സ്‌ത്രീകൾക്കു മാത്രമായൊരു ദിനം.. വീണ്ടുമൊരു വനിതാ ദിനം…

2018 ശരിക്കും സ്‌ത്രീ വർഷം തന്നെയായിരുന്നു. സ്‌ത്രീകളുടെ തുറന്നു പറച്ചിലുകളുടെ വർഷം. സോഷ്യൽ മീഡിയ ഏറ്റവും ശ്രദ്ധേയമായ വാചകമായി ‘മീറ്റൂ’ (metoo) തെരഞ്ഞെടുത്ത വർഷം. ‘മീറ്റൂ ക്യാംപയ്‌നി’ലൂടെ സ്‌ത്രീകൾ ലോകത്തെ ഒന്നു വിറപ്പിച്ച വർഷം.

കേരളത്തിലിത് ലിംഗസമത്വം സ്ഥാപിക്കുന്നതിനായി ശബരിമല സ്‌ത്രീ പ്രവേശനം സാധ്യമായ വർഷം. സുപ്രീം കോടതിവിധി നടപ്പാക്കാനും അത് മറികടക്കുന്നതിനുമായുള്ള   നെട്ടോട്ടങ്ങളുടെയും വീർപ്പുമുട്ടലുകളുടെയും വർഷം. കൂട്ടത്തിൽ, ‘വിലങ്ങുകളല്ലോ സുഖപ്രദം’ എന്നാണയിട്ടു കൊണ്ടു വിലങ്ങു തടിയായി നിന്ന സ്‌ത്രീകളുടെ കൂടി വർഷം.

ആർത്തവം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വർഷം.

ആദ്യാർത്തവത്തെക്കുറിച്ചും മെൻസ്‌ട്രൽ കപ്പിന്റെ സുഖശീതളിമയെക്കുറിച്ചും സ്‌ത്രീകളും പെൺകുട്ടികളും ഏറെ വാചാലമായ വർഷം, വിശാലമായെഴുതിയവർഷം. ആർത്തവം ആർപ്പുവിളിയായൊഴുകിയ വർഷം.

കേരളമാകെ കൈ കോർത്ത വനിതാ മതിൽ വർഷം. വനിതാ മതിലിന് സംരക്ഷണമേകാൻ ആങ്ങളമാരും ഭർത്താക്കൻമാരും അമ്മാവൻമാരും കവചം തീർത്ത വർഷം.

നൂറ്റാണ്ടു മുൻപ് മാറു മറക്കാനുള്ള അവകാശത്തിനായി മുലപറിച്ചെറിഞ്ഞവർ മാറു തുറന്നു കാട്ടിയ വർഷം. തുറന്ന മാറ് തണ്ണി മത്തങ്ങ കൊണ്ടലങ്കരിച്ച വർഷം. തുറന്ന മുലകൾ പുരുഷ പങ്കാളിയോട് ചേർന്ന് നിന്ന് പടമായി പ്രദർശനത്തിനെത്തിച്ച് മാലോകരെ വെല്ലുവിളിച്ച വർഷം.

യോനീ കവാടമുണ്ടാക്കി അതിലൂടെ ആണും പെണ്ണും ഇടതടവില്ലാതെ കടന്നു പോയ വർഷം.

പുരോഗമന സദസ്സുകളിൽ ‘പൂറ്’ പ്രധാന ചർച്ചാ വിഷയമായ വർഷം.

പെൺമണികൾ പ്രണയ മൊഴികളും പ്രണയ കാവ്യങ്ങളും പ്രണയ സന്ദേശങ്ങളും പ്രസിദ്ധീകരിച്ച വർഷം.

നാടാകെ വനിതാ ചലച്ചിത്രോത്‌സവങ്ങളും വനിതാ കാവ്യോത്‌സവങ്ങളും വനിതാ മേളകളും കൊണ്ട് അലങ്കാര പൂരിതമാക്കിയ വർഷം.

ഏറ്റവുമൊടുവിൽ പെൺകിടാവ് സ്വയംഭോഗത്തെക്കുറിച്ച് വിലക്കുകളില്ലാതെ വിശദമായി തുറന്നെഴുതിയ വർഷം.

ആകപ്പാടെ ഒരു നവോത്ഥാന നവയുഗ കാഴ്ച്ച തന്നെ!

ആ നിലക്ക്, പ്രസിദ്ധമായ പരസ്യ വാചകം ഇങ്ങനെ മാറ്റിയെഴുതാനൊരാശ –

‘നല്ലതാണ് എല്ലാ ദിനങ്ങളും.
ദിനങ്ങളിൽ ഹീറോ (ഹീറോയിനല്ല) വനിതാ ദിനം…’

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ നവോത്ഥാനവും ലിംഗസമത്വവും ഒരു ശരാശരി സ്‌ത്രീ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് അഥവാ മാറ്റിയിട്ടുണ്ട് എന്നു ഗൗരവമായി ചിന്തിക്കേണ്ട സമയമല്ലേ ഇത്?

