അംബികാസുതൻ മാങ്ങാട് മാഷിനെ കാസർഗോഡ് പോയി കാണാമെന്ന് ബിന്ദു ടീച്ചർ പറഞ്ഞപ്പോൾ ആകെ ത്രില്ലിലായിരുന്നു. കാണാൻ പോകുന്നത് കേരളത്തിലെ പ്രശസ്‌ത സാഹിത്യകാരനും, അറിയപ്പെടുന്ന  പരിസ്ഥിതി പ്രവർത്തകനുമായ അംബികാസുതൻ സാറിനെയാണ്. രണ്ടു മത്‌സ്യങ്ങൾ എന്ന കഥ ഞങ്ങളിപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നുണ്ട്. കഥയിലെ അഴകനും, പൂവാലിയും നീന്തിച്ചെന്ന ആ ശൂലാപ്പ് കാവിലേക്കും ഞങ്ങൾക്ക് പോകാം.

രണ്ടു മത്‌സ്യങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. കഥയുടെ ഒരു പരിസ്ഥിതി വായന അഥവാ നേരിട്ട് കഥയിലെ സ്ഥലങ്ങൾ കാണുക, കഥയെഴുതിയ ആളോട് സംസാരിക്കുക.

ശൂലാപ്പ് കാവിന്റെ അവസ്ഥ വളരെ ശോചനീയമായിരുന്നു. കലക്കു വെള്ളം മാത്രം നിറഞ്ഞു നിന്ന ജലാശയത്തിൽ മാലിന്യങ്ങൾക്ക് ഒട്ടും പഞ്ഞമില്ലായിരുന്നു. അവിടെയാണോ അഴകനും, പൂവാലിയുമെത്തിയതെന്ന് ഓർത്തപ്പോൾ ഞാനാകെ ഞെട്ടിപ്പോയി. കാട്ടിനകത്തെ കിളിയൊച്ചകളുമെല്ലാം ഒരു തരം മരണഗീതമാണെന്ന് ഞാനറിഞ്ഞു.

നമ്മൾ ജീവിക്കുന്ന ഈ പ്രകൃതി ഇനി എത്രനാൾ എന്നൊരു ചോദ്യവുമായാണ് അംബികാസുതൻ സാർ പഠിപ്പിക്കുന്ന നെഹ്‌റു കോളേജിലേക്ക് ഞാൻ (ഞങ്ങളെല്ലാം) കയറിയത്.

ഞങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം ഉത്തരങ്ങൾ പറഞ്ഞു. എൻമകജെയും, രണ്ടു മത്‌സ്യങ്ങളും പറയുന്നത് അതിജീവനത്തിന്റെ കഥയാണ്. രക്ഷപ്പെടാനുള്ള അവസാന  പ്രതിരോധങ്ങളാണവ. മനസ്സിൽ തങ്ങിനിൽക്കുന്ന ജീവസ്സുറ്റ കഥാപാത്രങ്ങൾ പലതും ഉള്ളു പൊള്ളിക്കുന്നയാഥാർത്ഥ്യങ്ങൾ തന്നെയായിരുന്നുവെന്ന് മാഷിന്റെ വാക്കുകളിലൂടെ മനസിലായി. മനുഷ്യനും, എല്ലാ ജീവജാലങ്ങൾക്കും വേണ്ടി ക്ഷുഭിതനാകുന്ന, പൊട്ടിത്തെറിക്കുന്ന ഒരു എഴുത്തുകാരനെ ഞങ്ങളാ സംവാദത്തിൽ കണ്ടു.

ഗവണ്മെന്റ് പോലും എൻഡോസൾഫാൻ വിഷദുരന്തത്തെ നിസ്സാരമായ് കണ്ടിരുന്നു. എൻഡോസൾഫാൻ എന്ന മാരക വിഷത്തിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കുന്നവർ ഇന്നും ഒട്ടേറേ പേരാണ്. അവഹേളനങ്ങളിൽ, തിരിച്ചടികളിൽ പതറാതെ, തളരാതെ അദ്ദേഹം പോരാടി. പ്രകൃതിക്കുവേണ്ടി, മനുഷ്യനു വേണ്ടി, എല്ലാ ജീവിവർഗങ്ങൾക്കും വേണ്ടി.എൻമകജെ എന്ന നോവൽ ആ പോരാട്ടത്തിന്റെ  കഥയാണ്.

തിരിച്ച് വരുമ്പോൾ സാറിന്റെ ഒരു കൈയ്യൊപ്പ് ഞാൻ പുസ്‌തകത്തിൽ വാങ്ങിച്ചു. അന്നാദ്യമായ് ചില പരിസ്ഥിതി ചിന്തകൾ എന്റെ മനസ്സിൽ പ്രവേശിച്ചു. പമ്പരം പോലെ കറങ്ങാൻ തുടങ്ങി. അത്തരം പല പല ചിന്തകളുമായാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് വിട്ട് ഞാനിറങ്ങിയത്.

മനുഷ്യൻ അവനെക്കുറിച്ച് മാത്രമല്ല, തനിക്കു ചുറ്റുമുള്ള  മറ്റു പലതിനെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നൊരു അവബോധം കൂടിയാണ് അംബികാസുതൻ മാഷിന്റെ രചനകളെല്ലാം നൽകുന്ന സന്ദേശം.

ഈയൊരു ഫീൽഡ് ട്രിപ്പിന് മുന്നോടിയായി, ഒരു സെമിനാറും ഞങ്ങൾ സ്‌കൂളിൽ സംഘടിപ്പിച്ചിരുന്നു. ‘അംബികാസുതൻ മാങ്ങാടിന്റെ രചനകളിലൂടെ’ എന്ന വിഷയത്തിലായിരുന്നു അത്. അദ്ദേഹത്തിന്റെ 2 നോവലുകളിലും, മിക്ക കഥകളിലും  പരിസ്ഥിതിയും മനുഷ്യനും, മൃഗങ്ങളും പക്ഷികളുമൊക്കെ നിറഞ്ഞു നിൽക്കുന്നു. സെമിനാർ മോഡറേറ്ററായ് വന്ന സിദ്ധിഖ്‌ സാർ നിരവധി കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു. ഒന്നുറപ്പാണ്, മനുഷ്യനും പ്രകൃതിയും ഒരു സന്തുലിതാവസ്ഥ പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും പ്രകൃതിയെ ചൂഷണം ചെയ്യുകയല്ല വേണ്ടത്.

– സ്വരൺദീപ്

1 Comment
  1. Anil 3 years ago

    Let’s save this world

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account