്ചുള്ള ആശ നഷ്‌ടപ്പെട്ട് സ്വാർത്ഥതയിലേക്ക് ഉൾവലിഞ്ഞും, കുടുംബ ബന്ധങ്ങളെന്ന കാരണങ്ങൾ പറഞ്ഞും ഒഴിഞ്ഞുമാറി നിൽക്കുന്നവർക്കായി എഴുതൂ വേഗം’.

വേർഡ്‌സ്‌വർത്തും കോലാറിഡ്ജും തമ്മിലുള്ള എഴുത്തുകൂട്ട് ലിറിക്കൽ ബാലഡ്‌സിന്റെ പ്രസിദ്ധീകരണത്തോടെ ശക്‌തമായിരുന്നു. തന്റെ കൂടുതൽ കവിതകൾ ഉൾപ്പെടുത്തിയ ലിറിക്കൽ ബാലഡ്‌സിന്റെ രണ്ടാം പതിപ്പിന് വേർഡ്‌സ്‌വർത്ത് എഴുതിയ ആമുഖം പക്ഷെ ആ യോജിപ്പിനെ വിയോജിപ്പാക്കി മാറ്റി. 1817 ൽ ബയോഗ്രാഫിയ ലിറ്ററേറിയ എന്ന തന്റെ ആത്‌മകഥയെന്ന് വിളിക്കാവുന്ന പുസ്‌തകത്തിൽ കോളറിഡ്‌ജ് വേർഡ്‌സ്‌വർത്തിനെ നിശിതമായി വിമർശിച്ചു. കാൽപ്പനികതയുടെ പ്രയോക്‌താവ്‌ ഒപ്പമുള്ളയാളെ തള്ളിപ്പറുകയായിരുന്നു ചെയ്‌തത്.  അദ്ദേഹത്തിന്റെ അത്തരം നിലപാടുകളുടെ അടിസ്ഥാനത്തിൽ ആത്‌മകഥ കാവ്യവിമർശന ഗ്രന്ഥമാകുകയും ചെയ്‌തു. എങ്കിലുമവർ രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയിൽ വീണ്ടും യോജിപ്പിലായി. പരസ്‌പര സ്‌നേഹവും ബഹുമാനവുമുള്ളിടത്ത് പറഞ്ഞു തീർക്കാനാവാത്ത എതിർപ്പുകൾക്ക് നിലനിൽപ്പില്ലല്ലോ. എന്നാൽ ഇതിനിടയിൽ വേർഡ്‌സ്‌വർത്ത് തന്റെ ‘അത്രമേൽ ഏകാന്തമായ ജീവിതം’ എന്ന മാസ്റ്റർപീസാകേണ്ട പുസ്‌തകത്തിന്റെ രചന വഴിയിലുപേക്ഷിച്ചു.

മൂന്നു ഭാഗങ്ങളായി തിരിച്ച് എഴുതാൻ നിശ്ചയിച്ച പുസ്‌തകത്തിന്റെ ആദ്യഭാഗത്തിന്റെ കൈയെഴുത്തുപ്രതി കിട്ടിയപ്പോൾ കവി അതിനു പേരിട്ടിരുന്നില്ല. കോളറിഡ്‌ജിനായുള്ള കവിതയെന്നാണ് വേർഡ്‌സ്‌വർത്ത് അതിൽ രേഖപ്പെടുത്തിയിരുന്നത്. കുട്ടിക്കാലം മുതൽ 1798 വരെയുള്ള കാലമാണ് ഈ കവിതയിലുള്ളത്. കൗമാരത്തിലെ ബോട്ട് മോഷണം മുതൽ കേംബ്രിഡ്‌ജ്‌ പഠനം, പിന്നീട് ഫ്രഞ്ച് വിപ്ലവത്തിലെ ഇടപെടൽ, ഒടുവിൽ ലേക്ക് ഡിസ്‌ട്രിക്റ്റിലേക്കുള്ള മടക്കം വരെയുള്ള കാര്യങ്ങൾ അതിലുണ്ട്. എങ്കിലും ആ കാലഘട്ടത്തിൽ ഫ്രഞ്ചു വനിതയായ ആനെറ്റിനോടുണ്ടായ അടുപ്പമോ അതിലുണ്ടായ മകളായ കരോളിനെക്കുറിച്ചുള്ള പരാമർശമോ ഉൾപ്പെടുത്തിയിട്ടുമില്ല. പിന്നീട് കവി മരിച്ച ശേഷം അദ്ദേഹത്തിന്റെ പത്‌നി 1850 ൽ ‘ദ പ്രിലൂഡ്’ എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചു.

