-എം എം സചീന്ദ്രന്‍-

ഷിക്കാഗോ നഗരത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ മറക്കാതെ ചെയ്യുന്ന ഒരു കാര്യം വില്ലിസ് ടവറില്‍ കയറിനിന്ന് താഴോട്ടുനോക്കി നഗരവും ചുറ്റുപാടും കാണുക എന്നതായിരിക്കും. ഞങ്ങളും അക്കാര്യത്തില്‍ മാറ്റം വരുത്തിയില്ല. വില്ലീസ് ടവറിന്‍റെ 105-ാമത്തെ നിലയില്‍ കയറിനിന്ന് ഷിക്കാഗോ നഗരം കാണുക എന്നത് തികച്ചും വ്യത്യസ്‌തമായ ഒരു അനുഭവംതന്നെയാണ്. ഈ കെട്ടിടത്തിന്‍റെ 1353 അടി ഉയരത്തില്‍ കയറിനിന്നാല്‍ പുറത്തേയ്ക്കു തള്ളി നില്‍ക്കുന്ന ഒരു ബാല്‍ക്കണിയുണ്ട്. അതിന്‍റെ അടിഭാഗവും ഗ്ലാസുകൊണ്ടാണ്. അതില്‍ കയറിനിന്നാണ് താഴോട്ടു നോക്കുക. കാല്‍ക്കീഴില്‍ ഗ്ലാസ് ആയതുകൊണ്ട് ആകാശത്തില്‍ ആലംബമില്ലാതെ നില്‍ക്കുന്നു എന്നേ തോന്നൂ. താഴോട്ടു നോക്കിയാല്‍ നേരിയ ഒരു വിറയല്‍ അനുഭവപ്പെടും. പിടിവിട്ട് ഊര്‍ന്നുവീഴുന്നതുപോലെ, മനസ്സിന്‍റെ ഏതോ കോണില്‍ പുളി കയറുന്നതുപോലുള്ള ഒരു പേടി. പക്ഷേ കുറച്ചു കഴിയുമ്പോള്‍ നാം അതൊക്കെ മറക്കും. ദൃശ്യസൗഭാഗ്യത്തിലേയ്ക്കു കൂപ്പുകുത്തിവീഴും. ആ ബാല്‍ക്കണിയില്‍ കയറാന്‍ എപ്പോഴും വലിയ തിരക്കാണ്. വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ സന്ദര്‍ശകരുടെ നീണ്ട ക്യൂ കാണാം. നൂറ്റിയഞ്ചാം നിലയില്‍ കെട്ടിടത്തിനുചുറ്റും ഗ്ലാസാണ്. ചുറ്റും നടന്നു കാണാന്‍ പറ്റുന്ന രീതിയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ന്യൂയോര്‍ക്, വാഷിങ്‌ടൺ അടക്കമുള്ള ഏതു വലിയ നഗരത്തിലും കാണും ഈ തരത്തില്‍ ഏറ്റവും ഉയരം കൂടിയ ഒരു കെട്ടിടവും അതുകാണാനുള്ള സന്ദര്‍ശകരുടെ തിരക്കും. ഷിക്കാഗോവിലെ ഏറ്റവും വലിയ ഈ കെട്ടിടത്തിന് വാസ്‌തവത്തിൽ നൂറ്റിപ്പത്തു നിലകളും, 1530 അടി ഉയരവുമുണ്ട്. പക്ഷേ, ഒബ്‌സർവഷൻ ഡെസ്‌ക് എന്നറിയപ്പെടുന്ന ഈ ചില്ലു ബാല്‍ക്കണി നൂറ്റി അഞ്ചാമത്തെ നിലയിലാണെന്നുമാത്രം. വില്ലിസ് ടവര്‍ എന്നത് അങ്ങോരുടെ പുതിയ പേരാണ്. 2009 ലാണ് ഗസറ്റില്‍ നോട്ടിഫൈ ചെയ്‌ത്‌ മൂപ്പര്‍ പേരുമാറ്റിയത്. കെട്ടിടം നിര്‍മ്മിച്ച കാലം മുതല്‍ സിയേഴ്‌സ് ടവര്‍ എന്നായിരുന്നു പേര്. ആ കഥ പിന്നീടു പറയാം.

