1. ബാലപംക്തിക്കാലം, സാഹിത്യ ക്യാമ്പുകൾ, എന്നിവ താങ്കളിലെ എഴുത്തുകാരന് എന്തു നൽകി?

തൊണ്ണൂറുകളിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ബാലപംക്തി പ്രശസ്‌ത എഴുത്തുകാർ കൈകാര്യം ചെയ്‌തിരുന്ന സമയത്ത് ഞങ്ങൾ കുറേപ്പേർ മത്സരിച്ച് എഴുതിയിരുന്നു. ഷീബ. ഇ .കെ, വി. ദിലീപ്, കെ.വി. അനൂപ്, ധന്യാ രാജ്, ഹരീഷ് കോട്ടായി തുടങ്ങിയവരെ ഓർക്കുന്നു. പി. വത്സല, കുഞ്ഞബ്‌ദുള്ള, വൈശാഖൻ, ശത്രുഘ്‌നൻ തുടങ്ങിയവരായിരുന്നു സൃഷ്ടികൾ തെരഞ്ഞെടുത്തിരുന്നത്. അത് വലിയ ഉണർവ് നൽകി. അങ്കണം സാംസ്‌കാരിക വേദി തൃശൂരിൽ വച്ചു നടത്തിയ ഏഴ് ദിവസത്തെ സാഹിത്യ ക്യാമ്പ്, പ്രശസ്‌ത നിരൂപകൻ കെ.പി. രമേഷുമായുള്ള സംഭാഷണം, ഗുരുനാഥൻമാരായ മുണ്ടൂർ കൃഷ്‌ണൻകുട്ടി , ആഷാമേനോൻ, മുണ്ടൂർ സേതുമാധവൻ തുടങ്ങിയവരുമായുള്ള പരിചയപ്പെടൽ… ഞാൻ എഴുതാൻ വേണ്ടിക്കൂടിയാണ് ജീവിക്കുന്നതെന്ന് എനിക്ക് ബോധ്യമായി.

2. എഴുത്തിൽ എന്തെങ്കിലും പാരമ്പര്യം?

എന്റെ അമ്മയുടെ അച്ഛൻ മൂലംകോട്ടെ മുരുകൻ നായർ നാടകവും ആധ്യാത്മിക കീർത്തനവുമൊക്കെ എഴുതിയ വ്യക്തിയാണ്. മുരുകാഷ്ടക കീർത്തനം എന്ന അദ്ദേഹത്തിന്റെ ദീർഘകാവ്യം തറവാടുകളിൽ പാടാൻ ഉപയോഗിച്ചിരുന്നു. അച്ഛന്റെ അച്ഛനാകട്ടെ മഹാഭാരതം ഗദ്യ വിവർത്തനം നടത്തിയിരുന്ന ആളാണ്. മുഴുമിക്കാനാവാതെ മരിച്ചു പോയി. അവരുടെയൊക്കെ ജനിതകത്തുടർച്ച എന്നിലുണ്ടായിരിക്കണം. എഴുതുമ്പോൾ എനിക്കു വേണ്ടി മാത്രമല്ല ലോകത്തിനു വേണ്ടിത്തന്നെയും എന്തൊക്കെയോ ചെയ്‌തു എന്ന തൃപ്‌തിയാണെനിക്ക്. അറിയില്ല, ഒക്കെ വെറുതെയാവാം.

3. കഥ വലിയ നുണകളാണെന്ന തിരിച്ചറിവാണ് എഴുത്തിൽ ആത്മബലം നൽകിയത് എന്ന് പറയുന്നു. എന്താണ് സത്യത്തിന്റേയും നുണയുടേയും കഥ വരമ്പ്?

