ശബരിമലയിൽ രണ്ട് സ്‌ത്രീകൾ കാലു കുത്തിയതിന്റെ ആഘാതത്തിൽ പിറ്റേന്ന് നടന്ന ഹർത്താലും തുടർന്ന് പലയിടത്തും അരങ്ങേറിയ തെരുവ് യുദ്ധവും ചില കാര്യങ്ങൾ ചിന്തിക്കാൻ വക നൽകുന്നുണ്ട്. പല ഇടങ്ങളിലും സംഘപരിവാർ / സി പി എം പ്രകടനങ്ങൾ തമ്മിൽ ഏറ്റുമുട്ടലിൽ കലാശിച്ചു. ഇവിടെ ശരി തെറ്റുകളെപ്പറ്റി ഒരു വിശകലനം നടത്താൻ അല്ല മുതിരുന്നത്. അങ്ങനെ നടത്തിയാൽ തന്നെയും ആ ഡിബേറ്റ് അന്തമില്ലാതെ നീളും എന്നത് മറ്റൊരു വസ്‌തുത. അതിനുമപ്പുറം ഇത്തരം സംഘർഷങ്ങളും കലാപങ്ങളും കാലത്തിൽ / പൊതുബോധത്തിൽ എങ്ങനെയാണ് അടയാളപ്പെടുക എന്ന് നിരീക്ഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ആശയങ്ങളാണ് ആത്യന്തികമായി മനുഷ്യനെ സംഘടിതമാക്കുന്നത്. ഇവിടെയാകട്ടെ അത് ലിംഗനീതിയും ആചാര സംരക്ഷണവും എന്ന രണ്ട് തട്ടുകളിലാണ് സംഘടനകളെ നിർത്തിയിരിക്കുന്നത്. ഒരു  വിഭാഗം മതാചാര സംരക്ഷണത്തിന് മുറവിളി കൂട്ടുമ്പോൾ മറു വിഭാഗം ഭരണഘടനയ്ക്കും മാനവികതയ്ക്കും ലിംഗനീതിയ്ക്കും വേണ്ടിയാണ് പടയൊരുക്കം നടത്തുന്നത്.

ആശയങ്ങളുടെ ഗതിയും ശരിയും ഇഴ പിരിയ്ക്കൽ അല്ല ഉദ്ദേശം എന്ന് നേരത്തേ പറഞ്ഞല്ലോ. ഈ ആശയ സംഘട്ടനത്തിന്റെ റിസൾട്ടന്റ് സാമൂഹിക ദിശ എന്താവും എന്ന് നിരീക്ഷിക്കുന്നത് വലിയ കോമഡിയാവും.

എന്തിനു വേണ്ടിയോ ആകട്ടെ. പക്ഷേ, ആശയങ്ങൾ ഇങ്ങനെ തെരുവിൽ യുദ്ധം നടത്തുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു. അത് ഇടത് പക്ഷമാവട്ടെ, സംഘപരിവാരമാകട്ടെ, സ്‌ത്രീപക്ഷം ആകട്ടെ, സ്‌ത്രീവിരുദ്ധ പക്ഷം ആകട്ടെ.

അക്രമ രാഷ്‌ട്രീയ പേക്കൂത്ത് (അടിയും തിരിച്ചടിയും) പുരുഷാധികാര മൂല്യങ്ങളെ പൂർവ്വാധികം ഭംഗിയായി സമൂഹത്തിന് മുകളിൽ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. വാസ്‌തവത്തിൽ സ്‌ത്രീ ഈ ഭൂപടത്തിൽ ഇപ്പോഴും അപ്രസക്‌ത തന്നെ എന്ന് വാർത്തകൾ ഊട്ടിയൂട്ടി ഉറപ്പിക്കുകയാണ് ഇത്തരം ദൃശ്യങ്ങളിലൂടെ. അറിഞ്ഞോ അറിയാതെയോ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള ഈ പ്രക്ഷോഭം ആണത്തത്തിന്റെ ആഘോഷമായി പരിണമിക്കുകയാണ്. ഇവിടെ ജയിക്കുന്നത് പുരുഷാധികാര പ്രവണതകൾ തന്നെയാണ്.

ഇത്തരം സന്ദർഭങ്ങളിലാണ് സ്‌ത്രീപക്ഷ / ഹരിത രാഷ്‌ട്രീയ ബദലിന്റെ പ്രസക്‌തി ഏറുന്നത്. ആണത്ത ഹുങ്കിനെ അതേ ആക്രമണകരമായ ഹുങ്ക് കൊണ്ടു തന്നെ നേരിടേണ്ടതുണ്ട് എന്നൊരു വാദം ഉയർന്ന് വരുന്നത് സ്വാഭാവികം തന്നെ. എന്നാൽ അത്തരം സംഘർഷങ്ങൾ ഏറ്റവുമൊടുവിൽ പഴയ അതേ ലാവണങ്ങളിൽ തന്നെ സാമൂഹ്യബോധത്തെ കൊണ്ടെത്തിച്ചിടുമെങ്കിൽ പിന്നെ ഈ പ്രക്ഷോഭങ്ങളുടെയൊക്കെ പ്രസക്‌തി എന്താണ്?

പെണ്ണിന് തുല്യ നീതി വേണം എന്ന് തെരുവിൽ വടിവാളുകൾ കൊണ്ട് തീർപ്പു കൽപ്പിക്കുന്നത് ആണുങ്ങൾ തന്നെയാവുന്നതിൽ ഒരു കറുത്ത ഹാസ്യമുണ്ട്. പെണ്ണത്തം ഹൈജാക്ക് ചെയ്യപ്പെടുകയാണ്, ഭംഗിയായി. നിർണ്ണായക ചരിത്രമുഹൂർത്തങ്ങളിൽ പഴയ കാല സിനിമയുടെ ക്ലൈമാക്‌സ്  സംഘട്ടനത്തിലേതെന്ന പോലെ നഖം കടിച്ച് മാറി നിൽക്കാനാണ് ഇപ്പോഴും പെണ്ണിന് വിധി. (ഒപ്പം നിന്ന് തല്ലണം എന്നല്ല പറഞ്ഞു വരുന്നത്!)

ചരിത്രം ഇത്തരം തമാശകളുടെ ഒരു സമാഹാരമാണ്, അല്ലേ?

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account