ഇപ്പോള്‍ ഷിക്കാഗോവിലുള്ള ഏറ്റവും വലിയ കെട്ടിടമാണ് വില്ലീസ് ടവര്‍ എന്നു പറഞ്ഞുവല്ലോ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ കണക്കെടുത്താല്‍ വില്ലീസ് ടവറിന് പതിനാലാം സ്ഥാനമാണുള്ളത്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കാണ് ഇപ്പോള്‍ ഒന്നാം സ്ഥാനം. പക്ഷേ, 1974 മുതല്‍ 1998 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു ഷിക്കാഗോയിലെ സിയേഴ്‌സ് ടവര്‍, ഇപ്പോഴത്തെ വില്ലീസ് ടവര്‍. അമേരിക്കയിലെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇപ്പോള്‍ വില്ലിസ് ടവറിനുള്ളത്. ഒന്നാം സ്ഥാനം ന്യൂയോര്‍ക് സിറ്റിയിലെ വണ്‍ വേള്‍ഡ് ട്രെയ്‌ഡ്‌ സെന്‍ററിനാണ്. വേള്‍ഡ് ട്രേഡ് സെന്‍ററിനെ മറികടന്നുകൊണ്ടാണ് സിയേഴ്‌സ് ടവര്‍ 1973ല്‍ രംഗപ്രവേശം ചെയ്‌തത്‌. 2013 മെയ് 10 വരെ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായിരുന്നു ഇത്. 2011ലെ തീവ്രവാദി ആക്രമണത്തിനുശേഷം 2013ല്‍ വേള്‍ഡ് ട്രെയ്‌ഡ്‌ സെന്‍റര്‍ പുതുക്കിപ്പണിതപ്പോൾ അതിന് വില്ലിസ് ടവറിനേക്കാള്‍ ഉയരംകൂടി. സ്റ്റീല്‍മാത്രം ഉപയോഗിച്ചുകൊണ്ടാണ് വില്ലിസ് ടവര്‍ നിര്‍മ്മിച്ചത്. ഇങ്ങനെ നിര്‍മ്മിച്ച, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ഇപ്പോഴും വില്ലീസ് ടവര്‍തന്നെ. ബുര്‍ജ് ഖലീഫയടക്കം മറ്റെല്ലാ അംബരചുംബികളുടെ നിര്‍മ്മാണത്തിലും സ്റ്റീലും കേണ്‍ക്രീറ്റും ഉപയോഗിച്ചിട്ടുണ്ട്.

ഉയരത്തിന്‍റെ സ്ഥാനക്രമം എന്നതിലുപരി ഓരോ നഗരത്തിലേയും ഏറ്റവും ഉയരംകൂടിയ കെട്ടിടങ്ങളില്‍നിന്നുകൊണ്ടു കാണുന്ന ദൃശ്യങ്ങളുടെ ചാരുത വ്യത്യസ്‌തമാകുമല്ലോ. ലോകത്തിലെ ഏറ്റവും പുരാതന വ്യവസായനഗരമായ ഷിക്കാഗോയിലെ വില്ലിസ് ടവറിന്‍റെ നൂറ്റിയഞ്ചാമത്തെ നിലയില്‍ ചില്ലുബാല്‍ക്കണിയുടെ സുതാര്യതയില്‍ കാലടിക്കീഴില്‍ മണ്ണില്ലാതെ കാണുന്ന ദൃശ്യങ്ങള്‍ മറ്റൊരു നഗരത്തിനും സമ്മാനിക്കാന്‍ കഴിയാത്തതാണ്. കിഴക്കു ഭാഗത്ത് വിശാലമായ മിഷിഗന്‍ തടാകം കടലുപോലെ വ്യാപിച്ചുകാണാം. തടാകത്തോടു ചേര്‍ന്നു നിര്‍മ്മിച്ച ജലപാതകളും ഷിക്കാഗോ നദിയും തലങ്ങും വിലങ്ങും നഗരത്തെ പകുത്തൊഴുകുന്നു. വില്ലിസ് ടവറോളം ഉയരത്തില്‍ വളര്‍ച്ചയെത്തിയിട്ടില്ലാത്ത നൂറുകണക്കിന് കെട്ടിടങ്ങളുടെ മുകള്‍ഭാഗം ഇളംമുളകളെപ്പോലെ കാണാം. അവ ഓരോ നിമിഷവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നു തോന്നും. രാവണപുത്രനായ കുംഭകര്‍ണന്‍റെ കാഴ്ച്ചയിലെന്നപോലെ വല്ലാതെ ചെറുതായിപ്പോയ വാഹനങ്ങളെയും മനുഷ്യരേയും നമുക്കു വേണമെങ്കില്‍ ഒറ്റമുഷ്‌ടിയില്‍ ഒതുക്കാമെന്നുതോന്നും. ഇവിടെനിന്നു നോക്കിയാല്‍, ഇല്ലിനോയ്, ഇന്ത്യാന, മിഷിഗന്‍, വിസ്‌കോസിൻ എന്നീ നാലു സംസ്ഥാനങ്ങള്‍ കാണാം.