കഥ കഥയല്ലേ, സത്യമല്ലല്ലോ എന്നാണ് പൊതുവെ ആളുകൾ പറയുക. എന്നാൽ കഥ ഇന്ന് സത്യത്തേക്കാൾ പൊള്ളുന്ന യാഥാർഥ്യത്തേയാണ് ആവിഷ്‌ക്കരിക്കുന്നത്. ദിവസവും എത്ര പത്രവാർത്തകൾ നമ്മൾ വായിക്കുന്നു. ചാനൽ വാർത്തകൾ കാണുന്നു. ഫെയ്‌സ് ബുക്കിലും വാട്‍സ് ആപ്പിലും നിറയുന്ന വാർത്തകളെത്ര? എന്നിട്ടും ഒരു കഥയുടെ മുമ്പിൽ ഇരുന്നു പോവുകയാണ്. അതിനു കാരണം യാഥാർഥ്യത്തിനും അപ്പുറത്തെ എന്തോ ഒന്ന് കഥയിലുണ്ട് എന്നതു തന്നെ. കഥകൾ സത്യത്തേക്കാൾ വലിയ നുണ തന്നെ. സംശയമെന്ത്? മലയാള ഫിക്ഷൻ അടുത്ത കാലത്തായി ഫാക്റ്റുകളെ കൂടുതലായി ആശ്രയിക്കുന്നത് കണ്ടിട്ടില്ലേ.? ഫ്രാൻസിസ് ഇട്ടിക്കോര, ആരാച്ചാർ… അങ്ങനെ. ഫിക്‌ഷൻ ഫാക്ഷനിലേക്ക് മാറിക്കൊണ്ടിരിക്കുകയാ.. മനോജ് പറഞ്ഞ അതിർത്തി വരമ്പിൽ നിന്നുള്ള ഒരു കളിയാ അത്. ദെറിദ പറഞ്ഞ ഭാഷാലീലയല്ല, ഭാഷാലീല മാത്രമല്ല ഇന്നത്തെ എഴുത്ത്.

4. ഐസറിലെ 9 കഥകളും 9 വ്യത്യസ്‌ത പ്രതിഭാസങ്ങളാണ്. ശൈലിയിലോ വിഷയത്തിലോ ഒന്നിലും മറ്റൊന്നിന്റെ നിഴൽ കാണുന്നേയില്ല. കഥയുടെ രചനാ തന്ത്രത്തെക്കുറിച്ച് പറയാമോ?

പുതുതായി പറയുക, വ്യത്യസ്‌തമായി പറയുക, എന്റേതാക്കിപ്പറയുക. ഇതാണ് കഥയിൽ ഞാനുദ്ദേശിക്കുന്ന ശൈലി.ഐസറിലെ കഥകൾ വ്യത്യസ്‌തമാണെന്ന് പറഞ്ഞതിൽ സന്തോഷം. മൂന്നു നാലു വർഷത്തിൽ എഴുതിയ കഥകളാണവ. ഒരു വാക്ക്, കാഴ്ച്ച, പഴയ വീട്ടു സാമഗ്രി, ഒരു ഫോൺ കോൾ, ഒക്കെ കഥയിലേക്ക് നയിച്ചു എന്നു വരാം. മനസ്സിൽ എഴുതുന്ന അത്തരം കഥകളിൽ നിന്ന് തെരഞ്ഞെടുത്തേ കടലാസിലേക്ക് എഴുതൂ. പ്രസിദ്ധീകരിക്കൂ. ഇത് എഴുതേണ്ടതുണ്ടോ എന്ന് പല തവണ സ്വയം ചോദിച്ചേ എഴുതാറുള്ളൂ. പ്രത്യേകിച്ച് രചനാ തന്ത്രമില്ല. ഏതായാലും ഒന്നറിയാം. രസകരമാകുന്ന കഥകൾ വേണം. അതിനാണല്ലോ മാനുഷ ജന്മം.

5. ജിന്ദാബാദ് മുന്നോട്ടു വക്കുന്ന ഒരു തുറന്ന രാഷ്‌ട്രീയമുണ്ട്. എന്നാൽ എല്ലാ കഥകളിലും രാഷ്‌ട്രീയ നിലപാടുകളുടെ ഒരു അന്തർധാര സുവ്യക്തമാണ്. സാഹിത്യത്തിന്റെ രാഷ്‌ട്രീയ നിലപാടുകളെക്കുറിച്ച്?