ഈ വിപ്ലവങ്ങളെല്ലാം തന്നെ മധ്യ/ഉപരിവർഗ്ഗ സ്‌ത്രീകളിൽ മാത്രം ഒതുങ്ങി നിൽക്കുകയല്ലേ എന്ന ചിന്തയും ശക്‌തമാവുകയല്ലേ?

ഇത്തരം മുഖ്യധാരാ ചർച്ചകൾ ഒരു സാധാരണ സ്‌ത്രീയിലേക്ക്, അവളുടെ ചുറ്റുപാടിലേക്ക് എത്രത്തോളം എത്തുന്നുണ്ട്, ഗുണപരമായ എന്തു മാറ്റമാണവിടെ സാധ്യമാക്കാനായിട്ടുള്ളതെന്നതല്ലേ മുഖ്യവിഷയം? ഇല്ലെങ്കിൽ, അത് സാധ്യമാക്കാനുള്ള വഴികൾ ആഴത്തിൽ ചിന്തിക്കേണ്ട ദിനം കൂടിയല്ലേ ഇത്?

ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ മുന്നേറ്റങ്ങൾ അവയുടെ ഉപരിപ്ലവങ്ങളായ ആഘോഷഛായകൾ കൊണ്ട് സ്‌ത്രീയുടെ അടിസ്ഥാന പരമായ സന്നിഗ്ദ്ധാവസ്ഥകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത വിധം ബോധപൂർവ്വമോ അല്ലാതെയോ വഴിതിരിച്ചു വിടുന്നില്ലേ എന്ന് ന്യായമായും സംശയിക്കേണ്ടതില്ലേ?  പെട്ടെന്നുദിക്കുകയും അസ്‌തമിക്കുകയും ചെയ്യുന്ന പൊടിപ്പും തൊങ്ങലും വച്ച ഉത്‌സവ ദിനക്കാഴ്ച്ചകളായി ഹൃദയത്തിൽ തൊടാതെ അവ നിൽക്കുന്നതും അത് കൃത്യമായി, വിഷയത്തിലൂന്നാതെ നിൽക്കുന്നതുകൊണ്ടു കൂടിയാകില്ലേ?

ഭൂരിപക്ഷത്തിനിതെല്ലാം പരിഹാസ്യങ്ങളാകുന്നതും സുരക്ഷിതമായ ഇടങ്ങളിലിരുന്ന് കളി പറയുന്നവരുടെ വെറും നേരമ്പോക്കുകളായി മാത്രം ഈ ആരവങ്ങളൊടുങ്ങുന്നതും അതുകൊണ്ടുതന്നെയാവില്ലേ?  അതുകൊണ്ടു കൂടിയാവില്ലേ ഈ മുന്നേറ്റങ്ങൾ നാലുവരി കവിതയും സെൽഫി പോസ്റ്റിങ്ങുളും മാത്രമായ ആർഭാടങ്ങളായൊതുങ്ങുന്നതും..?

നാലു കുഞ്ഞുങ്ങളെ പെറ്റു പോറ്റി ഒടുവിൽ പ്രസവം നിർത്താൻ  കെട്ടിയവന്റെ സമ്മതമില്ലാത്തതിനാൽ ബന്ധുവായ മറ്റൊരാളെ കൊണ്ടുപോയി ഭർത്താവെന്ന് ബോധ്യപ്പെടുത്തി വെറും ‘പ്രസവയന്ത്ര’മെന്ന പദവിയിൽ നിന്നും മറ്റനേകം ബന്ധങ്ങൾ രഹസ്യമായും പരസ്യമായും കൊണ്ടു നടക്കുന്ന  മക്കളെക്കുറിച്ചാധിയില്ലാത്ത, ഉത്തരവാദിത്വബോധമില്ലാത്ത ,ഭർത്താവിൽ നിന്നും വിമോചിതയായ ഒരു പാവം പെണ്ണിനെ ഇക്കഴിഞ്ഞ ദിവസം യാദൃച്ഛികമായി കണ്ടുമുട്ടി സംസാരിക്കാനിടയായപ്പോഴാണ്, കുഞ്ഞുങ്ങളെ പോറ്റാൻ ചെറുതെങ്കിലും ഒരു ജോലി സ്വയം കണ്ടെത്തിയ അവർ ‘ഇപ്പോഴാണ് ഞാൻ ജീവിച്ചു തുടങ്ങിയത് ടീച്ചറേ’ എന്നു നെടുവീർപ്പിട്ടപ്പോഴാണ്, സത്യത്തിൽ ഈ  നവോത്ഥാന കാലഘട്ടത്തിലെ സ്‌ത്രീയവസ്ഥ ഒരു വലിയ പ്രഹേളികയായി എന്നെ കുഴക്കാൻ തുടങ്ങിയത്. ആഘോഷങ്ങളിലല്ല, യഥാർത്ഥ ജീവിതാവസ്ഥകളിലാണ് നാം പങ്കാളിയാകേണ്ടത് എന്നു വീണ്ടും പറയേണ്ടി വരുന്നത്.