‘അത്രമേൽ ഏകാന്തമായ ജീവിതത്തിന്റെ’ രണ്ടാം ഭാഗം ‘ദി എകസ്‌കേർഷൻ’ എന്ന പേരിൽ പിന്നീട് പ്രസിദ്ധീകരിച്ചു, എങ്കിലും സാഹിത്യലോകത്തിന് ഒട്ടും സ്വീകാര്യമായിരുന്നില്ല. നാലു കഥാപാത്രങ്ങൾ അഞ്ചു ദിവസങ്ങളിലായി ഏർപ്പെടുന്ന സംഭാഷണങ്ങളാണ് എകസ്‌കേർഷന്റെ ഇതിവൃത്തം. കവിയുടെ വരികൾക്കും കവിതയ്ക്കുമുണ്ടായിരുന്ന ആ മായാജാല ഭംഗി നഷ്‌ടപ്പെടുകയാണോ എന്നു വരെ വിമർശകനങ്ങൾ ഉയർന്നു. നിരൂപകനായ വില്യം ഹാസ്ലിറ്റ് ‘ഞാൻ കണ്ണീരൊഴുക്കുകയാണ്, ആഗ്രഹിച്ചിരുന്നതു പോലെ ഇതിനെ പ്രകീർത്തിച്ചു പറയാൻ എനിക്ക് ആകുന്നില്ലല്ലോ എന്നോർത്ത്’ എന്നാണ് അതേക്കുറിച്ച് എഴുതിയത്. മൂന്നാം ഭാഗം എഴുതാതെ പോയതിനാലാണ് ‘അത്രമേൽ ഏകാന്തമായ ജീവിതം’ വേർഡ്‌സ്‌വർത്തിന്റെ അപൂർണ്ണ സൃഷ്‌ടിയായത്.

ഏതാണ്ട് നാലുപതിറ്റാണ്ടു കാലമെടുത്തിട്ടും പൂർത്തിയാകാതെ പോയ ഈ കൃതിയെ കുറിച്ച് ‘എന്റെ മനസ്സിന്റെ വളർച്ചയെക്കുറിച്ചാണ് ഈ കവിത’ എന്ന് കവി സഹോദരി ഡൊറോത്തിക്ക് അയച്ച കത്തുകളിൽ പറയുന്നുണ്ട്. എന്തുകൊണ്ടായിരിക്കാം ഈ കാവ്യം പൂർത്തിയാക്കാതെ പോയത് എന്നതിനൊരു മറുപടി ഈ വരിയിൽ വായിക്കാനാകുന്നതല്ലേ? ചിന്താശക്‌തിടെ ജീവിച്ചിരിക്കുന്നയാൾക്ക് മനസിന്റെ വളർച്ച പൂർത്തിയാകുക എന്നൊരവസ്ഥയില്ലല്ലോ. ചിന്താശേഷി നഷ്‌ടപ്പെട്ടാലോ, അല്ലെങ്കിൽ പ്രാണൻ നഷ്‌ടപ്പെടുമ്പോഴോ മാത്രം പൂർത്തിയാകുന്ന വളർച്ചയെക്കുറിച്ച് എങ്ങനെയെഴുതി ഉപസംഹരിക്കാനാകും?

പൂർത്തിയാക്കാനുള്ള വരികൾ പൂർത്തിയാക്കപ്പെട്ടെങ്കിൽ സുന്ദരമായ കാവ്യം പോലെ ഭംഗിയോടെ പൂത്തുലഞ്ഞു കാണാനാകുമായിരുന്ന എത്രയോ ജീവിതങ്ങളുണ്ട്. ഒരു സ്‌നേഹസ്‌പർശത്തിലൂടെ വീണ്ടുമുണരാവുന്ന പ്രതിഭകൾ. അവർ പൂർണത നേടുന്നിടങ്ങളിൽ കാഴ്‌ചക്കാരായെങ്കിലും നിൽക്കാനാവുന്നതെത്ര പുണ്യമാകും! വേർഡ്‌സ്‌വർത്തിന്റെ കാവ്യ ജീവിതത്തിൽ പൂർണതയെ മറച്ചത് എന്താകാം? ആരുടെയെങ്കിലും സാന്നിധ്യമോ അസാനിധ്യമോ ആകാം. അത് ഉറ്റചങ്ങാതിയുടേതോ അതോ ആഗ്രഹിച്ചിട്ട് ഇല്ലാതെപോയ പ്രണയിനിയുടേതോ?

– വിനീത പ്രഭാകർ പാട്ടീൽ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account