കഥക്കു  വേണ്ടി മാത്രമായി നിലനിൽക്കുന്ന ഒരു കഥയില്ലെന്നാണ് ഞാൻ കരുതുന്നത്. ഏതു കഥയിലും അടിപ്പടവായി ഒരു രാഷ്‌ട്രീയമുണ്ടായിരിക്കും. അതാണ് കഥയുടെ പുനർവായനക്ക് പ്രേരകമാവുന്നത്,പുതിയ അർഥമാനങ്ങൾ നൽകുന്നതും രാഷ്‌ട്രീയ കഥകൾ എന്ന ചേരിതിരിവ് അപ്രസക്തമാക്കുന്നതും. ജിന്ദാബാദ് ബംഗാളി മലയാളികളുടെ ജീവിതമാണ് പറയുന്നത്. തീവണ്ടിയിലെ ജനറൽ കമ്പാർട്ട്മെന്റിലെ യാത്രയിൽ നിന്നാണ് ആ കഥ കിട്ടിയത്. തിരക്കുള്ള കമ്പാർട്ട്മെന്റിൽ ബീഹാറികളായ തൊഴിലാളികൾ നിരവധി. അവർ നാട്ടിലേക്ക് പോവുകയാണ്. അവരുടെ പേഴ്സിലും കാണുന്നു പ്രിയപ്പെട്ടവളുടെ ഫോട്ടോ, അവരുടെ കൈയിൽ കാണുന്നു കുട്ടികൾക്കായുള്ള കളിപ്പാട്ടം, അമ്മക്കുള്ള മരുന്ന് ഒക്കെ കാന്നുന്നു. അവരുടെ പ്രശ്ന്ങ്ങളെ നാം അഭിസംബോധന ചെയ്യുന്നുണ്ടോ? ഈ ആലോചനയിലാണ് ജിന്ദാബാദ് എഴുതിയത്.

6. റേപ് ഡെൻ എന്ന കഥ ആഖ്യാന നവീനത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ആധുനിക കഥാസാഹിത്യത്തിലെ ആഖ്യാന വിശേഷങ്ങളെ വിലയിരുത്താമോ?

റേപ് ഡെൻ ആവശ്യപ്പെടുന്ന പശ്ചാത്തലവും ഭാഷയും അതാണ്. അതിലെ കഥാപാത്രങ്ങൾ ആധുനിക നാഗരികതയുടെ വക്‌താക്കളാണ്. പണവും ലൈംഗികതയും ഭോഗത്വരയും ഹിംസയും ആണവരുടെ മൂല്യാങ്കനങ്ങൾ. ജീവിതത്തെ അവർ നിർവചിക്കുന്നത് വേറൊരർഥത്തിൽ. അതിനാണല്ലോ പക വീട്ടാൻ പെണ്ണിനെ റേപ് ചെയ്‌തു കൊല്ലാൻ മറ്റൊരു പെണ്ണ് പറയുന്നത്.

7. കുഞ്ഞനീസ ട്രീറ്റ്മെന്റ് വൈദഗ്ദ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. കഥക്ക്  പലപ്പോഴും നേർരേഖാ ചലനം സാധ്യമല്ല എന്ന് കുഞ്ഞനീസ സാക്ഷ്യപ്പെടുത്തുന്നു. ബഹുതല കഥന രീതി ഒരു മികച്ച രചനാതന്ത്രമാണ്‌. എന്തു പറയുന്നു.?

കുഞ്ഞനീസ ഞാനേറെ ആസ്വദിച്ചെഴുതിയ കഥയാണ്. കംഫർട്ടബിൾ റൈറ്റിംഗ് എന്നു പറയാറില്ലേ..? അത് തന്നെ. പാലക്കാട് സുൽത്താൻ പേട്ടയിൽ ഗണപതി അമ്പലമുണ്ട്. അവിടെ വച്ച് ഒരു ബന്ധു അപകടത്തിൽ പെട്ടു . കാറപകടം. വലിയ ദുരന്തമുണ്ടാവേണ്ടതാണ്. എങ്ങനെയോ രക്ഷപ്പെട്ടു. അന്നേരത്തെ സംഘർഷം നേരിൽ കണ്ട അനുഭവമാണ് കുഞ്ഞനീസ. ഒറ്റ സംഭവത്തെ പല കോണിൽ നിന്ന് കാണൽ എന്ന ടെക്‌നിക് ആഖ്യാനത്തിന് ഉപയോഗിക്കാമെന്ന് തോന്നി. അധികം പടങ്ങളൊന്നും കാണാത്ത എന്നിൽ റാഷമോൺ കണ്ടത് ഓർമ വരികയും ചെയ്‌തു.

8. മതരഹിതൻ പോലുള്ള സോദ്ദേശ കഥകളുമുണ്ട്. കഥയ്ക്ക് ഉദ്ദേശം എന്നൊന്നുണ്ടോ?

