തീർച്ചയായും പ്രണബ് മുഖർജിക്ക് ബുദ്ധിഭ്രമമൊന്നും നേരിട്ടിരിക്കില്ല. അദ്ദേഹം നാഗ്‌പൂരിൽ RSS സമ്മേളനത്തിൽ പങ്കെടുത്തതും ഹെഡ്‌ഗേവാർ ഭാരതത്തിന്റെ വീരപുത്രനാണ് എന്നും മറ്റും പ്രസംഗിച്ചതും മറ്റാരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ല. അദ്ദേഹത്തിന് അങ്ങനെയൊരു സമ്മർദ്ദത്തിനും വഴങ്ങേണ്ട കാര്യമില്ല തന്നെ. എങ്കിൽ പിന്നെ പ്രണബ് ദാ നൽകുന്ന സന്ദേശമെന്തായിരിക്കും?

അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനം നൽകാതെ ചതിച്ച കോൺഗ്രസിന് 2019 തെരഞ്ഞെടുപ്പിനു മുമ്പ് നൽകാവുന്ന ഏറ്റവും നല്ല മറുപടി എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ അതിലപ്പുറം ഇനി ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ ബിംബങ്ങളിലും നിലപാടുകളിലും കാതലായ മാറ്റങ്ങൾ വേണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നു വേണം കരുതാൻ. ഹെഡ്‌ഗേവാറിനേയും ഗോൾവാൾക്കറേയും ഒരു പക്ഷേ ഗോഡ്‌സെയെത്തന്നെയും അംഗീകരിച്ചു കൊണ്ടല്ലാതെ മുന്നോട്ടു പോകാനുള്ള ആർജ്ജവം ഇന്ത്യൻ രാഷ്‌ട്രീയത്തിനില്ല എന്നദ്ദേഹം കരുതുന്നു. പ്രണബ് മുഖർജിയേപ്പോലൊരാൾക്ക് അങ്ങനെ തോന്നിയെങ്കിൽ അതിൽ തെറ്റുപറയാനാവാത്ത സാഹചര്യം തന്നെയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.

മിസോറാമിൽ ഗവർണറായി നിയമിക്കപ്പെട്ട കുമ്മനം രാജശേഖരനോട് അവിടുത്തെ ക്രിസ്‌തീയ സഭ പ്രതിഷേധിച്ചത് അതൊരു ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമാണെന്ന് പറഞ്ഞായിരുന്നു. രണ്ടു ദിവസം മുമ്പ് ഗോവയിലെ ക്രിസ്‌തുമത മേലധികാരികൾക്ക് ഇന്ത്യൻ ഭരണഘടന അപകടത്തിലാണെന്നും അതു സംരക്ഷിക്കേണ്ടത് വലിയ ആവശ്യമാണ് എന്നും ബോധോദയമുണ്ടാകുന്നു. അപ്പോൾ മിസോറാമിൽ ഭരണഘടന ബാധകമല്ലേ എന്ന ചോദ്യത്തിന് തൽക്കാലം ഉത്തരമില്ല. ഇതാണ് ഇന്ത്യയിലെ മതേതരത്വത്തിന്റെ വർത്തമാന കാലാവസ്ഥ.

ന്യൂനപക്ഷ സെമിറ്റിക് മതങ്ങൾക്ക് മതേതരത്വം അവരുടെ നിലനിൽപ്പ് അപകടത്തിലാവുമ്പോൾ എടുത്തുപയോഗിക്കാനുള്ള സൂത്രം മാത്രമാണ്. യഥാർഥത്തിൽ സെമിറ്റിക് മതങ്ങൾ മതസഹിഷ്‌ണുതയിൽ വിശ്വസിക്കുന്നില്ല.  പിന്നെന്തിന് ഞങ്ങൾ മാത്രം മതേതരത്വത്തിന് വേണ്ടി നിലകൊള്ളണം എന്ന സംഘപരിവാർ ചോദ്യം അതുകൊണ്ടു തന്നെ നിഷേധിക്കാൻ എളുപ്പമല്ലാതായിത്തീരുന്നു. ആ ചോദ്യത്തിലാണല്ലോ ഹിന്ദു രാഷ്‌ട്രവാദികൾ ഇത്രയും വലിയ മുന്നേറ്റം നടത്തിയിട്ടുള്ളത്.

ഇതോടൊപ്പമാണ് രാഷ്‌ട്രപതി ഭവൻ ഇഫ്‌താർ വിരുന്ന് ഒഴിവാക്കിയത് ചേർത്തു വായിക്കേണ്ടത്. തീർച്ചയായും രാഷ്‌ട്രപതിയുടെ നിലപാട് സ്വാഗതാർഹമാണ്. എന്നാൽ ഇതേ സമീപനം അദ്ദേഹം ദീപാവലിയോടും രക്ഷാ ബന്ധനോടും സ്വീകരിക്കാതിരിക്കുന്ന പക്ഷം നമുക്കെങ്ങനെയാണ് അദ്ദേഹത്തെ ന്യായീകരിക്കാനാവുക. അതേ സമയം ഇടതു പക്ഷങ്ങളുൾപ്പെടെയുള്ള മതേതര വിശ്വാസികൾ ( ! ) മതേതര ഇഫ്‌താർ നടത്തി എല്ലാവരേയും വിഡ്ഡികളാക്കുകയുമാണ്. റംസാനും വ്രതവും ഇഫ്‌താറുമൊക്കെ പൂർണമായും മതപരം മാത്രമാണ്. അതൊരിക്കലും മതേതരമാവുകയില്ല. പക്ഷേ വഴി തെറ്റിയ ഇന്ത്യൻ രാഷ്‌ട്രീയം മതേതരത്വമെന്നാൽ ന്യൂനപക്ഷ പ്രീണനവും ഹൈന്ദവതയെ എതിർക്കലുമാണെന്ന് ധരിച്ചു വശായിരിക്കുന്നു. മതേതരത്വം എന്നാൽ മതരാഹിത്യത്തിലേക്കുള്ള പാതയാണ് എന്ന് നമ്മൾ മറന്നു പോയിരിക്കുന്നു. പകരം എത്രയും വേഗം മതങ്ങളിലേക്ക് തിരിച്ചെത്താനാണ് നമുക്ക് തിടുക്കം.  അധികാരം മാത്രം ലക്ഷ്യമാകുന്ന രാഷ്‌ട്രീയ നേതൃത്വങ്ങൾ ഇന്ത്യയുടെ ഘടന തന്നെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ മറ്റെന്താണ് നാം പ്രതീക്ഷിക്കേണ്ടത്. സ്വാഭാവികമായും ജനങ്ങൾ നേതൃത്വത്തിന്റെ വഴിക്ക് സഞ്ചരിക്കാനാണ് താൽപര്യപ്പെടുക.. യഥാ രാജാ തഥാ പ്രജാ എന്നാണ് പ്രമാണം. അപ്പോൾ പിന്നെ പ്രണബ് മുഖർജി മാത്രം മാറി നിൽക്കണം എന്നു പറയുന്നതിൽ എന്ത് യുക്‌തിയാണുള്ളത്…

-മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account