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പട്ടണമാണല്ലോ ഷിക്കാഗോ. അംബരചുംബികളായ കെട്ടിടങ്ങളുടെ (Skyscrapers) ജന്മദേശമാണ് ഷിക്കാഗോ എന്നു പറയാം. 1885ല്‍ ഷിക്കാഗോയില്‍ പണിത ഹോം ഇന്‍ഷറന്‍സ് ബില്‍ഡിംഗ് ആണ് ഇത്തരത്തിലുള്ള ആദ്യത്തെ കെട്ടിടമായി പരിഗണിക്കപ്പെടുന്നത്. ഷിക്കാഗോ നഗരം സ്വന്തമായി വികസിപ്പിച്ചെടുത്ത സ്റ്റീല്‍ ഫ്രെയിം മെത്തേഡ് ഉപയോഗിച്ചായിരുന്നു ഈ കെട്ടിടം പണിതത്. പത്തു നിലകളും 138 അടി ഉയരവും ആയിരുന്നു ആദ്യം പണിതീര്‍ത്തപ്പോള്‍. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അത് ലോകത്തിലെ ഏറ്റവും കൂടിയ ഉയരംതന്നെയായിരുന്നു. പിന്നീട് പന്ത്രണ്ട് നിലകളാക്കി ഉയര്‍ത്തിയ കെട്ടിടം 1930ല്‍ ഇടിച്ചു നിരത്തി. 1920-കളിലും 1930 കളിലും പണിതവയാണ് ഇന്ന് ഷിക്കാഗോ നഗരത്തിലുള്ള ഉയരം കൂടിയ മിക്കവാറും കെട്ടിടങ്ങള്‍. അംബരചുംബികളായ 1315 കെട്ടിടങ്ങളുണ്ട് ഷിക്കാഗോയില്‍. അതില്‍ 44 എണ്ണവും 600 അടിയിലേറെ ഉയരമുള്ളവയാണ്.

1871-ല്‍ ഷിക്കാഗോ നഗരത്തില്‍ വമ്പിച്ചൊരു അഗ്നിബാധയുണ്ടായി. ഒരു ലക്ഷം ആളുകള്‍ക്കാണ് അതില്‍ വീടുനഷ്ടപ്പെട്ടത്. ഒക്ടോബര്‍ 8 ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ ഒക്ടോബര്‍ 10 ചൊവ്വാഴ്ച്ച രാത്രിവരെ തീപ്പിടുത്തം തുടര്‍ന്നു എന്നാണ് പറയുന്നത്. 300 പേര്‍ തീയില്‍ വെന്തു മരിച്ചു. ഷിക്കാഗോ നഗരത്തിലെ 9 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അപ്പാടെ കത്തി നശിച്ചു. മരം ഉപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണരീതിയാണ് അക്കാലത്തെന്നല്ല ഇക്കാലത്തും അമേരിക്കയില്‍ പ്രധാനമായും കാണുന്നത്. തണുപ്പിനെ പ്രതിരോധിക്കാനുള്ള ഉപാധി എന്ന നിലയ്ക്കാവണം മരം പ്രധാനമായത്. 1871ല്‍ ഷിക്കാഗോയിലെ മൂന്നില്‍ രണ്ടു കെട്ടിടങ്ങളും മരം ഉപയോഗിച്ചുള്ളതായിരുന്നു. അതുകൊണ്ടാണ് തീ പെട്ടെന്നു കത്തിപ്പടരാനും അത്ര ഭയാനകമാവാനും കാരണം. വളരെ പെട്ടെന്നുതന്നെ നഗരം പുനര്‍നിര്‍മ്മിക്കാനും കെട്ടിടങ്ങള്‍ പുതുക്കി പണിയാനും ശ്രമം ആരംഭിച്ചു. ഈ അഗ്നിബാധയെത്തുടര്‍ന്നാണ് മരത്തിനുപകരം, ഇരുമ്പും സ്റ്റീലുമൊക്കെ ഉപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണരീതി ഷിക്കാഗോ നഗരത്തില്‍ പരീക്ഷിക്കുന്നത്.