മതരഹിതൻ സോദ്ദേശ കഥയാണ് എന്ന് എന്തു കൊണ്ടാണ് തോന്നുന്നത്? ഒരു സാംസ്‌കാരിക പ്രവർത്തകന്റെ പ്രസംഗമാണ് ആ കഥയുടെ പ്രചോദനം. അയാൾ പറഞ്ഞു, ഞാനൊരു മതരഹിതനാണ്. എനിക്കു ചിരി വന്നു. മതമെന്നത് ഒരാൾ വിശ്വസിക്കുന്ന ചേതനയുടെ പേരല്ല. ഞാൻ ആവശ്യമില്ലെന്ന് വിചാരിച്ചാലും അത് ചിലപ്പോൾ എന്നിൽ മുദ്രിതമാവും. ചിട്ടയൊപ്പിച്ചുള്ള മത വിശ്വാസം എനിക്കില്ല. എന്നിരുന്നാലും പലരും കരുതുന്നതു പോലെ മതബോധം കൊടിയ വിപത്താണെന്നൊന്നും ഞാൻ കരുതുന്നില്ല. സവിശേഷ ജീവിതരീതിക്കായുള്ള ശ്രമം അതിലുണ്ട്. മതങ്ങളെ ജൈവ നിഷ്ക്കളങ്കതയോടെ മനസിലാക്കുന്നതിൽ മനുഷ്യന് വലിയ അപകടം പറ്റി. മതങ്ങൾ പൗരോഹിത്യത്തിന്റേയും പണാധിപത്യത്തിന്റേയും ഭൂയിഷ്‌ടപ്രദേശങ്ങളായി പരിമിതപ്പെട്ടു. മതജീവിതം യാഥാർഥ്യമാണെന്നിരിക്കെ മതരഹിതനാവാൻ എങ്ങനെയാണ് കഴിയുക? ഒരു എഴുത്തുകാരൻ കഥയുടെ അന്ത്യത്തെ വിമർശിച്ചു, എന്തിനാണ് മതവഴിയിലേക്ക് തിരിയുന്ന സൂചന എന്ന്. സുഹൃത്തേ, അത് വ്യക്‌തതയില്ലായ്‌മയല്ല, അതാണ് വ്യക്‌തത.

9. മറ്റു പുസ്തകങ്ങളെക്കുറിച്ച്…

ഇപ്പോൾ പുറത്തിറങ്ങിയ ഐസർ അഞ്ചാമത്തെ കഥാസമാഹാരമാണ്. മൂന്നു നോവൽ ഒരു ബാലസാഹിത്യം, രണ്ട് പഠനങ്ങൾ, ഇത്രയുമാണ് പ്രസിദ്ധീകരിച്ച കൃതികൾ. ആദ്യ കഥാസമാഹാരം – ക്രിയാത്‌മക കഥാപാത്രങ്ങൾ – കറന്റ് ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ശങ്കരാചാര്യരുടെ ജീവിതവും ദർശനവും ആവിഷ്ക്കരിക്കുന്ന ആചാര്യ എന്ന നോവൽ 2013-ലാണ് ഇറങ്ങിയത്.  ഹരിതം ബുക്‌സ് പുറത്തിറക്കിയ ചിങ്ങവെയിലിനെ തൊടാമോ നോവലെറ്റുകളുടെ സമാഹാരമാണ്.

10. വായനയിലെ പ്രചോദനം?

വൈക്കം മുഹമ്മദ് ബഷീർ, ഓർഹൻ പാമുക്ക്, ഒ.വി. വിജയൻ എന്നിവരുടെ എഴുത്തിനോട് എന്തെന്നില്ലാത്ത ആരാധന. മാറ്റ് ഹെയ്‌ഗിനെപ്പോലുള്ള പുതു തലമുറ അമേരിക്കൻ എഴുത്തുകാരെ ആവേശത്തോടെ വായിക്കുന്നു. ഇന്ത്യൻ ഇംഗ്ലീഷിൽ ആന്ദലീബ് വാജിദിനെപ്പോലുള്ളവർ എന്നെ വിസ്‌മയിപ്പിക്കുന്നു.

11. എഴുത്തിന്റെ സാമൂഹിക പ്രസക്തി?

മറ്റെല്ലാ ആവിഷ്‌കാരങ്ങൾക്കുമെന്ന പോലെ സാഹിത്യത്തിനും പ്രസക്‌തിയുണ്ട്. അത് സാമൂഹിക പരിണാമ പ്രക്രിയയിൽ നിന്ന് ഉടലെടുക്കുന്നു. വളരുന്നു. സമൂഹത്തിൽ നിന്ന് വളർന്ന് സമൂഹത്തെ കാണുന്നു. തിരിച്ചറിയുന്നു. ഒരു മനുഷ്യന്റെ പ്രസക്‌തി എന്താ..? അതു തന്നെ എഴുത്തിനും.