തന്റെ ശരീരത്തിന്റെ സ്വയം നിർണ്ണയാവകാശം പോലും ഇല്ലാത്ത ഒരുവളോടാണ് നാം ‘ജന്റർ ഇക്വാലിറ്റി’യെക്കുറിച്ച് ഘോര ഘോരം ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നത്!

ആർത്തവം തടുക്കാൻ വൃത്തിയുള്ള  ഒരു തുണ്ട് തുണി പോലും ലഭ്യമാകാത്ത ‘വാലായ്‌മപ്പുര’കളുടെ ഏകാന്ത തടവിൽ നിന്ന് രക്ഷനേടാൻ ‘മാലാ – ഡി’ യെ ആശ്രയിക്കുന്ന സ്‌ത്രീകളോടാണ് ‘ജന്റർ ജസ്റ്റിസ്’ ചർച്ചകൾക്കായി യോനീ കവാടം കടന്നു വരാൻ നാം ആഹ്വാനം ചെയ്‌തു കൊണ്ടേയിരിക്കുന്നത്.

ഇത്തരം അടിസ്ഥാനപരമായ പ്രശ്‌നങ്ങളിലിടപെടാനോ ഇതൊന്നു മനസ്സിലാക്കാനോ നേരമില്ലാത്ത നാമവരോട് ‘ഇന്റർ ഇക്വാലിറ്റി’യുടെ മേൻമകളെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാവും?

തനിക്കിഷ്‌ടമുള്ള സമയത്ത് ഉറങ്ങാനും ഇഷ്‌ടമുള്ള നേരത്ത് ഇഷ്‌ടമുള്ളിടത്ത് പോകാനും സ്വാതന്ത്ര്യമുള്ള എത്ര സ്‌ത്രീകളാണ് ഇന്നും നമുക്കിടയിലുള്ളത്. ജോലിയുള്ള സ്‌ത്രീയുടെ അവസ്ഥ ഇതിലും കഷ്‌ടമല്ലേ? ഇരട്ടി ജോലിയല്ലേ അവരെ കാത്തിരിക്കുന്നത്?

ഒരു സ്‌ത്രീ വീട്ടിലെടുക്കുന്ന ജോലികൾക്ക് മതിപ്പില്ല. അതിനായി അവർ ചെലവഴിക്കുന്ന ഊർജ്ജം, സമയം എന്നിവക്ക് അവർ കണക്കു പറയുന്നില്ല. അതുകൊണ്ടുതന്നെ അതാരും അളക്കുന്നുമില്ല.

അടിച്ചും തുടച്ചും അലക്കിയും കഴുകിയും ഉണക്കിയും മടക്കിയും മിനുക്കിയും അടുക്കിയും പെറുക്കിയും വെച്ചു വിളമ്പിയും ഊട്ടിയും രസിപ്പിച്ചും സുഖിപ്പിച്ചും നീണ്ടു നിവർന്നങ്ങനെ സ്‌ത്രീ ജീവിതങ്ങൾ. ജാതിഭേദമില്ലാതെ ഉയർച്ചത്താഴ്ച്ചകളില്ലാതെ, ജോലിയുടെ വലിപ്പച്ചെറുപ്പമില്ലാതെ, സാമ്പത്തികമായ ഏറ്റക്കുറച്ചില്ലില്ലാതെ, ഏതാണ്ടൊരേ സ്‌ത്രീയവസ്ഥകൾ തന്നെ. ഏതു നാട്ടിലും ഏതു കാലത്തും.

ഒരേ മുറിയിൽ ഒരുമിച്ചുറങ്ങുന്ന ദമ്പതികൾ രാവിലെ മുറിയിൽ നിന്നിറങ്ങി രണ്ടു ദിശകളിലേക്കല്ലേ നീങ്ങുന്നത്? ഭാര്യ അടുക്കളയിലേക്കും ഭർത്താവ് ഉമ്മറത്തേക്കും. എത്ര വീടുകളിലാണ് ഈയവസ്ഥക്ക് മാറ്റം വന്നിട്ടുള്ളത്? അഥവാ വരുത്തിയിട്ടുള്ളത്? ഇതിലെവിടെയാണ് ലിംഗസമത്വം കുടികൊള്ളുന്നത്?