വില്ലിസ് ടവറിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. 1969-ല്‍ ഷിക്കാഗോയിലെ സിയേഴ്‌സ് റോയ്ബക് ആന്‍റ് കമ്പനി റീടെയില്‍ ഷോപ്പിംഗ് രംഗത്തെ അതികായന്മാരായിരുന്നു. ഇന്നത്തെ വാള്‍മാര്‍ട്ടിന്‍റെ മുതുമുത്തച്ഛന്‍ എന്നു വേണമെങ്കില്‍ പറയാം. 350000 തൊഴിലാളികളായിരുന്നു അന്ന് ആ കമ്പനിയില്‍ ഉണ്ടായിരുന്നത്. കമ്പനിയുടെ ഒരു കേന്ദ്ര ഓഫീസ് സമുച്ചയം ഷിക്കാഗോ നഗരത്തില്‍ പണിയുന്നതിനെക്കുറിച്ച് ആലോചന നടന്നു. പല സ്ഥലങ്ങളില്‍ വിവിധ ഓഫീസുകളിലായി ജോലിചെയ്യുന്ന കുറേയേറെ തൊളിലാളികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു വലിയ ഓഫീസ്. അങ്ങനെയാണ് ഷിക്കാഗോ നഗരത്തിലെ സൗത്ത് വാക്കര്‍ ഡ്രൈവില്‍ 30 ലക്ഷം ചതുരശ്ര അടി (2,80,000 ചതുരശ്രമീറ്റര്‍) വിസ്‌തീർണമുള്ള സ്ഥലത്ത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം പണിയാന്‍ Skidmore Owings & Merril എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് സിയേഴ്‌സ് റോയബക് ആന്‍റ് കമ്പനി ആവശ്യപ്പെടുന്നത്.

ഷിക്കാഗോ നഗരത്തിലെ വാക്കര്‍ ഡ്രൈവ്, ആദംസ് സ്‌ട്രീറ്റ്‌, ക്വന്‍സി സ്‌ട്രീറ്റ്‌ തുടങ്ങി പ്രധാനപ്പെട്ട പല ഭാഗങ്ങളും ഏകദേശം മുഴുവനായിത്തന്നെ ഒഴിപ്പിക്കേണ്ടതുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ അറ്റോര്‍ണിമാരുടെ ഒരു സംഘം, തുണ്ടുതുണ്ടായി നഗരത്തിലെ സ്വത്തിന്‍റെ അവകാശം മുഴുവന്‍ വാങ്ങിക്കൂട്ടി. ഇപ്പോഴത്തെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്‍റെയും ബിനാമി ഇടപാടിന്‍റെയും പൂര്‍വ മാതൃകകള്‍ ഷിക്കാഗോ നഗരത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആരംഭിച്ചിരുന്നതായി കാണാം. 100 ഉടമസ്ഥരില്‍നിന്ന് 15 കെട്ടിടങ്ങള്‍ മുഴുവനായി സിയേഴ്‌സ് വാങ്ങിച്ചു. SOM എന്ന കൺസ്‌ട്രക്ഷൻ കമ്പനിയുടെ ആർകിടെക്ട് ആയിരുന്ന ബ്രൂസ് ഗ്രഹാമും, സട്രക്ച്ചറല്‍ എഞ്ചിനീയര്‍ ഫസലു റഹ്മാന്‍ ഖാനും കൂടി കെട്ടിടത്തിന്‍റെ പ്ലാന്‍ തയാറാക്കി. ഒമ്പതു വ്യത്യസ്‌ത നീളന്‍ കട്ടകളായി ആകാശത്തിലേയ്ക്ക് ഉയരുന്നതാണ് കെട്ടിടത്തിന്‍റെ ഘടന. ഓരോ യൂണിറ്റും പ്രത്യേക കെട്ടിടമായി ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു പ്ലാന്‍. ഓരോ നീളക്കട്ടയുടെയും അരികുകള്‍ക്ക് 225 അടി വീതി. 50 നിലകള്‍വരെ ഈ ഒമ്പത് നീളക്കട്ടകളും ഒരുപോലെ മുകളിലേയ്ക്ക് ഉയരുകയാണ്. അമ്പതാമത്തെ നിലയില്‍വെച്ച് വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറുമുള്ള രണ്ടു കട്ടകളുടെ വളര്‍ച്ച അവസാനിക്കുന്നു. ബാക്കിയുള്ള ഏഴുകട്ടകള്‍ വീണ്ടും ഉയരുന്നു. അറുപത്തി ആറാമത്തെ നിലയില്‍വെച്ച് വീണ്ടും അതേ ദിശയിലുള്ള രണ്ടു കട്ടകളുടെ വളര്‍ച്ച നിലയ്ക്കുന്നു. ബാക്കിയുള്ള അഞ്ചുകട്ടകള്‍ വീണ്ടും ഉയരുന്നു. 90-ാമത്തെ നിലയില്‍വെച്ച് തെക്കും, വടക്കും കിഴക്കുമുള്ള മൂന്നു കട്ടകളുടെ വളര്‍ച്ച നിലയ്ക്കുന്നു. ബാക്കി പടിഞ്ഞാറും നടുവിലുമുള്ള രണ്ടു കട്ടകള്‍ നൂറ്റിപ്പത്താമത്തെ നിലവരെ ഉയര്‍ന്നു നില്‍ക്കുന്നു.