11 Comments
 1. സമകാലികരായ പല എഴുത്തുകാരെയും സാമ്യപ്പെടുത്തിയാല്‍ കൂട്ടത്തില്‍ മികച്ച എഴുത്തുകാരന്‍ ആണ് ഗണേഷ് ജി. കെട്ടുറപ്പുള്ള രചനകള്‍ ആണ് ഇദ്ദേഹത്തിന്റേത്. ഈ പരിചയപ്പെടുത്തലിനു നന്ദി

  • Mohamed Noushad 2 years ago

   കാലത്തോട് ഇണങ്ങും വിധം മൂല്യവത്തായ രചനയാണ് ഗണേഷ് സാറിന്റേത്… വായനയിൽ ആനന്ദം കൂട്ടിനെത്തുന്ന എഴുത്തു ശൈലി…

  • C GANESH 2 years ago

   Thanks a lot..
   c ganesh

  • Author
   Manoj Veetikad 2 years ago

   നന്ദി കണക്കൂർ

 2. Babu Raj 2 years ago

  അഭിനന്ദനങ്ങൾ!

 3. ശിവകുമാർ എം.ചിറ്റൂർ 2 years ago

  നല്ല അഭിമുഖം. ചോദിക്കേണ്ട ചോദ്യങ്ങൾ തന്നെയാണ് ചോദിച്ചത്.കൃത്യമായ സ്കെയിലിൽ ഗണേഷ് ഉത്തരവും നല്കി. സ്വ ന്തം എഴുത്തിൽ ഭാവുകത്വ നവീനത്വം പുലർത്താൻ ജാഗ്രത കാണിക്കുന്ന കഥാകാരനാണ് ഗണേഷ്. അതു കൊണ്ടു തന്നെ മാറുന്ന കാലത്തിനൊപ്പം അവ നമ്മുടെ കൂടെ ഇതിലൊക്കെയുപരി അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകതയും പ്രസ്താവ്യമാണ്. അന്യരെ മനുഷ്യരായി അംഗീകരിച്ചിടപെടാൻ ഏതെങ്കിലും സ്ഥാനലബ്ധിയോ പുരസ്ക്കാരനേട്ടമോ ഗണേഷിന് ഒരിക്കലും തടസ്സമാകുന്നില്ല. ഭാവുകങ്ങൾ. മനോജിന് പ്രത്യേക അഭിനന്ദനങ്ങൾ.

 4. ശിവകുമാർ എം.ചിറ്റൂർ 2 years ago

  അവ കാലത്തിനൊപ്പം നമ്മോട് വർത്തമാനം പറഞ്ഞ് നടക്കുന്നു.(ഈ ഭാഗം ഞാനെഴുതിയ അഭിപ്രായത്തിൽ വിട്ടു പോയിട്ടുണ്ട്)

  • Author
   Manoj Veetikad 2 years ago

   ശിവകുമാർ മാഷേ.. വായിച്ചതിന് അഭിപ്രായം അറിയിച്ചതിന് കൃതജ്ഞത

 5. Ance Das 2 years ago

  എഴുത്തുകാരാകാൻ ആഗ്രഹിക്കുന്ന പുതു തലമുറയ്ക്ക് വിലപ്പെട്ട പാഠങ്ങൾ നൽകുന്ന അഭിമുഖം. വായിച്ചിരിക്കേണ്ട എഴുത്തുകാരിൽ ഒരാളാണ് ഡോ.സി. ഗണേഷ്. അനുഭവങ്ങളുടെ വേറിട്ട ആവിഷ്ക്കരണമാണ് അദ്ദേഹത്തിന്റെ കഥകൾ..

 6. ആദില കബീർ 2 years ago

  അതിസാധാരണ സംഭവങ്ങളിലും കഥയുടെ കൈവഴി കണ്ടെത്തുന്ന പ്രതിഭയാണ് കഥാകാരന്റേത്.. പുസ്തകങ്ങളെല്ലാം വായിച്ചിട്ടുണ്ട് എന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു. ഏറെ വായിക്കപ്പെടട്ടെ….

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account