ഏറ്റവുമൊടുവിൽ ലിംഗസമത്വവും ലിംഗനീതിയും സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുമ്പോൾ ആരും ഓർക്കാതെ പോയതെന്തേ? പുരുഷ കേസരികൾക്ക് രണ്ടാമൂഴവും മൂന്നാമൂഴവും വാഗ്‌ദാനം ചെയ്യുമ്പോഴും ഈ നവോത്ഥാന കാലത്തുപോലും ഒരു ‘സ്‌ത്രീയെ വെച്ച് പരീക്ഷണത്തിനില്ല’ എന്ന നിലപാട് രഹസ്യമായി സൂക്ഷിക്കുന്ന നിങ്ങൾക്ക് ലിംഗസമത്വത്തെക്കറിച്ച് പറയാനിനി എന്താണവകാശം? ലിംഗനീതിയെക്കുറിച്ച് ഉദ്ബോധിപ്പിക്കാൻ എന്താണർഹത?

സ്വന്തമായ ഒരെഴുത്തിടം. എഡിറ്ററില്ലാത്ത ലിംഗവിവേചനമില്ലാത്ത എഴുത്തിടം. സ്വന്തമായതിന്റെ ആഘോഷമാണിന്നത്തെ സോഷ്യൽ മീഡിയയിലെ സ്‌ത്രീയിടങ്ങൾ. എന്നാൽ സോഷ്യൽ മീഡിയയിലെ ഈ എഴുത്തിടത്തോളം സ്വതന്ത്രവും സുഖകരവുമല്ല സത്യത്തിൽ ഈ സ്‌ത്രീജീവിതങ്ങളൊന്നും എന്നത് യാഥാർത്ഥ്യമല്ലേ?  അതിനെ മറികടക്കാനുള്ള തന്ത്രങ്ങളല്ലേ ഈ വനിതാ ദിനത്തിൽ നമുക്കിനി തുടങ്ങിവെക്കേണ്ടത്…?

സ്‌ത്രീയും പുരുഷനും പരസ്‌പരം വെല്ലു വിളിക്കലല്ല ലിംഗസമത്വത്തിനുള്ള വഴി. വനിതകൾ മാത്രം കൈകോർത്തുള്ള മുന്നേറ്റങ്ങളല്ല നമുക്കിനിയും തുടരേണ്ടത്. ലിംഗഭേദമേതുമില്ലാതെ ആണും പെണ്ണും ആണായ ആണും പെണ്ണായ പെണ്ണും തോളോടുതോൾ ചേർന്നു നിന്നു കൊണ്ടുള്ള സുരക്ഷിതത്വത്തിന്റെ കോട്ടകളാകണം വരും നാളുകളിൽ നമുക്ക് സൃഷ്‌ടിക്കാനുള്ളത്.

ഒരേ കൈകോർത്ത്…
അതിനായി ഒരുമിച്ച് സ്വപ്‌നം കാണാം.. കൺനിറയെ…
ഈ വനിതാ ദിനത്തിൽ..

– മിത്ര സിന്ധു

3 Comments
  1. Nk 4 months ago

    Bold and beautiful.. Solidarity with Mithra, particularly on her optimistic ending note..

  2. ദേവീപ്രസാദ് പീടീയ്ക്കൽ 4 months ago

    വിശദമായ എഴുത്ത്… പൊള്ളയായ ആഘോഷക്കാഴ്ച്ചകൾ അല്ല അടിത്തട്ടിലുള്ള മാറ്റമാണ് നവോത്ഥാനം എന്നും സ്ത്രീ മുന്നേറ്റം എന്നും ഉള്ള കാഴ്ചപ്പാടിനോട് ഞാനും യോജിക്കുന്നു.

  3. John 4 months ago

    നല്ല ആർട്ടിക്കിൾ. ലിംഗസമത്വം വീട്ടിൽനിന്നും തന്നെയാണ് തുടങ്ങേണ്ടത്. എത്ര വീടുകളിൽ സമത്വമുണ്ട്? ഭർത്താവിനെ പേടിച്ചു വിറച്ചു ജീവിക്കുന്നവരല്ലേ ഏറിയപേരും? ഇതിനൊരു മാറ്റമില്ലാതെ എന്തുനേടാൻ? മാറ്റം അടുക്കളയിൽ തുടങ്ങട്ടെ!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account