കെട്ടിടനിര്‍മ്മാണത്തില്‍, Bundled Tube Structure എന്ന് അറിയപ്പെടുന്നതാണ് ഫസലു റഹ്മാന്‍ ഖാന്‍റെ ഈ രീതി. ബുര്‍ജ് ഖലീഫയടക്കമുള്ള മുഴവന്‍ അംബരചുംബികളുടെയും നിര്‍മ്മാണത്തില്‍ ഉപയോഗിച്ചുവരുന്നത് ഈ മാതൃകയാണത്രേ. സ്ട്രക്ച്ചറല്‍ എഞ്ചിനിയേർസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് എന്ന സംഘട, ഫസലു റഹ്മാന്‍ ഖാന്‍റെ ഒരു പ്രതിമ, കെട്ടിടത്തിനടുത്ത് സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ ഉയരം വീണ്ടും ഉയര്‍ത്താന്‍ സിയേഴ്‌സിന് പദ്ധതിയുണ്ടായിരുന്നുവെങ്കിലും എയര്‍ ട്രാഫിക്കിന്‍റെ സുരക്ഷിത്വത്തിന് ഭീഷണിയാകും എന്നതിനാല്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷൻ പണി തടസ്സപ്പെടുത്തി. അതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരാനായില്ല.

