യാത്രാ വിവരണം എന്ന് പറയാനാകില്ല. അതിന് സ്ഥലവിവരണം കുറേക്കൂടി വേണം. ഇന്റർനെറ്റിന്റെ കാലത്ത് സ്ഥല വിവരണം ഞാൻ തന്നിട്ട് വേണ്ടതാനും. ഇത് വെറുമൊരു കുറിപ്പ്.
പെൺ യാത്രകൾ ഒരു തരത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ തന്നെയാണ്. ഞാൻ നിന്നെ കൊണ്ടു പോകാം, കാണിക്കാം എന്നതു മാറി, നമുക്ക് പോകാം കാണാം എന്നോ, എനിക്കു കാണണം ഞാനൊരു യാത്ര പോകുന്നു എന്നോ ഒക്കെയായി ഇന്നു മാറിക്കൊണ്ടിരിക്കുന്ന യാത്രയൊരുക്കങ്ങളിലൊന്ന്.
ഒന്നിച്ച് യാത്ര പോകാൻ കൂട്ടുപിടിച്ച ഒരു കുട്ടിക്കൂട്ടുണ്ട്. പതിനെട്ടു വയസ്സിന്റെയകലം ഒരകലമേയല്ലന്ന് എന്നെ ചെറുപ്പമാക്കുന്നവൾ. അവൾക്കൊപ്പം ചെയ്യാനിരുന്ന യാത്ര പിന്നീട് മൂന്നാൾ, നാലാൾ… അങ്ങനെ പെൺകൂട്ട യാത്രയായി. പണ്ടൊരു യാത്രയിൽ കടന്നു പോയിട്ടുള്ള അഗുംബെയിലേക്ക്.
ട്രെയിനിൽ ഉഡുപ്പിയിലെത്തി, അവിടന്ന് ബസിൽ അഗുംബെയിലേക്ക്. 55 കിലോമീറ്റർ നീളുന്ന യാത്ര ചുരം കടന്ന് പറുദീസയിലേക്ക്.
മഞ്ഞുകണങ്ങളിറ്റുന്ന പുൽനാമ്പുകൾ, വെള്ള നിറത്തിൽ കുഞ്ഞു നക്ഷത്രപ്പൂക്കൾ ഒക്കെയുള്ള പുൽമേടുകൾ, ദൂരെ കൊല്ലൂർ മലകൾ, അരുവികൾ, പാടങ്ങൾ… അഗുംബെ പറുദീസ തന്നെയാണ്.
താനാ നാ താനാനാനനാ… എന്നു തുടങ്ങുന്ന ടൈറ്റിൽ ഗാനവും മൂക്ക് നീണ്ട പഴയ ബസിന്റെ വരവും, ബെല്ലും ബ്രേക്കുമില്ലാത്ത പോലെ വീട്ടിലേക്കോടിക്കയറിവരുന്ന സ്വാമിയും (മഞ്ജുനാഥ്) ഒക്കെയായി മനസ്സിലേക്കോടിയെത്തുന്ന മാൽഗുഡിയാണ് അഗുംബെ. അതെ, ആർ കെ നാരായണന്റെ മാൽഗുഡി ഡേയ്സിന്റെ ദൃശ്യാവിഷ്ക്കാരം അഗുംബെ പശ്ചാത്തലമാക്കിയാണ് ചെയ്തത്.
സ്വാമിയുടെ വീടായി ചിത്രീകരിച്ച ദൊഡെ മന, അവിടത്തെ കസ്തൂരിയക്ക… കുട്ടിക്കാല ഓർമ്മകളിലെ, പരിചയത്തിലെ ആരെയോ കണ്ട സുഖം. അതിസുന്ദരിയൊരക്ക. അവിടത്തെ പരിമിത സൗകര്യത്തിൽ, സാത്വിക ഭക്ഷണം കഴിച്ച് കൂടാമെങ്കിൽ അതൊരു അനുഭവം തന്നെയാകും.
അഗുംബെയിലെ വെള്ളച്ചാട്ടവും വ്യൂ പോയിന്റുമല്ല ആകർഷിച്ചത്. വളരെ സുന്ദരം തന്നെയാണക്കാഴ്ച്ച കൾ. പക്ഷേ അതൊക്കെ മിക്ക യാത്രയിലുമുണ്ട്.
ശൃംഗേരിക്കുള്ള ഒറ്റ ബസ് മിസ്സാക്കി ഓടിച്ചെന്ന് അടുത്ത ബസിൽ കയറിയ ഞങ്ങൾക്കായി മുന്നേ പോയ ബസിനെ ഫോൺ വിളിച്ച് നിർത്തിയിടീച്ച ഡ്രൈവർ തുടങ്ങിയുള്ള ഓരോരുത്തരുടേയും ആതിഥ്യമര്യാദ ഞെട്ടിച്ചു കളഞ്ഞു.
ഭാഷ, GPS, മുന്നൊരുക്കം, ഒന്നുമില്ലാത്തൊരു ശൃംഗേരി യാത്ര, ഇതൊന്നും യാത്രയ്ക്ക് അത്യാവശ്യമല്ലെന്ന തിരിച്ചറിവ് തന്നു.
വളഞ്ഞു പുളഞ്ഞ വഴികളിലൂടെ, ബസ്സുകളിലൊന്നിൽ ഉറക്കെ ചിരിച്ചും ആടിയുലഞ്ഞും യാത്ര ചെയ്യുന്ന മൂന്നു പെണ്ണുങ്ങളെ നാട്ടിൻ പുറത്തുകാരായ യാത്രക്കാർ സ്നേഹക്കണ്ണോടെ മാത്രമേ കണ്ടുള്ളു എന്നു തോന്നി. അവരും ഞങ്ങളും അറിയുന്ന മുറിഭാഷകളിൽ പ്രളയത്തെ കുറിച്ച് വരെ സംസാരിച്ചു.
ശൃംഗേരിയൊഴിച്ചുള്ള ബാക്കി യാത്ര പതിനൊന്നു സ്ത്രീകളൊന്നിച്ചായിരുന്നു. 22 മുതൽ 55 വയസ് വരെയുള്ളവർ. ആരും ആരുടേയും സ്വകാര്യതകളിലേക്ക് കടന്നു കയറാതെ എന്നാൽ കുറേയേറെ അനുഭവങ്ങൾ പങ്കുവച്ച് ഒരു യാത്ര.
യാത്രകൾ എന്നുമുണ്ടായിരുന്നു. യാത്രകളെ പ്രണയിക്കുന്നുമുണ്ട്. ഇനിയും ഉണ്ടാകണമെന്നാഗ്രഹിക്കുന്നു. കാടറിഞ്ഞ്, കടലറിഞ്ഞ്, മണ്ണറിഞ്ഞ്, മനം നിറഞ്ഞ്….