2000 തൊഴിലാളികള്‍ മൂന്നുവര്‍ഷം പണിയെടുത്താണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. അങ്ങനെ, 1971 ഏപ്രിലില്‍ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1973 മെയ് മാസത്തില്‍ അവസാനിച്ചു. 175 മില്യന്‍ യുഎസ് ഡോളറാണത്രേ അക്കാലത്തെ ചെലവ്. 2017ലെ മൂല്യം അനുസരിച്ച് ഇത് 810 മില്യന്‍ ഡോളര്‍ വരുമെന്ന് കണക്കാക്കുന്നു. തായ്‌വാനിലെ തായ്‌പേയ് 101 പണിയാന്‍ ചെലവ് 2.14 ബില്യന്‍ (2140 കോടി) യു എസ് ഡോളറായിരുന്നു എന്നുകൂടി അറിയുമ്പോഴാണ്, കെട്ടിടനിര്‍മ്മാണത്തിന്‍റെ ചെലവു കുറയ്ക്കുന്നതില്‍ റഹ്മാന്‍ ഖാനും സംഘവും കാണിച്ച മാജിക് നമുക്കു ബോധ്യപ്പെടുക. കെട്ടിടത്തില്‍ തീപ്പിടുത്തം ഉണ്ടായാല്‍ തടയാനുള്ള മുന്‍കരുതലായി 40,000 സ്‌പ്രിങ്കറുകളാണ് വെള്ളം ചീറ്റി തീക്കെടുത്താന്‍ സജ്ജമായി നില്‍ക്കുന്നത്. മിനുട്ടില്‍ 1200 അടി ഉയരുന്ന 104 ലിഫ്റ്റുകളുണ്ട് വില്ലീസ് ടവറില്‍. 25000 മൈല്‍ നീളത്തില്‍ ഇലക്‌ട്രിക്‌ കേബിള്‍. 45000 മൈല്‍ നീളത്തില്‍ ടെലഫോണ്‍ കേബിള്‍. 16100 ജന്നലുകള്‍. കെട്ടിടത്തിനുള്ളിലെ സ്ഥലം പരത്തിവെച്ചാല്‍ 105 ഏക്കറുണ്ടാകും. 2232 പടികള്‍ കയറിവേണം നടന്നു മുകളിലെത്താന്‍. പക്ഷേ ഇത്രയും പടികള്‍ ഓടിക്കയറി സാഹസികരാവാനെത്തുന്നവര്‍ നിരവധിയുണ്ട്. 80 വയസ്സുവരെയുള്ളവര്‍ ഈ കൂട്ടത്തില്‍പ്പെടുന്നു. ഇങ്ങനെ ഓടിക്കയറാന്‍ ഏറ്റവും ചുരുങ്ങിയ സമയമെടുത്തത് പതിമൂന്ന് മിനിട്ടാണ്. ദിവസത്തില്‍ 25000-ത്തിലധികം സന്ദര്‍ശകരാണ് കെട്ടിടം കാണാനെത്തുന്നത്. 2016-ല്‍ അഞ്ചുകോടി നാല്‍പ്പതുലക്ഷം സന്ദര്‍ശകര്‍!

ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്നായി ഷിക്കാഗോവിലെത്തിച്ചേരുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക് നഗരസൗന്ദര്യം ആസ്വദിക്കാനും അതിന്‍റെ ചരിത്രം പരിചയപ്പെടുത്താനും ആവിഷ്‌ക്കരിച്ച ടൂറിസം പരിപാടിയാണ് നേവി പിയര്‍. ചെറിയ കപ്പലുകളിലും ഒറ്റയ്ക്കു തുഴയാവുന്ന ബോട്ടുകളിലും വഞ്ചികളിലും ഷിക്കാഗോ നദിയിലൂടയെുള്ള യാത്രയും ആര്‍ക്കിടക്ച്ചെറല്‍ മ്യൂസിയവുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതൊരു ബിസിനസ് സംരംഭംകൂടി ആയതുകൊണ്ട് സാമ്പത്തികപ്രശ്‌നങ്ങളില്ലാതെ ലാഭകരമായി നിലനില്‍ക്കുന്നു. മേഘകവാടം, അഥവാ ക്ലൗഡ് ഗെയ്റ്റ് എന്ന ശില്‍പ്പമാണ് ഷിക്കാഗോ നഗരത്തിലെ മറ്റൊരു ആകര്‍ഷണം. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് കലാകാരന്‍ അനീഷ് കപൂറാണ് മില്ലേനിയം പാര്‍ക്കിലെ പ്രശസ്‌തമായ ഈ ശില്‍പ്പത്തിന്‍റെ രൂപരേഖ തയാറാക്കിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 30 വ്യത്യസ്‌ത കലാകാരന്മാര്‍ തയാറാക്കിയ മാതൃകകളില്‍നിന്ന് തെരഞ്ഞെടുത്തതാണ് ക്ലൗഡ് ഗെയ്റ്റിന്‍റെ മാതൃക. സ്റ്റെയിന്‍ലസ് സ്റ്റീലാണ് ശില്‍പ്പനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്രതലത്തില്‍ മെര്‍ക്കുറി പുരട്ടിയതുകാരണം അതില്‍ പതിക്കുന്ന വസ്‌തുക്കൾ കണ്ണാടിയിലെന്നപോലെ പ്രതിബിംബിക്കും. ശില്‍പ്പത്തിന്‍റെ വക്രമായ പ്രതലത്തില്‍ ഷിക്കാഗോ നഗരം പ്രതിബിംബിച്ചുകാണാം. മാത്രമല്ല, അടുത്തുനില്‍ക്കുന്ന കാഴ്ച്ചക്കാരുടെ ചിത്രം അല്‍പ്പം വക്രീകരിച്ച രീതിയില്‍ പ്രതിബിംബിക്കും. ക്ലൗഡ് ഗെയ്റ്റിന്‍റെ മുന്നില്‍നിന്ന് വക്രീകരിച്ച പ്രതിബിംബത്തോടൊപ്പം ഫോട്ടോ എടുക്കാന്‍ എല്ലായ്‌പ്പോഴും സന്ദര്‍ശകരുടെ തിരക്കാണ്. തൊട്ടടുത്തായി വലിയൊരു ചുമരില്‍നിന്ന് കൃത്രിമ വെള്ളച്ചാട്ടംപോലെ എല്ലായ്പ്പോഴും വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നതുകാണാം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വെള്ളത്തില്‍ തുള്ളിക്കളിക്കുന്നുണ്ട്.

അമേരിക്കയിലിപ്പോള്‍ സമ്മര്‍ ആണ്. ആഗസ്റ്റ് അവസാനംവരെ ഇതേ കാലാവസ്ഥ തുടര്‍ന്നേയ്ക്കും. ഒക്ടോബര്‍മാസത്തില്‍ ഫാള്‍ ആരംഭിക്കും. കൊഴിയാന്‍ പാകത്തില്‍ മരങ്ങളാകെ ഇലപഴുത്തു വിവിധ വര്‍ണങ്ങളില്‍ കാത്തിരിക്കും. പിന്നീട് എല്ലിന്‍കൂടുപോലെ ഇല പൊഴിച്ചുനില്‍ക്കും. തുടര്‍ന്നുവരുന്ന വിന്‍റര്‍, കൊടും തണുപ്പിന്‍റെ കാലം. നദികളും തടാകങ്ങളും ഉറച്ചു കട്ടിയാകും. പിന്നീട് സൂര്യനെ ശരിക്കൊന്നു കാണാന്‍ അടുത്ത ജനുവരി-ഫെബ്രുവരി വരെ അഥവാ അുത്തെ വസന്തംവരെ കാത്തിരിക്കണം.

അഞ്ചോ ആറോ മാസം മാത്രമാണ് ഇവിടെ സൂര്യന്‍റെ ചൂടും വെളിച്ചവും കിട്ടുക. അതുകൊണ്ട് സമ്മര്‍ എന്നത് തണുപ്പുരാജ്യക്കാര്‍ക്ക് പൊതുവെ ആഘോഷിക്കാനുള്ള കാലമാണ്. ഇറക്കം കുറഞ്ഞ ഷോർട്‌സും അല്‍പ്പം മാത്രം മേല്‍ വസ്‌ത്രങ്ങളുമണിഞ്ഞ് സ്‌ത്രീകളും പുരുഷന്മാരും മുതിര്‍ന്നവരും വയസ്സായവരും കുട്ടികളുമൊക്കെ തെരുവില്‍ അലയുന്നതുകാണാം. സൂര്യപ്രകാശത്തിന്‍റെ ഒരു തുള്ളിപോലും പുറത്തു പാഴായിപ്പോവാതെ ശരീരത്തിലേയ്ക്ക് ആവാഹിച്ചെടുക്കുക എന്നതാണ് അവരുടെ പ്രധാന ഉദ്ദേശ്യം. നട്ടുച്ചയ്ക്കുപോലും റോട്ടിലൂടെ വെയിലുംകൊണ്ട് ആളുകള്‍ ഓടുന്നതുകാണാം. മനുഷ്യരുടെ വസ്‌ത്രധാരണത്തെക്കുറിച്ചോ, ശരീരത്തിലെ പുറത്തുകാണുന്ന ഭാഗത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനമായി തോന്നിയ കാര്യം. അതൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കും താൽപര്യവും ഇല്ല. അവര്‍ക്കു വേറെ ജോലിയുണ്ട്. ഇവിടത്തെ സ്‌ത്രീകളുടെ ശരീരഭാഷയില്‍ പ്രകടമാകുന്ന ആത്മവിശ്വാസം ശ്രദ്ധേയമായിത്തോന്നി. അവര്‍ വസ്‌ത്രം ധരിക്കാതെ പുറത്തിറങ്ങിയാല്‍പ്പോലും പോലീസില്‍ പരാതിപ്പെടുക എന്നതിലപ്പുറം അവരുടെ ശരീരത്തില്‍ തൊടാനോ അനാവശ്യം പ്രവര്‍ത്തിക്കാനോ ആര്‍ക്കും ധൈര്യം വരുമെന്നുതോന്നുന്നില്ല. അത്രമാത്രം ധീരതയും ശക്തിയും അവരുടെ ശരീരഭാഷയിലും മുഖത്തും പ്രകടമാണ്. നിറയെ വസ്‌ത്രം ധരിച്ചതിനുശേഷം പോലും പുറത്തിറങ്ങുമ്പോള്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ ശരീരഭാഷയില്‍ പ്രകടമാകുന്ന, ഒരുപക്ഷേ നാം നാണം എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ആ അപകര്‍ഷതാബോധമുണ്ടല്ലോ, അത് ഇവിടത്തെ സ്‌ത്രീകളില്‍ കാണാന്‍ കഴിഞ്ഞില്ല. വീട്ടില്‍നിന്നും സമൂഹത്തില്‍നിന്നും കുട്ടിക്കാലം മുതല്‍ക്കേ ലഭിച്ചുകൊണ്ടിരിക്കുന്ന തുല്യമായ പരിഗണനയാവണം ഇവിടെ ജനിച്ചുവളര്‍ന്ന സ്‌ത്രീകളുടെ കണ്ണിലും മാംസപേശികളിലും കരുത്തായി തിളങ്ങുന്നത്. ആണായാലും പെണ്ണായാലും ഒരു വ്യക്തിയുടെ ശരീരവും ധരിക്കുന്ന വസ്‌ത്രവും അവരുടെമാത്രം പ്രശ്‌നമാണ്. അതില്‍ മറ്റുള്ളവര്‍ക്ക് കാര്യമൊന്നുമില്ല എന്ന് ഇവരുടെ ശരീരഭാഷയില്‍, കല്ലില്‍ കൊത്തിവെച്ചതുപോലെ തെളിഞ്ഞുകാണാം. സ്‌ത്രീശരീരത്തിന്‍റെ ഏതെങ്കിലും ഭാഗം പുറത്തുകണ്ടു എന്നതിന്‍റെ പേരില്‍ ഇവിടെ ആര്‍ക്കും ആരെയും കളിയാക്കാനോ പീഡിപ്പിക്കാനോ തോന്നുന്നില്ല. മതമോ സംസ്‌കാരമോ മനുഷ്യരുടെ വസ്‌ത്രധാരണത്തില്‍ ഇടപെടുന്നില്ല. ഏതു രാജ്യക്കാരായാലും മതക്കാരായാലും ഈ രാജ്യത്ത് എത്തുമ്പോള്‍ വേഷം ഇങ്ങനെയൊക്കെയാകും. ഇതേ മനുഷ്യര്‍തന്നെ കൊടുംതണുപ്പുകാലത്ത് പല അട്ടികളിലായി അടിവസ്‌ത്രവും അതിനുമുകളില്‍ കട്ടികൂടിയ കോട്ടും, കൈക്കും കാലിനും സോക്‌സും ഒക്കെ ധരിച്ച് മുഖം ഒഴികെ ശരീരത്തിന്‍റെ ഒരു ചെറിയഭാഗംപോലും പുറത്തു കാണിക്കാതെയാവും പുറത്തിറങ്ങുക. ഇവര്‍ക്ക് വസ്‌ത്രം എന്നത് കാലാവസ്ഥയുമായി മാത്രം ബന്ധപ്പെട്ട കാര്യമാണ് മതവും സംസ്‌കാരവും ലിംഗഭേദവും വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമേ അല്ല. ഷോർട്‌സും ബ്രയ്‌സറും മാത്രം ധരിച്ചുകൊണ്ട് വെയിലുകൊള്ളുന്നു എന്നല്ലാതെ ഇവരാരും ഇവിടെ തെരുവില്‍ക്കിടന്നുകൊണ്ട് ഇണചേരുന്നുമില്ല. പാശ്ചാത്യ ലോകത്തെക്കുറിച്ചും അവരുടെ ജീവിതരീതിയെക്കുറിച്ചുമൊക്കെ നമ്മുടെ നാട്ടിലുള്ള പലര്‍ക്കും വികലമായ ധാരണകളാണ് ഉള്ളത് എന്നു തോന്നുന്നു.

1 Comment
  1. Kamal Razak 3 years ago

    Aathmaavil thelu kadichcha pratheethi?

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account